ബിഗ് സ്ക്രീനിൽ മകന്റെ അരങ്ങേറ്റം, സംഗീതവിരുന്നിൽ കണ്ണീരടക്കാനാവാതെ ആമിർ ഖാൻ; വീഡിയോ വൈറൽ

#മൂവി ഡെസ്ക്
ആമിർ ഖാനും സായി പല്ലവിയും | സ്ക്രീൻ​ഗ്രാബ്
ആമിർ ഖാനും സായി പല്ലവിയും | സ്ക്രീൻ​ഗ്രാബ്

തന്റെ മകൻ ജുനൈദ് ഖാൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഏക് ദിൻ'എന്ന സിനിമയുടെ മുംബൈയിൽ നടന്ന സംഗീത വിരുന്നിൽ വികാരാധീനനായി ബോളിവുഡ് താരം ആമിർ ഖാൻ. 'ഏക് ദിൻ കി മെഹ്ഫിൽ' എന്ന് പേരിട്ടിരുന്ന ചടങ്ങിനിടെ പാട്ടുകൾ കേട്ടുകൊണ്ടിരിക്കെ ആമിർ ഖാൻ കണ്ണീർ തുടയ്ക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ജുനൈദ് ഖാൻ, നായിക സായി പല്ലവി എന്നിവർക്കൊപ്പമാണ് ചടങ്ങിൽ ആമിർ ഖാൻ ഇരുന്നത്. ചടങ്ങിന്റെ ഒരു ഘട്ടത്തിൽ ആമിർ വികാരാധീനനാവുകയായിരുന്നു. ഇതുകണ്ടപ്പോൾ സായ് പല്ലവി അദ്ദേഹത്തോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കണ്ണീർ വാർത്തുകൊണ്ടിരുന്ന പിതാവിനെ ജുനൈദ് ആശ്വസിപ്പിക്കുന്നുണ്ട്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഇത്. ഈ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ലജ്ജാലുവായ ഒരു യുവാവിന് തന്റെ സഹപ്രവർത്തകയോട് തോന്നുന്ന പ്രണയമാണ് 'ഏക് ദിൻ' എന്ന സിനിമയുടെ ഇതിവൃത്തം. സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പ്രണയം തുറന്നുപറയാൻ മടിക്കുന്ന നായകനായിട്ടാണ് ജുനൈദ് അഭിനയിക്കുന്നത്. ജപ്പാനിൽ വെച്ച് നായികയ്ക്ക് സംഭവിക്കുന്ന ഒരപകടവും തുടർന്നുണ്ടാകുന്ന 'ട്രാൻസിയന്റ് ഗ്ലോബൽ അംനേഷ്യ' (TGA) എന്ന രോഗാവസ്ഥയും കഥയെ ആകർഷകമായ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. തന്റെ ജീവൻ രക്ഷിച്ച ജുനൈദിന്റെ കഥാപാത്രത്തെ മാത്രം ഓർമിക്കുന്ന നായികയിലൂടെയാണ് സിനിമ വികസിക്കുന്നത്.

ആമിർ ഖാന്റെ ദീർഘകാല സഹായിയായിരുന്ന സുനിൽ പാണ്ഡെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ഖയാമത്ത് സേ ഖയാമത്ത് തക്', 'ജോ ജീതാ വോഹി സിക്കന്ദർ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന പ്രണയകഥയാണിത്. ചിത്രം മേയ് ഒന്നിന് തിയേറ്ററുകളിലെത്തും.

Content Highlights: Aamir Khan was moved to tears at a musical event for his son Junaid Khan’s upcoming romantic drama Ek Din, which features South Indian star Sai Pallavi in her Hindi film debut.