എല്ലാവരും ചേർന്ന് ഒരു ഗ്രീൻ സിഗ്നൽ തന്നാൽ മതി, ആട്-3 രണ്ടാം ഭാഗം തിരക്കഥ റെഡിയാണ് -മിഥുൻ

ആട് 3 ത്രീഡിയിൽ ചെയ്യാമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് നടൻ സൈജു കുറുപ്പാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. അങ്ങനെയൊരു പ്ലാൻ ഉണ്ടായിരുന്നു. പിന്നെ സിനിമയുടെ സ്കെയിൽ വലുതായപ്പോൾ അത് വേണ്ടെന്നുവെയ്ക്കുകയായിരുന്നു. എപ്പിക് ഫാന്റസി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈദ് റിലീസായെത്തുന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചകൾ നടക്കുന്ന ആദ്യഘട്ടത്തിൽ സിനിമ ഇത്രയും വലുതല്ലായിരുന്നുവെന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ചിത്രീകരണവും കാര്യങ്ങളും നീണ്ടുപോയപ്പോൾ ത്രീഡി എന്ന പ്ലാൻ നടക്കാതെവരികയായിരുന്നു. ആട് ഫ്രാഞ്ചൈസ് രണ്ട് ഭാഗങ്ങളായി അവസാനിപ്പിച്ച് ഈ ചിത്രങ്ങളുടെ ആദ്യഭാഗം എന്ന രീതിയിൽ ഒരു ചിത്രം ചെയ്യാമെന്ന് കരുതിയാണ് ഇറങ്ങിത്തിരിച്ചത്. അടുത്ത ഭാഗത്തിലേക്ക് വഴിയൊരുക്കുന്ന ചെറിയൊരു ആമുഖം മാത്രമാണിപ്പോൾ ഷൂട്ട് ചെയ്തത്. ആട് -3 യുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ട്. ആദ്യഭാഗം ഇഷ്ടപ്പെട്ടു എന്നൊരു ഗ്രീൻ സിഗ്നൽ പ്രേക്ഷകർ തന്നാൽ രണ്ടാം ഭാഗം തുടങ്ങുന്നതായിരിക്കുമെന്നും മിഥുൻ മാനുവൽ തോമസ് കൂട്ടിച്ചേർത്തു.
ആടിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ കാണാത്ത മലയാളികളല്ലാത്ത പ്രേക്ഷകർക്കുവേണ്ടി ഈ ചിത്രങ്ങൾ വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് യുട്യൂബിലൂടെ പുറത്തുവിടുമെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു. അത് അടുത്തദിവസങ്ങളിൽത്തന്നെ ചെയ്യും. കഥാപാത്രങ്ങളെ കൂടുതൽ അടുത്തറിയാൻ അതുവഴി അത്തരം സിനിമാപ്രേമികൾക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുകുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്. മാർച്ച് 19-ന് ഈദ് റിലീസായാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.
Content Highlights: The script for the second part of 'Aadu 3' is already complete., The film is being developed as an epic fantasy, a shift from the original plan., Production for the sequel will commence only after a positive audience reception for the upcoming film., Previous 'Aadu' films will be dubbed into multiple languages for a wider audience on YouTube.