‘സഹദേവ’ന്റെ കണ്ണ് ചുവന്നതിന് കാരണം ഒരു പൂവിന്റെ തരി, ചില രംഗങ്ങളിൽ അതല്പം കൂടിപ്പോയി-ഷാജോൺ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം-3യിൽ വില്ലൻ വേഷത്തിലെത്തിയത് കലാഭവൻ ഷാജോൺ ആയിരുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗത്തിലുണ്ടായിരുന്ന സഹദേവൻ എന്ന കഥാപാത്രത്തെയാണ് ഷാജോൺ വീണ്ടും അവതരിപ്പിച്ചത്. ദൃശ്യം 3 ഇറങ്ങിയപ്പോൾ ഷാജോൺ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കണ്ണ് കടും ചുവപ്പ് നിറത്തിൽ കാണപ്പെട്ടത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു പൂവിന്റെ തരി ഉപയോഗിച്ചാണ് കണ്ണ് ചുവപ്പിച്ചതെന്നും അതിന്റെ അളവ് അൽപം കൂടി പോയതിനാലാണ് ചില സ്ഥലങ്ങളിൽ അത് കൂടുതലായി തോന്നിയതെന്നും ഷാജോൺ പറയുന്നു. ഭാര്യ ഡിനിയുടെ യൂട്യൂബ് ചാനലിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
"ദൃശ്യവും ദൃശ്യം 3യും വലിയ ആകാംക്ഷയോടെയാണ് ചെയ്തത്. പക്ഷേ വ്യത്യസ്തമായിരുന്നെന്നുമാത്രം. അന്ന് ഈ സിനിമ വലിയൊരു ബ്ലോക്ബസ്റ്റർ ആകുമെന്നോ ഇത്രയേറെ ചർച്ച ചെയ്യുന്നൊരു സിനിമയാകുമെന്നോ മലയാള സിനിമയിൽ നമുക്ക് ഒരു അഡ്രസ് ഉണ്ടാക്കിത്തരാൻപോകുന്ന കഥാപാത്രമാണെന്നോ അറിയില്ലല്ലോ. ഈ സിനിമയിൽ ഞാനുണ്ടെന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം അത് വേറൊന്നായിരുന്നു.
കഴിഞ്ഞ ‘അമ്മ’യുടെ ജനറൽ ബോഡി, ലാലേട്ടൻ പ്രസിഡന്റ് ആയിരുന്ന സമയം, ഞാനൊക്കെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു. അന്ന് ഇർഷാദ് ഇക്കയെ കണ്ടിരുന്നു. ‘ഷാജോണേ ദൃശ്യം 3യിൽ ഇല്ലേ, ഞാനുണ്ട്. ജീത്തു സർ എന്നെ വിളിച്ച് കഥയൊക്കെ പറഞ്ഞു.’ ഞാനില്ല ഇക്കാ, എന്തായാലും അടിപൊളിയാകട്ടെ എന്ന് സങ്കടത്തോടെ ഞാൻ പറഞ്ഞു. അങ്ങനെ രജിസ്റ്ററിൽ ഒപ്പിട്ട് ജനറൽ ബോഡി നടക്കുന്ന ഹോട്ടലിനകത്തേക്ക് കയറുന്ന സമയത്ത് ആന്റണി ചേട്ടനെ കണ്ടു. ‘അണ്ണാ പൊളിക്കണം കേട്ടോ, ഗംഭീരമാക്കണം’ എന്നാണ് എന്നെ കണ്ട ഉടനെ ആന്റണി ചേട്ടൻ പറഞ്ഞത്. ഞാൻ ചോദിച്ചു, ‘എന്താ ചേട്ടാ’. ‘ഹാ അറിഞ്ഞില്ലേ, ‘ദൃശ്യം 3’യിൽ ഉണ്ട്. ഗംഭീര പരിപാടിയാ’ എന്നു പറഞ്ഞു. ഞാൻ നോക്കുമ്പോൾ ആന്റണി ചേട്ടന്റെ പുറകിലൂടെ ലാലേട്ടൻ വരുന്നുണ്ട്. അദ്ദേഹം ഒരു പ്രത്യേക ആക്ഷൻ കാണിച്ചു. അന്ന് ആ സമയത്ത് അത് ഭയങ്കര വൈറലായിരുന്നു.
എന്റെ കഥാപാത്രത്തെ ഇത്ര രഹസ്യമാക്കി വച്ചതിനു ക്രെഡിറ്റ് കൊടുക്കേണ്ടത് പ്രൊഡക്‌ഷൻ ടീമിനാണ്. സെറ്റിലൊക്കെ ഫുൾ ടൈം മാസ്കും തൊപ്പിയും കണ്ണടയുമൊക്കെ വച്ചാണ് നിന്നിരുന്നത്. തൊടുപുഴയിൽ താമസിച്ച ഹോട്ടലുകാർ പോലും ആരോടും ഇക്കാര്യം പറഞ്ഞില്ല. നമ്മുടെ കാരവൻ ഒക്കെ വീടിന്റെ പുറകിലാണ് കൊണ്ടിടുന്നത്. ആ വീട്ടിലെ ആളുകളോ അവിടെയുള്ളവരോ മാറിനിന്ന് ഒരു ഫോട്ടോ പോലും എടുത്ത് എവിടെയും ഇട്ടില്ല. എന്നെ സെറ്റിൽ ‘ചേട്ടൻ’ എന്നുമാത്രമാണ് സംവിധാന സഹായികൾപോലും വിളിച്ചിരുന്നത്. എല്ലാവർക്കും അഭിനേതാക്കളുടെ പേരുകൾ വച്ച് സ്ക്രിപ്റ്റും കോസ്റ്റ്യൂമും കൊടുക്കുമ്പോൾ എന്റേത് വരുമ്പോൾ ചേട്ടൻ എന്നേ എഴുതിയിട്ടുള്ളൂ. ജിത്തു ഭായിയും ‘ചേട്ടൻ’ എന്ന മാത്രമേ മൈക്കിൽ കൂടി വിളിക്കൂ. ചേട്ടൻ വന്നില്ലേ, ചേട്ടൻ വന്നില്ലേ’ എന്നാണ് ലാലേട്ടൻ വരുമ്പോൾ ചോദിച്ചിരുന്നത്.
ഈ കഥാപാത്രത്തിന്റെ റഫറൻസ് പറയുമ്പോൾ തന്നെ ജിത്തു ഭായ് എന്നോട് പറഞ്ഞത് ‘കുഞ്ഞിക്കൂനനി’ലെ സായിചേട്ടന്റെ കാര്യമാണ്. ഇന്റർവെല്ലിന് ഈ കഥാപാത്രത്തെ കാണിക്കുമ്പോൾ തന്നെ ആളുകൾ ഒന്ന് ഞെട്ടണം. ഇത് പഴയ സഹദേവൻ അല്ല, ഇയാളൊരു കുഴപ്പക്കാരനാണെന്ന് ഫസ്റ്റ്ലുക്കിൽ തന്നെ കിട്ടണം എന്ന് ജിത്തു പറഞ്ഞിരുന്നു. അതിനെന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ കണ്ണ് ചുവപ്പിക്കാം, മീശ പിരിച്ച് താടി വളർത്താെമന്നു പറഞ്ഞു. സാധാരണ കണ്ണു ചുവപ്പിക്കുന്നത്, ഗ്ലിസറിൻ ഇട്ടാണ്. പക്ഷേ ഈ കഥാപാത്രത്തിനു മുഴുവൻ സമയവും കണ്ണുചുവന്നിട്ടാണ്. ചുണ്ടപ്പൂ എന്നൊരു പൂവുണ്ട്. കഥകളിക്കാർ ഉപയോഗിക്കുന്നതാണ്. തൃശൂർ ഭാഗത്താണ് ഇത് കൂടുതൽ കിട്ടുന്നത്. അതിന്റെ ഒരു തരി കണ്ണിലിട്ടാൽ അതിങ്ങനെ ചുവന്നു കിടന്നോളും. പക്ഷേ അതൽപം കൂടിപ്പോയാൽ പിന്നീട് നമുക്ക് കുറയ്ക്കാനും പറ്റില്ല. അതുകൊണ്ടാണ് ചില സ്ഥലങ്ങളിൽ ഭയങ്കരമായി കണ്ണിന് ചുവപ്പ് കൂടിക്കിടന്നത്.
ഇക്കാര്യം എന്നോട് ചോദിച്ചവരോടൊക്ക ഞാൻ പറഞ്ഞു, സഹദേവൻ കണ്ണിൽ ചോരയില്ലാത്തവനാണെന്ന് ആരും പറയില്ലല്ലോ എന്ന്." കലാഭവൻ ഷാജോണിന്റെ വാക്കുകൾ.
2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് കാലത്ത് ഒടിടി റിലീസായാണ് ദൃശ്യം 2 പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. ഈ വർഷം മേയിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാംഭാഗവും വൻ ഹിറ്റായിരുന്നു.
ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തർ അനിൽ, അൻസിബ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. പെൻ സ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിച്ച ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്.
Content Highlights: Actor Kalabhavan Shajon revealed the secret behind his character Sahadevan's intense red-eye look in Drishyam 3, explaining that a traditional seed used in Kathakali was used to achieve the effect, while also sharing how strictly his entry was kept secret by the production team.