‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’; പഞ്ചായത്ത് ഓഫീസിൽ നിന്ന നിൽപ്പിൽ പാടി, വൈറലായി വിത്സൻ

#സ്വന്തം ലേഖകന്‍
വൈറലായ വീഡിയോയില്‍ വിത്സന്‍, വിത്സന്‍ | Photo: Screen grab/ Facebook: MG Sreekumar, Mathrubhumi
വൈറലായ വീഡിയോയില്‍ വിത്സന്‍, വിത്സന്‍ | Photo: Screen grab/ Facebook: MG Sreekumar, Mathrubhumi

തൃക്കൂർ (തൃശ്ശൂർ): ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ വിത്സന്‌ സംഗീതമെന്നാൽ ജീവനു തുല്യമായിരുന്നു. കേട്ടു വളർന്ന ഹിന്ദുഭക്തി ഗാനങ്ങളാണ് തൃക്കൂർ ആതൂർ പറമ്പൻ വിത്സനെ സംഗീതലോകത്തേക്ക്‌ ആകർഷിച്ചത്. പക്ഷേ 58-ാം വയസ്സിലാണ് നാട് ഗായകനെ തിരിച്ചറിഞ്ഞത്. അതിനിടയാക്കിയത് എം.ജി. ശ്രീകുമാറിന്റെ ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ...’ എന്ന ഗാനവും.

തൃക്കൂർ പഞ്ചായത്തംഗം സൈമൺ നമ്പാടനെ കാണാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു വിത്സൻ. പരിചയക്കാരനായ പഞ്ചായത്ത് ജീവനക്കാരൻ ഹരിയുടെ ആവശ്യപ്രകാരം നിന്ന നിൽപ്പിലായിരുന്നു പാട്ട്. മറ്റൊരു ജീവനക്കാരനായ സുധീഷ് മൊബൈലിൽ പകർത്തിയത് താത്‌കാലിക ജീവനക്കാരി ജിത സുകുമാരൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിത്സന്റെ പാട്ട് ഇപ്പോൾ ലോകം ചുറ്റുകയാണ്. എം.ജി. ശ്രീകുമാർ സ്വന്തം പേജിൽ പങ്കുവെച്ചതോടെയാണ് വിത്സൻ തരംഗമായത്. ഒരൊറ്റ ഗാനം കൊണ്ടുണ്ടായ ആരാധകരും വ്ലോഗർമാരും യുട്യൂബർമാരും ഈ പാട്ടുകാരനെ കാണാനും പാടിക്കാനും വരി നിൽക്കുന്നു.

15-ാം വയസ്സിൽ സംഗീതം പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല. സാമ്പത്തിക പരാധീനത തന്നെയായിരുന്നു കാരണം. പക്ഷേ, വിത്സൻ തൃശ്ശൂർ ചക്കാമുക്കിലെ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായി. എട്ടുമാസമേ സംഗീതപഠനം തുടർന്നുള്ളൂ. ഇതിനിടെ സ്കൂൾ വിദ്യാഭ്യാസവും നിലച്ചു. തുടർന്ന് ഓട്ടുകമ്പനി തൊഴിലാളിയായി. ഇതിനിടെ കല്ലൂർ കിഴക്കേ പള്ളിയിൽ ഒമ്പതുവർഷം ഗായകനായി, ചിറ്റിശ്ശേരി പള്ളിയിൽ അഞ്ചുവർഷവും പാടി.

കർണാടക ഹൊസൂറിലെ ഫ്രണ്ട്സ് മെലഡി ഓർക്കസ്ട്രയിൽ രണ്ടുവർഷം പാടി. പ്രിയപ്പെട്ട ഗായകരെയൊന്നും നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും എം.ജി. ശ്രീകുമാറിനെ നേരിൽ കാണണമെന്നാണ് വിത്സന്റെ വലിയ ആഗ്രഹം. ഭാര്യ രജിതയും മക്കളായ ജിംസൺ, ജസ്റ്റിൻ എന്നിവരോടൊപ്പം പഞ്ചായത്ത് അനുവദിച്ച പണിപൂർത്തിയാകാത്ത വീട്ടിലാണ് വിത്സന്റെ ജീവിതം.

Content Highlights: Wilson, a gifted singer from Thrissur who became an internet sensation at 58