കെ പോപ് സംഗീതോത്സവം ഇന്ത്യയിലേക്ക്; വീവേഴ്സ് കോൺ ഫെസ്റ്റിവൽ ഇന്ത്യ കൗണ്ട്ഡൗൺ ആരംഭിച്ചു

ആയിരങ്ങൾ ഒന്നിച്ചുകൂടുന്ന വേദി, ഒരേനിറത്തിൽ തിളങ്ങുന്ന ലൈറ്റ് സ്റ്റിക്കുകൾ, പ്രിയപ്പെട്ട ഗായകരുടെ പേരുകൾ കോർത്ത് ഉറക്കെചൊല്ലുന്ന ഫാൻ ചാന്റുകൾ, സ്റ്റേഡിയവും സ്റ്റേജും ഒരുമിച്ചുകുലുങ്ങുന്ന മണിക്കൂറുകൾ. ഒരു കെ പോപ് കൺസേർട്ടിൽ പങ്കെടുക്കുക എന്നത് ഏതൊരു കൊറിയൻ സംഗീത ആരാധകരുടേയും സ്വപ്നമാകും. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ നിറയുന്ന കൺസേർട്ട് വീഡിയോകൾ കണ്ട് 'ഒരിക്കലെങ്കിലും നേരിട്ട്' എന്ന് നെടുവീർപ്പിടാത്ത ആർമിയും ബ്ലിങ്കും സ്റ്റേയുമൊക്കെ (കെ. പോപ് ഫാൻഡം) കുറവായിരിക്കും. അവർ കണ്ടിരുന്ന സ്വപ്നം ഇതാ സോളിൽനിന്ന് വിമാനംകയറി ഇന്ത്യയിൽ എത്തുകയാണ്. അതും ബി.ടി.എസിനു പിന്നിൽ പ്രവർത്തിക്കുന്ന ഹൈബിന്റെ നേതൃത്വത്തിൽ. വീ വേഴ്സ് കോൺ ഫെസ്റ്റിവൽ ഇന്ത്യയ്ക്കുള്ള കൗണ്ട്ഡൗൺ തുടങ്ങികഴിഞ്ഞു.
വീ വേഴ്സ് കോൺ ഫെസ്റ്റിവൽ ഇന്ത്യ
അടുത്ത വർഷം മാർച്ച് 27, 28 തീയതികളിൽ ന്യൂഡൽഹിയിലെ യശോഭൂമി ഔട്ട് ഡോർ എക്സ്പോ സൈറ്റിലാണ് സംഗീതോത്സവം നടക്കുന്നത്. സംഗീതത്തെ ആഘോഷമാക്കി മാറ്റുന്ന, കലയുടേയും സംസ്കാരത്തിന്റേയും സംഗമ ഭൂമിയായാണ് ഹൈബ് വീവേഴ്സ് കോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2021-ൽ കോവിഡ് കാലത്ത് ഓൺലൈൻ സ്ട്രീമിങ് ഷോയായിട്ടാണ് ഫെസ്റ്റിവലിന്റെ തുടക്കം. 2023-ലാണ് ഇന്നത്തെ ഒരു ഗ്രൂപ്പിന്റേയോ സോളോ ആർട്ടിസ്റ്റിന്റേയോ ആരാധകർക്കു വേണ്ടി മാത്രമാണെങ്കിൽ വീവേഴ്സ് കോണിൽ ഹൈബിന്റെ ലേബലിന് കീഴിലുള്ള ഗ്രൂപ്പുകളും ലേബലിന് പുറത്തുള്ള ഗായകരും ഗായികമാരും ഒരുമിച്ചുചേരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചരിത്രത്തിൽ ആദ്യമായി ദക്ഷിണകൊറിയയുടെ അതിർത്തി കടക്കുന്ന ഫെസ്റ്റിവൽ എത്തുന്നതോ ഇന്ത്യയിലും.
ആരൊക്കെയെത്തും?
ഒക്ടോബർ പകുതിയോടെയാണ് ഫെസ്റ്റിവലിൽ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യം ബൈബ് പുറത്തുവിടുന്നത്. പ്രതീക്ഷിച്ചതിലും വലിയ വമ്പന്മാരാണ് ഇന്ത്യയിൽ അണിനിരക്കുന്നത്.
TXT(ടുമോറോ X ടുഗദർ), എൻഹൈഫൻ, ലെ സെറഫീം, ലീ ഹ്യൊൻ, ബുംസു, ഗ്ലോബൽ പോപ് താരങ്ങളായ ലാറ (കാറ്റ്സെയ്) എറിക് നാം, മാമാമൂവിന്റെ ഹ്വാസ എന്നീ കെ. പോപ് താരങ്ങൾക്കുപുറമേ കിങ്, ജിനി, രഞ്ജ്ഃ ക്ലിഫർ, റെബെൽ തുടങ്ങിയ ഇന്ത്യൻ ഹിപ്പ് ഹോപ്പ്, ഇൻഡിപെൻഡന്റ് മ്യൂസിക് നിരകളിൽ നിന്നുള്ള പ്രമുഖരും ഡൽഹിയിൽ സംഗീതവിസ്മയം തീർക്കും. കെ പോപിന്റെ തിളക്കവും ഇന്ത്യൻ ബിറ്റുകളുടെ താളവും കൊറിയൻ കോറിയോഗ്രഫിയും ദേശി ആവേശവും ഒന്നിക്കുന്ന വേദിയാകും യശോഭൂമി. സംഗീതത്തിനുപുറമേ ഫാൻ എക്സ്പീരിയൻസ് സോണുകൾ, കെ ഫുഡ് സ്റ്റാളുകൾ, കൊറിയൻ ബ്രാൻഡുകളുടെ സ്റ്റാളുകൾ തുടങ്ങി ഒരു കൊറിയൻ അനുഭവത്തിന്റെ ഫുൾ പാക്കേജുതന്നെയാകും ആരാധകരെ കാത്തിരിക്കുന്നത്.
ടിക്കറ്റോ? നിമിഷങ്ങൾക്കകം കാലി
ഫെസ്റ്റിവലിന്റെ ടിക്കറ്റിന്റെ വില കേട്ടപ്പോൾ ഒരുവിധം എല്ലാവരുടേയും മനസിൽ ലഡു പൊട്ടിയിട്ടുണ്ടാകും. സാധാരണ കൺസേർട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീടതിന്റെ വില കൂട്ടിയത് ആരാധകരെ ശരിക്കും ചൊടിപ്പിച്ചെങ്കിലും ബുക്ക് മൈ ഷോയിൽ വിൽപ്പന തുടങ്ങിയതും ടിക്കറ്റ് തീർന്നതും ഒരുമിച്ചായിരുന്നു.
ആദ്യ ദിവസത്തെ പ്രീ- സെയിൽ ടിക്കറ്റുകൾ 20 മിനിറ്റിൽ വിറ്റുതീർന്നു. മറ്റ് രണ്ടു ദിവസങ്ങളിലും ഇതുതന്നെ അവസ്ഥ. പ്ലാറ്റിനം ടിക്കറ്റുകളടക്കം ഒന്നരമണിക്കൂറിൽ അപ്രത്യക്ഷമായി.
ഫെസ്റ്റിവലിന് നിങ്ങൾ ഒറ്റയ്ക്കാണോ? വിഷമിക്കേണ്ട
വീവേഴ്സ് കോണിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങുന്നതിനു മുൻപുതന്നെ സാമൂഹിക മാധ്യമങ്ങൾ സജീവമായികഴിഞ്ഞിരുന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരൊന്നിച്ച് ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ രൂപവത്കരിക്കുന്നതായിരുന്നു ആദ്യഘട്ടം. ടിക്കറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്ക് ഭാഗമാകാൻ കഴിയുന്ന ഗ്രൂപ്പുകൾ ധാരാളമുണ്ട്. ഇത്തരം ഗ്രൂപ്പുകളിലേക്ക് ആളുകളെ ക്ഷണിക്കുന്ന സാമൂഹികമാധ്യമ പോസ്റ്റുകൾ നിരവധിയാണ്. ഡൽഹിയിലെത്താൻ കഴിഞ്ഞില്ലെങ്കിലും ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മറ്റംഗങ്ങൾ അവിടെനിന്ന് ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കും. മുൻ പരിചയമില്ലാത്ത, ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ളവർ ഗ്രൂപ്പുകളിൽ അംഗങ്ങളാകുന്നുണ്ട്. പ്രിയപ്പെട്ട ഐഡൽ ഗ്രൂപ്പുകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് കൂട്ടാകുന്ന തിരക്കാണെല്ലാവരും. ഇതിനകം ഇങ്ങനെ എത്രയെത്ര സൗഹൃദങ്ങൾ ഇന്ത്യയൊട്ടുക്ക് ഒരുത്തിരിഞ്ഞിട്ടുണ്ടാകും? ഡൽഹിയിൽ, മാർച്ചിൽ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ.
ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സോളോ ട്രിപ്പുകൾക്ക് തയ്യാറെടുക്കുന്ന പെൺകുട്ടികൾക്കായും ഗ്രൂപ്പുകൾ സജീവമാണ്. ഒരുമിച്ച് യാത്രചെയ്യാനും താമസിക്കാനുള്ള സ്ഥലം കണ്ടെത്താനും കൂടുതൽ സുരക്ഷിതരായിരിക്കാനും ഇത്തരം ഗ്രൂപ്പുകൾ അവസരമൊരുക്കുന്നു. ഡൽഹിയിൽ വീടുള്ള പല ആരാധകരും ഫെസ്റ്റിവലിനെത്തുന്നവർക്ക് താമസസൗകര്യം ഒരുക്കാൻ തയ്യാറാണെന്നറിയിച്ചുള്ള കുറിപ്പുകളും പങ്കുവയ്ക്കുന്നുണ്ട്. ടിക്കറ്റ് നേടിയവർ ഒട്ടും സമയം പാഴാക്കാതെ ഹോട്ടൽ ബുക്കിങും ആരംഭിച്ചസ്ഥിതിക്ക് താമസസൗകര്യം കണ്ടെത്താൻ തന്നെയാകും ഏറ്റവും ബുദ്ധിമുട്ടുക.
ശ്രദ്ധിക്കാം ചില കാര്യങ്ങൾ
ഫെസ്റ്റിവലിന് പോകുന്നത് സ്വപ്നം കാണുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. ഔദ്യോഗിക പ്ലാറ്റ്ഫോമിൽനിന്ന് മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷമായ ടിക്കറ്റുകളിൽ പലതും റീസെയിൽ സൈറ്റുകളിൽ ഇരട്ടിവിലയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയും ടിക്കറ്റ് വിൽപ്പനകൾ നടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ചതിക്കുഴികളാണെന്നതാണ് സത്യം. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം വഴിയുള്ള വിൽപ്പന. ഇത്തരത്തിൽ പറ്റിക്കപ്പെട്ടവരുടെ മുന്നറിയിപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഔദ്യോഗികമായി റീ സെയിലുകൾ ഹൈബ് നിരോധിച്ചിട്ടുമുണ്ട്. അതിനാൽതന്നെ ഇത്തരത്തിൽ ടിക്കറ്റുകൾ വാങ്ങാൻ ശ്രമിക്കുമ്പോൾ സൂക്ഷിക്കുക. ഫെസ്റ്റിവൽ ദിവസങ്ങളിൽ ആയിരങ്ങളാകും ഡൽഹിയിലെത്തുക. താമസസൗകര്യം മുൻകൂട്ടിതന്നെ കണ്ടെത്തുക. മാർച്ചുമാസം അടുക്കുന്നതോടെ ഹോട്ടൽ മുറികൾക്കും മറ്റും വില കുതിച്ചുയരാൻ സാധ്യതയുണ്ട്. കഴിവതും യശോഭൂമിക്ക് അടുത്തുതന്നെ താമസം കണ്ടെത്തുന്നതാകും നല്ലത്. തിരക്കുകളിൽ പെടാതെ പെട്ടെന്ന് എത്തിച്ചേരാൻ ഇത് സഹായിക്കും. തീവണ്ടി/ വിമാനടിക്കറ്റുകളും മുന്നേക്കൂട്ടിതന്നെ ബുക്കുചെയ്യുക.
വീവേഴ്സിന്റെ ആപ്പ് ഡൗൺലോഡുചെയ്യുന്നതും നല്ലതാണ്. പലപ്പോഴും പരിപാടികൾസംബന്ധിച്ച അറിയിപ്പുകളും നിർദേശങ്ങളും ആപ്പിൽ ആദ്യമെത്താറുണ്ട്. ഹൈബ് ഇന്ത്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും അപ്ഡേറ്റുകൾ വരുന്നുണ്ട്. ഇത്തരം പരിപാടികൾക്ക് പോയി പരിചയമുള്ളവരോട് ടിപ്പുകൾ ചോദിക്കാനും മറക്കണ്ട.
Content Highlights: HYBE is bringing the famous Weverse Con Festival to India for the first time outside South Korea. The two-day music festival will be held at the Yashobhoomi Outdoor Expo Site in New Delhi. The artist lineup includes K-pop stars like TXT, ENHYPEN, LE SSERAFIM, Hwasa, Eric Nam, alongside popular Indian artists. Tickets sold out within minutes on BookMyShow during the pre-sale and general sale phases. The event features K-pop performances, fan experience zones, K-food stalls, and Korean brand showcases.