പതിവുപോലെ കറുപ്പ് വേഷത്തിൽ വേടൻ, ചുവപ്പുഗൗൺ അണിഞ്ഞ് നവമി; വിവാഹാഘോഷ ചിത്രങ്ങൾ

#Movies Desk
വേടനും നവമിലതയും | Photo: Instagram/ Navami Latha
വേടനും നവമിലതയും | Photo: Instagram/ Navami Latha

റാപ്പർ വേടനുമായുള്ള വിവാഹത്തിന് മുമ്പുള്ള ആഘോഷചിത്രങ്ങൾ പങ്കുവെച്ച് വധു നവമിലത. ഇരുവർക്കും അടുപ്പമുള്ളവർമാത്രം പങ്കെടുത്ത ചെറിയ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിവാഹാഘോഷത്തിലും വേടൻ പതിവുപോലെ കറുപ്പ് വേഷത്തിലാണ് എത്തിയത്. ചുവപ്പു സ്ലീവ് ലെസ് ഗൗണാണ് നവമിലതയുടെ വേഷം.

ചൊവ്വാഴ്ച തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരുടേയുേം വിവാഹം. എഴുത്തുകാരിയാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ നവമിലത. തൃശ്ശൂർ പെരിങ്ങണ്ടൂർ ആണ് വേടന്റെ സ്വദേശം. വിവാഹവിവരം കണ്ണൂരിലെ ഒരു പരിപാടിയിൽ വേടൻ തന്നെയാണ് സ്ഥിരീകരിച്ചത്.

ചെറിയ ചടങ്ങിലായിരിക്കും വിവാഹമെന്ന് വേടൻ അന്ന് പറഞ്ഞിരുന്നു. തദ്ദേശസ്വയംഭരണദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സർക്കാർ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹക്കാര്യം പങ്കുവെച്ചത്.

ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. വേദിയിൽവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വേടനെ പൊന്നാടയണിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനുശേഷം സംസാരിക്കുന്നതിനിടെ എംവി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പങ്കുവെച്ചത്.

പിന്നാലെ മറുപടി പ്രസംഗത്തിൽ വേടനും ഈ സന്തോഷവാർത്ത സ്ഥിരീകരിച്ചു. 'മാഷ് പറഞ്ഞതുപോലെ 24-ാം തിയ്യതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്ല്യാണമാണ്'- എന്നാണ് വേടൻ പറഞ്ഞത്.

നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോൾ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് 'പൊണ്ടാട്ടി' എന്നാണ് നവമി ലത കുറിച്ചത്.

Content Highlights: Rapper Vedan and writer Navami marry! Photos from their intimate pre-wedding celebrations in black and red outfits have been shared