പാട്ടാണ് പ്രധാനം; സംഗീത പരിപാടിക്കിടെ നോറയുടേയും തമന്നയുടേയും നൃത്തം വേണ്ടെന്ന് പ്രമുഖ ഗായകര്‍

ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍, അനൂപ് ജലോട്ട | Photo : AFP
ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍, അനൂപ് ജലോട്ട | Photo : AFP

സം​ഗീതപരിപാടിക്കിടെ ബോളിവുഡ് നടിമാരുടെ നൃത്തം വേണ്ടെന്ന് പ്രമുഖ  സംഗീതജ്ഞര്‍. ഗായകരായ അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവരാണ് തങ്ങളുടെ വേദിയില്‍ നടിമാരായ നോറ ഫത്തേഹി, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തപരിപാടി നിരസിച്ചത്. ഇവർ ഒന്നിക്കുന്ന 'ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സ് പെര്‍ഫോമന്‍സ്' എന്ന പരിപാടി അഹമ്മദാബാദ്, ഡല്‍ഹി, ഇന്ദോര്‍ എന്നിവിടങ്ങളില്‍ ഈ ഡിസംബറില്‍ നടക്കും. ഈ പരിപാടിയിൽ നോറയുടേയും തമന്നയുടേയും നൃത്തം കൂടി ഉൾപ്പെടുത്താനാണ് സംഘാടകർ ഉദ്ദേശിച്ചിരുന്നത്. 

സംഗീതപരിപാടിയുടെ സംഘാടകനായ മനീഷ് ഹരിശങ്കറാണ് നോറ ഫത്തേഹിയുടേയും തമന്ന ഭാട്ടിയയുടേയും നൃത്തം കൂടി ഉള്‍പ്പെടുത്താമെന്നുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഗായകര്‍ മൂവരും ഈ നിര്‍ദ്ദേശം തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഭജന്‍-ഗസല്‍-ശാസ്ത്രീയ സംഗീതജ്ഞരായ അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവരെ ഒരേ വേദിയിലെത്തിക്കുന്നത് എം.എച്ച്. ഫിലിംസാണ്. ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നതയെ ഈ അതുല്യഗായകരിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ എം.എച്ച്. ഫിലിംസ് ലക്ഷ്യമിടുന്നത്.

നോറയുടേയും തമന്നയുടേയും നൃത്തം പരിപാടിയുടെ യഥാര്‍ഥലക്ഷ്യത്തെ വ്യതിചലിപ്പിക്കുമെന്നാണ് ഗായകരുടെ അഭിപ്രായമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളെ കൂടാതെ മറ്റ് കലാകാരന്‍മാരെ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പരിപാടിയുടെ മൂല്യവുമായി ഒത്തുപോകുന്ന സംഗീതജ്ഞര്‍ മതിയെന്നും ഗായകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

നോറ, തമന്ന | Photo : Instagram 

അതേസമയം, നോറ ഫത്തേഹി, തമന്ന എന്നിവരുടെ മാനേജര്‍മാരെ ബന്ധപ്പെട്ടതായി മനീഷ് ഹരിശങ്കര്‍ വ്യക്തമാക്കി. നീരജ് പാണ്ഡ്യ സംവിധാനം ചെയ്ത സിക്കന്ദര്‍ കാ മുഖദര്‍ എന്ന സിനിമയാണ് തമന്നയുടേതായി ഒടുവില്‍ എത്തിയ ചിത്രം. നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ സ്ട്രീമിങ് തുടരുകയാണ്. മഡ്ഗാവ് എക്‌സ്പ്‌രസ് എന്ന ചിത്രത്തിലാണ് നോറ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം പഞ്ചാബി സിംഗിങ് സെന്‍സേഷന്‍ കരണ്‍ ഓജ്‌ലയുമൊന്നിച്ചുള്ള ആയേ ഹായേ എന്ന മ്യൂസിക് വീഡിയോയിലും നോറ എത്തിയിരുന്നു.   

Content Highlights: Legendary singers Anoop Jalota, Shankar Mahadevan & Hariharan`s `Three Masters` concert in Ahmedabad