സ്പോട്ടിഫൈയിൽ ഒന്നാം സ്ഥാനത്ത്, ചരിത്രനേട്ടം കുറിച്ച് കോക്ക് സ്റ്റുഡിയോ ഭാരതിന്റെ 'അർസ്

കൊച്ചി: അനുവ് ജെയിനും ലോസ്റ്റ് സ്റ്റോറീസും ചേർന്ന് കോക്ക് സ്റ്റുഡിയോ ഭാരതിനായി ഒരുക്കിയ 'അർസ് കിയാ ഹെ'എന്ന ഗാനം സ്പോട്ടിഫൈ ഇന്ത്യയുടെ ടോപ്പ് സോങ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കോക്ക് സ്റ്റുഡിയോ ഭാരത് ഗാനമാണിത്. ഒരു വർഷത്തിലേറെയായി സ്പോട്ടിഫൈ ഇന്ത്യയുടെ പ്രതിദിന പട്ടികയിൽ ഇടംപിടിച്ച ഈ ഗാനം, സ്പോട്ടിഫൈയുടെ ആഗോള ടോപ്പ് സോങ്സ് പട്ടികയിൽ 71-ആം സ്ഥാനത്തെത്തുകയും ചെയ്തു.
കോക്ക് സ്റ്റുഡിയോ ഭാരതിന്റെ സവിശേഷമായ സംഗീത പശ്ചാത്തലത്തിൽ, അനുവ് ജെയിനിന്റെ ഗാനരചനാ ശൈലിയും ലോസ്റ്റ് സ്റ്റോറീസിന്റെ ഇലക്ട്രോണിക്-ഫ്യൂഷൻ സംഗീത ശൈലിയും, ഋഷബ് ജോഷിയുടെ പങ്കാളിത്തവും ഒത്തുചേർന്നാണ് ഈ ഗാനം രൂപപ്പെട്ടത്. കോക്ക് സ്റ്റുഡിയോ ഭാരതിന്റെ ഭാഗമാകുക എന്നത് അനുവ് ജെയിനിന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു.
2025 ഓഗസ്റ്റിൽ പുറത്തിറങ്ങിയതുമുതൽ, ഈ ഗാനം 484 ദശലക്ഷത്തിലധികം ഓഡിയോ സ്ട്രീമുകളും 260 ദശലക്ഷം യൂട്യൂബ് കാഴ്‌ചകളും 17.7 ദശലക്ഷത്തിലധികം ഉപയോക്താക്കൾ സൃഷ്‌ടിച്ച ഉള്ളടക്കങ്ങളും നേടിയിട്ടുണ്ട്. അഹമ്മദാബാദ്, പൂനെ, മുംബൈ, ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ ഈ ഗാനത്തിന് ശ്രോതാക്കളുടെ മികച്ച പിന്തുണയാണ് ലഭിച്ചത്. സ്പോട്ടിഫൈ ചാർട്ടുകളിലെ ഇതിന്റെ തുടർച്ചയായ സാന്നിധ്യം സൂചിപ്പിക്കുന്നത് പുറത്തിറങ്ങി ഏറെക്കാലം കഴിഞ്ഞിട്ടും പുതിയ ശ്രോതാക്കളെ ആകർഷിക്കാൻ ഈ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്.
"അർസ് കിയാ ഹേ ഒരുക്കുമ്പോൾ, അത് ആളുകളുടെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷവും പുതിയ ശ്രോതാക്കളെ കണ്ടെത്തുകയും സ്പോട്ടിഫൈ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെയെത്തുകയും ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗായകനും ഗാനരചയിതാവുമായ അനുവ് ജെയിൻ പറഞ്ഞു.
കോക്ക് സ്റ്റുഡിയോ ഭാരത് എന്തിനെയാണോ പ്രതിനിധീകരിക്കുന്നത് അതിന്റെ യഥാർത്ഥ ചൈതന്യത്തെ ഉൾക്കൊള്ളുന്നതാണ് ഈ ഗാനമെന്ന് വ്യക്തമാക്കി. വ്യത്യസ്തമായ സംഗീതശൈലികളും സർഗ്ഗാത്മക കാഴ്‌ചപ്പാടുകളും കലാകാരന്മാരെയും ഒന്നിപ്പിച്ച് അതിരുകൾക്കപ്പുറം ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിക്കാൻ ഇതിലൂടെ സാധിച്ചതായും കോക്കക്കോള ഇന്ത്യ ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യ ഐഎംഎക്സ് (ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് എക്സ്‌പീരിയൻസ്) ലീഡ് ശാന്തനു ഗംഗനെ വ്യക്തമാക്കി.
'അർസ് കിയാ ഹെ' കേവലം ഒരു ഹിറ്റ് ഗാനം എന്നതിലുപരി ഒരു തലമുറയുടെ സംഗീതപരമായ ഓർമ്മയുടെ ഭാഗമായി മാറിയിരിക്കുന്നു എന്നാണ്. മികച്ച കലാകാരന്മാരെ പിന്തുണയ്ക്കുകയും സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്യുമ്പോൾ മികച്ച സംഗീതം വിജയം കണ്ടെത്തുമെന്നും, സ്വന്തം സംസ്കാരത്തിലും കലാപരമായ കഴിവിലും ശബ്ദത്തിലും ആത്മവിശ്വാസമുള്ള ഒരു ഇന്ത്യയെയാണ് കോക്ക് സ്റ്റുഡിയോ ഭാരത് പ്രതിനിധീകരിക്കുന്നതെന്നും യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പിന്റെ ഇന്ത്യ & സൗത്ത് ഏഷ്യ ചെയർമാനും സിഇഒയും, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ സ്ട്രാറ്റജി വിഭാഗം സീനിയർ വൈസ് പ്രസിഡന്റുമായ ദേവരാജ് സന്യാൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലുടനീളമുള്ള വ്യത്യസ്‌തരായ കലാകാരന്മാരെയും സംഗീത ശാഖകളെയും പ്രാദേശിക സംഗീത ശൈലികളെയും ഒന്നിപ്പിക്കുന്ന കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 4-ന്റെ മികച്ച മുന്നേറ്റത്തിന് ഈ നേട്ടം കൂടുതൽ കരുത്തേകുന്നുണ്ട്. 'ഏ അജ്‌നബി', 'ബുല്ലേയ വേ', 'കച്ചൗഡി ഗലി', 'ഹൂർ', 'ഹിവ്ഡെ റോ ഹാർ' തുടങ്ങിയ മറ്റ് ഗാനങ്ങളും സ്ട്രീമിംഗ്, വീഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇന്ത്യയുടെ സംഗീത വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നതിനൊപ്പം, പുറത്തിറങ്ങി ഏറെക്കാലം കഴിഞ്ഞാലും ആസ്വാദകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന സംഗീതം സൃഷ്ടിച്ചുകൊണ്ട് ഈ സീസൺ മുന്നേറുകയാണ്.
Content Highlights: Anuv Jain and Lost Stories' hit track Arz Kiya Hai has created history by becoming the first Coke Studio Bharat song to reach the No. 1 spot on Spotify India's Top Songs chart, accumulating over 484 million audio streams and 260 million YouTube views.