കല്യാണച്ചെക്കൻ ബോംബെയിൽനിന്ന്, ബോഡി ബിൽഡറാണ്; നവംബറിൽ ഡോംബിവല്ലിയിൽ വിവാഹം-റിമി ടോമി

#മൂവീസ് ഡെസ്‌ക്
റിമി ടോമി, ലിബിന്‍ മാത്യുവും റിമി ടോമിയും | Photo: Instagram/ Rimitomy
റിമി ടോമി, ലിബിന്‍ മാത്യുവും റിമി ടോമിയും | Photo: Instagram/ Rimitomy

തന്റെ വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി ഗായിക റിമി ടോമി. വരന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ റിമി പുതിയ വ്ലോഗിൽ പങ്കുവെച്ചു. ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവല്ലിയിൽ നവംബറിൽ തന്നെ വിവാഹം നടക്കുമെന്ന് റിമി അറിയിച്ചു. വിവാഹക്ഷണക്കത്തും റിമി വീഡിയോയിൽ പങ്കുവെച്ചു.

'നവംബറിലാണ് കല്യാണം. കല്യാണക്കുറി നിങ്ങളെ കാണിക്കാം. കല്യാണച്ചെക്കൻ ബോംബെയിൽനിന്നാണ്, ബോഡി ബിൽഡറാണ്. ട്രെയ്‌നറാണ്. എന്റെ ഇപ്പോഴത്തെ കോച്ചാണ്. മലയാളിയാണ്, പേര് ലിബിൻ മാത്യു. മാർച്ച് 10-നാണ് ഞങ്ങൾ ഫോണിൽ സംസാരിക്കുന്നത്. മാർച്ച് 14-ന് എടുത്ത ഒരു ഫോട്ടോ ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. അതിന് മുമ്പേ തന്നെ ഫോണിൽ സംസാരിച്ച് ഇഷ്ടമായി. കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം', റിമി പറഞ്ഞു.

'മുൻ ഭർത്താവിന്റെ ഫോട്ടോ വെച്ച് ഒരുപാട് പോസ്റ്റുകൾ കണ്ടു. അവരെ വെറുതേ വിട്ടേക്ക്. അദ്ദേഹവും ഞാനും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. എന്നേക്കാൾ നല്ലൊരു പാർട്ണറെ അദ്ദേഹത്തിന് കിട്ടി. അവർ സന്തോഷത്തോടെ ജീവിക്കുന്നു. ഈ സമയത്ത് എന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് വെറുതേ പറയുന്നത് എന്നതിൽ എനിക്ക് സങ്കടം തോന്നി', വ്യക്തമാക്കി.

ALSO READ | ‘നടനോ ഗായകനോ കോടീശ്വരനോ അല്ല, വിവാഹം ഉടനുണ്ടാവും’; വെളിപ്പെടുത്തി ഗായിക റിമി ടോമി

'കൺമണി, കുട്ടാപ്പി, കുട്ടിമണി എന്നിവരാണ് എന്റെ ലോകം. എവിടെയും പോവുന്നില്ല. പക്ഷേ, കുറച്ച് കൂടുതൽ ബോംബെയിലായിരിക്കും. ഡോംബിവല്ലി എന്ന സ്ഥലത്തായിരിക്കും കല്യാണം. ചെറിയ പള്ളിയിൽ കുഞ്ഞ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഒരു ചടങ്ങേയുള്ളൂ. ഇൻഡസ്ട്രിയിൽനിന്ന് പോലും ആരെയും വിളിക്കുന്നില്ല. അതിനുമാത്രം ആർഭാടമുള്ള കല്യാണമല്ല. ജിം ദൈവമായി കാണുന്ന ആളാണ് ലിബിൻ. ജിമ്മിനകത്ത് തമാശയും കളിയും കാര്യങ്ങളും അനുവദിക്കില്ല. ഉഗ്രൻ ട്രെയ്‌നറാണ്', ഗായിക കൂട്ടിച്ചേർത്തു.

നേരത്തെ, കഴിഞ്ഞ ദിവസത്തെ വ്‌ലോഗിലാണ് റിമി താൻ വീണ്ടും വിവാഹിതയാവാൻ ഒരുങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. റിമിയുടെ രണ്ടാം വിവാഹമാണിത്. 2008-ൽ റിമി, വ്യവസായി റോയ്സിനെ വിവാഹം ചെയ്തു. നീണ്ട 11 വർഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും 2019-ൽ നിയമപരമായി വിവാഹമോചനം നേടി.

'മീശമാധവൻ' എന്ന ചിത്രത്തിൽ വിദ്യാസാഗർ സംഗീതം നൽകിയ 'ചിങ്ങമാസം വന്നുചേർന്നാൽ' എന്ന ഗാനത്തിലൂടെ അരങ്ങേറിയ ഗായികയാണ് റിമി ടോമി. സ്റ്റേജ് ഷോകളിലെ ഊർജസ്വലമായ പ്രകടനങ്ങളിലൂടെയാണ് റിമി ശ്രദ്ധ നേടിയത്. നടിയായും ടെലിവിഷൻ അവതാരകയായും റിമി തിളങ്ങി.

Content Highlights: Singer and TV host Rimi Tomy revealed details about her upcoming wedding with Libin Mathew in a new vlog. Her groom Libin Mathew is a Mumbai-based Keralite, bodybuilder, and fitness trainer. The wedding ceremony will take place in November at a church auditorium in Dombivli, Mumbai. Rimi requested the public to refrain from circulating photos of her ex-husband, emphasizing that they parted ways mutually. She stated that the marriage will be a simple function with close family, without large industry celebrations.