‘നടനോ ഗായകനോ കോടീശ്വരനോ അല്ല, വിവാഹം ഉടനുണ്ടാവും’; വെളിപ്പെടുത്തി ഗായിക റിമി ടോമി

വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നതായി വെളിപ്പെടുത്തി ഗായിക റിമി ടോമി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് റിമി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഉടൻ വിവാഹമുണ്ടാവുമെന്ന് ഗായിക വീഡിയോയിൽ വ്യക്തമാക്കി.
'കുടുംബം എന്നും എനിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, പാർട്നർ ഇല്ലാത്തതിന്റെ വിടവ് എപ്പോഴുമുണ്ടായിരുന്നു. അത് നികത്താൻ അങ്ങനെ ഒരാൾക്ക് മാത്രമേ സാധിക്കൂ. അങ്ങനെയിരിക്കെ 2026-ൽ ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നു. എല്ലാം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ആരാണെന്നും എന്താണെന്നും അധികം വൈകാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ പറയാം. അഭിനേതാവോ ഗായകനോ, അറിയപ്പെടുന്ന ആളോ, കോടീശ്വരനോ ഒന്നുമല്ല', റിമി ടോമി പറഞ്ഞു.
'ചുമ്മാ പോയി സെലക്ട് ചെയ്ത് എടുക്കാവുന്നതല്ല ഒരു ലൈഫ് പാർട്നർ എന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ പറ്റുമെന്നും വൈബ് മാച്ചിങ് ആവുമെന്നും ജീവിതത്തിൽ ഉയരങ്ങളിലെത്താൻ പറ്റുമെന്നും, ദൈവം കൊണ്ടുതന്നതുപോലെ എന്ന് തോന്നിക്കുന്ന ഒരാളാണ്', റിമി പറഞ്ഞു.
'ബാക്കിയെല്ലാം മുന്നോട്ടുജീവിച്ചുകഴിയുമ്പോഴേ പറയാൻ കഴിയൂ. എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചുനാളുമുമ്പ് ഞങ്ങൾ പരസ്പരം മനസിലാക്കി. നല്ലൊരു ജീവിതം കിട്ടുമെന്ന് പ്രതീക്ഷ തോന്നിയപ്പോഴാണ് ഈ തീരുമാനം എടുത്തത്. ഉടനെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈയിലാണ്. ശുഭാപ്തി വിശ്വാസത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്', അവർ കൂട്ടിച്ചേർത്തു.
'മീശമാധവൻ' എന്ന ചിത്രത്തിൽ വിദ്യാസാഗർ സംഗീതം നൽകിയ 'ചിങ്ങമാസം വന്നുചേർന്നാൽ' എന്ന ഗാനത്തിലൂടെ അരങ്ങേറിയ ഗായികയാണ് റിമി ടോമി. സ്റ്റേജ് ഷോകളിലെ ഊർജസ്വലമായ പ്രകടനങ്ങളിലൂടെയാണ് റിമി ശ്രദ്ധ നേടിയത്. നടിയായും ടെലിവിഷൻ അവതാരകയായും റിമി തിളങ്ങി.
2008-ൽ റിമി, വ്യവസായി റോയ്സിനെ വിവാഹം ചെയ്തു. നീണ്ട 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2019-ൽ നിയമപരമായി വിവാഹമോചനം നേടി.
Content Highlights: Singer and TV host Rimi Tomy announced her upcoming second marriage through a video on her YouTube channel. She revealed that her partner entered her life in 2026 and is not an actor, singer, public figure, or billionaire. Rimi expressed that she feels optimistic and peaceful about starting this new chapter after finding someone compatible. The singer made her playback debut with the popular hit song 'Chingamasam Vannuchernnal' from the movie 'Meesha Madhavan'. She was previously married to businessman Royce in 2008, and the couple legally divorced in 2019 after 11 years of marriage.