ജൂറിയെ വെള്ളം കുടിപ്പിച്ച കാലം, ജനം അവാർഡ് ഗാനം തേടി ഓടുന്ന കാലം

അയാൾ കഥയെഴുതുകയാണ്, പ്രണയവർണങ്ങൾ എന്നീ ചിത്രങ്ങളിൽ നിന്നും | photo: screengrab
അയാൾ കഥയെഴുതുകയാണ്, പ്രണയവർണങ്ങൾ എന്നീ ചിത്രങ്ങളിൽ നിന്നും | photo: screengrab

പൊതുവെ വിവാദമുക്തമായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്. എന്നാലും സാധാരണക്കാരായ സംഗീതാസ്വാദകരുടെ വിധി പഴയതു തന്നെ. "അവാർഡിത"മായ പാട്ടുകൾ ഏതെന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണവർ.

പല പാട്ടുകളും ജനം കേട്ടിട്ടേയില്ല. കേട്ടവയാകട്ടെ ഭൂരിഭാഗം പേരുടെയും ശ്രദ്ധയിൽ പെട്ടിട്ടുമില്ല. കഴിഞ്ഞ കുറച്ചുകാലമായി ഇതാണ് സ്ഥിതി.

കുറ്റം പറഞ്ഞുകൂടാ. കിട്ടുന്ന പാട്ടുകളിൽ നിന്ന് ഭേദപ്പെട്ടത് തിരഞ്ഞെടുക്കുക എന്നതാണല്ലോ ജൂറിയുടെ ദൗത്യം. പണ്ടൊക്കെ ഏത് പാട്ട് ഒഴിവാക്കും എന്നതായിരുന്നു അവർക്ക് മുന്നിലെ വെല്ലുവിളി. ഇന്നിപ്പോൾ യോഗ്യതയുള്ള ഒന്നോ രണ്ടോ എണ്ണം തിരഞ്ഞെടുക്കാൻ തന്നെ ഭഗീരഥ പ്രയത്നം വേണം. സിനിമയിൽ മുഴുനീള ഗാനങ്ങൾ അത്യപൂർവമായി എന്നതാവാം ഒരു കാരണം. ജനങ്ങൾ ഏറ്റെടുത്തു കാലങ്ങളോളം മൂളിനടക്കുന്ന ഗാനങ്ങളും കുറഞ്ഞുവരുന്നു. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ അവയുടെ കെട്ടിലും മട്ടിലും വ്യത്യസ്തതയൊന്നും കണ്ടെത്താനാവുന്നില്ല ജൂറിക്ക്. രചനാ വിഭാഗം അവാർഡ് നിശ്ചയിക്കുന്നതാണ് ഏറ്റവും വലിയ പരീക്ഷണമെന്ന് ഒരാൾ പറഞ്ഞുകേട്ടു. പാട്ട് കേട്ടാൽ പിടികിട്ടണമെന്നില്ല വരികൾ. എഴുതിക്കിട്ടുമ്പോഴാണ് അറിയുക ഇതൊക്കെയാണ് പാടിവെച്ചിരിക്കുന്നതെന്ന്. "ഫിൽ ഇൻ ദി ബ്ലാങ്ക്‌സി"ന് അപ്പുറത്തേക്ക് പാട്ടിലെ വരികൾക്ക് സംവിധായകരും സംഗീത സംവിധായകരും പൊതുവെ പ്രാധാന്യമൊന്നും കല്പിക്കാത്തതാവാം കാരണം. അപവാദങ്ങൾ ഇല്ലെന്നല്ല. പക്ഷേ കുറവാണ്.

കുറച്ചു കാലം കഴിഞ്ഞാൽ മികച്ച ഗായകൻ, ഗായിക, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നിവരെ കണ്ടെത്തുന്ന ഏർപ്പാട് തന്നെ ഉപേക്ഷിക്കേണ്ടി വരില്ലെന്ന് ആരറിഞ്ഞു? സിനിമാസംഗീത സങ്കല്പങ്ങൾ അപ്പടി മാറുകയല്ലേ? പശ്ചാത്തല സംഗീത സംവിധാനമാണ് യഥാർത്ഥ സിനിമാ സംഗീതം എന്ന വിശ്വാസം രൂഢമൂലമായിക്കഴിഞ്ഞു.

വെറുതെ ഒരു കൗതുകത്തിന് പഴയ കാലത്തേക്കൊന്ന് തിരിച്ചുനടന്നു നോക്കി. കാൽ നൂറ്റാണ്ടിനപ്പുറത്തെ ഒരു അവാർഡ് നിർണ്ണയം. വർഷം 1998. മികച്ച ഗായകൻ യേശുദാസ് ( ഏതോ നിദ്ര തൻ -- അയാൾ കഥയെഴുതുകയാണ്). ഗായിക സുജാത (വരമഞ്ഞളാടിയ -- പ്രണയവർണ്ണങ്ങൾ). ഗാനരചയിതാവ് യൂസഫലി കേച്ചേരി (സ്നേഹം). സംഗീത സംവിധായകൻ വിദ്യാസാഗർ (പ്രണയവർണ്ണങ്ങൾ).

അർഹിക്കുന്ന അംഗീകാരങ്ങൾ. എങ്കിലും അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കാൻ ജൂറി എത്ര പ്രയാസപ്പെട്ടിരിക്കും എന്നോർക്കുമ്പോഴാണ് ഉൾക്കിടിലം തോന്നുക. അത്രയുമുണ്ട് എണ്ണം പറഞ്ഞ സൃഷ്‌ടികൾ. ഇതാ 1998 ലെ അവാർഡുകൾക്ക് പരിഗണിക്കപ്പെട്ട പാട്ടുകളിൽ ചിലവ:

ഒരു രാത്രി കൂടി, എത്രയോ ജന്മമായ്, മാരിവില്ലിൻ ഗോപുരങ്ങൾ (സമ്മർ ഇൻ ബത്‌ലഹേം), ആരോ വിരൽ നീട്ടി, കണ്ണാടിക്കൂടും കൂട്ടി, ഒത്തിരി ഒത്തിരി (പ്രണയവർണ്ണങ്ങൾ), എന്തേ മുല്ലേ പൂക്കാത്തൂ (പഞ്ചലോഹം), കരുണാമയനേ, സുന്ദരിയേ സുന്ദരിയെ (ഒരു മറവത്തൂർ കനവ്), മയിലായ് പറന്നുവാ (മയിൽപ്പീലിക്കാവ്), ഒരു പൂവിനെ നിശാശലഭം (മീനത്തിൽ താലികെട്ട്), മൂവന്തി താഴ്‌വരയിൽ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം), മലയണ്ണാർക്കണ്ണൻ, ഇനിയും പരിഭവമരുതേ (കൈക്കുടന്ന നിലാവ്), പൊന്നാമ്പൽ പുഴയിറമ്പിൽ, പൊന്നേ പൊന്നമ്പിളി, പൂജാബിംബം, സമയമിതപൂർവ സായാഹ്നം (ഹരികൃഷ്ണൻസ്), ശാരദേന്ദു (ദയ), ആകാശത്താമര, മാനേ മലരമ്പൻ വളർത്തുന്ന (അയാൾ കഥയെഴുതുകയാണ്), ആരോടും മിണ്ടാതെ (ചിന്താവിഷ്ടയായ ശ്യാമള), ചെമ്പകപ്പൂ മൊട്ടിനുള്ളിൽ, പാർവണ പാൽമഴ (എന്ന് സ്വന്തം ജാനകിക്കുട്ടി), ആവണിപ്പൊന്നൂഞ്ഞാൽ, എന്റെ മൗനരാഗമിന്ന് (കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ),  ചെമ്പക മലരൊളി (ഇലവങ്കോട് ദേശം), പേരറിയാത്തൊരു നൊമ്പരത്തെ, രാവ് നിലാപ്പൂവ്, കൈതപ്പൂ മണം (സ്നേഹം), പൊന്നാര്യൻ പാടം, വൈകാശിത്തെന്നലോ  (രക്തസാക്ഷികൾ സിന്ദാബാദ്).....

ജൂറി വെള്ളം കുടിച്ചിരിക്കും. തീർച്ച. അതൊരു കാലം.

Content Highlights: ravi menon about state film awards