എ.ആർ റഹ്‌മാന്റെ ഈണത്തിന് വിനായക് ശശികുമാറിന്റെ വരികൾ; ‘രാമായണ’ത്തിലെ മലയാളം ഗാനം പുറത്ത്

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തിലെ ആദ്യ ഗാനമായ 'ജയ് ജയ് റാം' പുറത്തുവിട്ടു. ഓസ്‌കർ ജേതാവ് എ.ആർ. റഹ്‌മാൻ ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തലമുറകളായി നമ്മെ നയിക്കുന്ന വഴികാട്ടിയാണ് ശ്രീരാമനെന്നും ആ ആഴത്തിലുള്ള ബന്ധമാണ് 'ജയ് ജയ് റാം' എന്ന ഗാനത്തിന് പിന്നിലെന്നും നിർമാതാവ് നമിത് മൽഹോത്ര പറഞ്ഞു. പ്രാർഥനയുടെ പരിശുദ്ധിയും വ്യക്തിപരമായ അനുഭവവും നിലനിർത്തിക്കൊണ്ടുതന്നെ സിനിമാറ്റിക് ഗാനമായി ഇതിനെ മാറ്റാനാണ് ശ്രമിച്ചതെന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്‌മാനും വ്യക്തമാക്കി.
രണബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ത്യയിലൊഴികെ സോണി പിക്ചേഴ്സ് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന 'രാമായണ പാർട്ട് വൺ' 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: The Malayalam version of the 'Jai Jai Ram' song from Nitesh Tiwari's upcoming movie 'Ramayana' has been released. Composed by A.R. Rahman, the Malayalam lyrics are penned by Vinayak Sasikumar. The track is sung by Haricharan and Indian Idol fame Amrita Rajan. 'Ramayana' stars Ranbir Kapoor as Lord Ram, Sai Pallavi as Sita, Yash as Ravana, and Sunny Deol as Hanuman. Produced by Namit Malhotra with Yash as co-producer, the Hindi version of the song has crossed 50 million views.