എ.ആർ. റഹ്മാന്റെ ഈണത്തിൽ അമൃത സുരേഷിന്റെ ആലാപനം; ശ്രദ്ധേയമായി 'രാമായണ'യിലെ മനംപോലെ

#Movie Desk
രാമായണ എന്ന ചിത്രത്തിൽ രൺബീർ കപൂറും സായ് പല്ലവിയും | സ്ക്രീൻ​ഗ്രാബ്
രാമായണ എന്ന ചിത്രത്തിൽ രൺബീർ കപൂറും സായ് പല്ലവിയും | സ്ക്രീൻ​ഗ്രാബ്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യിലെ പുതിയ ഗാനമായ 'മനംപോലെ' ശ്രദ്ധേയമാകുന്നു. ഓസ്‌കർ ജേതാവ് എ.ആർ. റഹ്‌മാൻ ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീരാമന്റെയും സീതയുടേയും വിവാഹമുഹൂർത്തങ്ങളാണ് ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ചിത്രത്തിലേതായി ഇതിനുമുൻപ് പുറത്തുവന്ന ജീവിത രാഗമേ, ജയ് ജയ് രാമ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. രവി ദുബെ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, വിവേക് ഒബറോയ്, കുനാൽ കപൂർ, അരുൺ ഗോവിൽ, ലാറ ദത്ത തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിലേക്കുമാത്രം 1.53 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റുപോയതായി വിവരങ്ങൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിൽ നിൽക്കുന്നത്. ചിത്രത്തിന്റെ 3D പതിപ്പുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Also Read: 20 വർഷംമുൻപ് കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടു, ഇന്ന് 16,000 കോടി ആസ്തി; ആരാണ് ‘രാമായണ’ നിർമാതാവ് നമിത് മൽഹോത്ര

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്ന് രണ്ട് ഭാഗങ്ങളായാണ് ചിത്രം നിർമിക്കുന്നത്. ആദ്യഭാഗം നവംബർ അഞ്ചിനും രണ്ടാം ഭാഗം അടുത്തവർഷം ദീപാവലിക്കും തിയേറ്ററുകളിലെത്തും.

Content Highlights: The track 'Manampole' from Nitesh Tiwari's epic saga *Ramayana*, composed by A.R. Rahman and rendered by Amrita Suresh, has gained widespread popularity; starring Ranbir Kapoor, Sai Pallavi, and Yash, the multi-starrer feature has already opened to impressive advance bookings ahead of its November 5 theatrical release.