'അമ്മയുണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ'; രാധിക തിലകിന്റെ മകൾ ദേവിക പറയുന്നു

''ആരുമില്ലാത്ത ജന്മങ്ങൾ
തീരുമോ ദാഹം ഈ മണ്ണിൽ
നിന്നോർമയിൽ ഞാനേകയായ്....''
മലയാളത്തിന്റെ പ്രിയപ്പെട്ട രാധികാ തിലകിന്റെ സ്വരമാധുരിയിൽ വിടർന്ന ഗാനം.. മായാമഞ്ചലിലേറി സംഗീതാസ്വാദകരെ പിടിച്ചിരുത്തിയ രാധിക തൊട്ടതെല്ലാം പൊന്നാക്കിയ പോലെ ഒരുപിടി ഹിറ്റുകളും സമ്മാനിച്ചു. കാൻസറിന്റെ പിടിയിലമർന്ന് രാധിക ഈ ലോകം വിട്ടുപോയെങ്കിലും പാട്ടിനെ പ്രണയിക്കുന്നവരുടെയുള്ളിൽ ഇന്നും ജീവിച്ചിരിക്കുന്നു. ഇപ്പോഴിതാ രാധികാ തിലകിന് ആദരമർപ്പിച്ച് മകൾ ദേവിക ചെയ്ത സംഗീത വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. അമ്മയുടെ ഹിറ്റുകളായ 'ദേവസംഗീതം നീയല്ലേ, കാനനക്കുയിലിന്, മായാമഞ്ചലിൽ..' എന്നീ ഗാനങ്ങൾ പുനരാവിഷ്കരിച്ചിരിക്കുകയാണ് ദേവിക. അമ്മയുടെ ആരാധകർ അഭിനന്ദനം അറിയിക്കുമ്പോൾ മനസ്സു നിറയുന്നുണ്ട് ദേവികയ്ക്ക്. സംഗീതം ഒരിക്കലും തന്റെ മേഖലയാവില്ലെന്ന് കരുതിയിരുന്ന ദേവിക പുതിയ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു....
ഒട്ടും മുന്നൊരുക്കങ്ങളില്ലാതെ ചെയ്ത വീഡിയോ...
മൂന്നുവർഷത്തോളമായി ഞാൻ ബെംഗളൂരുവിലാണ്. നാട്ടിൽ നിയമപഠനം കഴിഞ്ഞ് ഇവിടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.പാട്ടു പഠിച്ചിട്ടൊന്നുമില്ല. എന്നെ അറിയുന്ന എല്ലാവർക്കും ശരിക്കും ഒരു സർപ്രെെസാണ് ഈ വീഡിയോ . കുറേക്കാലമായി ഇത്തരത്തിലൊരു വീഡിയോ ചെയ്യണമെന്നൊക്കെ കരുതിയിരുന്നു, പക്ഷേ ചമ്മലും മടിയുമൊക്കെ കാരണം പിൻവലിഞ്ഞു നിൽക്കുകയായിരുന്നു. യാതൊരു മുന്നൊരുക്കങ്ങളും ചെയ്തിരുന്നുമില്ല. ഇപ്പോൾ എല്ലാവരും വീട്ടിലിരിക്കുന്ന സമയമല്ലേ, അങ്ങനെ പെട്ടെന്നൊരു ദിവസം ഇങ്ങനെയൊരു വീഡിയോ ചെയ്താലോ എന്നാലോചിക്കുകയായിരുന്നു. പാട്ട് റെക്കോർഡ് ചെയ്തതും ഷൂട്ട് ചെയ്തതുമൊക്കെ ബെംഗളൂരുവിലെ വീട്ടിലാണ്. മൊബൈലിലെ ഒരു ആപ്പിൽ റെക്കോർഡ് ചെയ്തതിനുശേഷം മിക്സ് ചെയ്യിക്കുകയായിരുന്നു. ഇതിനെല്ലാം സഹായിച്ചത് സുഹൃത്തുക്കൾ തന്നെയാണ്. എഡിറ്റിങ് ഒഴികെ ബാക്കിയൊന്നും പ്രൊഫഷണൽ ആയി ചെയ്തതല്ല.
എല്ലാത്തിനും കൂടെ സുജു അമ്മായിയും ശ്വേത ചേച്ചിയും
ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആലോചിച്ചപ്പോൾ തന്നെ ആദ്യം പറഞ്ഞത് സുജു അമ്മായിയോടും ശ്വേത ചേച്ചിയോടുമാണ്. എന്നാൽ നമുക്കൊന്നിച്ചു ചെയ്യാം എന്നാണ് അവർ പറഞ്ഞത്. പാട്ടിനൊപ്പം പിയാനോ ചെയ്യാമെന്ന് ശ്വേത ചേച്ചിയും പറഞ്ഞു. അവരില്ലായിരുന്നെങ്കിൽ എനിക്കൊരിക്കലും ഇതു ചെയ്യാൻ കഴിയുമായിരുന്നില്ല. പാട്ടിന്റെ കാര്യത്തിൽ മാത്രമല്ല എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം സുജു അമ്മായിയും ശ്വേത ചേച്ചിയും വളരെ പിന്തുണ നൽകാറുണ്ട്. എന്തുകാര്യം വന്നാലും ആദ്യം പറയുന്നത് സുജു അമ്മായിയോടാണ്.
അമ്മയുണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെ...
അമ്മയെപ്പോലെ സംഗീതം കരിയറാക്കണം എന്നൊന്നും ചിന്തിച്ചിട്ടേയില്ല. അങ്ങനെ കരുതിയിരുന്നെങ്കിൽ പണ്ടുതൊട്ടേ പാട്ടൊക്കെ പഠിക്കുമായിരുന്നു. മാത്രമല്ല അച്ഛനോ അമ്മയോ സംഗീതം പഠിക്കാനായി നിർബന്ധിച്ചിട്ടുമില്ല, താൽപര്യമുണ്ടെങ്കിൽ പഠിച്ചാൽ മതി എന്നാണ് പറഞ്ഞിരുന്നത്. സ്കൂളിലായിരുന്നപ്പോഴും അക്കാദമിക് കാര്യങ്ങളിലായിരുന്നു കൂടുതലും താൽപര്യം. അതുകൊണ്ടാവാം അവരും നിർബന്ധിക്കാതിരുന്നത്. അന്നും എനിക്ക് പാട്ടു കേൾക്കാനൊക്കെ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ സംഗീതത്തിന്റെ എന്തെങ്കിലും ഒരംശം കിട്ടിയിട്ടുണ്ടാവുമെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. അമ്മയുണ്ടായിരുന്നെങ്കിൽ ഇതു കേൾക്കുമ്പോൾ സന്തോഷിക്കുമെന്നതിലും സംശയമില്ല. പാട്ടുകേട്ട് പലരും ചോദിച്ചു ഇങ്ങനെയൊക്കെ പാടുമെന്ന് അറിയില്ലായിരുന്നു. നേരത്തെ പാടാതിരുന്നത് എന്തുകൊണ്ടാണെന്നൊക്കെ. കുടുംബത്തിലുള്ളവരും പുറത്തുമൊക്കെ ഒരുപാട് സന്തോഷം തോന്നുന്നുവെന്ന് പറഞ്ഞു.
അമ്മ ഇല്ല എന്നത് യാഥാർഥ്യം.. പക്ഷേ..
എല്ലാവരേയും പോലെ ഒരുപാടു കാര്യങ്ങളിൽ അമ്മയെ ആശ്രയിച്ചിരുന്ന ആളാണ് ഞാനും. എന്തെങ്കിലും കാര്യം വന്നാൽ ആദ്യം ചോദിക്കുന്നതും സംസാരിക്കുന്നതുമൊക്കെ അമ്മയോടായിരുന്നു. അമ്മ ഇല്ല എന്നത് യാഥാർഥ്യമാണ്. പക്ഷേ ഞാൻ മറ്റൊരു വശമാണ് ചിന്തിക്കുന്നത്. ഒന്നുമില്ലെങ്കിലും ഇരുപതു വർഷക്കാലം എനിക്ക് അമ്മയ്ക്കൊപ്പം കഴിയാൻ സാധിച്ചല്ലോ. കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെടുന്നവരില്ലേ? എനിക്ക് പ്രായപൂർത്തിയായി കാര്യങ്ങളൊക്കെ തിരിച്ചറിയാനുള്ള പ്രായത്തിലാണല്ലോ അമ്മയെ നഷ്ടപ്പെടുന്നത് എന്നൊക്കെയാണ് ചിന്തിക്കുന്നത്. അമ്മയിൽ മിസ് ചെയ്യുന്ന ഒരു കാര്യം എന്നൊന്നില്ല. അമ്മയുടെ സാന്നിധ്യം തന്നെയാണ് ഏറ്റവുമധികം മിസ് ചെയ്യുന്നത്.
അമ്മയുടെ പാട്ടുകളിൽ പ്രിയം...
അമ്മയുടെ പാട്ടുകളിൽ ഏറ്റവും പ്രിയ്യപ്പെട്ട മൂന്നെണ്ണം തന്നെയാണ് ആ കവർ വേർഷനിൽ ചെയ്തത്. ദേവസംഗീതം എന്ന പാട്ട് കുറേതവണ ശ്രമിച്ചതിനുശേഷമാണ് അതിൽ ഉൾപ്പെടുത്തിയത്. ഓരോതവണയും പാടി ശരിയായില്ലെന്നു തോന്നുമ്പോൾ വീണ്ടും പാടും. അതുകൊണ്ടൊക്കെയാവാം ആ പാട്ട് കൂടുതൽ മനോഹരമായെന്ന് പലരും പറഞ്ഞു. ഈ പാട്ടു തന്നെ അവസാനം വെക്കണമെന്നു പറഞ്ഞതും സുജു അമ്മായിയും ശ്വേത ചേച്ചിയുമാണ്. ആ പാട്ടിന്റെ അർഥമാണെങ്കിലും സംഗീതമാണെങ്കിലും അത്രമേൽ സ്പർശിക്കുന്നതാണ്. പിന്നെ 'തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ' എന്ന ക്രിസ്ത്രീയ ഭക്തിഗാനവും ഏറെയിഷ്ടമാണ്. ഹൃദയസ്പർശിയായ ഒരു ഗാനമാണത്.
അമ്മ സംതൃപ്തയായിരുന്നു...
അമ്മ സംഗീതരംഗത്ത് സജീവമായിരുന്ന സമയത്ത് ഞാൻ കുട്ടിയായിരുന്നു. അതുകൊണ്ട് അന്നൊന്നും അമ്മയിലെ ഗായികയെ അത്ര തിരിച്ചറിഞ്ഞിരുന്നില്ല. വലുതായപ്പോൾ യൂട്യൂബിലൊക്കെ അമ്മയുടെ പഴയ പാട്ടുകൾ കാണുമ്പോൾ അതിനുകീഴിലുള്ള കമന്റുകളൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ കിട്ടേണ്ടിയിരുന്ന ഗായികയാണെന്നൊക്കെ പറഞ്ഞിട്ടുള്ളവ. പക്ഷേ അമ്മയ്ക്ക് ഇക്കാര്യത്തിൽ അങ്ങനെ നിരാശയുണ്ടെന്നൊന്നും തോന്നിയിട്ടില്ല. കിട്ടിയവയിൽ സംതൃപ്തയായിരുന്നു അമ്മ.
അച്ഛൻ പറഞ്ഞത്..
അച്ഛനും തീരെ പ്രതീക്ഷിച്ചിരുന്നില്ല. പാട്ടു കണ്ടപ്പോൾ നന്നായിട്ടുണ്ടെന്നു പറഞ്ഞു, വികാരാധീനനായി. അച്ഛന് ഞാൻ പാടുന്നത് വളരെ ഇഷ്ടമാണ്. പാടണം എന്നൊക്കെ പലപ്പോഴും പറയാറുണ്ട്.
സിനിമാ സംഗീതം...
സിനിമയിലേക്ക് അവസരം ലഭിക്കുമോ എന്നൊന്നും ഞാൻ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടില്ല. പക്ഷേ അവസരം ലഭിച്ചാൽ ഒരിക്കലും തള്ളുകയുമില്ല. കാരണം അത്തരമൊരു അവസരം എല്ലാവർക്കും ലഭിക്കുന്നതല്ലല്ലോ.
Content Highlights: Radhika Thilak singer daughter Devika Suresh Interview, Swetha Mohan, Music tribute to mother,
Content Highlights: