വരികൾ നിറയെ അശ്ലീലമെന്ന് വിമർശനം, പിന്നാലെ പരാതി; നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസ് സോങ് പിൻവലിച്ചു

ധ്രുവ സർജയെ നായകനാക്കി പ്രേം കന്നഡയിൽ ഒരുക്കുന്ന 'കെഡി: ദ ഡവിൾ' എന്ന ചിത്രത്തിലെ പാട്ടിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽനിന്ന് നീക്കംചെയ്തു. വരികൾ അശ്ലീലമാണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. സെൻസർ ബോർഡിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് നീക്കംചെയ്തതെന്ന് റിപ്പോർട്ടുണ്ട്.
വരികളിലും ദൃശ്യത്തിലും അശ്ലീലതയുടെ അതിപ്രസരമുണ്ടെന്ന് ആരോപിച്ച് അഭിഭാഷകൻ വിനീത് ജിൻഡാൽ സെൻസർ ബോർഡിനെ സമീപിച്ചിരുന്നു. കേന്ദ്ര വാർത്താവിതരണമന്ത്രാലയത്തിലും പരാതി കൈമാറി. പാട്ടിന്റെ വരികൾക്കെതിരേ ഗായകൻ അർമാൻ മാലിക്ക് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കടുത്ത വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്.
ധ്രുവ സർജയ്ക്ക പുറമേ സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നോറാ ഫത്തേഹിയുടെ ചടുലമായ നൃത്തച്ചുവടുകളുള്ള ഐറ്റം ഡാൻസുള്ള പാട്ടാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. നോറാ ഫത്തേഹിക്കൊപ്പം സഞ്ജയ് ദത്തും ഗാനരംഗത്തിലുണ്ടായിരുന്നു.
അങ്ങേയറ്റം അശ്ലീലമാണ് പാട്ടിന്റെ വരികളെന്ന് യൂട്യൂബ് കമന്റ് ബോക്സിലടക്കം പ്രേക്ഷകർ ചൂണ്ടിക്കാട്ടി. അർജുൻ ജന്യ സംഗീതം നൽകി റക്വീബ് ആലം വരികളെഴുതിയ ഹിന്ദി പതിപ്പ് ആലപിച്ചിരിക്കുന്നത് മംഗ്ലിയാണ്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. ഏപ്രിൽ 30-ന് തിയേറ്ററിലെത്തും.
റിലീസിന് മുമ്പ് തിരിച്ചടി നേരിടുന്ന മൂന്നാമത്തെ കെവിഎൻ പ്രൊഡക്ഷൻസ് ചിത്രമാണ് ‘കെഡി: ദ ഡവിൾ’. വിജയ്യുടെ 'ജന നായകന്' സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിട്ടില്ല. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്ത 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' പഞ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് റിലീസ് നീട്ടിയിരിക്കുകയാണ്. പിന്നാലെയാണ് ഈ വർഷം പുറത്തിറങ്ങേണ്ട 'കെഡി: ദ ഡവിളും' വിവാദത്തിലായിരിക്കുന്നത്.
Content Highlights: Hindi version of the item song from 'KD: The Devil' removed from YouTube. Removal followed complaints of obscene lyrics and visuals to the Censor Board. Legal action initiated by lawyer Vineet Jindal and criticism from singer Armaan Malik. The film features Dhruva Sarja, Sanjay Dutt, and Shilpa Shetty. KVN Productions faces a series of controversies with recent film projects