മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോയെന്ന് മകന് സംശയം, ഗൂഗിളിൽ നോക്കിയപ്പോൾ അവൻ ഞെട്ടി-നവ്യാ നായർ

നടനും സംവിധായകനുമായ മേജർ രവിയെക്കുറിച്ച് നടി നവ്യാ നായർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോയെന്ന് തന്റെ മകന് സംശയം ഉണ്ടായെന്നും പിന്നീട് ഗൂഗിൾ ചെയ്തുനോക്കിയപ്പോൾ അവൻ ഞെട്ടി എന്നും നവ്യ പറഞ്ഞു. വിസിറ്റർ എന്ന ഏറ്റവും പുതിയ സിനിമയുടെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അവർ.
“ഒരിക്കൽ മേജർ രവി സാറിന്റെ പേര് വീട്ടിൽ സംസാരിക്കവേ മകൻ വന്ന് മേജർ ഒക്കെ ആണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അദ്ദേഹം മേജർ ആണെന്ന്. ഉടനെ മകൻ ഗൂഗിൾ ചെയ്തു നോക്കി. അതിൽ എൻഎസ്ജി എന്നൊക്കെ കണ്ടപ്പോൾ അവൻ അതിശയിച്ചുപോയി. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്ന് ചോദിച്ചു”, നവ്യാ നായരുടെ വാക്കുകൾ.
ഉർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ ചിത്രമാണ് 'വിസിറ്റർ'. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവര് ചിത്രത്തിന്റെ സഹനിർമാതാക്കൾ. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറർ ചിത്രമായാണ് 'വിസിറ്റർ' ഒരുക്കുന്നത്.
സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി. വാര്യർ, കെ.പി.എ.സി. ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നത്.
Content Highlights: At the launch ceremony of her upcoming horror film Visitor, actress Navya Nair shared a funny anecdote about how her son was left completely shocked after Googling Major Ravi and discovering his actual high-profile NSG Commando background.