മുരളിയെ കണ്ണീരണിയിച്ച് മുഖര്‍ശംഖ് കൂട്ടുകാര്‍; സ്നേഹമുദ്രകള്‍ പതിഞ്ഞ സംഗീതകൂട്ടായ്മ

മിതഭാഷിയാണ് കോട്ടയം മുരളി. വാക്കുകളെക്കാള്‍ പ്രിയം ചൊല്ലുകളും കോരുവകളും മുത്തായ്പ്പുകളുമാണെന്ന് അടുപ്പമുള്ളവര്‍ക്കുമറിയാം. ഒക്ടോബര്‍ 18ന്, കോട്ടയം ജില്ലയിലെ തിരുനക്കരയില്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന അപൂര്‍വവും മനോഹരവുമായ ഒരു ചടങ്ങില്‍ പ്രസംഗിക്കാനായി കേരളത്തിലെ ഏറ്റവും മികച്ച മുഖര്‍ശംഖ് കലാകാരന്‍ എഴുന്നേറ്റപ്പോള്‍ സംഘാടകരായ സുഹൃത്തുക്കളും മുരളിയെ അടുത്തറിയുന്ന കാണികളും ആകാംക്ഷാഭരിതരായി. ആകാശവാണിയുടെ എ ടോപ് ഗ്രേഡ് നേടിയ ആദ്യത്തെ മുഖര്‍ശംഖ് കലാകാരനായ മുരളിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയാണ്. ഗുരുസ്ഥാനീയരും സമകാലികരും പിന്‍മുറക്കാരും സുഹൃത്തുക്കളുമെല്ലാം സംസാരിച്ചു കഴിഞ്ഞു. മറുപടി പ്രസംഗമാണിനി.
വാക്കുകള്‍ തന്നെ പിശുക്കിയാണ് പറയുക. മധുരഭാഷണമാണെങ്കില്‍ തീര്‍ത്തും വശവുമില്ല. സുഹൃത്തുക്കളും നാട്ടുകാരുമാണ് സദസ്സില്‍. കലാകാരന്‍മാര്‍ ഒത്തുചേര്‍ന്ന് സംഘടിപ്പിച്ച അത്യപൂര്‍വമായ ഒരു ചടങ്ങാണ്. തനിയാവര്‍ത്തനത്തില്‍ സങ്കീര്‍ണമായ കണക്കുകള്‍ക്കു മുന്നില്‍ പോലും പതറാത്ത കലാകാരന്‍ വികാരാധീനനായി. വാക്കുകള്‍ മുറിഞ്ഞു. പറയാന്‍ തുടങ്ങിയത് പലതും തൊണ്ടയില്‍ കുരുങ്ങി. തിരുവനന്തപുരത്ത് സ്വാതി തിരുനാള്‍ സംഗീതകോളജിലെ പഠനകാലത്തെ വറുതിയുടെ ദിനങ്ങളിലൂടെ ഓര്‍മകള്‍ സഞ്ചരിച്ചു. വാക്കുകള്‍ കവിതകളായില്ല. സംഗീതവുമായില്ല. ദുരിത ജീവിതത്തിന്‍റെ ഓര്‍ത്തെടുക്കലുകള്‍ മുരളിയെ കരയിച്ചു. കണ്ടിരുന്നവരെയും. വേദിയിലിരുന്ന അടുത്ത സ്നേഹിതന്‍, മൃദംഗം കലാകാരനായ ചേര്‍ത്തല ജയദേവന്‍ വേദനയോടെ കണ്ണുകള്‍ ഇറുക്കിയടച്ചു.
കഷ്ടപ്പാടുകളെക്കുറിച്ച് ഓര്‍മിച്ച് അതിവാചാലനാവാന്‍ മുരളിക്ക് കഴിയില്ല. അതിലൂടെ മറ്റുള്ളവരുടെ അമിതശ്രദ്ധ തന്നിലേക്ക് പതിയുന്നതിന്‍റെ അമിതഭാരം താങ്ങാന്‍ ആ കൃശഗാത്രത്തിന് ഒട്ടും കഴിയുമായിരുന്നില്ല. ചന്തമില്ലാത്ത, ആത്മാര്‍ഥതയുടെ നീലഞരമ്പുകള്‍ പിടയ്ക്കുന്ന, കൊച്ചു വാക്കുകളിലൂടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞിട്ട് മുരളി ഇരിപ്പിടത്തിലേക്ക് മടങ്ങി.
സംഗീതം സുഗന്ധം പരത്തിയ ചടങ്ങായിരുന്നു അത്. രണ്ട് കലാകാരന്‍മാര്‍ കൂടിയാല്‍ മൂന്നാമതൊരു കലാകാരന് എന്തോ ആപത്ത് പിണയുമെന്ന പറച്ചിലിനെ അസാധുവാക്കിക്കളഞ്ഞ മനോഹരമായൊരു കൂടിച്ചേരല്‍. ആകാശവാണിയുടെ എ ടോപ് ഗ്രേഡ് നേടിയ കേരളത്തിലെ ആദ്യത്തെ മുഖര്‍ശംഖ് കലാകാരനെ ആദരിക്കുന്നതിനായി കേരളത്തിലെ മുഖര്‍ശംഖ് കലാകാരന്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങ്, കലാചരിത്രത്തില്‍ തന്നെ ഒരപൂര്‍വതയായി. ഒരുപക്ഷേ, കേരളത്തില്‍ കോട്ടയം മുരളിക്കു മാത്രം അഭിമാനിക്കാവുന്ന ഒരു നേട്ടമായിരിക്കും ഇത്. ഒരേ തൂവല്‍പക്ഷികളുടെ ആദരവും സ്നേഹവും ഒരുപോലെ ഏറ്റുവാങ്ങാന്‍ കഴിയുന്ന മറ്റൊരു കലാകാരന്‍ ഇവിടെ ഇല്ലെന്നു തന്നെ പറയേണ്ടി വരും.
ഒരു കൂടിക്കാഴ്ചയും ഒരു കൂടിച്ചേരലും
പയ്യന്നൂരില്‍ തുരീയം സംഗീതോല്‍സവം നടക്കുകയാണ്. മേയ് മാസത്തിലെ ഒരു ദിവസത്തെ കച്ചേരിയില്‍ മുരളി മുഖര്‍ശംഖ് വായിക്കുന്നുണ്ട്. കുടുംബ സമേതം മൂകാംബിക ദര്‍ശനവും കഴിഞ്ഞ് തിരിച്ചു വരുന്ന വഴി പയ്യന്നൂരില്‍ ഇറങ്ങി കച്ചേരിയും വായിച്ചതിനു ശേഷം കോട്ടയത്തിനു മടങ്ങാനാണ് പരിപാടി. പയ്യന്നൂരിലെത്തി ബോംബെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ യാദൃച്ഛികമായി മറ്റൊരു മുഖര്‍ശംഖ് കലാകാരനായ പയ്യന്നൂര്‍ ഗോവിന്ദപ്രസാദിനെ അവിടെ വച്ചു കാണാനിടയായി. ഒരു നൃത്ത പരിപാടിക്കു വായിക്കാനായി പയ്യന്നൂരില്‍ എത്തിയ കലാമണ്ഡലം ഷൈജുവും ഇവരുടെ കൂടെ കൂടി. ആയിടെയാണ് മുരളിക്ക് എ ടോപ് ഗ്രേഡ് കിട്ടിയത്. ഗോവിന്ദപ്രസാദും ഷൈജുവും ചിലവ് ചെയ്യണമെന്ന് മുരളിയോട് തമാശ പറഞ്ഞു. ‘പിന്നെന്താ, എപ്പോള്‍ വേണമെങ്കിലും ആവാമല്ലോ, നിങ്ങള്‍ പറഞ്ഞോളൂ,’ എന്നു മുരളിയും.
‘അതൊന്നും വേണ്ട, ഞങ്ങള്‍ മുരളിച്ചേട്ടനു ചെലവു ചെയ്യാം,’ എന്ന് ഗോവിന്ദനും ഷൈജുവും പറഞ്ഞു. കലാകാരന്‍മാര്‍ മൂന്നു പേരും മൂന്നു വഴിക്കു പിരിഞ്ഞെങ്കിലും ഗോവിന്ദനും ഷൈജുവും പറഞ്ഞ വാക്ക് മറന്നില്ല. അവര്‍ മുഖര്‍ശംഖ് കലാകാരന്‍മാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. പറവൂര്‍ ഗോപകുമാര്‍, രാജീവ് ഗോപാല്‍ വെള്ളിക്കോത്ത്, തിരുനക്കര രതീഷ്, വെള്ളിനേഴി രമേശ്, ഗോപി നാദലയ തുടങ്ങിയ പ്രശസ്തരായ മുഖര്‍ശംഖ് വാദകരും കൂട്ടായ്മയില്‍ ചേര്‍ന്നു. തുടര്‍ന്ന് കാര്യങ്ങള്‍ക്ക് വേഗം കൂടി.
കൊച്ചിയില്‍ രാജീവ് ഗോപാലിന്‍റെ താവളമായ ‘ഇട’ത്തില്‍ ഈ കലാകാരന്‍മാര്‍ ഒരുമിച്ചു. ആദരിക്കാനായി ഒരു ചടങ്ങ് നടത്താന്‍ തീരുമാനമായി. ആദ്യം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടത്താനാണ് തീരുമാനിച്ചതെങ്കിലും, പിന്നീട് അത് ‘മുരളിച്ചേട്ടന്‍റെ’ ജന്മനാടായ കോട്ടയത്തു തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നവരാത്രി സമയത്തു നടത്തണമെന്നു തീരുമാനിച്ചെങ്കിലും കൂടുതല്‍ കലാകാരന്‍മാര്‍ക്ക് ഒരുമിച്ചു പങ്കെടുക്കുന്നതിനുള്ള സൗകര്യത്തിനായി നീട്ടി വയ്ക്കുകയായിരുന്നു. ഏതെങ്കിലും ഗുരുസ്ഥാനീയരായ കലാകാരന്‍മാരെ പങ്കെടുപ്പിച്ച് ആദരസമ്മേളനം നടത്താമെന്നും ഒരു കച്ചേരി സംഘടിപ്പിക്കാം എന്നുമൊക്കെ കരുതി മുന്നോട്ടു പോയെങ്കിലും കോട്ടയം നഗരസഭാ ഉപാധ്യക്ഷനായ ബി. ഗോപകുമാര്‍ മുന്‍കയ്യെടുത്ത് മന്ത്രി വി.എന്‍. വാസവനെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എയെയും ഉദ്ഘാടകനും അധ്യക്ഷനുമായി പങ്കെടുപ്പിച്ച് പരിപാടി ഗംഭീരമാക്കുകയായിരുന്നു. തിരുനക്കര എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വാദ്യകലാകാരന്‍മാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ചടങ്ങില്‍ പങ്കെടുത്ത കോട്ടയംകാരി കൂടിയായ പ്രമുഖ സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി പറഞ്ഞത് ഇത്രയും കലാകാരന്‍മാര്‍ പങ്കെടുത്ത ഒരു സംഗീതപരിപാടി അവര്‍ കോട്ടയത്ത് കണ്ടിട്ടില്ലെന്നാണ്. ചടങ്ങില്‍ പങ്കെടുത്ത വാദ്യകലാകാരന്‍മാരുടെ ബാഹുല്യം മുരളിയുടെ ജനസമ്മതിയുടെയും അദ്ദേഹത്തിന് കലാലോകത്തില്‍ നിന്നു ലഭിക്കുന്ന സ്നേഹത്തിന്‍റെയും സാക്ഷ്യപത്രമായിരുന്നു.
‘കച്ചേരികളില്‍ മുഖര്‍ശംഖിന് വേണ്ടത്ര പരിഗണന പൊതുവെ ലഭിക്കാറില്ല. വയലിനും മൃദംഗവും കഴിഞ്ഞാല്‍ ഉപപക്കം എന്ന നിലയില്‍ ഘടവും ഗഞ്ചിറയും കഴിഞ്ഞാല്‍ മാത്രമാണ് മുഖര്‍ശംഖിനെ പരിഗണിക്കാറുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ഈ വാദ്യത്തിന്‍റെ മഹിമയും ഗരിമയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കിടയറ്റ വാദനത്തിലൂടെ കച്ചേരി രംഗത്ത് വിശിഷ്ടമായ സ്ഥാനം നേടിയ മുരളിച്ചേട്ടനെ ആദരിക്കേണ്ടത് ഇതേ വാദ്യം കൈകാര്യം ചെയ്യുന്ന ഞങ്ങളുടെ ഒരു കടമയായി കരുതി ഏറ്റെടുക്കുകയായിരുന്നു,’ മുഖര്‍ശംഖ് കലാകാരനായ രാജീവ് ഗോപാല്‍ വെള്ളിക്കോത്ത് പറഞ്ഞു. ആശയം അവതരിപ്പിച്ചപ്പോള്‍ മുതല്‍ കലാകാരന്‍മാരുടെയിടയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് രാജീവ് പറഞ്ഞു.
ആദരമര്‍പ്പിച്ച ചടങ്ങിനു മുന്നോടിയായി ഇടപ്പള്ളി അജിത്-വിജു എസ് ആനന്ദ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച വയലിന്‍ ഡ്യൂയറ്റ് കച്ചേരിയും നടന്നു. പ്രശസ്ത മൃദംഗ വിദ്വാനായ ചങ്ങനാശ്ശേരി ബി. ഹരികുമാര്‍ മൃദംഗത്തിലും കോട്ടയം മുരളി മുഖര്‍ശംഖിലും പക്കമേളമൊരുക്കി. ആദരിക്കപ്പെടുന്ന ചടങ്ങിലെ മുഖ്യ കച്ചേരിയില്‍ മുരളി തന്നെ പക്കമേളം വായിക്കണമെന്നത് മുഖര്‍ശംഖ് കലാകാരന്‍മാരുടെ ആശയമായിരുന്നു. ഹരികുമാര്‍ ഉപഹാര സമര്‍പ്പണം നടത്തുകയും മുതിര്‍ന്ന കലാകാരനായ പ്രഫ. വൈക്കം വേണുഗോപാല്‍ പ്രശസ്തിപത്രം സമര്‍പ്പിക്കുകയും ചെയ്തു.
മുഖര്‍ശംഖിന്‍റെ കോട്ടയം മുദ്ര
എസ്. മുരളീധരന്‍ എന്ന കോട്ടയം മുരളി (58) യുടെ മുഖര്‍ശംഖ് സംഗീതവേദികളില്‍ നാദം മുഴക്കാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടോളമായി. കോട്ടയം തിരുനക്കരയില്‍ ശൂലപാണി വാര്യരുടെയും സരസ്വതി അമ്മയുടെയും മകന്‍ ഇന്ന് മുഖര്‍ശംഖ് വാദനത്തില്‍ കേരളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള കലാകാരനാണ്. മുന്‍നിര കലാകാരന്‍മാര്‍ക്കൊപ്പം വായിച്ച് തഴക്കവും പഴക്കവും വന്ന വാദനമികവിന് ആകാശവാണി എ ടോപ് അംഗീകാരം നല്‍കി ആദരിക്കുകയും ചെയ്തു. കേരളത്തില്‍ നിന്ന് എ ടോപ് അംഗീകാരം നേടുന്ന ആദ്യത്തെ മുഖര്‍ശംഖ് കലാകാരനുമായി മുരളി.
പന്ത്രണ്ടാം വയസ്സില്‍ രാമപുരം മണിയുടെ കീഴില്‍ മൃദംഗപഠനം തുടങ്ങിയാണ് നാദജീവിതത്തിന്‍റെ ആരംഭം. തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളജില്‍ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസായതിനു ശേഷം സംഗീതവേദികളില്‍ സ്ഥിരമായി കച്ചേരികള്‍ക്ക് വായിച്ചു തുടങ്ങി. ആദ്യമെല്ലാം ഘടവും മുഖര്‍ശംഖുമെല്ലാം മാറിമാറി വായിച്ചുവെങ്കിലും മുഖര്‍ശംഖില്‍ ആകാശവാണിയുടെ ബി ഗ്രേഡ് കിട്ടിയതോടെ പൂര്‍ണമായും മുഖര്‍ശംഖിലേക്ക് മാറി. 2011ല്‍ ആകാശവാണി എ ഗ്രേഡ് നല്‍കി മുരളിയുടെ വാദനത്തെ അംഗീകരിച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ മുഖര്‍ശംഖ് കലാകാരനായി മുരളി.
മുരളിയെ ആദരിക്കുന്ന ചടങ്ങില്‍ പ്രഫ. വൈക്കം വേണുഗോപാല്‍ പറഞ്ഞതുപോലെ ‘കച്ചേരി വേദിയില്‍ എപ്പോള്‍ എന്തു വായിക്കണം എന്നറിയുന്നതു പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ എന്തു വായിക്കാതിരിക്കണം എന്നറിയുന്നതും. മുരളിയെ മറ്റു കലാകാരന്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും ഈ തിരിച്ചറിവാണ്. ’
മുരളിയുടെ നാദസഞ്ചാരം തുടരുകയാണ്. ആരോടും പരിഭവങ്ങളും പരാതികളുമില്ലാതെ, വരുന്നതും പോവുന്നതും ഒരു മനുഷ്യന്‍ പോലുമറിയാതെ ഈ കലാകാരന്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിക്കുന്നു. താനിവിടെയുണ്ടെന്ന് വിളിച്ചു പറയാന്‍ മുഖര്‍ശംഖല്ലാതെ മറ്റൊരു മാര്‍ഗവും സ്വീകരിക്കാതെ മുരളി തനിയാവര്‍ത്തനങ്ങളില്‍ സ്വയം കണ്ടെത്തുന്നു. പരിഗണനയുടെ അവസാന പടവില്‍ നിന്നിരുന്ന ഒരു ഉപപക്കത്തെ ആസ്വാദക മനസ്സിലേക്ക് അനായാസം കടത്തിവിട്ട വാദനമികവിന്‍റെ പതിറ്റാണ്ടുകള്‍. അംഗീകരിക്കപ്പെടുന്നത് സംഗീതത്തിന്‍റെ സൗമ്യമായ സൗന്ദര്യം കൂടിയാണ്.