‘അശ്ലീലവരികൾ എന്റേതല്ല’; ഐറ്റം സോങ് വിവാദത്തിൽ വിശദീകരണവുമായി ഗാനരചയിതാവ്

#Movies Desk
'കെഡി: ദ ഡവിള്‍' ഗാനരംഗത്തില്‍ നോറ ഫത്തേഹി | Photo: Screen grab/ YouTube: Anand Audio
'കെഡി: ദ ഡവിള്‍' ഗാനരംഗത്തില്‍ നോറ ഫത്തേഹി | Photo: Screen grab/ YouTube: Anand Audio

കന്നഡ ചിത്രം 'കെഡി: ദ ഡവിൾ' ഗാനവിവാദത്തിൽ വിശദീകരണവുമായി ഗാനരചയിതാവ് റക്വീബ് ആലം. ഹിന്ദി ഗാനത്തിന്റെ വരികൾ താൻ സ്വന്തമായി എഴുതിയതല്ലെന്നും കന്നഡ വരികളുടെ വിവർത്തനം മാത്രമാണ് താൻ ചെയ്തതെന്നും റക്വീബ് ആലം ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ അവകാശപ്പെട്ടു. തന്റെ ഒരുവാക്കുപോലും പാട്ടിന്റെ വരികളിലില്ലെന്നും ഗാനരചയിതാവ് സാമൂഹികമാധ്യമങ്ങളിലെ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

പാട്ടിന്റെ വരികൾ താൻ എഴുതിയതല്ലെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രേം കന്നഡയിൽ എഴുതിയ വരികൾ അതേപടി ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഒരു വാക്കുപോലും ആ വരികളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

ഇത്തരത്തിലുള്ള വരികൾ സെൻസറിങ് പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങൾക്കിടയിൽ സ്വീകരിക്കപ്പെടില്ലെന്നും കാണിച്ച് താൻ ആദ്യം ഗാനം ചെയ്യാൻ വിസമ്മതിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കന്നഡ വരികൾ അതേപടി വിവർത്തനം ചെയ്തു നൽകാൻ അണിയറപ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. 'പുഷ്പ'യിലേത് ഉൾപ്പെടെ താൻ മുൻപ് എഴുതിയ നല്ല ഗാനങ്ങൾ ആരും ശ്രദ്ധിച്ചില്ലെന്നും വിവാദഗാനത്തിന്റെ പേരിൽ തനിക്ക് ഇപ്പോൾ അപമാനം നേരിടേണ്ടി വരുന്നതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോറ ഫത്തേഹിയും സഞ്ജയ് ദത്തും അഭിനയിച്ച ഐറ്റം സോങ്ങിനെച്ചൊല്ലി വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഗാനത്തിലെ വരികൾ അങ്ങേയറ്റം അശ്ലീലമാണെന്നും ദ്വയാർത്ഥങ്ങൾനിറഞ്ഞതാണെന്നുമാണ് വിമർശനം. നോറ ഫത്തേഹിയുടെ നൃത്തവും വിമർശിക്കപ്പെട്ടു. ഗായകൻ അർമാൻ മാലിക്, സംവിധായകൻ ഒനിർ, നടിയും എംപിയുമായ കങ്കണ റണാവത്ത് എന്നിവർ പാട്ടിനെതിരേ വിമർശനവുമായെത്തി.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടി. ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ ഗാനം നിരോധിക്കണമെന്നും എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സെൻസർ ബോർഡിനും വാർത്താവിതരണമന്ത്രാലയത്തിനും കത്തയച്ചു. അഭിഭാഷകനായ വിനീത് ജിൻഡാൽ ഗാനത്തിനെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഗാനത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽനിന്ന് നീക്കം ചെയ്തു. മലയാളം ഉൾപ്പെടെ മറ്റ് ഭാഷയിലെ ഗാനം ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്.

Content Highlights: Lyricist Raqueeb Alam denies authorship of controversial lyrics in KD: The Devil. Claims the lyrics were direct translations of director Prem's original Kannada text. The controversial Hindi song was removed from YouTube following intense public backlash. Legal notices were issued by the National Human Rights Commission and cinema associations