സർക്കാർ മാറണം, ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണം; സ്വാതന്ത്ര്യ സമരത്തിൽ പങ്കില്ലാത്തവർക്ക് അത് മനസിലാവില്ല- ജോബ് കുര്യൻ

#മൂവീസ് ഡെസ്‌ക്
ജോബ് കുര്യൻ | ഫോട്ടോ: മാതൃഭൂമി
ജോബ് കുര്യൻ | ഫോട്ടോ: മാതൃഭൂമി

കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷവിമർശനവുമായി ഗായകൻ ജോബ് കുര്യൻ. നിലവിലെ സർക്കാർ മാറേണ്ട കാലം എന്നോ കഴിഞ്ഞെന്ന് ജോബ് സാമൂഹികമാധ്യമ കുറിപ്പിൽ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണം. വോട്ട് ചെയ്യാനുള്ള പൗരന്മാരുടെ അവകാശം ഉറപ്പാക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ അത് സ്വാതന്ത്ര്യസമര സേനാനികളോടുള്ള അനാദരവായി മാറും. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്ത സംഘടനകൾക്ക് ഇത് മനസിലാകണമെന്നില്ലെന്നും ജോബ് കൂട്ടിച്ചേർത്തു.

ജോബ് കുര്യന്റെ കുറിപ്പിൽനിന്ന്:

ആധുനിക കാലഘട്ടത്തിലെ ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ, എതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ നേതാവിനോടോ ഉള്ള അന്ധമായ വിധേയത്വവും ആരാധനയും രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്ന് തിരിച്ചറിയണം. വാസ്തവത്തിൽ, ഇത് രാജ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ തകർത്തേക്കാം. കാലക്രമേണ ചിന്തകളിൽ ജീർണ്ണത സംഭവിക്കാം, രാഷ്ട്രീയ പാർട്ടികൾക്കും ഇതേ അവസ്ഥയുണ്ടാവും. അത് അടിസ്ഥാന മനുഷ്യസ്വഭാവമാണ്. അതുകൊണ്ടാണ് മാറ്റം അനിവാര്യമാവുന്നത്. മാറ്റം യഥാർഥ്യബോധമുള്ളവരാക്കുകയും ആരും ചോദ്യം ചെയ്യലിന് അതീതരല്ലെന്നും ഓർമിപ്പിക്കുന്നു. നമുക്ക് രാഷ്ട്രീയ ചായ് വുകൾക്കപ്പുറം കാണാൻ കഴിയണം, നേതാക്കളെ നിഷ്പക്ഷമായി വിലയിരുത്താനും അവരുടെ നടപടികൾ സമൂഹത്തെ മുറിവേൽപ്പിക്കുമ്പോൾ മാറ്റാനും കഴിയണം.

നമ്മളെ ഭരിക്കാനല്ല, സേവിക്കാനാണ് അവർ എന്ന് തിരിച്ചറിയണം. കഠിനാധ്വാനം ചെയ്ത് ഉപജീവനം നടത്തുന്ന നികുതിദായകരായ നമ്മൾ സാധാരണക്കാർക്കായിരിക്കണം അധികാരം. സർക്കാർ എപ്പോഴും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമുള്ളവരായിരിക്കണം.

രാഷ്ട്രീയത്തിൽ മതം കലർത്തുന്നത് പ്രാകൃതവും ഭിന്നിപ്പിക്കുന്നതുമായ സമീപനമാണ്. ഇത്തരം വിഭജനപരമായ ആശയങ്ങളെ തള്ളിക്കളഞ്ഞ്, ഒരൊറ്റ രാജ്യത്തിലെ പൗരന്മാരെന്ന നിലയിൽ ഐക്യത്തോടെ നിലകൊള്ളണം. അതിനായി ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഇത് സാധ്യമാകാൻ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ അനിവാര്യമാണ്.

ഓരോ പൗരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്, ഓരോ വോട്ടിനും മൂല്യമുണ്ടാവണം. അത് മാനിക്കപ്പെടണം. ഇത് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, ജാതി- മത- വിശ്വാസങ്ങൾക്ക് അതീതമായി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മഹാരഥന്മാരായ നേതാക്കളോടും സ്വാതന്ത്ര്യ സമര സേനാനികളോടുമുള്ള അനാദരവും അപമാനവുമായി തീരും. എന്റെ മുത്തച്ഛനും അവരിൽ ഒരാളാണ്.

സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്ത സംഘടനകൾക്ക് ഇത് മനസിലാകണമെന്നില്ല. അവരോട് സഹതാപം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, അവർ അതിന് മറുപടി പറയണം. ആവശ്യമായ തിരുത്തലുകൾ വേണം, വിശ്വാസ്യത വീണ്ടെടുക്കണം. ജനാധിപത്യരാജ്യത്തിലെ പൗരന്മാർ ഉന്നയിക്കുന്ന ന്യായവും നിയമാനുസൃതവുമായ ആവശ്യമാണിത്.

പ്രതിബദ്ധതയുള്ള ഏതൊരു രാഷ്ട്രീയ പാർട്ടിയും ഈ ആവശ്യത്തെ പിന്തുണയ്ക്കണം. ഇല്ലെങ്കിൽ അവരുടെ ഉദ്ദേശങ്ങൾ ചോദ്യം ചെയ്യപ്പെടണം. തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന്റെ സ്വാധീനത്തിന് വഴങ്ങാതെ, നിഷ്പക്ഷവും സ്വതന്ത്രവുമായി നിലകൊള്ളണം. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ട്. അദ്ദേഹം സ്ഥാനമൊഴിയണമെന്ന് ഞാൻ കരുതുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്നത് ദേശവിരുദ്ധതയല്ല. പൗരന്മാരോട് സർക്കാർ കാണിക്കുന്ന ക്രൂരത ന്യായീകരിക്കാവുന്നതല്ല. എത്ര ലജ്ജാകരമാണിത്.

മതപരമായ വിദ്വേഷം പ്രചരിപ്പിക്കുക, പഴയ നേതാക്കളെ കുറ്റപ്പെടുത്തുക, സ്ഥലപ്പേരുകൾ മാറ്റുക, ഭാഷ അടിച്ചേൽപ്പിക്കുക, ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക, സമൂഹത്തിൽ ഭിന്നതയുണ്ടാക്കിയേക്കാവുന്ന ഗാനങ്ങളിലെ വരികൾ പൗരന്മാരെക്കൊണ്ട് നിർബന്ധിച്ച് പാടിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ നടപടികളൊന്നും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ളതല്ല.

സാധാരണക്കാർ നേരിടുന്ന യഥാർഥ- അടിയന്തര സ്വഭാവമുള്ള പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ പരാജയപ്പെട്ട സർക്കാർ ഉപയോഗിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളാണ് ഇതെന്ന് നാം തിരിച്ചറിയണം. അതുകൊണ്ട്, ഈ സർക്കാരിലും മാറ്റം വരണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ മാറ്റം വളരെ നേരത്തേ തന്നെ സംഭവിക്കേണ്ടതായിരുന്നു. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളിലൂടെ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാനാവില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ തിരുത്തപ്പെടേണ്ടതുണ്ട്. എസ്.ഐ.ആർ. വിരുദ്ധ പ്രക്ഷോഭത്തിന് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

പ്രിയപ്പെട്ടവരെ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം ആത്മപരിശോധന നടത്തൂ. ഓരോ വ്യക്തിയുടെയും ചിന്തകളും പ്രവൃത്തികളും പ്രധാനമാണ്. ഇവയെല്ലാം ചേർന്നാണ് രാഷ്ട്രത്തെ രൂപപ്പെടുത്തുന്നത്. എപ്പോഴും ഓർക്കുക, വിദ്വേഷമല്ല, സ്‌നേഹവും സമാധാനവുമാണ് പുലരേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ അന്ധങ്ങളാകാതിരിക്കുക.

Content Highlights: Singer Job Kurian strongly criticized the Union Government and the Election Commission of India in a social media post. He stated that the current government should have changed long ago and called for the resignation of Chief Election Commissioner Gyanesh Kumar. Job emphasized that questioning the government is not anti-national and warned against blind political devotion. He expressed solidarity with the anti-SIR protests and called for protecting democracy through free and fair elections. The singer highlighted his family connection to the freedom movement, mentioning that his grandfather was a freedom fighter.