അപമര്യാദയായി സ്പർശിച്ചു,കൈ പിടിച്ചുവലിച്ചു;സംഗീതപരിപാടിക്കിടെ ജാസ്മിൻ സാൻഡ്ലസിനെതിരെ മോശം പെരുമാറ്റം

'ധുരന്ധറി'ലൂടെ ശ്രദ്ധേയയായ ഇന്ത്യൻ- അമേരിക്കൻ ഗായിക ജാസ്മിൻ സാൻഡ്ലസിനെതിരെ മോശം പെരുമാറ്റം. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ ആരാധകരുടെ അടുത്തേക്ക് എത്തിയ ഗായികയെ മോശം രീതിയിൽ സ്പർശിക്കുകയും കൈകൾ പിടിച്ചുവലിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'ധുരന്ധറി'ലെ ഷെറാറത്ത് ഉൾപ്പെടെ തന്റെ ശ്രദ്ധേയ ഗാനങ്ങൾ ജാസ്മിൻ വേദിയിൽ ആലപിച്ചിരുന്നു. തുടർന്ന് സദസ്സിൽ മുൻനിരയിലുണ്ടായിരുന്ന ആരാധകർ ആർപ്പുവിളിച്ചു. ആരാധകരിൽ ചിലർ ഗായികയ്ക്കുനേരെ കൈകൾ നീട്ടി. റോസാപ്പൂ സമ്മാനിക്കാനും ചിലർ ശ്രമിച്ചു.
ഇവ സ്വീകരിക്കാനായി അടുത്തേക്ക് ചെന്ന ഗായികയുടെ കൈ ചിലർ പിടിച്ചു വലിച്ചു. ആരാധകരോട് സംസാരിക്കാനായി മുൻനിരയിലേക്ക് ഇറങ്ങിച്ചെന്ന ഗായികയെ ചിലർ ബലമായി പിടിച്ചുവലിച്ചു. ഗായികയുടെ ദേഹത്ത് ചിലർ അപമര്യാദയായി സ്പർശിച്ചതായും ദൃശ്യങ്ങളിലുണ്ട്.
തുടർന്ന് ആരാധകരോട് പിന്നിലേക്ക് മാറാൻ ഗായികയും അവരുടെ സുരക്ഷാ സംഘത്തിലുള്ള ആളുകളും ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുന്ന സുരക്ഷാ ജീവനക്കാരെ വീഡിയോയിൽ കാണാം.
ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കാണികൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. പൊതുപരിപാടികളിൽ കാണികൾ കുറച്ചുകൂടി മാന്യമായി പെരുമാറണമെന്നും ഗായകരുടെ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പഞ്ചാബി ഗാനങ്ങളിലൂടെയാണ് ജാസ്മിൻ സാൻഡ്‌ലസ് അറിയപ്പെട്ടു തുടങ്ങിയത്. ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് ചിത്രം 'ധുരന്ധറി'ന്റെ രണ്ടു ഭാഗങ്ങളിലും ഇവർ ഗാനങ്ങൾ ആലപിച്ചു. ഇവ വ്യാപക ശ്രദ്ധനേടി.
നിലവിൽ ദ ഡ്രീം ഗേൾ ഇന്ത്യ ടൂർ എന്ന പേരിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഗായിക സംഗീത പരിപാടികൾ നടത്തിവരികയാണ്. അടുത്തിടെ ഡൽഹിയിൽ നടന്ന പരിപാടിക്കിടെ താൻ വിവാഹിതയാവാൻ പോവുന്ന കാര്യം ഗായിക വെളിപ്പെടുത്തിയിരുന്നു. വരൻ ശേഖർ ചൗധരിയെ വേദിയിൽ ആരാധകർക്കായി പരിചയപ്പെടുത്തി. ബെംഗളൂരു, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് വരാനിരിക്കുന്ന പരിപാടികൾ.
Content Highlights: Popular Indian-American singer Jasmine Sandlas experienced severe misbehavior from attendees during a live music concert held at Parade Ground in Dehradun. The incident occurred when she stepped closer to the front row to accept a rose and interact with chanting fans. Visuals show several crowd members aggressively pulling her hands and touching her inappropriately, forcing her security team to step in immediately to control the situation. The viral video has sparked massive online backlash, with social media users calling for stricter crowd control and better safety measures for artists at public events. Jasmine Sandlas, who recently featured in Aditya Dhar's Ranveer Singh-starrer Dhurandhar, is currently performing across major cities as part of 'The Dream Girl India Tour'