'കാവാല'യിൽ തമന്ന, 'ജയിലറു'ടെ രണ്ടാം വരവിൽ മലയാളികളുടെ ഷംന; ‘കത്തിക്കാനൊരുങ്ങി’ അനിരുദ്ധ്

രജനീകാന്ത് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം 'ജയിലർ 2'-ലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങും. 'അലാ ബൊലേലൊ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇവയ്ക്ക് വൻ സ്വീകരണമാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്.
'ജയിലർ' ആദ്യഭാഗത്തിലെ 'കാവാല' എന്ന ഗാനം ഹിറ്റ് ചാർട്ടുകൾ കീഴടക്കിയിരുന്നു. അന്ന് തമന്ന ഭാട്ടിയ ആണ് ഗാനരംഗത്തിൽ ചടുലചുവടുകളുമായി എത്തിയത്. തമന്ന തകർത്താടിയ 'കാവാലാ' എന്ന ഹിറ്റ് ഗാനത്തിന് സമാനമായ തരംഗം സൃഷ്ടിക്കാൻ പോകുന്ന ഒന്നായാണ് 'അലാ ബൊലേലോ' ഗാനത്തെ ആരാധകർ പ്രതീക്ഷിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഡാൻസ് നമ്പറിൽ നടി ഷംന കാസിം ആണ് ശ്രദ്ധാകേന്ദ്രമാകുന്നത്.
ചിത്രത്തിന്റെ താരനിര മലയാളികളാൽ സമ്പന്നമാണ്. ഇതിന് പുറമേയാണ് ഗാനരംഗത്തിൽ ഷംന കാസിമും എത്തുന്നത്.
സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന വിനായകൻ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ 'ജയിലർ 2'-ലും അതിഥി വേഷത്തിലെത്തും. ഇതിന് പുറമേയാണ് തമിഴർ പൂർണ എന്ന് വിളിക്കുന്ന ഷംനാ കാസിം ഗാനരംഗത്തിൽ ചടുലചുവടുകളുമായി എത്തുന്നത്.
മലയാളിയായ ഷംന കാസിം 2004-ൽ 'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പൂർണ എന്ന പേരിലും അറിയപ്പെടുന്ന താരം 2007-ൽ 'ശ്രീ മഹാലക്ഷ്മി'യിലൂടെ തെലുങ്കിലും 2008-ൽ 'മുനിയാണ്ടി വിളങ്കിയാൽ മൂൺറാമാണ്ട്' എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2009-ൽ 'ജോഷ്' എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും സാന്നിധ്യമറിയിച്ചു.
അതേസമയം, ഗാനരംഗത്തിലൂടെ ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഷംനാ കാസിം നന്ദി പറഞ്ഞു. പ്രൊമോ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഷംന നന്ദി അറിയിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.
'അഭിമാനകരമായ ജയിലർ 2 എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ഈ മികച്ച അവസരം നൽകിയതിന് സൂപ്പർസ്റ്റാർ രജനികാന്ത് സർ, നെൽസൺ ദിലീപ്കുമാർ സർ, അനിരുദ്ധ് രവിചന്ദർ സർ, ജാനി മാസ്റ്റർ, കൂടാതെ ജയിലർ 2 ടീമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈ സ്വപ്നം യാഥാർഥ്യമാക്കിയതിന് ദൈവത്തിന് നന്ദി പറയുന്നു,' എന്ന് ഷംന കാസിം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതിനിടെ, പാട്ടിലെ വാക്കുകകളുടെ ഉച്ചാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. ഗാനത്തിന്റെ പ്രൊമോയിൽ മലയാളം വരികൾ തെറ്റായാണ് ഉച്ചരിച്ചിരിക്കുന്നതെന്നും ഇത് കേൾക്കാൻ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് പ്രധാന പരാതി.
ചൊവ്വാഴ്ച വൈകുന്നേരമാണ് ചിത്രത്തിലെ 'അലാ ബൊലേലൊ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പിന്നാലെ മറ്റൊരു പ്രൊമോ വീഡിയോ ബുധനാഴ്ച വൈകിട്ടോടെയും എത്തി.
അനിരുദ്ധ് രവിചന്ദർ ഈണം നൽകി ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അരുൺരാജ് കാമരാജാണ്. നിരഞ്ജന രാമൻ, അപർണ ഹരികുമാർ, ദീപ്തി സുരേഷ് എന്നിവരാണ് മറ്റ് ഗായകർ. കസവുസാരി ധരിച്ച് ഷംന കാസിം നൃത്തം ചെയ്യുന്ന രംഗങ്ങളാണ് പ്രൊമോയിലുള്ളത്. നേരത്തെ രജനികാന്തിന്റെ 'വേട്ടയ്യൻ' എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഭാഗമായ 'മനസിലായോ' എന്ന ഗാനം പുറത്തിറങ്ങിയത് ഓണക്കാലത്തായിരുന്നു. ഇത് പിന്നീട് ഓണം ആഘോഷങ്ങളിൽ സ്ഥിരസാന്നിധ്യമായി. ഇതേ സ്വീകാര്യത ലക്ഷ്യമിട്ടാണ് ഓണം സീസണിനോടനുബന്ധിച്ച് 'അലാ ബൊലേലോ' ഗാനവും ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
Content Highlights: first song titled 'Ala Bolelo' from Rajinikanth's upcoming big-budget film Jailer 2 is scheduled to release this Friday following a massive response to its promo videos. Directed by Nelson Dilipkumar and composed by Anirudh Ravichander, the dance track features actress Shamna Kasim (Poorna) performing energetic moves in traditional Kasavu attire. The movie features a prominent star cast of Malayalam actors, including Suraj Venjaramoodu, Vinayakan, and a guest appearance by superstar Mohanlal. Expressing her gratitude on social media, Shamna Kasim thanked Rajinikanth, the director, and the music team for the opportunity to be part of the highly anticipated project. Despite the excitement, the promo has sparked backlash among Keralite netizens due to the mispronunciation of Malayalam lyrics in the song.