ആലപ്പി രംഗനാഥിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച 'ഗുരുരത്നപഞ്ചകം'

#കാണക്കാരി രവി
യേശുദാസും ആലപ്പി രംഗനാഥും
യേശുദാസും ആലപ്പി രംഗനാഥും

തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർമഠത്തിലെ ശാന്തമായ അന്തരീക്ഷത്തിലിരുന്ന് രചിച്ച ‘ഗുരുരത്നപഞ്ചകം’ ആലപ്പി രംഗനാഥിനെ അവസാനകാലത്ത് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. കർണാടകസംഗീതലോകത്തെ പിതാമഹനായ പുരന്ദരദാസ്, ത്യാഗരാജസ്വാമികൾ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ, സ്വാതിതിരുനാൾ എന്നീ ഗുരുക്കന്മാരെപ്പറ്റി രംഗനാഥ് അഞ്ച്‌ കീർത്തനങ്ങൾ ‘ഗുരുരത്നപഞ്ചകം’ എന്ന പേരിൽ രചിച്ച് പ്രകാശനം ചെയ്തത് കഴിഞ്ഞ വർഷം ജനുവരി 28-ന് തിരുനക്കര സ്വാമിയാർമഠത്തിലായിരുന്നു.

സ്വാമിയാർമഠത്തിന്റെ ശാന്തസുന്ദരമായ പശ്ചാത്തല ഐശ്വര്യംകൊണ്ടാണ് തനിക്ക് രചന സുഗമമാക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈവർഷം ജനുവരി ഒൻപതിന് സ്വാമിയാർമഠത്തിൽ നാരായണീയ തത്ത്വസമീക്ഷാസത്ര സമാപനസഭയിൽ രംഗനാഥിന് കീർത്തിഫലകം നൽകി ആദരിച്ചപ്പോൾ, കോട്ടയത്തെ സംഗീതാസ്വാദകർ തനിക്ക് നൽകിയ സ്നേഹം ഉണർവും പുനർജന്മവുംപോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞദിവസം തിരുനക്കര പഴയ പോലീസ്‌സ്റ്റേഷൻ മൈതാനത്ത് സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരികസംഗമത്തിൽ തിരുവിഴ ജയശങ്കറിനോടൊപ്പം ആലപ്പി രംഗനാഥും പങ്കെടുത്തിരുന്നു. സംഗീതലോകത്ത് ഇളയ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്ന് തിരുവിഴ ഓർക്കുന്നു.

Content Highlights: Guru Rathna Panchakam Keerthanangal By Alleppy Ranganath

Content Highlights: