'താര്‍ മാര്‍..' തട്ടുപ്പൊളിപ്പന്‍ ചുവടുമായി തെലുങ്കിലെ സ്റ്റീഫന്‍ നെടുമ്പുള്ളിയും സയീദ് മസൂദും

ഗാനരംഗത്തില്‍ നിന്നും
ഗാനരംഗത്തില്‍ നിന്നും

ചിരഞ്ജീവി നായകനായെത്തുന്ന 'ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ ഗാനരംഗത്തിന്റെ പ്രമോ പുറത്തിറങ്ങി. താര്‍ മാര്‍ തക്കര്‍ മാര്‍ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ചിരഞ്ജീവിയും സല്‍മാനും നൃത്ത ചുവടുകളുമായെത്തുന്നു.

മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ഗോഡ്ഫാദര്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി തെലുങ്കില്‍ ചിരഞ്ജീവിയെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തുന്നത് സല്‍മാന്‍ ഖാനാണ്. 

ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഗോഡ്ഫാദര്‍. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നയന്‍താരയാണ്. 

ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമന്‍ ആണ് സംഗീതം. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുജീത്ത്, വി.വി വിനായക് എന്നീ പേരുകള്‍ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവര്‍ തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങള്‍ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടര്‍ന്നാണ് തമിഴ് സംവിധായകന്‍ മോഹന്‍രാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മിക്കുന്നത്. 

Content Highlights: God Father Songs Chiranjeevi Salman Khan Thaman Thaar Maar Thakkar Maar