മലയാളമില്ലാതെ 'ജിയാ ജലേ' പാടാനാകില്ല, 'ഹമ്മ ഹമ്മ' റൊമാന്റിക് ഗാനം- എ.ആർ. റഹ്‌മാൻ

എ.ആർ. റഹ്മാൻ | ഫോട്ടോ: നന്ദു ശേഖർ/ മാതൃഭൂമി
എ.ആർ. റഹ്മാൻ | ഫോട്ടോ: നന്ദു ശേഖർ/ മാതൃഭൂമി

പനജി: ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും തന്റെ സംഗീതത്തെ വളരെയധികം സ്വാധീനിക്കാറുണ്ടെന്ന് എ.ആർ. റഹ്‌മാൻ. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരത്ബാല സംവിധാനം ചെയ്ത 'ബനാറസ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ച് നടന്ന സംവാദത്തിലാണ് തന്റെ സംഗീതത്തിൽ വിവിധ ഭാഷകളുടെ സ്വാധീനത്തെയും രാഗപരീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം മനസുതുറന്നത്. ബോളിവുഡ് ചിത്രം 'ദിൽസേ'യിലെ 'ജിയാ ജലേ' എന്ന ഗാനത്തിലെ ജനപ്രിയമായ മലയാളം വരികളെക്കുറിച്ചും അദ്ദേഹം മനസുതുറന്നു.

'ഇന്ത്യയിലെ ഓരോ പ്രദേശത്തിനും സംസ്‌കാരത്തിനും തനതായൊരു വ്യക്തിത്വമുണ്ട്. അവയെല്ലാം ഞാൻ നിരന്തരം അന്വേഷിക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്‌കാരങ്ങൾക്കൊപ്പം പഞ്ചാബ്, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സംസ്‌കാരങ്ങളും തന്റെ സംഗീതത്തിന് പ്രചോദനമായിട്ടുണ്ട്', റഹ്‌മാൻ പറഞ്ഞു.

'ജിയാ ജലേ' എന്ന ഗാനത്തിൽ മലയാളം ഉപയോഗിച്ചതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. 'ആ ഗാനം കേൾക്കുമ്പോഴെല്ലാം മലയാളത്തിന്റെ സാന്നിധ്യം ചരിത്രത്തിന്റെ ഭാഗമായി മാറി. തമിഴിനും മറ്റു പ്രാദേശിക ഭാഷകൾക്കും അവരുടേതായ തനത് സ്വഭാവമുണ്ട്. ഞാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളാണെങ്കിലും 'ചംകീല'യിലെ പഞ്ചാബി ഗാനങ്ങൾ കേട്ടും പഠിച്ചും മുന്നോട്ടുപോയപ്പോൾ ആ ഭാഷയിലെ പാട്ടുകൾ പാടുന്നതിലുള്ള കരുത്തും ഊർജവും സ്വയം അനുഭവിച്ചറിയാൻ സാധിച്ചു', എ.ആർ. റഹ്‌മാൻ പറഞ്ഞു. അതേസമയം, ബംഗാളി ഭാഷയ്ക്ക് അതിന്റേതായ മൃദുലതയുണ്ടെന്നും ഭാഷാഭേദങ്ങളും അവയുമായി ബന്ധപ്പെട്ട രാഗഭാവങ്ങളുമാണ് തന്റെ സംഗീതത്തെ സമ്പന്നമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടക സംഗീതമായാലും ഹിന്ദുസ്ഥാനി സംഗീതമായാലും ഇന്ത്യൻ ശാസ്ത്രീയ സംഗീതമാണ് തന്റെ അടിത്തറയെന്ന് റഹ്‌മാൻ പറഞ്ഞു. 'വികാരങ്ങളെ ഒളിപ്പിച്ചുവെച്ച രാഗങ്ങളുടെ വലിയൊരു നിധി തന്നെ നമ്മുടെ പക്കലുണ്ട്. അവ ഉപയോഗിക്കാതിരിക്കുന്നത് വലിയ മണ്ടത്തരമായിരിക്കും. മുൻപ് അധികം ഉപയോഗിക്കാത്ത രാഗങ്ങൾ കണ്ടെത്തി അവയെ വ്യത്യസ്തമായ രീതിയിൽ പാട്ടാക്കി മാറ്റാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്', റഹ്‌മാൻ മനസുതുറന്നു.

ALSO READ: ‘രാമായണ’ത്തിന് പാട്ടൊരുക്കിയത് മൂന്നുവർഷംകൊണ്ട്; 12 സിനിമകൾ വേണ്ടെന്നുവെച്ചു- എ.ആർ. റഹ്മാൻ

അതിന് ഉദാഹരണമായി, വളരെ റൊമാന്റിക് 'ഹമ്മ ഹമ്മ' പോലെ ഒരു ഗാനത്തിന് പൂർവി ധനാശ്രീ പോലുള്ള ഗൗരവമേറിയ രാഗം ഉപയോഗിച്ച അനുഭവം അദ്ദേഹം പങ്കുവെച്ചു. വെറുമൊരു ഈണമുണ്ടാക്കുന്നതിനപ്പുറം രാഗത്തെ മുൻപ് ഉപയോഗിച്ചിട്ടില്ലാത്ത വിധത്തിൽ സിനിമയിലെ വികാരങ്ങളോട് എങ്ങനെ ചേർത്തുവെക്കാമെന്ന അന്വേഷണമാണ് എപ്പോഴും നടത്താറുള്ളതെന്നും റഹ്‌മാൻ വ്യക്തമാക്കി.

Content Highlights: Speaking at an IFFI press conference in Panaji, AR Rahman highlighted how regional Indian languages and cultures inspire his music. Rahman noted that the Malayalam lyrics in Dil Se's Jiya Jale have become an inseparable part of the song's history. He shared his experience of exploring Punjabi music for Chamkila and praised the distinct musical qualities of Tamil and Bengali. Rahman revealed that he used the serious Poorvi Dhanashree raga to compose the romantic track Humma Humma.