‘എന്നെക്കുറിച്ചുള്ള മുൻധാരണ ‘ബെത്ലഹേമോ’ടെ പൊളിഞ്ഞു; വില്ലൻവേഷങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല'

ചിരിപ്പിച്ചു കിടത്തുന്ന കൗണ്ടർ കോമഡികൾ, ഇന്നലെവരെ വില്ലൻവേഷത്തിൽ പല അവതാരപ്പിറവികൾകണ്ട അതേ സുരേഷ് കൃഷ്ണ, ജസ്റ്റിൻചേട്ടന്റെ ബൈജുഭായിയായി കളംനിറയുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു, 'ഇയാളൊരു ജെം ആണ്'. നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. ഒരുക്കിയ െബത്ലഹേം കുടുംബയൂണിറ്റിലൂടെ സുരേഷ് കൃഷ്ണ തന്റെ വില്ലൻ ഇമേജ് പൊളിച്ചെഴുതുകയാണ്.
ബെത്ലഹേം കുടുംബയൂണിറ്റ് തരംഗമാകുകയാണ്, ബൈജു എന്ന കഥാപാത്രം ഇമേജ് ബ്രേക്ക് ചെയ്യുകയാണ്...
ഒരു സിനിമയുടെ എല്ലാ വിഭാഗങ്ങളും ഒരുപോലെ ഒത്തുവരുമ്പോഴാണ് അതൊരു സൂപ്പർഹിറ്റ് ആകുന്നത്. അത്തരത്തിലൊരു വിജയസിനിമയുടെ ഭാഗമാകാൻ സാധിച്ചു എന്നതിൽ സന്തോഷം. ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ വർക്കുചെയ്യാൻ പോകുന്നതും ഒരു പുതിയ ടീമിനൊപ്പമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കാരണം സംവിധായകൻ ഗിരീഷും നായകൻ നിവിൻ പോളിയടക്കം എല്ലാവരുടെയുംകൂടെ ഞാൻ ആദ്യമായാണ് വർക്കുചെയ്യുന്നത്. അവർക്കാണെങ്കിൽ എന്നെ നേരിട്ട് അറിയുകയും ഇല്ല. ഇതിനുമുൻപ് മരണമാസ്, ഡ്രൈവിങ് ലൈസൻസ്, ചേട്ടായീസ് തുടങ്ങി വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഞാൻ കോമഡി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്. അതുകൊണ്ട് സെറ്റിലേക്ക് ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് ഞാൻ കടന്നുചെന്നത്. ഗിരീഷ് എ.ഡിയുടെ തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർശരണ്യ, പ്രേമലു എന്നീ സിനിമകൾകണ്ട് ഇഷ്ടപ്പെട്ട് ഞാൻ വിളിച്ച് അഭിനന്ദനമറിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള ബന്ധം മാത്രമേയുള്ളൂ. സെറ്റിലെത്തിയാൽ എല്ലാവരുമായും സിങ്കാകുമോ എന്ന സംശയം എനിക്കുമുണ്ടായിരുന്നു. എന്നാൽ, ആദ്യദിനംമുതൽ കഥയുമായും ആ ടീമുമായും സിങ്കായി. പിന്നെ ഓരോ സീൻ കിട്ടുമ്പോഴും വളരെ ആസ്വദിച്ച് ഞങ്ങളെല്ലാം അത് അഭിനയിച്ചു തുടങ്ങി. കൃത്യമായ തിരക്കഥയും ഗിരീഷിന്റെ മാർഗനിർദേശങ്ങളുമാണ് എല്ലാവരുടെയും അഭിനയത്തെ മെച്ചപ്പെടുത്തിയത്. അഭിനയിക്കുമ്പോൾ ഇതൊരു നല്ല സിനിമയാകും എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. കാരണം ഗിരീഷ് മാജിക്കും ഭാവന സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസും തന്നെയായിരുന്നു ആ വിശ്വാസത്തിന്റെ അടിത്തറ. സിനിമ വിചാരിച്ചതിനേക്കാൾ വലിയ വിജയമാക്കിയ പ്രേക്ഷകർക്ക് നന്ദി.
വില്ലൻ കഥാപാത്രങ്ങളിൽനിന്നുള്ള പിന്മാറലാണോ...
എല്ലാ മലയാളികൾക്കും ഞാൻ സിനിമയിലുണ്ടെങ്കിൽ വില്ലനായിരിക്കും എന്നൊരു മുൻധാരണയുണ്ടായിരുന്നു. ഒരുഘട്ടംവരെ വില്ലൻവേഷങ്ങളിൽ ഞാൻ തളച്ചിടപ്പെട്ടിരുന്നു. ഞാൻ പൊതുവേ ജീവിതത്തെ ലളിതമായിക്കാണുന്ന മനുഷ്യനാണ്. എന്നാൽ, വില്ലൻവേഷങ്ങൾ മാത്രം ചെയ്തുചെയ്ത് ജീവിതത്തിലും ഞാൻ പരുക്കനായിമാറുന്ന ഒരു ഘട്ടമുണ്ടായിരുന്നു. എത്രയോ വർഷങ്ങൾക്കുശേഷമാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഞാൻ ചിരിച്ച് അഭിനയിക്കുന്നത്. നിവിൻ ഒരഭിമുഖത്തിൽ പറഞ്ഞപോലെ എന്നെക്കുറിച്ച് എല്ലാവർക്കുമുള്ള മുൻധാരണ ഈ സിനിമയോടെ പൊളിഞ്ഞു. ഇമേജ് പൊളിക്കുക, സ്വയം നവീകരിക്കുക എന്നത് ഒരു അഭിനേതാവിന്റെ കർത്തവ്യംകൂടിയാണ്. ഓരോ ദിവസവും ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് മലയാളികൾ സിനിമകണ്ട് സന്തോഷം പങ്കുവെക്കുന്നുണ്ട്. നിവിനടക്കം എന്നെക്കുറിച്ച് നല്ല വാക്കുകൾ പറയുന്ന എല്ലാവർക്കും നന്ദി. വരാനിരിക്കുന്ന സിനിമകളിലും ഹ്യൂമർ ടച്ചുള്ള കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. വില്ലൻവേഷങ്ങളിൽനിന്ന് പിന്മാറിയിട്ടൊന്നുമില്ല. നല്ലതുവന്നാൽ സ്വീകരിക്കും, പഴയതുപോലെ അടികൊള്ളുന്ന വില്ലൻവേഷങ്ങളായിരിക്കില്ല. വ്യത്യസ്തമായ നെഗറ്റീവ് കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കും.
സിനിമയിലെ ഇതുവരെയുള്ള യാത്രയിൽ, സന്തോഷവാനാണോ...
തീർച്ചയായും, ചെന്നൈയിലാണ് ഞാൻ കുട്ടിക്കാലംതൊട്ട് പഠിച്ചുവളർന്നത്. അന്നേ നല്ല ഉയരമുള്ളതുകൊണ്ട് സ്പോർട്സിൽ ഒരു ഭാവിയുണ്ടെന്ന് എല്ലാവരും പറഞ്ഞു. അതോടെ ഞാനും വോളിബോൾപോലെയുള്ള ഇനങ്ങളിൽ സ്കൂളിൽ സജീവമായി. സ്പോർട്സ് ക്വാട്ടയിൽ സർക്കാർജോലിക്ക് കയറുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, അച്ഛന് അതിലൊന്നും വലിയ താത്പര്യമുണ്ടായില്ല. നല്ലരീതിയിൽ പഠിച്ചാൽ ഏത് ജോലിയും കിട്ടിക്കൊള്ളും എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അന്ന് റെയിൽവേയിൽ ടി.ടി.ആർ. ജോലിയാണ് എന്നെ ഏറെ ആകർഷിച്ചത്. കാരണം അവർക്ക് ട്രെയിനിൽ യാത്ര സൗജന്യമാണ്. അന്ന് ഏറ്റവും വലിയ ആഗ്രഹം നാട്ടിലേക്കുള്ള യാത്രയായിരുന്നു. ടി.ടി.ആർ. ആയാൽ ടിക്കറ്റൊന്നുമെടുക്കാതെ യാത്രചെയ്യാം. ഒപ്പം അവരുടെ വേഷവും കിട്ടുന്ന ബഹുമാനവുമെല്ലാം ആകർഷണീയമായിത്തോന്നി. എന്നാൽ, എനിക്കായി കാലം മറ്റൊരു സമ്മാനമായിരുന്നു കരുതിവെച്ചത്. എന്റെ വീട്ടിലോ കുടുംബത്തിലോ ആരും സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. അതിനാൽ വഴികാട്ടാനോ ആൾക്കാരെ പരിചയപ്പെടുത്താനോ നമുക്കുവേണ്ടി ഒന്ന് പറയാനോ ആരുമുണ്ടായിരുന്നില്ല. എപ്പോഴാണ് അഭിനയം തുടങ്ങിയതെന്ന് ചോദിച്ചാൽ ഇപ്പോഴും എനിക്ക് കൃത്യമായി അറിയില്ല. ഒരു ഫ്രെയിമിലും സീനിലുമൊക്കെ പ്രത്യക്ഷപ്പെട്ടുപോയ ഒരുപിടി സിനിമകളുണ്ട്.
ഒരുദാഹരണം പറയാം, ഒരിക്കൽ ഗുരുവായൂരിൽ വെക്കേഷനുവന്ന സമയം. അവിടെ ഭരതേട്ടൻ സംവിധാനം ചെയ്യുന്ന ചമയം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. പ്രൊഡക്ഷൻ കൺട്രോളറായ സെവൻ ആർട്സ് മോഹനനെ ഞാനവിടൈവച്ച് കണ്ടു. ചെന്നൈയിൽവെച്ച് പരിചയമുള്ളതുകൊണ്ടുതന്നെ അദ്ദേഹം പെട്ടെന്ന് എന്റെ അടുത്തുവന്ന് കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹം എന്നെ കൊണ്ടുപോയി ഭരതൻസാറിനെ പരിചയപ്പെടുത്തി. ആ സിനിമയിൽ രണ്ടുസീനും ഒരു ഡയലോഗും കിട്ടി. അങ്ങനെ അഭിനയിച്ച കുറെ സിനിമകളുണ്ട്. തമിഴിൽ തിരുവള്ളുവർ എന്ന സീരിയലിൽ പ്രധാനവേഷം ചെയ്താണ് അഭിനയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ആർ.കെ. സെൽവമണി സംവിധാനംചെയ്ത പൊട്ടുഅമ്മൻ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറി. പിന്നാലെ സ്ത്രീ എന്ന മലയാളം സീരിയലിൽ പ്രധാന കഥാപാത്രം ചെയ്തു. ആ പരമ്പര ഹിറ്റായതോടെ കരുമാടിക്കുട്ടൻ എന്ന സിനിമയിലേക്ക് വിനയൻസാർ വിളിച്ചു. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒരുപാട് നല്ല സിനിമകളുടെ ഭാഗമായി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ പറ്റി.
അഭിനേതാവ് എന്നനിലയിൽ സിനിമയിൽ ഇപ്പോഴും നടക്കാത്ത മോഹങ്ങളുണ്ടോ...
മണിരത്നം സാർ കുട്ടിസ്രാങ്ക് എന്ന സിനിമ കണ്ട് അദ്ദേഹത്തിന്റെ കടൽ എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ എന്നെ പരിഗണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിൽച്ചെന്ന് ഞാൻ സംസാരിച്ചിരുന്നു. എന്നാൽ, അവസാനനിമിഷം കഥയിലുണ്ടായ മാറ്റങ്ങൾകാരണം കഥാപാത്രം ഇല്ലാതായി. അദ്ദേഹം എപ്പോഴെങ്കിലും ഇനിയും വിളിക്കുമെന്ന് പ്രതീക്ഷയുണ്ട്. അതുപോലെ സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ അഭിനയിക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുന്നു. അതും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അഥവാ അദ്ദേഹം വിളിച്ചില്ലെങ്കിലും മക്കളായ അനൂപും അഖിലും എങ്കിലും അവരുടെ സിനിമകളിലേക്ക് എന്നെ വിളിക്കുമെന്നാണ് പ്രതീക്ഷ. പിന്നെ പുതുതലമുറയിലെ മിടുക്കരായ എല്ലാവരുടെകൂടെയും സിനിമചെയ്യണം. അവർ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ സമ്മാനിക്കും എന്ന് വിശ്വസിക്കുന്നു.
Content Highlights: Suresh Krishna breaks his long-standing villain image with the comedy role in Bethlehem Kudumba Unit. The actor discusses his experience working with director Girish A.D. and lead actor Nivin Pauly. He clarifies that he has not completely stepped away from villain roles but prefers diverse and interesting characters.