‘സെറ്റ്’ ആണെന്ന് പ്രേക്ഷകർ തിരിച്ചറിയാത്തതാണ് ഒരു പ്രൊഡക്ഷൻ ഡിസൈനറുടെ ഏറ്റവും വലിയ വിജയം: സുനിൽ ദാസ്

സുനില്‍ ദാസ് (ഇടത്), ചത്താ പച്ച എന്ന സിനിമയില്‍ നിന്ന് (വലത്) | Photo: Arranged
സുനില്‍ ദാസ് (ഇടത്), ചത്താ പച്ച എന്ന സിനിമയില്‍ നിന്ന് (വലത്) | Photo: Arranged

മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ പ്രൊഡക്ഷൻ ഡിസൈനിംങ്ങിലൂടെ ദൃശ്യവിസ്മയങ്ങൾ തീർക്കുന്ന കലാകാരനാണ് സുനിൽ ദാസ്. 'മാർക്കോ'യിലെ റിയലിസ്റ്റിക് സെറ്റുകൾ മുതൽ 'ചത്താ പച്ച' എന്ന സിനിമയിലെ തന്മയത്വമാർന്ന റെസ്ലിംഗ് അരീന വരെ അദ്ദേഹത്തിന്റെ മികവിൽ ഒരുങ്ങിയതാണ്. ഒരു സെറ്റ് ആണെന്ന് പ്രേക്ഷകൻ തിരിച്ചറിയാത്ത വിധം സ്വാഭാവികതയോടെ സിനിമയുടെ പശ്ചാത്തലമൊരുക്കുന്നതാണ് തന്റെ വിജയമെന്ന് വിശ്വസിക്കുന്ന സുനിൽ ദാസ്, മാറുന്ന സാങ്കേതിക വിദ്യയെയും AI ടൂളുകളെയും സിനിമയിൽ എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്നു. 'ബറോസി'ലൂടെ തുടങ്ങിയ തന്റെ സിനിമായാത്രയെക്കുറിച്ചും വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കാട്ടാളനെ'ക്കുറിച്ചും സുനിൽ ദാസ് മാതൃഭൂമി ഡോട്ട്കോമിനോട് മനസ്സ് തുറക്കുന്നു.

WWE ആവേശവും മട്ടാഞ്ചേരിയുടെ പശ്ചാത്തലവും

ഡയറക്ടർ അദ്വൈത് നായർ ‘ചത്താ പച്ച’ എന്ന സിനിമയെക്കുറിച്ച് ആദ്യമായി ബ്രീഫ് ചെയ്തപ്പോൾ എന്റെ മനസ്സിൽ ഉടൻ രൂപംകൊണ്ടത് WWE ആയിരുന്നു. എന്നാൽ, അതിന്റെ റഫറൻസ് അതേപടി സിനിമയിൽ ഉപയോഗിക്കുക അസാധ്യമായിരുന്നു. പ്രോ-റെസ്ലിംഗ് അരീന എന്ന ആശയം മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിലേക്ക് എങ്ങനെ സ്വാഭാവികമായി കൊണ്ടുവരാം എന്നതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതേസമയം, സിനിമ കാണുന്ന പ്രേക്ഷകർക്ക് WWE-യുടെ ഫീൽ നൽകുന്ന സെറ്റ് ഡിസൈൻ നിർബന്ധമായും ഉണ്ടാകണം എന്നതും ആവശ്യമായിരുന്നു.

ഗുസ്തി റിങ്ങിന്റെ നിർമ്മാണവും വെല്ലുവിളികളും

ഈ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ ഏറ്റവും വലിയ ചോദ്യമായി നിന്നത് ഗുസ്തി റിങ് എങ്ങനെ നിർമ്മിക്കുമെന്നതായിരുന്നു. WWE റിങ്ങിനോട് സാമ്യമുള്ള വലുപ്പവും കൃത്യമായ ബൗൺസുമുള്ള ഒരു റിങ് ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ആർട്ടിസ്റ്റുകൾക്ക് പൂർണമായും കംഫർട്ടബിൾ ആയി ഫൈറ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ റിങ് ഡിസൈൻ ചെയ്യുന്നതിലായിരുന്നു എന്റെ പ്രധാന ശ്രദ്ധ.

ചത്താ പച്ച എന്ന സിനിമയിലെ രംഗം | Photo - Screengrab/Trailer

ഇതിനായി ആദ്യം റിങ്ങിന്റെ ഒരു മിനിയേച്ചർ നിർമ്മിച്ച് നിരവധി പ്രാക്ടീസുകൾ നടത്തി. അത് പൂർണതയിൽ എത്തുന്നത് വരെ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഫൈറ്റ് സീക്വൻസുകൾ ഇത്രയും മികച്ചതാക്കാൻ ഈ റിങ് വലിയ സഹായമായെന്ന് സ്റ്റണ്ട് ഡയറക്ടർ കലൈ കിൻസനും പിന്നീട് പറഞ്ഞിരുന്നു.

കോമിക് ബുക്ക് ശൈലിയും കളർ പാലറ്റും

സിനിമയുടെ കളർ പാലറ്റ് തീരുമാനിക്കുമ്പോൾ WWE, കൊച്ചി കാർണിവൽ, മട്ടാഞ്ചേരി—ഈ മൂന്നു ഘടകങ്ങളും എന്റെ മനസ്സിൽ വ്യക്തമായിരുന്നു. മട്ടാഞ്ചേരി എന്ന സ്ഥലം എനിക്ക് ഏറെ പരിചിതമായതിനാൽ, അവിടുത്തെ കളർ ടോണുകൾ തീരുമാനിക്കുന്നതിൽ വലിയ ആശങ്കയുണ്ടായില്ല.

സാധാരണയായി ഞാൻ തയ്യാറാക്കുന്ന കളർ പാലറ്റ് ഡി.ഒ.പിയുമായി ചർച്ച ചെയ്ത് ചില മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാൽ ‘ചത്താ പച്ച’യിൽ ഡി.ഒ.പി ആനന്ദ് സി. ചന്ദ്രൻ, ഞാൻ തയ്യാറാക്കിയ കളർ പാലറ്റ് അതേപടി അംഗീകരിക്കുകയായിരുന്നു.

തിരക്കഥയിൽ നിന്ന് വെള്ളിത്തിരയിലേക്ക്

ഡയറക്ടർക്ക് ആർട്ടിനെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാകുമെങ്കിലും, ഞാൻ തിരക്കഥ വായിക്കുന്നത് ഒരു സിനിമ കാണുന്നതുപോലെയാണ്. ഓരോ സീനിനും ആവശ്യമായ പ്രോപ്പർട്ടികൾ, കളറുകൾ, ഡിസൈൻ ഘടകങ്ങൾ എന്നിവ ഈ ഘട്ടത്തിൽ തന്നെ ഞാൻ കുറിച്ചുവെക്കും. അതോടൊപ്പം പ്രാഥമിക ഇല്ലസ്ട്രേഷനുകളും തയ്യാറാക്കും.

പ്രീ-പ്രൊഡക്ഷൻ സമയത്തെ ചർച്ചകൾ, ലൊക്കേഷൻ തേടിയുള്ള യാത്രകൾ—ഇവിടെയൊക്കെയും സംസാര വിഷയം സിനിമ തന്നെയായിരിക്കും. ഈ ഘട്ടത്തിലാണ് നമ്മൾ തിരക്കഥയെക്കാൾ കൂടുതലായി സിനിമയിലേക്കുള്ള ഉൾക്കാഴ്ച നേടുന്നത്. ആവശ്യമായിടങ്ങളിൽ ഡ്രോയിംഗുകൾ തയ്യാറാക്കി കൺസെപ്റ്റുകൾ വ്യക്തമായി അവതരിപ്പിക്കും. ‘ചത്താ പച്ച’യിലെ റിംഗിനായി ഇത്തരം കൃത്യമായ ഡ്രോയിങ്ങുകൾ ഞാൻ മുൻകൂട്ടി നൽകിയിരുന്നു.

റിങ് ഷൂട്ട് ചെയ്യുന്നതിനുള്ള രണ്ട് ദിവസം മുൻപ് മാത്രമാണ് ഡയറക്ടറും ടീമും സെറ്റ് കാണുന്നത്. “ഞങ്ങൾ മനസ്സിൽ കണ്ടിരുന്ന Friday Fight Ring ഇതാണ്” എന്ന് ഡയറക്ടറും പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തും പറഞ്ഞത് എനിക്ക് വലിയ അംഗീകാരമായി തോന്നി.

ആക്ഷൻ രംഗങ്ങളിലെ സുരക്ഷ

ഹൈ-ഓക്ടേൻ ആക്ഷൻ സിനിമയായതിനാൽ ആർട്ടിസ്റ്റുകളുടെ സുരക്ഷയ്ക്ക് ഞങ്ങൾ വലിയ പ്രാധാന്യം നൽകി. ഫൈറ്റിനായി ഉപയോഗിക്കുന്ന ഓരോ പ്രോപ്പർട്ടിയും പരിക്കുകൾ ഒഴിവാക്കാൻ സുരക്ഷിതമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ WWE പോലുള്ള പ്രൊഫഷണൽ റെസ്ലിംഗ് അരീനകളിലും പാലിക്കുന്നവയാണ്.

ചത്താ പച്ച എന്ന ചിത്രത്തിലെ രംഗം | Photo: Screengrab/Trailer

സെറ്റാണെന്ന് തിരിച്ചറിയാത്തതാണ് വിജയം

ഏറ്റവും മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നത് പ്രേക്ഷകർ അത് ഒരു സെറ്റാണെന്ന് തിരിച്ചറിയാത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ‘മാർക്കോ’ എന്ന സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും സെറ്റുകളിലായിരുന്നു ചിത്രീകരിച്ചത്. എന്നാൽ അത് കണ്ട പലരും യഥാർഥ ലൊക്കേഷനുകളിലാണ് ഷൂട്ട് ചെയ്തതെന്ന് കരുതിയത് എനിക്ക് അത് വലിയ സന്തോഷം നൽകി.

എന്റെ ടീമിനൊപ്പം ചേർന്ന് തയ്യാറാക്കുന്ന ഡ്രോയിങ്ങുകളും വിഷ്വൽ കൺസെപ്റ്റുകളും അത്രയേറെ കൃത്യമായി എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ തെളിവായിട്ടാണ് ഞാൻ അതിനെ കാണുന്നത്. സിനിമയിലെ ഓരോ ടെക്നീഷ്യന്റെയും പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്താനും വിമർശിക്കാനും കഴിവുള്ള പ്രേക്ഷകരുടെ കാഴ്ചയിലൂടെയാണ് ഓരോ സിനിമയും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ അതീവ സൂക്ഷ്മതയോടെ ജോലി ചെയ്യേണ്ടത് എന്റെ ആവശ്യമാണെന്നും ഞാൻ കരുതുന്നു.

AI സാങ്കേതികവിദ്യയും ആർട്ട് ഡയറക്ഷനും

മാറുന്ന സാങ്കേതികവിദ്യയെ ഞാൻ എന്നും സ്വാഗതം ചെയ്യുന്നു. ഇപ്പോൾ ഇലസ്ട്രേഷനുകൾ വേഗത്തിൽ തയ്യാറാക്കാൻ മിഡ്ജേണി (Midjourney) പോലുള്ള AI ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ഡയറക്ടർക്കും പ്രൊഡ്യൂസർക്കും നിരവധി ഓപ്ഷനുകൾ അവതരിപ്പിക്കാൻ ഇത് സഹായിക്കും.

ചത്താ പച്ച എന്ന സിനിമയിലെ രംഗം | Photo - Screengrab/Trailer

അതോടൊപ്പം, സിനിമയിലെ ആർട്ട് ബജറ്റ് നിയന്ത്രിക്കാനും ചില ഭാഗങ്ങളിൽ എക്സ്റ്റൻഷൻ നൽകാനും ഇന്ന് VFX പിന്തുണ അനിവാര്യമാണെന്നും ഞാൻ വിശ്വസിക്കുന്നു.

സിനിമയിലേക്കുള്ള യാത്ര

അഡ്വർടൈസിംഗ് മേഖലയിൽ ജോലി ചെയ്തിരുന്ന ഞാൻ മലയാളം സിനിമയിലേക്ക് കടന്നുവരുന്നത് ‘ബറോസ്’ എന്ന സിനിമയിലൂടെയാണ്. അതിൽ അസോസിയേറ്റ് പ്രൊഡക്ഷൻ ഡിസൈനറായിട്ടാണ് പ്രവർത്തിച്ചത്. സ്വതന്ത്ര പ്രൊഡക്ഷൻ ഡിസൈനർ ആകാനുള്ള അവസരം തന്നത് ഷെരീഫ് മുഹമ്മദിന്റെ മാർക്കോ എന്ന സിനിമയിലൂടെ ഡയറക്ടർ ഹനീഫ് അദേനിയാണ്. ഇത്തരം വലിയ ക്യാൻവാസിലുള്ള സിനിമകളാണ് പിന്നീട് ചെയ്ത സിനിമകളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ എന്നെ സഹായിക്കുന്നത്.

ചത്താ പച്ച എന്ന ചിത്രത്തിലെ രംഗം | Photo: Screengrab/Trailer

സിനിമയുടെ ഓരോ ദിവസവും വലിയ ഉത്തരവാദിത്തവും സമ്മർദ്ദവും നിറഞ്ഞതാണെങ്കിലും ആർട്ടിന് പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ കഴിയുന്നത് ഒരു പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിൽ എനിക്ക് വലിയ സന്തോഷമാണ് നൽകുന്നത്.

വരാനിരിക്കുന്ന പ്രോജക്റ്റുകൾ: ദൃഢം, കാട്ടാളൻ

മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങുന്നത്. മികച്ച വിഷ്വൽ ടെക്സ്ചർ ഉള്ള ഒരു ചിത്രമാണത്. അതിന് ശേഷം വലിയ ബജറ്റിൽ ഒരുങ്ങുന്ന ‘കാട്ടാളൻ’ വരുന്നു. ഞാൻ ഇതുവരെ സ്വതന്ത്രമായി ചെയ്ത സിനിമകളിൽ ആർട്ടിനായി ഏറ്റവും കൂടുതൽ ബജറ്റ് ചെലവഴിക്കുന്ന ചിത്രം ഇതാണ്. വലിയ സെറ്റുകളും പ്രത്യേകതയുള്ള പ്രോപ്പർട്ടികളുമായി ‘കാട്ടാളൻ’ പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും. ക്യൂബ്സിന്റെ മറ്റ് വലിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

കുടുംബവും പഠനവും

ഞാൻ തൃശ്ശൂർ സ്വദേശിയാണ്. തൃശ്ശൂർ കേരള വർമ്മ കോളേജിലും തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിലുമായിരുന്നു എന്റെ പഠനം. ഭാര്യ ബിനി, മകൾ ആദിയ, മകൻ അദ്വൈത് സുനിൽ ദാസ്—ഇവരാണ് എന്റെ കുടുംബം. മകൻ അദ്വൈത് ഇപ്പോൾ സിനിമയിൽ എന്റെ കൂടെ അസോസിയേറ്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുന്നുണ്ട്.