‘ഉന്മാദ’ത്തിലെ ആദ്യരംഗം എന്റെ ജീവിതം, തിയേറ്റർ റിലീസിന് മുമ്പേ ചിത്രം ബ്രേക്ക് ഈവൻ-ഷാഹി കബീർ

മലയാള സിനിമയിൽ പോലീസുകാരെ പുതിയൊരു വെളിച്ചത്തിൽ അവതരിപ്പിച്ച എഴുത്തുകാരനാണ് ഷാഹി കബീർ. അദ്ദേഹം നമുക്കു മുന്നിലെത്തിച്ചത് വ്യവസ്ഥിതിയോടും ജീവിതത്തോടും മല്ലിട്ടു തളർന്ന, ഹീറോയിസത്തിന്റെ വാർപ്പ് മാതൃകകൾക്കപ്പുറമുള്ള ക്ഷീണിച്ച പോലീസുകാരെയാണ്. ഏറ്റവും പുതിയ സിനിമ 'ഉന്മാദ'ത്തെയും തന്റെ എഴുത്തിന്റെ വേരുകളെയും പോലീസ് ജീവിതത്തിന്റെ സ്വാധീനത്തെയും കുറിച്ച് ഷാഹി കബീർ സംസാരിക്കുന്നു.
'ഉന്മാദം' വേണ്ട രീതിയിൽ സ്വീകരിക്കപ്പെട്ടില്ല...
തിയേറ്ററിലെ കളക്ഷനോ കൈയടികളോ മാത്രമല്ല ഒരു സിനിമ സ്വീകരിക്കപ്പെടുന്നതിന്റെ മാനദണ്ഡം. വാണിജ്യപരമായി നോക്കിയാൽ, സിനിമ തിയേറ്ററിൽ ഇറങ്ങുന്നതിന് മുമ്പുതന്നെ പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം 'ബ്രേക്ക് ഈവൻ' ആയിരുന്നു.
തിയേറ്ററിൽ തന്നെ എല്ലാ ഉത്തരങ്ങളും കൊടുക്കുന്ന രീതിയല്ല നമ്മൾ സിനിമയിൽ സ്വീകരിച്ചത്. പ്രേക്ഷകർ ഇഷ്ടമുള്ള ഏത് ആംഗിളും ചിന്തിക്കട്ടെ എന്നു കരുതിയാണ് സിനിമ ചെയ്തത്. ഒരു ക്രൈം ത്രില്ലറിനോ കുറ്റാന്വേഷണ സിനിമയ്ക്കോ ഇടുന്ന പേരല്ല നമ്മളിട്ടത്, 'ഉന്മാദം' എന്നാണ്. ടൈറ്റിൽ സോങ് അടക്കം നമ്മൾ ഡിസൈൻ ചെയ്തത് സിനിമ വേറൊരു ആംഗിളിൽ കൂടി മനസിലാക്കാൻ വേണ്ടിയാണ്. അങ്ങനെ കണ്ട് ആസ്വദിച്ച ആൾക്കാർക്ക് സിനിമ ഇഷ്ടപ്പെട്ടു. ഒ.ടി.ടിയിൽ വന്നശേഷം പലരും അങ്ങനെ എഴുതിയിട്ടുണ്ട്. അപ്പോൾ സ്വീകരിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നത് ഓരോരുത്തരുടെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളായാണ് എനിക്ക് തോന്നുന്നത്.
നായകനായ ഷെല്ലിയുടെ (കുഞ്ചാക്കോ ബോബൻ) ധാരണകൾ അസ്ഥാനത്താണെന്ന് കോട്ടയം നസീർ അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞത് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതിനു പകരം സംശയങ്ങളെ ശക്തിപ്പെടുത്തിയിരിക്കാം
ഇതിലെ നായകന്റെ പ്രധാനലക്ഷ്യം ഒരു പെൺകുട്ടിയുടെ മരണം സംബന്ധിച്ച യഥാർഥ കേസിനെ ആസ്പദമാക്കി തിരക്കഥ എഴുതുകയാണ്. അതിന്റെ പിന്നാലെ പോവുന്ന ഷെല്ലിയോട് കോട്ടയം നസീർ വളരെ കൃത്യമായി പറയുന്നുണ്ട്, അത് അപകടമരണമായിരുന്നു എന്ന്. 'ഞാനാണ് ഈ കേസ് ക്ലോസ് ചെയ്തതെങ്കിൽ, അങ്ങനെ ഒരു ആത്മാവ് ഉണ്ടെങ്കിൽ ആദ്യം ഉപദ്രവിക്കേണ്ടത് എന്നെയല്ലേ', എന്ന് അയാൾ ചോദിക്കുന്നുണ്ട്. കാലങ്ങളായി നായകനെ വിശ്വസിച്ച് ശീലിച്ചതിനാലാകാം, ആ കഥാപാത്രം പറയുന്നത് പ്രേക്ഷകൻ വിശ്വാസത്തിലെടുത്തില്ല.
ആദ്യത്തെ സീനിൽ തന്നെ ഒരു സംവിധായകൻ പറയുന്നു, എഴുതുന്ന സിനിമകളിലൊക്കെ പല സിനിമകളുടെ സ്വാധീനമുണ്ടെന്ന്. 'മണിച്ചിത്രത്താഴി'ന്റെ റഫറൻസ് കൊടുത്തിട്ടുമുണ്ട്. സിബി മലയിൽ സാർ പറയുന്നത് പോലെ, പ്രേക്ഷകരുടെ മുന്നിൽ വെച്ചുതന്നെ ആത്മാവിന് നീതി കിട്ടണം!
കാലങ്ങളായി നമ്മൾ കേന്ദ്രകഥാപാത്രത്തിന്റെ, അല്ലെങ്കിൽ നായകന്റെ ചിന്തകളും രീതികളുമാണ് ശരിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കപ്പെട്ടവർക്ക്, അത്തരമൊരു കാഴ്ചപ്പാടിൽ സിനിമ കണ്ടവർക്ക് മറ്റൊരു രീതിയിൽ തോന്നിയിരിക്കാം. എന്റെ സിനിമകളായ 'ജോസഫോ' 'ഓഫീസർ ഓൺ ഡ്യൂട്ടി'യോ പോലെ ഒരു കുറ്റാന്വേഷണ ചിത്രമാവും എന്ന പ്രതീക്ഷയിൽ വന്നവർക്കും ഇതിലെ കുറ്റാന്വേഷണഭാഗം വർക്ക് ആയില്ല എന്നാണ് കേട്ടത്. യഥാർഥത്തിൽ ഈ സിനിമയിൽ അങ്ങനെ ഒരു കുറ്റാന്വേഷണം ഇല്ലാത്തതാണ് കാരണം.
'ഉന്മാദ'ത്തിന്റെ സ്വീകരണം മോശമായതിൽ വിഷമം തോന്നിയോ?
അങ്ങനെ വിഷമം തോന്നേണ്ട കാര്യമില്ല, ഞങ്ങൾ ഇഷ്ടപ്പെട്ട ഒരു സിനിമ തന്നെയാണ് ചെയ്തത്. മറ്റു സിനിമകളിലെ കേന്ദ്രകഥാപാത്രങ്ങളൊക്കെ പ്രേക്ഷകർക്ക് ഈസിയായി കണക്ട് ആവുന്ന, അല്ലെങ്കിൽ അയാളോടൊപ്പം സഞ്ചരിക്കണമെന്ന് തോന്നിക്കുന്ന തരത്തിലുള്ള സിനിമകളാണ്. നമ്മൾ മറ്റൊരു രീതിയിലാണ് ഈ സിനിമയെ കണ്ടത്.
പോലീസ് ഹീറോ സങ്കൽപ്പത്തെ പൊളിച്ചതുപോലെ അന്ധവിശ്വാസങ്ങളെയും തകർക്കാൻ ശ്രമിച്ചത് പ്രശ്നമായോ?
അങ്ങനെ തോന്നുന്നില്ല. കാരണം പ്രേക്ഷകർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് സിനിമ കണ്ടിരിക്കുന്നത്. കോടതി സീനിൽ ഷെല്ലിയെ വിശ്വസിച്ചാൽ അന്ധവിശ്വാസത്തെ അനുകൂലിക്കുന്നതായി നമുക്ക് തോന്നാം. നേരെ മറിച്ച്, അപ്പുറത്തെ വശത്തുനിന്ന് ചിന്തിച്ചു കഴിഞ്ഞാൽ അന്ധവിശ്വാസത്തിന് എതിരായാണ് നമ്മൾ ആ സിനിമ പറഞ്ഞിരിക്കുന്നത്. കോടതി സീനുകളിൽ നായകനെയാണ് പ്രേക്ഷകർ വിശ്വസിക്കാൻ ആഗ്രഹിച്ചത്. എന്നാൽ സത്യം മറ്റൊരു ഭാഗത്തായിരുന്നു എന്നു ചിന്തിച്ചവർക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്.
തമാശ എന്താണെന്ന് വെച്ചാൽ, കോടതിയിൽ അയാൾക്ക് പരിപൂർണ വട്ടാണെന്ന് പറയുന്നതും, സ്വന്തം ഭാഗം ന്യായീകരിക്കാൻ അയാൾ ചിലർ ഭാര്യയുടെ ആത്മാവുമായി സംസാരിക്കുന്നതും മന്ത്രവാദിയോട് ചോദിച്ച് കേസ് തെളിയിക്കുന്നതും പോലുള്ള ഉദാഹരണങ്ങൾ നിരത്തുന്നതുമെല്ലാം ഞങ്ങൾ ശരിക്കും ട്രോളിയതാണ്.
പിന്നെ, തിയേറ്ററിൽ ഏറ്റവും ഹിറ്റായ ചില സിനിമകൾ പിൽക്കാലത്ത് ഒട്ടും ചർച്ച ചെയ്യപ്പെടാതെ പോയിട്ടുണ്ട്. ഹിറ്റാവാത്ത പല സിനിമകളും പിന്നീട് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കാലമാണ് തീരുമാനിക്കുന്നത് ഈ സിനിമ നല്ലതാണോ ചീത്തയാണോ എന്നുള്ളത്. അതുകൊണ്ട് അത് സ്വീകരിക്കപ്പെട്ടോ ഇല്ലയോ എന്നുള്ളതിൽ ഒരു സങ്കടവുമില്ല.
വ്യക്തിപരമായി 'ജോസഫ്' ഇഷ്ടപ്പെട്ടെങ്കിലും കഥയിലെ പൊരുത്തക്കേടുകൾ ഓർമയിൽ നിൽക്കുന്നു. ഒരേ വഴിയിൽ യാത്ര ചെയ്യുന്ന ആൾക്കാരെ മാത്രം അപകടത്തിൽ കൊന്ന് അവയവം തട്ടൽ. സിനിമ കാണുന്ന സമയത്ത് ആർക്കും സംശയം തോന്നില്ല എങ്കിലും...
യഥാർഥ ജീവിതത്തിൽ ഒരാളെ അപകടത്തിൽപെടുത്തി മസ്തിഷ്‌കമരണം സംഭവിപ്പിച്ച ശേഷം അവയവങ്ങൾ എടുക്കാമെന്ന് ഞാനും വിശ്വസിക്കുന്നില്ല. മറ്റൊരാളാണ് 'ജോസഫ്' എഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ അത്തരത്തിൽ ജനം ചിന്തിക്കില്ലായിരുന്നു. ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ടുതന്നെ ഇതൊരു യഥാർഥസംഭവം ആണെന്ന് ബഹുഭൂരിപക്ഷം പേരും വിശ്വസിച്ചു. എഴുത്തുകാരനും കഥയും രണ്ടും രണ്ടാണെന്നും എഴുതുന്ന ആൾ ഏതെങ്കിലും തൊഴിൽ ചെയ്യുന്നത് കൊണ്ട് സൃഷ്ടി യാഥാർഥ്യമാവണമെന്നില്ല എന്നും അത് അയാളുടെ ചിന്തകൾ മാത്രമാണെന്നും പ്രേക്ഷകരോട് പറയണമെന്ന് തോന്നി. ആ സാഹചര്യത്തിലാണ് 'ഉന്മാദം' എന്ന സിനിമയുടെ ചിന്ത തന്നെ ഉണ്ടായത്, അത് അത്തരത്തിലാണ് എഴുതപ്പെട്ടിട്ടുള്ളതും.
താങ്കളുടെ മിക്കവാറും സിനിമകളുടെ ക്ലൈമാക്സ് 'ഡാർക്ക്' ആണല്ലോ?
അങ്ങനെയൊന്നുമില്ല. 'ജോസഫ്' എന്റെ സിനിമയിലേക്കുള്ള എൻട്രി ആയിരുന്നു. ഒരു കുറ്റാന്വേഷണ സിനിമ എഴുതാമോ എന്ന ചോദ്യം വന്നപ്പോൾ മുമ്പ് കണ്ട് ശീലമില്ലാത്ത ഒരു സിനിമ ഉണ്ടാക്കണം എന്നാഗ്രഹിച്ചു. കുറ്റാന്വേഷകൻ അതുവരെ കാണാത്ത കാര്യങ്ങൾ കണ്ടെത്തി അവസാനം നെടുനീളൻ ഡയലോഗുകളിലൂടെ എല്ലാം വെളിപ്പെടുത്തുന്ന പരിപാടിയായിരുന്നു പല സിനിമയിലും. അതാണ് മരിച്ചുകൊണ്ട് കേസ് തെളിയിക്കുക എന്ന ചിന്തയിലേക്ക് എത്തിച്ചത്. അയാൾക്ക് ഒരു രക്തസാക്ഷി പരിവേഷം കൊടുത്താൽ വൈകാരികമായി ആൾക്കാർ കുറച്ചുകൂടി ഹുക്ക്ഡ് ആവും എന്നു തോന്നി. ക്ലൈമാക്സ് പ്രത്യേകിച്ച് ഡാർക്ക് ആക്കാം എന്ന് കരുതി ചെയ്തതല്ല, ആ സിനിമയ്ക്ക് അത് നല്ലതാണെന്ന് തോന്നിയതുകൊണ്ടാണ്.
'നായാട്ടി'ന് വേണമെങ്കിൽ ഒരു കൊമേർഷ്യൽ ക്ലൈമാക്സ് കൊടുക്കാമായിരുന്നു. പക്ഷേ കഥയോടു നീതി പുലർത്താൻ പറ്റുന്ന അന്ത്യം ആണത് എന്ന് സംവിധായകനും ഞാനും ഉറച്ചു വിശ്വസിച്ച ഒന്നാണ് സിനിമയിൽ. മനഃപൂർവം ഡാർക്ക് ആക്കിയതല്ല. ഞാൻ സംവിധാനം ചെയ്ത 'ഇലവീഴാപ്പൂഞ്ചിറ'യുടെ എഴുത്തുകാർ കൊണ്ടുവന്ന കഥ അങ്ങനെയായിരുന്നു. അതിനെ അങ്ങനെ തന്നെ ചിത്രീകരിക്കാനാണ് ശ്രമിച്ചത്. 'റോന്ത്' എനിക്ക് ഭയങ്കരമായി റിലേറ്റ് ചെയ്ത സിനിമയാണ്. യഥാർഥത്തിൽ അങ്ങനെ ഒരു പോലീസുകാരൻ ഓടിപ്പോയിരുന്നു, ഭാഗ്യവശാൽ ആക്സിഡന്റ് ആയില്ല എന്നതുകൊണ്ട് മാത്രം ജീവിച്ചിരിക്കുന്നതാണ്. 'ഉന്മാദം' തികച്ചും വ്യത്യസ്തമാണ്. ഇതിൽ കഥാപാത്രം മാത്രമേയുള്ളൂ.
താങ്കളുടെ സിനിമകളെല്ലാം പോലീസുകാരെക്കുറിച്ചാണ്. ഭാവിയിലും അങ്ങനെ തന്നെയാകുമോ?
അങ്ങനെയൊന്നുമില്ല. ഒരു പ്രൊഡക്ഷനും അത് വിജയിപ്പിക്കാൻ പറ്റുന്ന നായകനും ഉണ്ടാകുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. പോലീസ് പശ്ചാത്തലമില്ലാത്ത സിനിമ വേണമെന്നുണ്ട്, പക്ഷേ, ചിലപ്പോൾ പെട്ടെന്ന് ഓൺ ആകുന്നത് ഇതായിരിക്കും. ഇതൊരു തൊഴിൽ കൂടെയാണല്ലോ.
ഷാഹി സ്‌കൂൾ അധ്യാപകൻ ആയിരുന്നെങ്കിൽ എഴുതുന്ന കഥകളെല്ലാം സ്‌കൂളിനെ ചുറ്റിപ്പറ്റിയായിരിക്കുമോ?
പറയാൻ പറ്റില്ല. ഞാൻ അത് ആകാത്തിടത്തോളം കാലം എനിക്ക് അതറിയില്ല.
ചിലർ ചെയ്യുന്ന ജോലിയുമായി ശരിക്കും താദാത്മ്യപ്പെടാറുണ്ട്...
ഒ.ടി.ടിയിൽ കൂടുതൽ പേർക്ക് താത്പര്യം ത്രില്ലറുകളും വളരെ ഡാർക്ക് ആയ സിനിമകളുമാണ്. കുറച്ചുകൂടെ ലൈറ്ററോ ഹ്യൂമറസോ ആയ സിനിമകളായിരിക്കാം തിയേറ്ററുകളിൽ പ്രേക്ഷകന് ഇഷ്ടം. അല്ലെങ്കിൽ ആദ്യന്തം ഉദ്വേഗജനകമായ, അതിശയോക്തിപരമായ കുറ്റാന്വേഷണ സിനിമകൾ. തിയേറ്ററിലെ കൈയടിയാണോ, ഒ.ടി.ടിയിലെ വലിയ എണ്ണം പ്രേക്ഷകരെയാണോ ലക്ഷ്യം എന്നതാണ് പ്രശ്നം. ഞാൻ പോലീസുകാരനായിരുന്നതുകൊണ്ട് മാത്രം അത്തരം സിനിമകൾ തിരഞ്ഞെടുക്കുന്നതല്ല. അധ്യാപകനായിരുന്നാൽ വളരെ ഡാർക്ക് സിനിമകൾ എത്രത്തോളം പറയാൻ പറ്റുമെന്ന ചോദ്യവും ഉണ്ട്.
താങ്കളുടെ സിനിമകളുടെ പോലീസുകാരിലെ ആത്മാംശം എത്രത്തോളമാണ്? സ്‌കിസോഫ്രീനിയയുടെ പരിസരത്തുകൂടി പോവുകയോ, കാണുകയോ ചെയ്തിട്ടുണ്ടോ?
'റോന്തി'ൽ റോഷൻ മാത്യു ചെയ്ത കഥാപാത്രം ഒരു പരിധി വരെ ഞാനായിരുന്നെന്നു പറയാം. അതുപോലെയാണ് 'ഉന്മാദ'ത്തിലെ തുടക്കസമയത്തെ ഷെല്ലി. ബാക്കി സിനിമകളിൽ ഒന്നും ഞാനില്ല. പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി പല പ്രശ്നങ്ങളുള്ള രോഗികളെ കണ്ടിട്ടുണ്ട്. 'റോന്തി'ൽ കണ്ടതുപോലെ. എനിക്കെന്തായാലും സ്‌കിസോഫ്രീനിയ ഉണ്ടായിട്ടില്ല.
തിരക്കഥാ എഴുത്തുകാരനാകാൻ ശ്രമിക്കുന്ന ഷെല്ലിയെ പോലെ തിരസ്‌കാരം നേരിട്ടിട്ടുണ്ടോ?
തീർച്ചയായും ഉണ്ട്. 'ഉന്മാദ'ത്തിലെ ആദ്യരംഗം എന്റെ ജീവിതമാണ്. പക്ഷേ, അങ്ങനെ അധികം സമയം കയറിയിറങ്ങി നടന്നില്ല. എനിക്ക് സിനിമയോട് അങ്ങനെ ഒരു താത്പര്യം തോന്നുന്നത് 2013- 14 സമയത്താണ്. 2016-ൽ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി. അതിനിടെ മൂന്നുവർഷം എഴുത്തുമായി നടന്നു. നടക്കുമെന്ന് തോന്നിയ പലതും നടക്കാതെ പോയിട്ടുണ്ട്. 'ജോസഫ്' ഉറപ്പിച്ചതിനു ശേഷമാണ് 'തൊണ്ടിമുതലി'ന്റെ അസിസ്റ്റന്റായി പോയത്. ഓരോന്നും ഓരോ അനുഭവങ്ങളായിരുന്നു.
ആത്മാംശം പലതിലായി മുറിച്ചുവെക്കുകയാണല്ലോ. ഒരു ദിവസം അതെല്ലാം മുഴുവനായി അവതരിപ്പിക്കുമോ?
ഇല്ല, കുറേശ്ശെയായി മുറിച്ചുവിൽക്കുന്നതല്ലേ നല്ലത്? ഒറ്റയടിക്ക് വിറ്റാൽ പിന്നെ പൊൻമുട്ടയിടുന്ന താറാവിനെ കൊന്നെടുക്കുന്ന കഥയാകും!
പോലീസ് ജോലി വ്യക്തിപരമായ ജീവിതത്തെയും കുടുംബബന്ധങ്ങളെയും ബാധിച്ചോ?
തീർച്ചയായിട്ടും. ആ ജോലി എല്ലാ പോലീസുകാരുടെയും വ്യക്തിപരമായ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും 100% ബാധിക്കുന്നതാണ്. ഗവൺമെന്റ് പറയുന്ന എട്ട് മണിക്കൂർ ഡ്യൂട്ടി പറച്ചിലിൽ മാത്രമേ ഉള്ളൂ; ഫോഴ്സിലുള്ളവർ എപ്പോൾ വിളിച്ചാലും ജോലിക്ക് ചെല്ലണം. കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ശരാശരി 12 മുതൽ 14 മണിക്കൂർ വരെയാണ് ഒരു ദിവസം ജോലി ചെയ്യുന്നത്. ആ സമ്മർദം ഒന്നു വേറെയാണ്, അത് എവിടെയെങ്കിലും പുറത്തുവരും. ഗവൺമെന്റ് എട്ടു മണിക്കൂർ ഡ്യൂട്ടി മാത്രം പോലീസുകാരെ കൊണ്ട് ചെയ്യിക്കുന്ന കാലത്തേ അത് മാറൂ.
താങ്കളുടെ പോലീസുകാർ മിക്കവാറും ശരിയും തെറ്റും വേർതിരിക്കാൻ പറ്റാത്ത അവസ്ഥയിൽ തീരുമാനമെടുക്കേണ്ടി വരുന്നവരാണ്. ഇതാണോ യഥാർഥ പോലീസിങ്ങിന്റെ സ്വഭാവം?
എനിക്കറിയില്ല. മലയാളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആനന്ദ് ആണ്. അദ്ദേഹത്തിന്റെ കഥകളുടെ വലിയ സ്വാധീനം എന്റെ കഥാപാത്രങ്ങളിൽ ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരി തെറ്റുകൾക്കപ്പുറം ജീവിതത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവരായിട്ടാണ് അദ്ദേഹം മനുഷ്യരെ കാണുന്നത്.
റിയലിസത്തോട് ഇത്ര അടുപ്പം തോന്നാൻ കാരണം?
ഞാൻ ജീവിച്ചതോ വളർന്നതോ വായിച്ചതോ ആയ കാര്യങ്ങൾക്ക് വളരെ റിയൽ ആയ മനുഷ്യരുടെ സ്വഭാവങ്ങൾ ഉണ്ടായിരുന്നു. ഫാന്റസികൾ അത്ര ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ. മാർവെൽ സിനിമകൾ എനിക്ക് ആസ്വദിക്കാൻ കഴിയാറില്ല. അത് ശരിയോ തെറ്റോ എന്നൊന്നുമല്ല ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ ഞാൻ വളർന്നു വന്ന സാഹചര്യം അത്തരത്തിൽ ആയതുകൊണ്ടാവാം.
സ്വാധീനിച്ച സിനിമകൾ, എഴുത്തുകാർ
എന്റെ വാപ്പ കബീർ ഇടതുപക്ഷ പ്രവർത്തകനായിരുന്നു, വീട്ടിൽ സോവിയറ്റ് യൂണിയനിൽ നിന്നുവന്ന റഷ്യൻ നോവലുകൾ ഉണ്ടായിരുന്നു. ചെറുപ്പം തൊട്ടേ അതൊക്കെ വായിച്ചു. ദൂരദർശനിൽ അവാർഡ് സിനിമകൾ വരുമ്പോൾ വാപ്പ പിടിച്ചിരുത്തി കാണിക്കുമായിരുന്നു. ആലപ്പുഴയിലെ ഒരു ഫിലിം ഫെസ്റ്റിവലിൽ യാദൃച്ഛികമായി കണ്ട ചിത്രം, മക്മൽബഫിന്റെ 'കാണ്ഡഹാർ', സിനിമയ്ക്ക് ഒരു രാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കിത്തന്നു. അതെന്നെ ഭയങ്കരമായി ചിന്തിപ്പിച്ചു. എന്റെ പ്രിയപ്പെട്ട സിനിമകൾ 'കാപർനോമോ' (ലെബനീസ് ചിത്രം, 2018) 'ഹോട്ടൽ റവാണ്ട'യോ (2004) പോലുള്ളവയാണ്. സിസ്റ്റത്തിനുള്ളിലെ മനുഷ്യനെക്കുറിച്ചുള്ള സൃഷ്ടികൾ.
മലയാളത്തിൽ ഇഷ്ടപ്പെട്ട സംവിധായകൻ
തീർച്ചയായും കെ.ജി. ജോർജ്. അന്നത്തെ തിയേറ്റർ കൈയടികൾക്കപ്പുറം ചിന്തിച്ച് പുള്ളി സിനിമകൾ ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് 'ഒന്നു മുതൽ പൂജ്യം വരെ'. രഘുനാഥ് പലേരി എഴുതി സംവിധാനം ചെയ്ത സിനിമ. അത് വളരെ പേഴ്സണൽ ആയ സിനിമയാണ് എന്ന് എനിക്കു തോന്നുന്നു.
മലയാളത്തിലെ പ്രിയപ്പെട്ട സിനിമാ എഴുത്തുകാർ
പത്മരാജൻ, ലോഹിതദാസ്. ലോഹി സാറൊക്കെ ഒത്തിരി സ്വാധീനിച്ചിട്ടുള്ളതാണ്. കഥക്കപ്പുറം കഥാപാത്രത്തോടൊപ്പം സഞ്ചരിക്കണമെന്ന് തോന്നിപ്പിച്ച, കഥ കഴിയുമ്പോഴും കഥാപാത്രങ്ങളെ വളരെ മൃദുവായി ഓർമയിൽ നിർത്തുന്ന സിനിമകൾ അദ്ദേഹത്തിന്റേയാണ്. പിന്നെ ഞാൻ ആസ്വദിച്ച എഴുത്തുകാർ കുറേപേരുണ്ട്.
അടുത്ത സിനിമയെക്കുറിച്ച് പറയാമോ?
'ഇലവീഴാപ്പൂഞ്ചിറ'യുടെ എഴുത്തുകാരിലൊരാളായ നിതീഷ് സാറും ഞാനും കൂടി ഒരു കഥ എഴുതുന്നു, സൗബിൻ ഷാഹിറാണ് നായകൻ, ഞാൻ തന്നെ സംവിധാനം ചെയ്യുന്നു. പേര് പറയാറായിട്ടില്ല. അടി, ഇടി, വെടി, കുറ്റാന്വേഷണം ഒന്നുമില്ലാത്ത ഒരു സിനിമയാണ്, എങ്കിലും പോലീസ് സ്റ്റോറിയാണ്. ആൾക്കാർ ഒരു വമ്പൻ ഇൻവെസ്റ്റിഗേഷൻ സ്റ്റോറി പ്രതീക്ഷിക്കും എന്നറിയാം, പക്ഷേ, ഞങ്ങൾക്ക് ഇഷ്ടമുള്ള സിനിമയും ചെയ്യണ്ടേ? ഇടയ്ക്ക് ഞങ്ങളും എന്റർടെയ്ൻഡ് ആകണ്ടേ?
Content Highlights: Writer-director Shahi Kabir clarifies that the movie 'Unmadam' achieved break-even status for the producer prior to its theatrical release. He addresses the audience reception of 'Unmadam', noting that it was structured as an unconventional story rather than a typical crime thriller. Kabir reveals that the opening scene of 'Unmadam' is inspired by his own personal life experiences and early struggles in the film industry. He explains his distinct approach to realistic police characters, drawing inspiration from literary works, particularly author Anand. Kabir announces his next directorial venture starring Soubin Shahir, co-written with Nidhish, which is another police-centric story without heavy investigation tropes.