‘ഞാൻ പഴയ കെ.എസ്.യുക്കാരൻ, ആത്യന്തികമായി കോൺഗ്രസുകാരനും; ആഗ്രഹം പ്രകടിപ്പിച്ചു, അവരെന്നെ തിരഞ്ഞെടുത്തു’

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി മേള നടന്നുകൊണ്ടിരിക്കുന്നു. അടുത്ത വലിയമേള നടക്കാനിരിക്കുന്നു. കേരളചലച്ചിത്ര അക്കാദമിയെ എങ്ങനെ നയിക്കും, ഇവിടേക്കെത്തിയ വഴി എന്നിവയെപ്പെറ്റി ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും നടനും ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകനുമായ രവീന്ദ്രൻ 'മാതൃഭൂമി'യോട് സംസാരിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കാൻ രണ്ടരമാസമേയുളളൂ. ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുമ്പോൾ എന്തൊക്കെയാണ് കാഴ്ചപ്പാടുകൾ?
ചലച്ചിത്ര മേഖലയിലെ പ്രവർത്തനങ്ങൾ ഇതുവരെയുള്ളതിനേക്കാൾ കൂടുതൽ നന്നായി ചെയ്യാനാകും. അക്കാദമിയിൽ ചെന്നയുടൻ മലമറിയ്ക്കാം എന്നൊന്നും പറയില്ല. സിസ്റ്റത്തിന്റെ ഭാഗമായിനിന്ന് കാര്യങ്ങൾ ശ്രദ്ധിക്കും, ചെയ്യും. എല്ലാവരുമായും കൂടിയാലോചിക്കും. ചർച്ചയുണ്ടാകും. എല്ലാവരുമായും പൊരുത്തപ്പെട്ടുപോകും. സിനിമയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ടവ സർക്കാരിനുമുന്നിൽ അവതരിപ്പിക്കും. പുറം നാടുകളിലടക്കം മലയാള സിനിമയുടെ പ്രൊമോഷൻ പ്രധാനമാണ്.
സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേയ്ക്ക് നിയമനത്തിന് ആളെ കണ്ടെത്തുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ മന്ത്രി പി.സി. വിഷ്ണുനാഥ് തന്നെ പറഞ്ഞിട്ടിട്ടുണ്ട്. കേരളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കും ചലച്ചിത്ര ക്യൂറേഷനും ഫെസ്റ്റിവൽ പ്രവർത്തനങ്ങളും നടത്തിയ താങ്കൾ ചെയർമാനായി നിയമിതനായി. എങ്ങനെയാണ് അക്കാദമിയുടെ ഭാഗമായത്?
എന്റെ ആഗ്രഹം പ്രകടിപ്പിച്ചു, അവരെന്നെ തിരഞ്ഞെടുത്തു. അത്രമാത്രം എനിക്കറിയാം. കോൺഗ്രസിലേയും സിനിമയിലേയും ഒരുപാടുപേർ സഹായകരമായി. മുഖ്യമന്ത്രി വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങി ഒട്ടേറെ നേതാക്കൾ. അവരെല്ലാം ഞാൻ നടത്തിയ ചലച്ചിത്രമേളകളിൽ വന്നിട്ടുണ്ട്. പഴയ കെ.എസ്.യുക്കാരനല്ലേ ഞാൻ. ആത്യന്തികമായി കോൺഗ്രസുകാരനുമാണ്. ഒട്ടേറെ ചലച്ചിത്രമേളകളുടെ സംഘാടകനുമായിട്ടുണ്ട്. മേളകൾ നടത്തുന്നതടക്കമുള്ള ചലച്ചിത്ര പ്രവർത്തനത്തിൽ എനിയ്ക്ക് ധാരണയുണ്ടെന്ന് അവർക്കറിയാമായിരുന്നു.
സിനിമയിലെ വ്യത്യസ്ത ധാരകളെപ്പെറ്റി ധാരണയുള്ളയാളാണ് താങ്കൾ. ഒരേസമയം സിനിമയിലെ രണ്ടുവഴികളിലൂടെയും സഞ്ചരിക്കാനുമറിയാം. അക്കാദമിയുടെ മേധാവികളായി സമീപകാലത്തെ നിയമനങ്ങളിൽ മാറ്റം തോന്നുന്നുണ്ടോ? ആദ്യകാലത്ത് ഷാജി എൻ.കരുൺ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചെയർമാൻമാരായി. സമീപകാലത്ത് പ്രേംകുമാർ, റസൂൽ പൂക്കുട്ടി എന്നിവരും അക്കാദമിയെ നയിച്ചു. അടൂർ അടക്കമുള്ളവരെ കണ്ടശേഷമാണ് ചുമതലയേറ്റതും.
മാറ്റത്തെക്കുറിച്ച് പറയേണ്ടത് ഞാനല്ല. പദവിയെയല്ല ഞാൻ നോക്കിയത്. കാര്യങ്ങൾ ചെയ്യാനാവുമെന്നും എനിക്കറിയാവുന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താമെന്നും തോന്നി. നന്ദി പറയേണ്ടത് സർക്കാരിനോടാണ്. ഇതൊരു ജോലിയന്വേഷിക്കൽ അല്ല, അടിച്ചെടുക്കലുമല്ല. മറ്റുവശങ്ങളൊന്നും ചിന്തിച്ചിട്ടുമില്ല.
കാൽനൂറ്റാണ്ടായി പലമേളകളുടേയും സംഘാടകനായി പ്രവർത്തിച്ചതിന്റെ പരിചയവും അനുഭവവുമുണ്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള അക്കാദമിയെന്ന വിശാലമായ പ്ലാറ്റ്ഫോം കിട്ടുമ്പോൾ മേളകൾ മാത്രമല്ല സിനിമയ്ക്കുവേണ്ടി പലതും ചെയ്യാമെന്നും അക്കാദമിയെ നന്നായി കൊണ്ടുപോകാമെന്നും വിശ്വാസമുണ്ട്. കീഴ്വഴക്കൾ മിഥ്യാധാരണയാണ്. സിനിമയെക്കുറിച്ചു മാത്രമല്ല, എല്ലാത്തിനേയുംക്കുറിച്ച് ധാരണയുളള ഓർഗനൈസറാണ് അക്കാദമിക്കുവേണ്ടത്.
സർക്കാരിൽനിന്ന് എന്തെങ്കിലും നിർദ്ദേശമുണ്ടോ? സിനിമാലോകം മിക്കപ്പോഴും വിവാദമേഖലയാകാറുണ്ട്.
മന്ത്രി, അല്ലെങ്കിൽ സർക്കാർ ഒരുദൗത്യമാണ് ഏൽപ്പിച്ചത്. അക്കാദമിയെ നന്നായി നോക്കി നടത്തുക, പ്രശ്നങ്ങളുണ്ടാകാതെ നോക്കുക- ഇതൊക്കെയാണ് മന്ത്രി പറഞ്ഞത്. കുത്തിത്തിരിപ്പ്, വിവാദം എന്നിവയെപ്പെറ്റി ചിന്തിക്കുന്നില്ല. പോസിറ്റീവായി മാത്രം ചിന്തിച്ചു ജീവിക്കുന്ന ഒരാളാണ് ഞാൻ. അല്ലെങ്കിൽ ഞാൻ ഇങ്ങനെയാകുമായിരുന്നില്ല. എന്റെ ആരോഗ്യവും ഊർജവും പോസിറ്റീവ് ചിന്തയാണ്. ശുഭാപ്തി വിശ്വാസിയാണ് ഞാൻ. എന്തിനാണ് നെഗറ്റീവ് നമ്മൾതന്നെ വരുത്തിവെയ്ക്കുന്നത്?
രവീന്ദ്രൻ വെട്ടിയ വഴികൾ
മികച്ച സിനിമ തിരഞ്ഞെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ, സിനിമയ്ക്ക് യോജിച്ച വേദിയും പ്രേക്ഷകരും സംവാദപരിസരവും സൃഷ്ടിക്കുന്ന ക്യൂറേറ്റോറിയൽ സമീപനമാണ് രവീന്ദ്രന്റെ പ്രവർത്തനങ്ങളുടെ സവിശേഷത. തൃപ്പൂണിത്തുറയിൽ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രൻ ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയപഠനം പൂർത്തിയാക്കി. 1980-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ഒരു തലൈ രാഗ'ത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായി.
തമിഴിലും മലയാളത്തിലും സജീവമായ രവീന്ദ്രൻ, അക്കാലത്ത് രജനികാന്ത,് കമൽഹാസൻ കാലഘട്ടത്തിലെ തമിഴ് സിനിമയുടെ പ്രധാനധാരയിലും ശ്രദ്ധേയ സാന്നിധ്യമായി. സകലകലാ വല്ലവൻ, രാം ലക്ഷ്മൺ, രംഗ, പൊക്കിരി രാജ, തങ്കമകൻ, പെർ സൊല്ലും പിള്ളൈ തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. മലയാളത്തിൽ അശ്വരഥം, ഈ നാട്, ജോൺ ജാഫർ ജനാർദ്ദനൻ, സിന്ദൂരസന്ധ്യയ്ക്ക് മൗനം, അതിരാത്രം, ഇടനിലകൾ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടി.
എന്നാൽ രവീന്ദ്രന്റെ സിനിമാജീവിതം അഭിനയത്തിൽ നിന്ന് വഴിമാറി, ലോക സിനിമയെ പഠിക്കാനുള്ള അന്വേഷണ യാത്രയായി മാറി. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്തുതന്നെ അന്താരാഷ്ട്ര സിനിമയിൽ നല്ലധാരണയുണ്ടാക്കി. പുണെയിൽ ചലച്ചിത്രാസ്വാദന പഠനപരിപാടിയിലൂടെ സിനിമയുടെ ഭാഷയും സൗന്ദര്യശാസ്ത്രവും കൂടുതൽ പഠിച്ചു. ജോൺ എബ്രഹാം, ഭരതൻ തുടങ്ങിയവരുമായി നടന്ന സിനിമാസംവാദങ്ങളും പിന്നീട് സത്യജിത് റേയുടെ ഛായാഗ്രാഹകനായ സൗമേന്ദു റോയിയോടൊപ്പം പ്രവർത്തിച്ച അനുഭവവും സിനിമയെ കൂടുതൽ ഗൗരവത്തോടെ പഠിക്കാൻ രവീന്ദ്രനെ പ്രേരിപ്പിച്ചു.
സിനിമയെ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ചലച്ചിത്രമേളാ ക്യൂറേഷനും ഫിലിം ലിറ്ററസി പ്രവർത്തനങ്ങളും രവീന്ദ്രന്റെ പ്രവർത്തനജീവിതത്തിലെ പ്രധാന അധ്യായങ്ങളാണ്. മൺസൂൺ സിനി ഫെസ്റ്റ്, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സ്വരലയ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം സിനിമാ പ്രദർശനത്തിനപ്പുറം സിനിമയെക്കുറിച്ചുള്ള സംവാദത്തിനും ആസ്വാദനത്തിനും പഠനത്തിനും ഇടങ്ങൾ സൃഷ്ടിച്ചു. ഇതിന്റെ തുടർച്ചയായി കൊച്ചി മെട്രോ മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ രൂപംകൊണ്ടു.
പുതുതലമുറയിലെ സംവിധായകർക്കും ഹ്രസ്വചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും സ്വതന്ത്ര സ്രഷ്ടാക്കൾക്കും വേദിയൊരുക്കിയ ഈമേളയുടെ ഫെസ്റ്റിവൽ ഡയറക്ടറായി രവീന്ദ്രൻ പ്രവർത്തിച്ചു. സിനിമയെ വിനോദമാധ്യമം എന്നതിനപ്പുറം സാംസ്കാരിക വിനിമയത്തിന്റെയും അറിവിന്റെയും സംവാദത്തിന്റെയും ഇടമായി കാണുന്ന സമീപനമാണ് രവീന്ദ്രന്റേത്. സിനിമാ പഠനങ്ങളും രവീന്ദ്രൻ പ്രസിദ്ധീകരിച്ചു.
Content Highlights: Actor and organizer Raveendran shared his vision after being appointed as the Chairman of the Kerala State Chalachitra Academy. Stated that he will work within the system and consult with everyone to carry out academy initiatives smoothly. Highlighted his long-standing association with Congress and KSU, expressing gratitude to key political leaders and the government. Confirmed his confidence in organizing film festivals and utilizing the platform effectively for the betterment of cinema. Emphasized a positive approach, stating he aims to avoid controversies and focus on constructive work.