‘സുട്ടുവിന് ശബ്ദം കൊടുക്കാമോ എന്ന് ചോദിച്ചതും ടൊവിനോ സമ്മതിച്ചു, എന്റേത് ചില്ലറ സിനിമാമോഹങ്ങളല്ല’

#രേഖാ നമ്പ്യാർ
രാജേഷ് മാധവൻ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി
രാജേഷ് മാധവൻ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട്, മരണമാസ്, ധീരൻ... തുടങ്ങി ഒരുപിടി ചിത്രങ്ങളും കഥാപാത്രങ്ങളും മതി രാജേഷ് മാധവൻ എന്ന നടന് അടിക്കുറിപ്പായി. നടൻ മാത്രമല്ല, സിനിമയിൽ സഹസംവിധായകനും കാസ്റ്റിങ് ഡയറക്ടറുംകൂടിയായിരുന്നു ഈ കാസർകോട്ടുകാരൻ. ഇനി തിരശ്ശീലയിൽ സംവിധായകനായുള്ള അരങ്ങേറ്റമാണ്. തിയേറ്ററിൽ എത്തുംമുൻപേ മേളകളിൽ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ചിത്രമാണ് രാജേഷ് മാധവനൊരുക്കിയ പെണ്ണും പൊറാട്ടും. സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി സാമൂഹിക-ആക്ഷേപഹാസ്യത്തിലൊരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ എസ്.ടി.കെ. ഫ്രെയിംസ് ആണ് ചിത്രം നിർമിച്ചത്. സിനിമാവിശേഷങ്ങളുമായി രാജേഷ് മാധവൻ ചേരുന്നു...

  • അന്താരാഷ്ട്ര-രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമ, റിലീസിനുമുൻപേ ഒ.ടി.ടി.യിൽ പ്രീ ബിസിനസും നേടി. ‘പെണ്ണും പൊറാട്ടും’ എന്ന ആദ്യ ചിത്രത്തെക്കുറിച്ച് മുന്നോട്ടുള്ള പ്രതീഷകൾ

മേളകളിൽ പങ്കെടുത്ത സിനിമാപ്രേമികൾക്ക് പെണ്ണും പൊറാട്ടും ഇഷ്ടപ്പെട്ടുവെന്ന് അറിയാമായിരുന്നെങ്കിലും തിയേറ്ററിൽ സിനിമ പ്രദർശനത്തിനെത്തുമ്പോൾ സാധാരണ പ്രേക്ഷകരുടെ പ്രതികരണമറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാൻ. പുതുമുഖങ്ങളെവെച്ച് ഒരുക്കിയ ചിത്രം, എന്റെ ആദ്യ സംവിധാനസംരംഭം.., അങ്ങനെ നോക്കുമ്പോൾ പ്രേക്ഷകർ പെണ്ണും പൊറാട്ടും സ്വീകരിക്കുമോ എന്നതായിരുന്നു ആശങ്ക. ഈ സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നതിന് പ്രത്യേക ചേരുവകളൊന്നും ചേർത്തിട്ടില്ല. അങ്ങനെയുള്ള സിനിമ ഒ.ടി.ടി.യിൽ പ്രീ ബിസിനസ് നേടുകയെന്നത് മലയാളസിനിമയിൽ അപൂർവമാണ്. സമൂഹത്തിന്റെ തെറ്റായ ചിന്താഗതികളും മൃഗങ്ങളോടുള്ള ക്രൂരതയുമൊക്കെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചുകാട്ടുന്ന സിനിമയാണ് പെണ്ണും പൊറാട്ടും. ഗോപാലൻ മാസ്റ്ററും ചാരുലതയും കാമുകനായ ബാബുരാജും അവന്റെ പട്ടിയായ സുട്ടുവിന്റെയുമൊക്കെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പട്ടട എന്ന ഗ്രാമമാണ് കഥാപരിസരം.

  • റിലീസിങ്ങിന്റെ ആദ്യ ദിവസങ്ങളിലെ കോടി കണക്കെടുപ്പുകൾക്ക് ഇന്ന് പ്രാധാന്യം കൂടുകയാണ്. ചിത്രത്തിന്റെ കൊമേഴ്‌സ്യൽ വിജയത്തെപ്പറ്റി ആകുലതയുണ്ടോ?

അത്തരം ചിന്തകളൊന്നുമില്ല. പക്ഷേ, സിനിമയുടെ നിർമാതാവിന് നഷ്ടമുണ്ടാകരുതെന്ന കരുതലുണ്ടായിരുന്നു. നല്ലൊരു സിനിമ ചെയ്യുക എന്നതിൽ മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധ. കൊമേഴ്‌സ്യലായിട്ടുള്ള മീറ്ററുകളൊന്നും ഈ ചിത്രത്തിൽ പാലിച്ചിട്ടില്ല. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. ഒരു പട്ടിയാണ് കഥയിലെ നായകൻ.

  • നൂറിലധികം പുതുമുഖങ്ങളും നാനൂറിലേറെ മൃഗങ്ങളും... ചിത്രീകരണത്തിലെ പ്രധാന വെല്ലുവിളി എന്തായിരുന്നു?

പുതുമുഖങ്ങളെയും മൃഗങ്ങളെയും ഒരുമിച്ചുകൊണ്ടുപോകുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയായിരുന്നു. ഇവരെക്കൊണ്ട് അഭിനയിപ്പിക്കണമല്ലോ. സുട്ടു എന്ന കഥാപാത്രമായി അഭിനയിക്കുന്ന നായയുടെ ഇമോഷൻസ് സിനിമയിലുടനീളം നിലനിർത്തേണ്ടതുണ്ട്. അതായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്. അവനെവെച്ച് രണ്ടുമണിക്കൂർ മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റൂ. ശേഷം നാല് മണിക്കൂർ അവന് വിശ്രമമാണ്. അതിനനുസരിച്ചായിരുന്നു ചിത്രീകരണം ക്രമീകരിച്ചത്.

  • സുട്ടുവിന് ടൊവിനോയുടെ ശബ്ദം നൽകാൻ കാരണം?

ടൊവിനോ എന്ന വ്യക്തിയെയും നടനെയും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. സുട്ടുവിന്റെ ശബ്ദം ആരുടേതാവണം എന്നതിനെപ്പറ്റി ആദ്യമേ മനസ്സിൽ ധാരണയുണ്ടായിരുന്നു. ടൊവിനോ വേണമെന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, പുതുമുഖങ്ങളെവെച്ചുള്ള ഇത്തരമൊരു സിനിമയിലേക്ക് ടൊവിനോ വരുമോ എന്ന് ഞാൻ സംശയിച്ചു. സിനിമയുടെ ഫസ്റ്റ് കട്ട് ടൊവിനോയെ കാണിച്ചശേഷം സുട്ടുവിന് ശബ്ദം നൽകാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ തന്നെ ടൊവിനോ സമ്മതിക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് ടൊവിനോ സുട്ടുവിന് ശബ്ദം നൽകിയത്.

  • ഇത്തവണ കാസർകോടും പരിസരവുംവിട്ട് പാലക്കാട്ടേക്കാണല്ലോ അഭിനേതാക്കളെത്തേടി പോയത്...

കൊല്ലങ്കോട്, ചിറ്റൂർ എന്നീ പ്രദേശങ്ങളിലെ ആളുകളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്തത്. അവർ സ്വാഭാവികമായി സംസാരിക്കുന്ന പ്രാദേശികഭാഷ തന്നെയാണ് സിനിമയിലും അവതരിപ്പിച്ചത്. അതിനുവേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ കാസർകോട്ടുകാരെക്കൊണ്ട് അഭിനയിപ്പിച്ചതുപോലെ ഇതിൽ പാലക്കാട്ടുകാർ തന്നെ വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. മുൻപ്‌ ചെയ്തിട്ടുള്ള അതേ പാറ്റേൺ തന്നെയാണ് ഈ സിനിമയിലും സ്വീകരിച്ചത്. കാസ്റ്റിങ്ങിലാണ് കൂടുതൽ സമയവും പ്രയത്നവും വേണ്ടിവന്നത്.

  • ആദ്യ സിനിമ മഹേഷിന്റെ പ്രതികാരത്തിന്റെ പത്താം വാർഷികത്തിലാണ് പെണ്ണും പൊറാട്ടും റിലീസാകുന്നത്. ഈ കാലയളവിലെ സിനിമായാത്രയെപ്പറ്റി

വളരെ മാജിക്കലായിട്ടാണ് ഞാൻ സിനിമയെ കണ്ടുതുടങ്ങിയത്. ജീവിച്ചിരിക്കുന്ന ഈ ലോകമല്ലാതെ സിനിമാറ്റിക്കായിട്ടുള്ള മറ്റൊരു ലോകം നമുക്കെല്ലാവർക്കുമുണ്ടെന്നാണ് ഞാൻ കരുതുന്നത്. സിനിമ സ്വപ്നം കണ്ടുനടന്ന കാസർകോട്ടുകാരന് പത്തുവർഷംമുൻപ്‌ നാട്ടിൽ മേൽവിലാസമുണ്ടാക്കിത്തന്ന സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഇന്ന് പത്തുവർഷം പിന്നിടുമ്പോൾ ഞാൻ ആഗ്രഹിച്ച മേൽവിലാസത്തിലേക്കെത്താൻ എനിക്ക് സാധിച്ചുവെന്നതാണ് വലിയ കാര്യം. പലപല വേഷങ്ങളിലൂടെയാണ് കടന്നുപോയത്. അഭിനേതാവായി, സഹസംവിധായകനായി, കാസ്റ്റിങ് ഡയറക്ടറായി... അഭിനയിക്കുമ്പോഴും സിനിമാപിന്നണിയിൽ പ്രവർത്തിക്കാനായിരുന്നു ആഗ്രഹം. പക്ഷേ, അതിന് സമയമായത് ഇപ്പോഴാണ്.

മരണവംശം എന്ന സിനിമയായിരുന്നു ആദ്യം തുടങ്ങാനിരുന്നത്. അതൊരു വലിയ പ്രോജക്ടാണ്. അതിലേക്കിപ്പോൾ ഇറങ്ങേണ്ടെന്നു കരുതിയാണ് പെണ്ണും പൊറാട്ടിലുമെത്തുന്നത്. എന്റെ അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. അതാണ് വലിയൊരു സന്തോഷം. സിനിമയാണ് എനിക്കെല്ലാം. ആലോചനയിലുണ്ടായിരുന്ന പല കഥകളും ഇനി പൂർത്തിയാക്കണം. അതിനെല്ലാം ഒരു തുടക്കമാകാൻ പെണ്ണും പൊറാട്ടിനും സാധിക്കട്ടെ...എന്തായാലും എന്റേത് ചില്ലറ സിനിമാമോഹങ്ങളല്ല...

Content Highlights: Rajesh Madhavan, known for `Maheshinte Prathikaram,` debuts as director with `Pennum Porattum.` A satirical comedy featuring a dog as the lead, it`s winning hearts!