ആക്ടിവിസം പറഞ്ഞതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല-പാർവതി തിരുവോത്ത്

സ്വയം അതിജീവിക്കുക, അതിനൊപ്പം മറ്റുള്ളവരുടെ അതിജീവനത്തിന് കൂടെനിൽക്കുക, ‘പ്രഥമദൃഷ്ട്യാ കുറ്റക്കാരി’ലെ സി.പി.ഒ. അലീനയെയും ആ കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി തിരുവോത്തിനെയും അടുപ്പിക്കുന്ന ഒരുപാട് സമാനതകളുണ്ട്. 2006-ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന സിനിമയിലൂടെ പാർവതി തിരുവോത്ത് മലയാള സിനിമയിലേക്കെത്തുമ്പോൾ സിനിമയിലെ സ്ത്രീകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയുംകുറിച്ച് സംസാരിക്കുന്ന തുറന്ന ഇടങ്ങളുണ്ടായിരുന്നില്ല. മികച്ച സിനിമകളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയതിനൊപ്പം ആ ഇടം ഉപയോഗിച്ച് സിനിമയിലെ സ്ത്രീകൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ചുകൂടി സംസാരിച്ചാണ് പാർവതി തിരുവോത്ത് മലയാള സിനിമയിലെ ഏറ്റവും ശക്തയായ നായികമാരിലൊരാളായി മാറിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെ തന്റെ സിനിമാജീവിതത്തിന്റെ ഇരുപതാം വർഷം വിജയമധുരം നുകർന്ന് പാർവതി ആഘോഷിക്കുകയാണ്.
ഈ വിജയം എത്രമാത്രം പ്രത്യേകതകൾ നിറഞ്ഞതാണ്?
സിനിമയിൽ ഞാൻ 20 വർഷം തികയ്ക്കുകയാണ്. ആ സമയത്തുതന്നെ ഇത്തരമൊരു വലിയ വിജയം ലഭിച്ചത് ഒരു ബോണസ് പോയിന്റാണ്. ഈ വിജയം വളരെ അധികം സ്‌പെഷ്യലാണ്. രണ്ടുദശാബ്ദത്തിനിടയിൽചെയ്ത ഭൂരിഭാഗം സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും വലിയ വിജയങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. ചാർലി, ഉയരെ, ടേക്ക് ഓഫ്, ബാംഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീൻ തുടങ്ങി ഒട്ടേറെ സിനിമകൾ. സോഷ്യൽ മീഡിയയിൽ എനിക്കെതിരേ ഒരുപാട് ട്രോളുകൾ വരുകയും സൈബർ ആക്രമണം നടക്കുകയും ചെയ്യുന്ന സമയത്താണ് ‘ഉയരെ’ എന്ന സിനിമ റിലീസ് ചെയ്യുന്നതും അത് പ്രേക്ഷകർ വലിയ വിജയമാക്കുകയും ചെയ്തത്. അപ്പോൾ മുതൽ ഞാൻ മനസ്സിലാക്കിയ കാര്യം, നമ്മൾ എന്തുതരം ആക്ടിവിസം പറഞ്ഞാലും നിലപാട് എടുത്താലും അതിന്റെപേരിൽ ഒരിക്കലും പ്രേക്ഷകർ നമ്മുടെ സിനിമയെ തള്ളിക്കളയില്ല എന്നതാണ്. നല്ല സിനിമയും മികച്ച പ്രകടനവുമാണെങ്കിൽ പ്രേക്ഷകർ എന്നെ എപ്പോഴും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുണ്ട്. അതിലെനിക്ക് ഏറെ സന്തോഷമുണ്ട്. ഞാൻ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമ ഒരു വലിയ ഇടവേള കഴിഞ്ഞാണ് തിയേറ്ററിലേക്കെത്തിയത്. പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമ ഒരു വലിയ വിജയമാക്കിയതിന് എല്ലാവരെയും നന്ദി അറിയിക്കുന്നു.
കരിയറിലെ ആദ്യ പോലീസ് കഥാപാത്രമാണ് സി.പി.ഒ. അലീന, ആ കഥാപാത്രത്തിലേക്കുള്ള യാത്രയെയും കഥാപാത്രമായുള്ള പ്രകടനത്തെയുംപറ്റി...
എന്റെ ആദ്യ സിനിമയായ ‘ഔട്ട്ഓഫ് സിലബസ്’ കഴിഞ്ഞ് ചെയ്തത് ‘നോട്ട്ബുക്കാ’യിരുന്നു. അതിലെ പൂജ കൃഷ്ണ എന്ന കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങൾ കിട്ടിയിരുന്നു. ‘ആ കഥാപാത്രത്തോട് എന്താണെന്നറിയില്ല വല്ലാതെ ദേഷ്യം തോന്നും, അതേസമയും, സഹാനുഭൂതിയും തോന്നുമെന്ന്’ ഒരുപാട് പ്രേക്ഷകർ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ അലീനയുടെ കാര്യത്തിലും ആയൊരു സമാനത കാണാൻപറ്റും. അലീനയെയും പൂജയെയുംപോലെ മനസ്സിലുള്ള സത്യത്തിനുവേണ്ടി സാഹചര്യങ്ങൾമൂലം തെറ്റായ കാര്യങ്ങൾ ചെയ്യേണ്ടിവരുന്ന ഒരുപിടി കഥാപാത്രങ്ങൾ കരിയറിൽ എനിക്ക് ലഭിച്ചു എന്നത് വലിയൊരു ഭാഗ്യമാണ്. സി.പി.ഒ. അലീന എന്ന കഥാപാത്രം ഒരു പോലീസുകാരി എന്നതിലുപരി ഒരു വ്യക്തി എന്നനിലയിൽ നമ്മളോട് അടുത്തുനിൽക്കുന്നത് അത്രയും നല്ലരീതിയിൽ ആ കഥാപാത്രം എഴുതപ്പെട്ടതുകൊണ്ടാണ്. അവരുടെ ഉള്ളിലെ നന്മയും സംഘർഷങ്ങളും പാളിച്ചകളുമെല്ലാം പ്രേക്ഷകന് മനസ്സിലാക്കാൻ പറ്റുന്നരീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. വിരളമായിമാത്രമേ ഏറെ അഭിനയസാധ്യതയുള്ള അത്തരം കഥാപാത്രങ്ങൾ നമ്മളെ തേടിവരുകയുള്ളൂ. അലീന അത്തരമൊന്നായിരുന്നു. അലീനയെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ സന്തുഷ്ടയാണ്.
പാർവതിയെപ്പോലെ അലീനയും ‘Never Give Up’ എന്ന കരുത്തുമായി ജീവിക്കുന്നയാളാണ്, എത്രമാത്രം അടുത്തുനിൽക്കുന്നുണ്ട് അലീന…?
അലീന എന്നോട് വളരെ അടുത്താണ് നിൽക്കുന്നത്. Never Give Up എന്ന മനോഭാവമാണ് പ്രധാനമായും ഞങ്ങളെ അടുപ്പിക്കുന്നത്. അലീനയും പാർവതിയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം എന്നുപറയുന്നത് പാർവതിക്കുള്ള വലിയ സപ്പോർട്ടിങ് സിസ്റ്റമൊന്നും അലീനയ്ക്കില്ല എന്നതാണ്. ഏത് മേഖല എടുത്തുനോക്കിയാലും നമ്മളെക്കാളും അണ്ടർ പ്രിവിലേജ്ഡ് ആയ ഒരുപാട് സ്ത്രീകളാണ് അലീനയെപ്പോലെ ഇത്തരം പല സന്ദർഭങ്ങളെയും അഭിമുഖീകരിക്കേണ്ടിവരുന്നത്. അവർ അതിനെ വളരെ ധൈര്യപൂർവം നേരിടുന്നുണ്ട്. അങ്ങനെ ആലോചിക്കുമ്പോൾ പാർവതിയും അലീനയും അത്തരം സ്ത്രീകളുമൊക്കെത്തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്.
പ്രതിസന്ധികളെ അതിജീവിക്കുന്ന അലീനയെപ്പോലുള്ള സ്ത്രീകൾ തന്നെയാണോ പാർവതിക്കും കരുത്തുനൽകുന്നത്?
എനിക്ക് ജീവിതത്തിൽ ഒരുപാട് സ്ത്രീകളുമായി നല്ല സൗഹൃദങ്ങളും സംസാരങ്ങളും ചർച്ചകളും തർക്കങ്ങളുമെല്ലാം നടത്താനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. അങ്ങനെ ഉണ്ടെങ്കിലേ നമുക്ക് ജീവിതത്തിന്റെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ മറ്റുള്ളവർ എന്തൊക്കെയാണ് തരണംചെയ്യുന്നതെന്നും അനുഭവിക്കുന്നതെന്നും മനസ്സിലാക്കാൻ പറ്റൂ. പക്ഷേ, അത്തരം സൗഹൃദങ്ങളോ ചർച്ചകൾക്കുള്ള തുറന്ന വേദികളോ ഇല്ലാത്ത ഒരുപാട് സ്ത്രീകളുണ്ട്. അലീനയെപ്പോലെയുള്ള ഒരു സ്ത്രീയാണെങ്കിൽ അവർക്ക് അത്തരം സാഹചര്യങ്ങളിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടേക്കാം. അലീനയെ സംബന്ധിച്ച് അവരെപ്പോലെ അവർ മാത്രമേയുള്ളൂ. അതുകൊണ്ട് ആരോടും തന്റെ കാര്യങ്ങൾ തുറന്നുസംസാരിക്കാൻ പറ്റില്ല. എന്നാൽ, ഒറ്റപ്പെടൽ എന്താണെന്ന് അലീനയ്ക്കറിയാം. അതുകൊണ്ട് ആയൊരു അനുകമ്പയും കൂടെനിർത്തലും ദിവ്യച്ചേച്ചിയോട് അവർ കാണിക്കുന്നുണ്ട്. തന്റെ കൂടെനിൽക്കാൻ ആരുമില്ലെങ്കിലും മറ്റുള്ള സ്ത്രീകളെ പിന്തുണയ്ക്കണം എന്ന് അവർക്കുണ്ട്. അതിജീവനം എന്നു പറഞ്ഞാൽ സ്വയം അതിജീവിക്കുക മാത്രമല്ല മറ്റുള്ളവരുടെ അതിജീവനത്തിന് കൂടെ നിൽക്കുക എന്നതുകൂടിയാണെന്ന് അലീന നമ്മോടുപറയുന്നു. സിനിമയിൽ ആദ്യം പോലീസ് പരിശീലനം കാണിക്കുന്ന പാട്ടിൽത്തന്നെ അലീനയുടെ ആയൊരു സഹാനുഭൂതി പ്രേക്ഷകന് കാണിച്ചുകൊടുക്കുന്നുണ്ട്.
സിനിമയിൽ കുട്ടേട്ടനും (വിജയരാഘവൻ) പാർവതിയും മത്സരിച്ച് അഭിനയിച്ചു എന്ന് വിലയിരുത്തലുണ്ട്, അതിനെപ്പറ്റി..
അങ്ങനെ അഭിനയത്തിൽ മത്സരം എന്നുപറഞ്ഞ സംഭവമില്ല. കുട്ടേട്ടൻ ദീർഘകാലത്തെ അഭിനയപരിചയമുള്ള, അനായാസമായി ഏത് കഥാപാത്രത്തെയും അവതരിപ്പിക്കുന്ന അഭിനേതാവാണ്. അദ്ദേഹവുമായി മത്സരിച്ച് അഭിനയിച്ചു എന്ന് പറയാനുള്ള യോഗ്യതപോലും എനിക്കില്ല. അത്തരത്തിൽ ഞാനും കുട്ടേട്ടനും രണ്ടുലെവലിൽ നിൽക്കുന്ന ആൾക്കാരാണ്. എന്നാൽ, ഞാനും കുട്ടേട്ടനും കഥാപാത്രങ്ങളായി മത്സരിച്ച് അഭിനയിച്ചു എന്ന് പ്രേക്ഷകർ പറയുമ്പോൾ സന്തോഷമുണ്ട്. കാരണം അവർക്ക് അത്രയും ആസ്വദിച്ച് ആ കഥാപാത്രങ്ങളെ സ്‌ക്രീനിൽ കാണാൻപറ്റി എന്നതാണ് ആ പ്രശംസയുടെ അർഥം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
പുതിയ സിനിമകൾ...
ഹിന്ദിയിൽ ഇപ്പോൾ രണ്ടുസിനിമകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടാതെ ഹൃത്വിക് റോഷൻ നിർമിക്കുന്ന ആമസോൺ സീരിസായ സ്റ്റോം, തെലുഗിൽ നാഗചൈതന്യയ്ക്കൊപ്പം ധൂത-സീസൺ 2 എന്നിവയും വരുന്നുണ്ട്. ഈ വർഷം അവസാനം മലയാളത്തിലും ഹിന്ദിയിലുമായി രണ്ട് പുതിയ പ്രോജക്ടുകൾ തുടങ്ങാനുണ്ട്.
സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbiurl.in/movies
Content Highlights: Celebrating her 20th year in Malayalam cinema, actor Parvathy Thiruvothu reflects on playing CPO Aleena in the hit film Pradhamadrishtya Kuttakkar, sharing insights on her career journey, audiences' unwavering support, and her upcoming projects.