ഗുരുനാഥനായ ദേവരാജൻ മാസ്റ്റർക്ക് ദേശീയ പുരസ്കാരം കിട്ടാത്തതിൽ ഇന്നും ദുഃഖമുണ്ട് -ഔസേപ്പച്ചൻ | INTERVIEW

സപ്തതിയുടെ നിറവിലാണ് പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ. അദ്ദേഹത്തിന്റെ സംഗീതജീവിതവും അരനൂറ്റാണ്ട് പിന്നിടുന്നു. 1978-ൽ ഭരതന്റെ ‘ആരവ’ത്തിൽ സംഗീതസംവിധാനം നിർവഹിച്ച് തുടക്കം. ഈ വർഷം അഭിലാഷ് ബാബുവിന്റെ കൃഷ്ണാഷ്ടമി എന്ന സിനിമയ്ക്കാണ് ഏറ്റവുമൊടുവിൽ സംഗീതസംവിധാനം നിർവഹിച്ചത്. കൃഷ്ണാഷ്ടമിയിൽ തന്റെ ഗുരുനാഥനായ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയ്ക്ക് ഈണംനൽകി പാടാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ഇതിനകം 200-ലധികം സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ച ഔസേപ്പച്ചൻ പാട്ടിനെക്കുറിച്ചും അതു നൽകിയ ഊർജത്തെക്കുറിച്ചും സംസാരിക്കുന്നു...
ഏറ്റവും ഒടുവിൽ സംഗീതസംവിധാനംചെയ്ത കൃഷ്ണാഷ്ടമിയിലെ പാട്ടിനെക്കുറിച്ച് പറയാമോ...
1968-ൽ ഒല്ലൂർ ഗവ. ഹൈസ്കൂളിൽ 10-ാം ക്ളാസിൽ പഠിക്കുമ്പോൾ എന്റെ ക്ളാസ് അധ്യാപകനായിരുന്നു വൈലോപ്പിള്ളി. ഹിന്ദിയാണ് അന്ന് പഠിപ്പിച്ചിരുന്നത്. അദ്ദേഹം ഒരു മഹാകവിയാണെന്ന കാര്യമൊന്നും അന്ന് എനിക്കറിയില്ലായിരുന്നു. കാരണം അദ്ദേഹം പഠിപ്പിച്ചിരുന്നത് ഹിന്ദിയായിരുന്നു, മലയാളമല്ല. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഒരു കവിതയ്ക്ക് സംഗീതം നൽകാനും പാടാനും ഭാഗ്യം ലഭിച്ചിരിക്കുന്നു. ഇത് മഹാകവിക്കുള്ള വിനീതശിഷ്യന്റെ ഗുരുദക്ഷിണ. കൃഷ്ണാഷ്ടമി എന്ന കവിതയിലെ കാലിക്കുളമ്പണി മൺപൊടിതാവും പീലിത്തിരുമുടി കെട്ടിപ്പാൻ... എന്നതാണ് ഈ ഗാനം.
70-ാം വയസ്സിലും വരികളുടെ ആത്മാവറിയുന്ന സംഗീതവും ആലാപനവും എങ്ങനെ ഇത്ര അനായാസം സാധിക്കുന്നു
സംഗീതം ഹൃദയത്തിൽനിന്നുവരണം. എന്നാൽമാത്രമേ അതിന് പൂർണതയുള്ളൂ. ഞാനിതെപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ പാട്ടിൽ അത് വ്യക്തമാണ്. ഞാൻ പഠിപ്പിക്കുന്നവരോടെല്ലാം ഇത് പറയാറുണ്ട്. കുറെയൊക്കെ ഞാൻ വിജയിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഇന്നത്തെ തലമുറയ്ക്ക് വിഷയമല്ല. ഹൃദയരാഗങ്ങളെയും ശുദ്ധസംഗീതത്തെയും പ്രണയിക്കുന്ന കുറച്ചുപേർ ഇപ്പോഴും നമുക്കുചുറ്റുമുണ്ട്. അതാണ് ഏക ആശ്വാസം.
ഇപ്പോഴും ലൈവാണല്ലോ? എങ്ങനെ സാധിക്കുന്നു
സംഗീതമാണെന്റെ ഊർജം. അതിനോടു മാത്രമാണ് എനിക്ക് ഇഷ്ടം. റെക്കോഡിങ് ഉള്ള ദിവസം പുലർച്ചെ അഞ്ചിന് ഉണരും. ഒരുദിവസം 18 മണിക്കൂർവരെയും ജോലിചെയ്യാൻ മടിയില്ല. ദിവസവും 16 കിലോമീറ്റർ നടക്കും. ധാരാളം സംസാരിക്കും. കഴിയുന്നതും ലിഫ്റ്റ് ഒഴിവാക്കും. 70 വയസ്സുകാരൻ ചെയ്യുന്ന കാര്യങ്ങളല്ല ഞാൻ ചെയ്യുന്നത്. നല്ലസംഗീതം കേൾക്കും. അത് ഉറക്കത്തിനുപോലും നല്ലതാണ്. എല്ലാ ദിവസവും വയലിൻ വായിക്കും. നല്ല തിരക്കുള്ള ദിവസങ്ങളിൽ മാത്രമേ അത് മുടക്കാറുള്ളൂ. അതിൽ ഇനി കൂടുതലൊന്നും ചെയ്യാനില്ലെന്നറിയാം. പക്ഷേ, ഞാൻ വയലിനിൽ ഇപ്പോൾ ചെയ്യുന്നത് തുടരാൻ അത് ആവശ്യമാണ്. സംഗീതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.
സംഗീതജീവിതത്തിൽ മനസ്സിനെ തൊട്ട സംഭവങ്ങളെക്കുറിച്ച്
ടച്ചിങ് എന്നു പറഞ്ഞാൽ മനസ്സിൽ വേദനയുണ്ടാക്കുന്നതെന്നാണ് അർഥം. സിനിമാസംഗീതത്തിൽ ഓരോ സന്ദർഭത്തിനനുസരിച്ച് ഈണമിടും. ഹൃദയസ്പർശിയായ ഒരുപാട് ഈണങ്ങൾ കൊടുക്കാനായി. ആകാശദൂതിലെ രാപ്പാടി കേഴുന്നുവോ എന്ന ഗാനം ഒരുദാഹരണം. ഒരേ കടലിലെ അഞ്ചു പാട്ടുകൾ ചിട്ടപ്പെടുത്തിയത് ശുഭപന്തുവരാളി രാഗത്തിലാണ്. ശരിക്കും വെല്ലുവിളിയായിരുന്നു അത്. അഞ്ച് വ്യത്യസ്ത പാട്ടുകൾ ഒരേ രാഗത്തിൽ ചെയ്യുമ്പോൾ വ്യത്യസ്തത കൊണ്ടുവരാൻ പ്രയാസമാണ്. ഒരേ കടലിലെ പാട്ടുകൾ ഗിന്നസ് റെക്കോഡാണ്. 2007-ൽ ഇതിലെ പാട്ടുകൾക്ക് ദേശീയ അവാർഡ് കിട്ടി. എന്റെ പ്രിയസുഹൃത്തായിരുന്ന ജോൺസണ് 1994-ലും 1995-ലും ദേശീയ അവാർഡ് കിട്ടി. (1994-ൽ പൊന്തൻമാടയ്ക്കും 1995-ൽ സുകൃതത്തിനും). മലയാളത്തനിമയുള്ള എത്രയോ പാട്ടുകൾ ചെയ്തിട്ടും ഞങ്ങളുടെ ഗുരുനാഥനായ ദേവരാജൻമാഷിന് സംഗീതസംവിധായകനുള്ള ദേശീയ അവാർഡ് കിട്ടിയില്ല. ഈ ദുഃഖം ഇന്നും എന്റെ മനസ്സിലുണ്ട്.
പുതുതലമുറയിലെ ഗായകരോട് പറയാനുള്ളത്
നമ്മൾ സംഗീതമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മുഴുവൻസമയവും അതിനായി നീക്കിവെക്കുക. സംഗീതത്തെ ഹൃദയത്തോട് ചേർത്തുനിർത്തുക. ചെയ്യുന്നത് ഒരു ജോലിയാണെന്ന് ഒരിക്കലും തോന്നരുത്. നല്ല ആരോഗ്യവും സാമ്പത്തികഭദ്രതയും കാത്തുസൂക്ഷിക്കുക. സംഗീതവും മാറ്റങ്ങൾക്ക് വിധേയമാണ്. ഞാൻ ഈ മേഖലയിൽ ഇന്ന് ഒരുപാട് സീനിയറാണ്. പുതിയ മാറ്റങ്ങൾ ഞാനും ഉൾക്കൊള്ളണം. എന്നാലേ പിടിച്ചുനിൽക്കാനാകൂ. പുതിയ കാര്യങ്ങൾ പഠിക്കാൻ ഞാനിപ്പോഴും ശ്രദ്ധിക്കാറുണ്ട്. പുതുതലമുറ ഗായകരും ഇതുതന്നെ ചെയ്യണം.
സംഗീതവും കുടുംബവും
സംഗീതംപോലെത്തന്നെയാണ് എന്റെ കുടുംബവും. ശ്രുതിയും താളവും ലയവുമെല്ലാം ചേർന്ന ഗാനംപോലെയാണത്. ഭാര്യ മറിയം. മൂത്തമകൻ കിരൺ. ഇളയമകൻ അരുൺ. രണ്ടുപേരും ഐടി മേഖലയിൽ ജോലിചെയ്യുന്നു.
Content Highlights: Renowned composer Ouseppachan celebrates his 70th birthday. Reflecting on his 5-decade career, he shares insights on music, his guru`s unawarded legacy, and the enduring power of melody.