ഒരിക്കലും അകലാൻ തോന്നാത്ത സുഹൃത്ത്, എനിക്കിന്നും അത്ഭുതമാണ് മോഹൻലാൽ - സത്യൻ അന്തിക്കാട്

ആലങ്കാരികമായി പറയുന്നതല്ല എനിക്കിന്നും അതിശയമാണ്, അത്ഭുതമാണ് മോഹൻലാൽ... പറയുകയാണ് മലയാളത്തിന്റെ സ്വന്തം സത്യൻ അന്തിക്കാട്. മലയാളികൾക്കെന്നും കംഫർട് സോൺ സിനിമകൾ സമ്മാനിക്കുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാടിന്റേത്. കളിയിൽ അൽപം കാര്യം എന്ന ചിത്രത്തിലെ വിനയനിൽ തുടങ്ങി ഹൃദയപൂർവത്തിലെ സന്ദീപ് ബാലകൃഷ്ണനിൽ എത്തിനിൽക്കുമ്പോൾ ഈ ഹിറ്റ് കൂട്ടുകെട്ട് സമ്മാനിച്ചത് നിരവധി ഹിറ്റുകൾ. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ പ്രിയ സുഹൃത്തിനെക്കുറിച്ച്, ഹിറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് സത്യൻ അന്തിക്കാട് മനസ് തുറക്കുന്നു
നാല് പതിറ്റാണ്ടിന്റെ സൗഹൃദം, പിണങ്ങിയിരുന്നിട്ടുപോലും ലാൽ അതറിഞ്ഞില്ല
നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ലാലുമായുള്ള സൗഹൃദത്തിന്. മോഹൻലാൽ എന്ന സുഹൃത്ത് വ്യക്തിപരമായി എനിക്ക് ഏറ്റവും ബഹുമാനം തോന്നുന്ന ഒരു വ്യക്തിയാണ്. ഒരിക്കൽ പോലും നമുക്ക് അകലാൻ തോന്നാത്ത ഒരു സുഹൃത്താണ്. ഞാൻ മോഹൻലാലിനോട് പിണങ്ങിയിട്ടുണ്ട്, മോഹൻലാലിനോട് പിണങ്ങി കുറേനാൾ ഒന്നിച്ച് സിനിമ ചെയ്യാതിരുന്നിട്ടുണ്ട്. പക്ഷേ ലാൽ അത് അറിഞ്ഞിട്ടില്ല. പിന്നീട് പറയുമ്പോഴാണ് ലാൽ അറിയുന്നത്. എനിക്ക് മോഹൻലാലിനെ ഞാൻ ആഗ്രഹിക്കുന്ന സമയത്ത് കിട്ടാത്തത് കൊണ്ടായിരുന്നു എന്റെ ഉള്ളിലെ ആ പിണക്കം. അത് പിണക്കം മാത്രമാണ് ദേഷ്യം അല്ല. പക്ഷേ ലാൽ അതുപോലും അറിഞ്ഞിട്ടില്ല. രസതന്ത്രം ചെയ്യുന്നതിന് മുമ്പ് 12 വർഷത്തോളം മോഹൻലാലിനുമായി ഒന്നിച്ച് ഞാൻ സിനിമ ചെയ്യാതിരുന്നിട്ടുണ്ട്. പക്ഷേ ലാലും ഞാനും കൂടി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് തോന്നിയത് ഇന്നലെ ലാൽ എന്റെ സെറ്റിൽ നിന്നും പോയിട്ടുള്ളൂ എന്നാണ്. വ്യക്തിപരമായി നമ്മളെ അത്രയയധികം കംഫർട്ടബിൾ ആക്കുന്ന ഒരാളാണ് മോഹൻലാൽ. എനിക്ക് സിനിമയ്ക്ക് അകത്തെ ലാൽ പുറത്തെ ലാൽ എന്നില്ല. ഞങ്ങൾ ഒന്നിച്ച് ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ്.
മോഹൻലാൽ എന്ന അത്ഭുതം, മലയാളത്തിന്റെ ഭാഗ്യം
ഞാൻ ആലങ്കാരികമായിട്ട് പറയുന്നതല്ല, മോഹൻലാൽ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഒരു അതിശയമാണ്, അത്ഭുതമാണ്. ഒരു നടൻ അയാൾ അഭിനയിക്കുന്നതാണ് എന്ന് തിരിച്ചറിയാത്ത രീതിയിലാണ് നമ്മുടെ മുമ്പിൽ പെർഫോം ചെയ്യുന്നത്. ഒരു കഥാപാത്രത്തെ പറ്റി പറഞ്ഞു കഴിഞ്ഞാൽ അയാളുടെ എല്ലാ സവിശേഷതകളും ഉൾക്കൊണ്ട് അയാളായി മാറുന്ന അപൂർവ പ്രതിഭാസം. എന്നെക്കാൾ കൂടുതൽ ഹൃദയപൂർവ്വത്തിലെ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ മോഹൻലാൽ വിശ്വസിച്ചിട്ടുണ്ട്. കളിയിൽ അൽപം കാര്യത്തിലെ വിനയനായാലും സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കർ ആയാലും ഗാന്ധിനഗറിലെ ഗൂർഖയായാലും എല്ലാം ആ കഥാപാത്രം ചെയ്യുമ്പോൾ അത് തന്നെയാണ് അയാൾ എന്ന് നമ്മളെ തോന്നിപ്പിക്കുന്ന നടനാണ്. മലയാളത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് മോഹൻലാൽ.
ടി.പി ബാലഗോപാലൻ എന്ന സാധാരണക്കാരൻ
ഞാനും മോഹൻലാലും ഒന്നിച്ച സിനിമകളിൽ വൈകാരികമായി എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് ടി.പി ബാലഗോപാലൻ എം.എയാണ്. എന്റെ ആദ്യത്തെ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ഞാനും മോഹൻലാലും ശ്രീനിവാസനും ക്യാമറമാൻ വിപിൻ മോഹനും ഉൾപ്പെടുന്ന കോമ്പോ ആദ്യമായി ഒന്നിച്ചത് ടി.പി ബാലഗോപാലൻ എംഎ യിലൂടെയാണ്. ഞാനും ശ്രീനിയും പരസ്പരം കണ്ടെത്തിയ സിനിമയാണത്. ഇടത്തരക്കാരുടെ ജീവിതം സരസമായി പറഞ്ഞാൽ അത് പ്രേക്ഷകർക്ക് ഇഷ്ടമാവും എന്നുള്ള ഒരു വഴി തുറന്നുവിട്ട ചിത്രമാണിത്. എന്റെ വഴി എനിക്ക് മുമ്പിൽ തെളിഞ്ഞ ആദ്യത്തെ സിനിമയാണ് ടി പി ബാലഗോപാലൻ. അതുകൊണ്ട് ഏറെ പ്രിയപ്പെട്ട സിനിമയുമാണ്.
അപ്പുണ്ണി എന്ന പടത്തിലാണ് മോഹൻലാൽ എന്റെ സിനിമയിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് ആ സിനിമതൊട്ട് ഓരോ സിനിമ ചെയ്യുമ്പോഴും ഒരു കഥാപാത്രം വന്നാൽ ഇത് മോഹൻലാൽ ചെയ്താൽ നന്നാവും എന്ന് വിചാരിച്ചിട്ട് തന്നെയാണ് തുടങ്ങുന്നത് . സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപ്പണിക്കർ, മോഹൻലാൽ അല്ലാതെ മറ്റൊരാളെ നമുക്ക് ചിന്തിക്കാൻ പറ്റില്ല. അതുപോലെ പിൻഗാമിയിലെ ക്യാപ്റ്റൻ വിജയ് മേനോൻ.. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. മോഹൻലാൽ അഭിനയിച്ചാൽ നന്നാവും എന്ന് തോന്നുന്ന സിനിമകളിൽ മാത്രമേ ഞാൻ മോഹൻലാലിനെ കാസ്റ്റ് ചെയ്തിട്ടുള്ളൂ.
ഹൃദയം നിറച്ച ഹൃദയപൂർവം
എല്ലാ സിനിമയും തിയേറ്ററിലെത്തുന്നത് വരെ ടെൻഷനാണ്. ആളുകൾക്ക് ഇഷ്ടപെടും എന്ന് വിചാരിച്ച് നമ്മൾ ഒരു സിനിമ ചെയ്തു കൊടുക്കുമ്പോൾ അവരത് സ്വീകരിക്കും എന്നാണല്ലോ പ്രതീക്ഷ. പ്രത്യേകിച്ച് ഞാനും മോഹൻലാലും കൂടി ചെയ്തിട്ടുള്ള ഒരുപാട് സിനിമകൾ മലയാളികൾ ഏറ്റെടുത്തിട്ടുള്ളതാണ്. ഈ ഓണക്കാലത്ത് ഏറ്റവും വലിയ സമാധാനം ഹൃദയപൂർവം കുടുംബങ്ങൾ ഏറ്റെടുത്തു എന്നുള്ളത് തന്നെയാണ്. ഞങ്ങൾ കാണാൻ കൊതിച്ചൊരു മോഹൻലാലിനെ കാണാൻ സാധിച്ചു എന്നാണ് പലരും പറയുന്നത്. ഞാനും അതുതന്നെയാണ് ചിന്തിച്ചത്. ഈ കഥ ഉണ്ടായ സമയത്ത്, ഇതിന്റെ ആശയം ഉണ്ടായ സമയത്ത് ഞാൻ ലാലിനോട് പറഞ്ഞത് വളരെ സാധാരണക്കാരനായ ഒരാളുടെ കഥയാണ് എന്നാണ്. മോഹൻലാൽ എന്ന നടന്റെ നമുക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഭാവങ്ങളും ചേർത്ത് കൊണ്ടാണ് ഹൃദയപൂർവ്വത്തിലെ സന്ദീപിനെ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്റെ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്ന ചിത്രം തന്നെയാണ് ഹൃദയപൂർവ്വം
മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമ, മലയാളികളുടെ കംഫർട് സോൺ
സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്ന് മാറി സിനിമ ചെയ്യുന്ന ഒരാളല്ല ഞാൻ. വിദേശ സിനിമകൾ കണ്ടിട്ട്, എനിക്ക് അറിയാത്ത സങ്കല്പ ലോകത്തിലെ കഥകൾ അധികം ചെയ്യാറില്ല. നമ്മൾ ചെയ്യുന്നത് എപ്പോഴും നാട്ടിൽ നമുക്ക് പരിചയമുള്ള ആളുകളുടെ കഥകളും കഥാപാത്രങ്ങളുമാണ്. ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞിരുന്നു ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ഞാൻ മോഷ്ടിച്ചതാണെന്ന്. ആളുകളൊക്കെ അത്ഭുതപ്പെട്ടുപോയി. പുള്ളി പറഞ്ഞത് അത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഞാൻ മോഷ്ടിച്ചതാണ് എന്നാണ്. അതുപോലെ നമ്മൾ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിന്നുമാണ് കഥകൾ ഉണ്ടാക്കുന്നത്. ഞാൻ കണ്ടതും എന്റെ അനുഭവത്തിൽ ഉള്ളതും എന്നോട് എന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ളതുമായ അനുഭവങ്ങൾ ആണ് പലപ്പോഴും സിനിമയ്ക്ക് ആസ്പദമാകാറുള്ളത്. അതുകൊണ്ട് സ്വാഭാവികമായിട്ടും അത് സാധാരണ പ്രേക്ഷകർക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്നതായി മാറുന്നു.
അനൂപ്-അഖിൽ സിനിമകളിലെ സത്യൻ അന്തിക്കാട് ടച്ച്
അനൂപിനോടും അഖിലിനോടും ഞാൻ പറഞ്ഞിട്ടുള്ളതും അവർ ശ്രദ്ധിക്കുന്നതും ജീവിതഗന്ധിയായ സിനിമകൾ ചെയ്യണം എന്നാണ്. ഇവർ രണ്ടുപേരും സ്വതന്ത്രരായി ചെയ്ത രണ്ട് സിനിമകളും അതുപോലെതന്നെയാണ്. വരനെ ആവശ്യമുണ്ട് എന്ന സിനിമയും പാച്ചുവും അത്ഭുതവിളക്കും രണ്ടും എന്റെ സിനിമകളോട് ചേർന്നുനിൽക്കുന്നതാണ്. ഒരു സംവിധായകന്റെ സിനിമ ആ സംവിധായകന്റെ സ്വഭാവമായിട്ടും അയാൾ ജീവിച്ച ജീവിതസാഹചര്യങ്ങളുമായിട്ടും ഒത്തുപോകും എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ അവർ ആ രീതിയിലാണ് സിനിമകൾ ചെയ്യുന്നത് ഹൃദയപൂർവ്വത്തിന്റെ കഥ അഖിലിന്റേതാണ്. ഇതിന്റെ അസോസിയേറ്റ് ഡയറക്ടർ അനൂപ് ആണ്. ഞാൻ പോകുന്ന വഴിയിലൂടെ തന്നെ പക്ഷേ അതിൽ കുറച്ചുകൂടെ മോഡേൺ ആയിട്ടുള്ള ചിന്തകളിലൂടെയാണ് രണ്ടുപേരും പോകുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ തിരക്കഥ അനൂപ് എന്റെയടുത്ത് ആദ്യം വന്നു പറഞ്ഞപ്പോൾ എനിക്കതിൽ കുറെ തിരുത്തലുകൾ വേണമെന്ന് തോന്നിയിരുന്നു. പക്ഷേ ഒരു തിരുത്തലും അവൻ വരുത്തിയില്ല. അവനവന്റെ ഇഷ്ടത്തിന് തന്നെയാണ് ആ സിനിമ ചെയ്തത്. പക്ഷേ അത് തിയേറ്ററിൽ കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. അഖിലായാലും അനൂപ് ആയാലും അവർ സ്വന്തം വഴിയിലൂടെയാണ് നടക്കുന്നത്. അവരുടെ സ്വാതന്ത്ര്യത്തിൽ ഞാൻ ഇടപെടാറില്ല
ഒരുപാട് മിസ് ചെയ്യുന്നുണ്ട് ഒടുവിലിനെ, ലളിത ചേച്ചിയെ, ഇന്നസെന്റിനെ, മാമുക്കോയയെ, ശങ്കരാടിയെ.....
എന്റെ അഭിനേതാക്കളെ എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ഞാൻ അപ്പുണ്ണി കണ്ടു, അതുപോലെ പൊന്മുട്ടയിടുന്ന താറാവ് കണ്ടു .വല്ലാത്ത മിസ്സിംഗ് ആണത്, പറഞ്ഞാൽ തീരുന്നതല്ല. ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി, ലളിത ചേച്ചി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയവരെ മിസ് ചെയ്തുകൊണ്ട് ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് എന്ന് സംബന്ധിച്ചിടത്തോളം ഏറ്റവും വേദനാജനകമായ കാര്യമാണ്. പക്ഷേ നമുക്കറിയാം അനിവാര്യമായതാണ് വേർപാട് എന്നത്. പക്ഷേ എന്റെ ഒരു വലിയ സമാധാനം എന്തെന്ന് വെച്ചാൽ അവർക്ക് നല്ല ആരോഗ്യമുള്ള സമയത്ത്, അവരുടെ മുഴുവൻ ഊർജ്ജവും ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും കൂടുതൽ അവരെ എന്റെ സിനിമകളിലേക്ക് ഉപയോഗിക്കാൻ സാധിച്ചു എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും സമാധാനവും.
ഇപ്പോഴും ഓരോ കഥ എഴുതുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് അത്. അവർ പോയി എന്നുള്ളത് യാഥാർഥ്യം തന്നെയാണ് . പക്ഷേ പുതുതലമുറയിലെ ഒരുപാട് ബ്രില്ല്യന്റ് ആയിട്ടുള്ള അഭിനേതാക്കൾ ഉണ്ട്. പുതിയ ആളുകളെ കണ്ടെത്തണം. അത് കുറച്ച് ഭാരപ്പെട്ട പണിയാണ്. മുമ്പ് കുറച്ചുകൂടി എളുപ്പമായിരുന്നു, കാരണം ചില കഥാപാത്രങ്ങൾ മനസ്സിൽ വരുമ്പോൾ തന്നെ അത് ലളിത ചേച്ചി ആണ് അല്ലെങ്കിൽ ഇന്നസെന്റ് ആണ് അല്ലെങ്കിൽ അത് മാമുക്കോയയോ ഒടുവിലോ ആണ് എന്ന് നമുക്ക് ചിന്തിക്കാൻ പറ്റും. ഇനിയുള്ള ടാസ്ക് എന്ന് പറയുന്നത് കഥാപാത്രങ്ങൾ രൂപപ്പെട്ട് അതിന് ചേരുന്ന കഴിവുള്ള അഭിനേതാക്കളെ കണ്ടെത്തണം എന്നതാണ്. കണ്ടെത്താൻ പറ്റും കാരണം കാലം മാറിക്കൊണ്ടിരിക്കുകയല്ലേ..
Content Highlights: Sathyan Anthikad opens up about his four-decade friendship with Mohanlal, their hit collaborations, and the magic of Mohanlal`s acting.