വിജയ്ക്കൊപ്പം അഭിനയിച്ചത് 'ട്രഷർ മൊമന്റ്', സിനിമയിലെ നായകൻ എന്ന സ്ഥാനത്തിൽ വിശ്വസിക്കുന്നില്ല -മാത്യു തോമസ് | INTERVIEW

മാത്യു തോമസ് നായകനായ ഫാന്റസി ഹൊറർ കോമഡി ത്രില്ലർ ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. എ ആൻഡ് എച്ച്എസ് പ്രൊഡക്‌ഷൻസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ.
നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് റിലീസ് ആയിരിക്കുന്നു. സിനിമയെക്കുറിച്ച്
നെല്ലിക്കാംപൊയിൽ എന്നൊരു സാങ്കല്പികഗ്രാമത്തിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് നെല്ലിക്കാംപൊയിൽ നൈറ്റ്‌റൈഡേഴ്‌സ് എന്ന സിനിമ. സിനിമയിൽ ശ്യാം എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. മംഗലാപുരത്തുനിന്ന് എൻജിനിയറിങ് പരീക്ഷകഴിഞ്ഞ് നാട്ടിലെത്തുകയാണ് ശ്യാം. പിന്നീട് അവിടെയുണ്ടാകുന്ന അപ്രതീക്ഷിതസംഭവങ്ങളും നാട്ടിലെ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ശ്യാം അവയെ എങ്ങനെ നേരിടുന്നു എന്നതൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. നെല്ലിക്കാംപൊയിൽ നൈറ്റ്‌റൈഡേഴ്‌സ് ഒരു ഹൊറർ കോമഡി ഫാന്റസി ചിത്രം മാത്രമല്ല, റൊമാൻസും ആക്‌ഷനും കോമഡിയും സസ്പെൻസും എല്ലാം ഉൾക്കൊള്ളുന്നുണ്ട്. എല്ലാതരത്തിലുമുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നവിധമാണ് സിനിമ ഒരുക്കിയത്.
മാത്യുവിന്റെ ഇരുപതാമത്തെ സിനിമയാണിത്. മുൻസിനിമകളിലെ മിക്കതിലുമുള്ള ടീനേജ്, സ്‌കൂൾ ബോയ് കഥാപാത്രങ്ങളിൽനിന്നുള്ള മാറ്റം ഈ കഥാപാത്രത്തിനുണ്ടോ?
ഒരു അഭിനേതാവെന്നനിലയിൽ ഈ സിനിമയിലൂടെ കുറെയധികം പുതിയകാര്യങ്ങൾ ചെയ്യാനായി. ഇതുവരെ ചെയ്തതിൽവെച്ച് അല്പംകൂടി പക്വതയുള്ള ഒരു കഥാപാത്രത്തിലേക്കുള്ള മാറ്റം അല്ലെങ്കിൽ ട്രാൻസിഷനായിരുന്നു ഈ സിനിമ. പഠനം പൂർത്തിയാക്കി എത്തുന്ന ശ്യാമിന് സിനിമ മുന്നോട്ടുപോകുന്തോറും പക്വതകൈവരുകയാണ്. പലതരം സംഭവവികാസങ്ങളിലൂടെ കഥാപാത്രത്തിന് മെച്യൂരിറ്റി ഉണ്ടാവുന്നു. ആ മാറ്റം സിനിമയിൽ കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. ശ്യാമിനെ അവതരിപ്പിക്കാനായതിൽ വളരെയധികം സന്തോഷം. ഇതെന്നെ വിശ്വസിച്ച് ഏൽപ്പിച്ച സംവിധായകനും പിന്നണിപ്രവർത്തകർക്കും നന്ദി.
മുൻസിനിമകളിലെ സഹകഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായി, മാത്യു നായകനാണ് സിനിമയിൽ?
നായകൻ, സഹകഥാപാത്രം, അല്ലെങ്കിൽ സിനിമയെ ലീഡ് ചെയ്യുന്ന ആൾ എന്നിങ്ങനെയുള്ള സ്ഥാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. സിനിമയിൽ നായിക, നായകൻ എന്നിവർക്ക് പ്രാധാന്യമുണ്ടെങ്കിൽപ്പോലും സിനിമ ഒരു കൂട്ടായ പ്രവർത്തനമാണ് എന്നു കരുതാനാണ് എനിക്കിഷ്ടം. സംവിധായകന്റെ വീക്ഷണമാണ് സിനിമ. സംവിധായകനാണ് സിനിമയെ നയിക്കുന്ന ആൾ. നമ്മൾ അതിന്റെ ഭാഗമാണ്. ഈ സിനിമയിൽ ഞാൻ നായകനാണ് എന്നൊരു തോന്നൽ എനിക്കില്ല. സഹകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരുടെ സഹായമില്ലാതെ എനിക്ക് ഒറ്റയ്ക്ക് ഒന്നുംതന്നെ ചെയ്യാനാവില്ല. സംവിധായകൻ, രചയിതാക്കൾ, ക്യാമറാമാൻ, അഭിനേതാക്കൾ തുടങ്ങി ഒരുപാടുപേരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് സിനിമ.
ഈ സിനിമയുടെ തിരഞ്ഞെടുപ്പിലേക്ക് നയിച്ച ഘടകം
സിനിമയുടെ സംവിധായകൻ നൗഫൽ അബ്ദുള്ള പ്രശസ്ത എഡിറ്റർകൂടിയാണ്. അദ്ദേഹം ആദ്യമായാണ് സംവിധാനം ചെയ്യുന്നതെങ്കിലും സുഡാനി ഫ്രം നൈജീരിയ, നെയ്മർ, കപ്പേള തുടങ്ങി ധാരാളം സിനിമകളുടെ എഡിറ്റിങ് നിർവഹിച്ചിട്ടുണ്ട്. നൗഫലിക്കയെ എനിക്ക് മുൻപേ പരിചയമുണ്ട്. ഒരു എഡിറ്റർ സംവിധാനം ചെയ്യുമ്പോൾ, അത് സാങ്കേതികത്തികവുള്ള സിനിമയായിരിക്കും എന്ന് തോന്നിയിരുന്നു. ‘പ്രണയവിലാസം’ എന്ന സിനിമയുടെ എഴുത്തുകാരായ ജ്യോതിഷും സുനുവുമാണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ജ്യോതിഷ് കഥപറയുമ്പോൾത്തന്നെ രസകരമായിരുന്നു. ചിരിക്കാനുള്ള കുറെ ഭാഗങ്ങളുണ്ടായിരുന്നു. അത് സിനിമ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണമായി. കൂടാതെ ശ്യാം എന്ന കഥാപാത്രത്തെയും എനിക്ക് ഇഷ്ടമായി.
സിനിമയിലെ ആക്‌ഷൻ രംഗങ്ങൾക്കുവേണ്ടി പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ?
ആക്‌ഷൻ രംഗങ്ങൾക്കായി തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. എന്നാൽ, കഥാപാത്രം ഭംഗിയാക്കാൻവേണ്ടി ചില കാര്യങ്ങൾ ചെയ്തിരുന്നു. കഥാപാത്രത്തിന് ചില മാനറിസങ്ങളും പ്രത്യേക ശൈലികളും നൽകാൻ ശ്രമിച്ചിരുന്നു. ആക്‌ഷൻ രംഗങ്ങൾക്ക് നേതൃത്വം നൽകിയത് കലൈ കിങ്‌സനാണ്. എന്റെ ലൗലി എന്ന സിനിമയിലും ഇനി റിലീസ് ചെയ്യാനിരിക്കുന്നതായ സിനിമയിലും കലൈയുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഫൈറ്റ് രംഗങ്ങളായതിനാൽ അതിന്റേതായ ബുദ്ധിമുട്ടുകളും പരിക്കുകളും ഉണ്ടായിരുന്നു. ആക്‌ഷൻ രംഗങ്ങൾക്ക് ശാരീരികമായ അധ്വാനം വേണ്ടിവരും. കായികപരമായ പലകാര്യങ്ങളും ചെയ്തു. അപ്പോൾ അവിടെയുമിവിടെയും തട്ടിയും മുട്ടിയും മുറിവുപറ്റുക സ്വാഭാവികമാണ്. പലരംഗങ്ങളും ബുദ്ധിമുട്ടാകുമെന്ന തോന്നലുണ്ടായെങ്കിലും സംവിധായകന്റെ സഹായത്തോടെ ഭംഗിയായി അവതരിപ്പിക്കാനായി. സിനിമയുടനീളം ആസ്വദിച്ചാണ് ചെയ്തത്.
ലിയോയിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴത്തെ അനുഭവങ്ങൾ
അതെനിക്ക് ഒരു ട്രഷൻ മൊമന്റ് ആയിരുന്നു. വിജയ് സാറിനൊപ്പം അഭിനയിച്ചതും സ്‌ക്രീൻ ഷെയർ ചെയ്തതും, ഓഫ്‌സ്‌ക്രീനിൽ സാറിനൊപ്പം സമയം പങ്കിട്ടതും സംസാരിച്ചതുമെല്ലാം ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. ആ അവസരം തന്നതിന് നന്ദി. ഷൂട്ടിങ് സെറ്റ് വളരെ രസകരമായിരുന്നു. സെറ്റിലെ മറ്റെല്ലാവരെയും വെച്ചുനോക്കുമ്പോൾ ഞാൻ പുതിയ ആളാണ്. മറ്റൊരു ഇൻഡസ്ട്രിയിൽനിന്നാണ് വരുന്നത്. എന്നാൽ, ഇതൊന്നും നോക്കാതെ എന്നെ ചേർത്തുനിർത്തി.
പ്രേമലു 2-വിനെക്കുറിച്ച്
പ്രേമലു 2 കുറച്ചുകൂടി വലിയ പ്രോജക്ടായാണ് പ്ലാൻ ചെയ്യുന്നത്. ഇത്രവലിയ ഹിറ്റ് സിനിമയുടെ രണ്ടാംഭാഗം നിസ്സാരമായി ഒരുക്കാനാവുന്നതല്ല. വെറുതേ ഒരു രണ്ടാം ഭാഗം ഇറക്കുന്നതും ശരിയല്ല. പ്രേക്ഷകരെ തൃപ്തിപ്പെടുത്തണമല്ലോ. അതിനാൽ മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉടനെയുണ്ടാവുന്ന സിനിമയായിരിക്കില്ല.
Content Highlights: Mathew Thomas discusses his new film `Nellikkampoyil Night Riders`, his transition to mature roles, working with Vijay in `Leo`, and plans for `Premalu 2`