ജീവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും വലിയ അപമാനമായിരുന്നു അത്- മാരി സെൽവരാജ് | അഭിമുഖം

1999 ഫെബ്രുവരി 21-ലെ രാത്രി; തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്തുനിന്ന് തിരുനെൽവേലിയിലേക്ക് വരുകയായിരുന്നു ആ ലോറി. താങ്ങാനാകുന്നതിനുമപ്പുറം വാഴക്കുലകൾ കുത്തിനിറച്ച ലോറിക്ക് മുകളിൽ രാവന്തിയോളം ചുമടെടുത്ത് അവശരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 36 പേർ. പിറ്റേന്ന് പുലർച്ചെ 'പുളിയംകുളം' ഗ്രാമം കൺതുറന്നത് വലിയൊരു ദുരന്തവാർത്തയുമായായിരുന്നു. ഉറ്റവരും ഉടയവരുമായ 19 പേർ ലോറിക്കടയിൽപ്പെട്ട് ചതഞ്ഞരഞ്ഞുവെന്ന വാർത്ത അവർക്ക് താങ്ങാൻകഴിയുന്നതായിരുന്നില്ല. അവരുടെ കണ്ണുനീരൊപ്പാനാകാതെ പുളിയംകുളത്തിന്റെ മണ്ണിലുറങ്ങുന്ന നാട്ടുദൈവങ്ങൾ പോലും കണ്ണടച്ചു. ആ ദുരന്തത്തിന് കാരണക്കാർ ആരെന്ന് ആരും അന്വേഷിച്ചില്ല. പതിവ് പോലെ അധികാരികളെത്തി, പത്രങ്ങളിൽ വാർത്തകൾ വന്നു. വൈകാതെ ആ ദുരന്തം ഓർമ്മകളിൽ മാത്രമായി അവശേഷിച്ചു. എന്നാൽ, വർഷങ്ങൾക്കിപ്പുറം ആ ദുരന്തത്തിന്റെ പിന്നാമ്പുറക്കഥപറഞ്ഞ ഒരു സിനിമ തമിഴിൽ പുറത്തിറങ്ങി -''വാഴൈ''.
തിരുനെൽവേലിയിലെ തീച്ചൂടേറ്റ് തിരിച്ചെന്തൂരിലേക്ക് പോകുന്ന ബസ്സിൽ ഇരിക്കുമ്പോൾ 'പരിയേറും പെരുമാൾ' എന്ന ചിത്രത്തിലെ അവസാനരംഗം മനസ്സിലേക്കോടിയെത്തി...
''നീങ്ക നീങ്കളാ ഇരിക്കുറ വരൈക്കും
നാൻ, 'നായാ'താൻ ഇരുക്കണമെന്ന്
നീങ്ക, എതിർ പാർക്കറ വരൈക്കും
ഇങ്കേ എതുവുമേ മാറാത്
ഇപ്പടിയേതാൻ ഇരുക്കും''.
അരിക്വത്കരിക്കപ്പെട്ട മനുഷ്യജന്മങ്ങളുടെ ജീവിതാടരുകൾ പ്രമേയമായ പരിയേറും പെരുമാളും മാമന്നനും കർണ്ണനും ശേഷം പുറത്തിറങ്ങിയ 'വാഴൈ' എന്ന ചിത്രം മനസ്സിൽ ഒരുനോവായി മാറിയപ്പോഴാണ് 'പുളിയംകുളം' എന്ന ഗ്രാമത്തെ തേടിയിറങ്ങിയത്. അപരിഷ്‌കൃതരെന്ന് മുദ്രകുത്തി പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ഒരുവിഭാഗം മനുഷ്യർ അസ്പൃശ്യത കൽപ്പിച്ചുപോന്ന പുളിയംകുളം എന്ന ഗ്രാമത്തെയും അവിടത്തെ പച്ചയായ ജീവിതങ്ങളെയും മുഖ്യധാരയിൽ എത്തിച്ചതിന് പിന്നിൽ ഒരു മനുഷ്യനുണ്ട്. മണ്ണിന്റെ ചൂരറിഞ്ഞ, വിശന്ന വയറുമായി ഉറഞ്ഞുതുള്ളുന്ന നാടൻദൈവങ്ങളുടെ ഐതിഹ്യകഥകൾ കേട്ടുറങ്ങിയ, കൊടിയ ജാതിവിവേചനം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സംവിധായകനായി തീർന്നവൻ; പേര് -മാരിസെൽവരാജ്. തന്റെ സമുദായത്തെയും പുളിയംകുളം എന്ന ഗ്രാമത്തെയും തീണ്ടാപ്പാട് അകലെ നിർത്തിയവർക്ക് നേരെ വെളുത്ത തിരശ്ശീലയിൽ അയാൾ അവതരിപ്പിച്ച കറുത്ത ഉടൽജീവിതങ്ങളുടെ കഥ തമിഴകത്തെ ജാതിവ്യവസ്ഥയ്ക്ക് നേരെ വിരൽച്ചൂണ്ടുന്നതായിരുന്നു. മാരിയുടെ നാല് സിനിമകളുടെയും പശ്ചാത്തലം ഈ ഗ്രാമമാണ്. പ്രൈവറ്റ് ബസ്സുകൾ ഒഴിച്ചാൽ ഇന്നും തമിഴ്നാട് സർക്കാരിന്റെ ബസ്സുകൾക്ക് ഇവിടെ സ്റ്റോപ്പില്ല! സായാഹ്നത്തിലാണ് പുളിയംകുളം ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നത്. ഇടതൂർന്ന വാഴത്തോപ്പുകളും പച്ചപ്പുപുതച്ച കുന്നുകൾക്കും ഇടയിലൂടെ നീളുന്ന ടാറിട്ട പാത പുളിയംകുളം എന്ന ദളിത് ഗ്രാമത്തിലേക്ക് വഴിതെളിക്കുന്നു. നാട്ടുദൈവങ്ങളായ കൊട്ടുക്കാളിയുടെയും കാട്ടുപ്പേച്ചിയുടെയും വേഷമണിഞ്ഞ് ഗ്രാമത്തിലെ കോവിലിലേക്ക് നീങ്ങുന്നവർ, ആടുമാടുകളെ തെളിച്ച് ഇരുൾപരക്കുന്നതിന് മുന്നേ വീടണയുന്നവർ, നാഗരികത കടന്നെത്താൻ ഇപ്പോഴും വിമുഖത കാട്ടുന്നു ഈ ഗ്രാമം. തിരുനെൽവേലിയിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ താമസമെങ്കിലും ഗ്രാമത്തിലെ ആഘോഷങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാരിയുടെ അച്ഛനും അമ്മയും ഇവിടെയെത്തും. ഞങ്ങളെത്തുമ്പോൾ മാരിയുടെ അച്ഛൻ സെൽവരാജും അമ്മ പാപ്പയും വീട്ടിലുണ്ടായിരുന്നു. ഓടുകൾകൊണ്ട് മേൽക്കൂര പാകിയ ആ ചെറിയ വീട്ടിലിരുന്ന ഇരുവരും ഗ്രാമത്തിന്റെ കഥ പറഞ്ഞു.
''തുച്ഛമായ കൂലിക്ക് ഭൂവുടമകൾക്ക് വേണ്ടി പട്ടിയെപ്പോലെ പണിയെടുത്താലും ഞങ്ങൾക്ക് ഒരിക്കലും വയറുനിറഞ്ഞിരുന്നില്ല. ഞങ്ങൾക്കാർക്കും ഈ ഗ്രാമത്തിൽ ഒരുതുണ്ട് ഭൂമി ഇല്ലായിരുന്നു. നിത്യവൃത്തിക്കായി പണം കടംവാങ്ങും. കൊയ്ത്തുകഴിയുമ്പോൾ കൂലിയായി കിട്ടുന്ന നെല്ലിൽനിന്ന് പണവും പലിശയും ഈടാക്കാനായി ഭൂവുടമകളെത്തും. ഞങ്ങൾക്ക് അളന്നുതന്ന നെല്ലിന്റെ അളവ് പാത്രമായിരിക്കില്ല അപ്പോൾ അവരുടെ കൈയിൽ. രണ്ട് ചാക്ക് നെല്ലുണ്ടെങ്കെിൽ അവരുടെ അളവ് പാത്രത്തിൽ അത് ഒന്നരച്ചാക്ക് ആയിമാറും. പണവും പലിശയും തിരിച്ചുകൊടുത്താൽ അപ്പോഴും കള്ളക്കണക്ക് പറഞ്ഞ് ഞങ്ങളെ തെറിവിളിക്കും. നാൽപത് വർഷം മുൻപാണ് ഈസംഭവം. അന്ന് പുളിയൻകുളം ഗ്രാമത്തിൽ നെൽകൃഷിയായിരുന്നു. പിന്നീടാണ് വാഴകൃഷിയിലേക്ക് മാറുന്നത്. ഞങ്ങൾക്ക് അഞ്ചുമക്കളായിരുന്നു. ഏറ്റവും ഇളയവനാണ് മാരി. പട്ടിണിയേറുമ്പോൾ ഞായറാഴ്ച ദിവസം മക്കളെയും നിർബന്ധിച്ച് വാഴക്കുല ചുമക്കാൻ കൊണ്ടുപോകും. അന്ന്, തിരുനെൽവേലിയിൽനിന്ന് എത്തിയ ലോറിയിൽ അടുത്തുള്ള ഗ്രാമത്തിലേക്ക് വാഴക്കുല ചുമക്കാൻപോയി. മാരിയും ഞാനും അന്ന് പോയിരുന്നില്ല, പകരം മൂന്നാമത്തെ മകളായിരുന്നു പോയത്. വരുന്നവഴിയായിരുന്നു ലോറി മറിയുന്നത്. എന്റെ കുട്ടി അതിനടിയിൽപ്പെട്ട് മരിച്ചുപോയി'' കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ടു പാപ്പ പഴയകാലം ഓർത്തു. ''മാരി ലോ കോളേജിൽ പഠിച്ചിരുന്ന കാലത്ത് അവന് ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നു. അതറിഞ്ഞ കോളേജ് അധികൃതർ അവനെ സസ്പെന്റ് ചെയ്തു, ആ വിവരം ഞങ്ങളെ അറിയിച്ചു. ഞങ്ങൾ ടീച്ചർമാരോട് സംസാരിച്ചു, അവിടെവെച്ച് കസേരയിൽ ഇരുന്നുകൊണ്ടു തന്നെ ചില കാര്യങ്ങൾ അവൻ നിഷേധിച്ചു, അത് അവരെ പ്രകോപിപ്പിച്ചു. ഞാൻ ആ ടീച്ചറിന്റെ കാലുപിടിച്ച് യാചിച്ചുവെങ്കിലും അവർ മാരിയെ തിരിച്ചെടുക്കാൻ തയാറായില്ല. ഒടുക്കം എനിക്കിവിടെ പഠിക്കേണ്ട നമുക്ക് ഗ്രാമത്തിൽ പോകാമെന്ന് മാരി ശാഠ്യം പിടിച്ചു. തിരിച്ചെത്തി കുറച്ചുദിവസം കഴിയുന്നതിന് മുൻപുതന്നെ അവൻ ആരോടും പറയാതെ നാടുവിട്ടു. 400 രൂപയും ഡ്രസ്സും എടുത്തായിരുന്നു പോയത്. വേപഥുപൂണ്ട ഹൃദയവുമായി ഞാൻ കാത്തിരുന്നു. ഒരുവർഷത്തോളം അവനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചുവോ എന്നുപോലും അറിയാത്ത കാലം''.
ചെന്നൈയിലെ മദുരവൊയലിലുള്ള ഓഫീസിന്റെ മുന്നിൽ കാത്തിരിപ്പ് തുടരുന്നതിനിടെ മിനി കൂപ്പറിൽ മാരി സെൽവരാജ് വന്നിറങ്ങി. പുതിയ സിനിമകളുടെ പണിപ്പുരയിലും തന്റെ സിനിമാസങ്കല്പങ്ങളെക്കുറിച്ചും ഗ്രാമത്തെക്കുറിച്ചും പിന്നാക്കക്കാരന്റെ ജീവിതത്തെക്കുറിച്ചും മാരി മനസ്സുതുറന്നു...
400 രൂപയുമായി വീടുവിട്ടിറങ്ങിയ താങ്കൾ ഇന്ന് എത്തിനിൽക്കുന്നത് തമിഴ് സിനിമയുടെ നെറുകയിലാണ്. എങ്ങനെയായിരുന്നു അതിജീവനം. എന്തിനായിരുന്നു ഒളിച്ചോട്ടം?
പത്താംക്ലാസ് തോറ്റ എന്നെ വാർക്കപ്പണിക്ക് വിട്ടു, അത് ബുദ്ധിമുട്ടായിത്തോന്നിയപ്പോൾ വാഴക്കുല ചുമക്കാൻ കൊണ്ടുപോയി. അതിനിടെ ചേച്ചി മുരുകമ്മാളിന്റെ സഹായത്തോടെ ഞാൻ വീട്ടിലിരുന്ന് പഠിച്ച് പത്താംക്ലാസ് പാസ്സായി. പ്ലസ് ടുവിന് ശേഷം തിരുനെൽവേലിയിലെ ലോ കോളേജിൽ എത്തിയപ്പോഴാണ് പുളിയൻകുളത്തിന് പുറത്ത് പുതിയൊരു ലോകമുണ്ടെന്ന് മനസ്സിലാകുന്നത്. ഒരു പിന്നാക്ക ജാതിക്കാരൻ പൊതുസമൂഹത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികൾ അന്ന് ബോധ്യപ്പെട്ടു. ജാതി അധിക്ഷേപവും രാഷ്ട്രീയപ്രശ്നവും ഒരുപോലെ ബാധിച്ചു. അതിനൊപ്പം മറ്റൊരു പ്രശ്നംകൂടി ഉടലെടുത്തു. ആ കോളേജിൽ പഠിക്കുന്ന ഒരുപെൺകുട്ടിയുമായി എനിക്കൊരു പ്രണയമുണ്ടായിരുന്നു. ആ സംഭവം എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത മുറിപ്പാടുകൾ തീർത്തു. അധ്യാപകരിൽനിന്നും കൂട്ടുകാരിൽനിന്നും എതിർപ്പ് നേരിട്ടു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കലാലയത്തിനും സമൂഹത്തിനും കഴിയുകയില്ലെന്ന് അതോടെ ബോധ്യം വന്നു. എന്റെ സ്വത്വവുമായി പൊരുത്തപ്പെടാനാകില്ലെന്ന് തോന്നലുണ്ടായപ്പോൾ ഞാൻ ലോ കോളേജിൽനിന്നും വിടപറഞ്ഞു. എനിക്ക് സമൂഹത്തോട് പറയണമെന്ന് തോന്നിയ ആശയങ്ങൾ സിനിമയിലൂടെ സാധിക്കുമെന്ന് തോന്നലുണ്ടായി. വീട്ടിൽ നിൽക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ ചെന്നൈയിലേക്ക് ഒളിച്ചോടി. തത്കാലം ജീവിക്കാൻ എന്തെങ്കിലും ഒരു പണി കണ്ടെത്തണമെന്നായിരുന്നു ചിന്ത.
ചെന്നൈയിലെ ഒരു സമ്പന്നന്റെ വീട്ടിൽ വീട്ടുപണിയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ശരവണാ സ്റ്റോർ എന്ന ടെക്സ്റ്റൈൽസിൽ ജോലിക്ക് കയറി. നാലുമാസം കഴിഞ്ഞപ്പോൾ അവിടെയും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. പിന്നീട് മറീന ബീച്ചിന് സമീപമുള്ള കടകളിലൊക്കെ ചെറിയചെറിയ ജോലികൾ ചെയ്ത് കഴിഞ്ഞുകൂടി. ഒരു സുഹൃത്തിന്റെ സഹായത്തോടെ പിന്നീടൊരു പെട്രോൾ പമ്പിൽ ജോലിക്ക് കയറി. അവിടെവെച്ച് ചില സിനിമാക്കാരുമായെല്ലാം ബന്ധമുണ്ടായി. അങ്ങനെയാണ് സംവിധായകൻ റാം സാറിന്റെ ഓഫിസിൽ എനിക്ക് ഓഫീസ് ബോയ് ആയി ജോലി ലഭിക്കുന്നത്.
മാരിസെൽവരാജ് എന്ന സംവിധായകനെ വാർത്തെടുക്കുന്നതിൽ റാം എന്ന ചലച്ചിത്രകാരന്റെ പങ്ക്?
ഒരുദിവസം രാത്രി, അന്ന് അസിസ്റ്റന്റുമാരൊന്നും ഓഫിസിൽ ഉണ്ടായിരുന്നില്ല. രാത്രി ഒരുമണിയായിക്കാണും. അടുത്തുള്ള പെട്ടിക്കടയിൽനിന്ന് സിഗററ്റ് വാങ്ങി വലിച്ചുക്കൊണ്ട് റാം സാർ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരുകൂട്ടം തെരുവുനായ്ക്കൾ അദ്ദേഹത്തെ വളഞ്ഞത്. ദൂരെനിന്ന് ഞാനിത് കണ്ടു. അടുത്തനിമിഷത്തിൽ ഞാൻ ഓടിയെത്തി നായ്ക്കളെ ആട്ടിപ്പായിച്ചു. അതുവരെ എന്നോടദ്ദേഹം കാര്യമായി സംസാരിച്ചിരുന്നില്ല. അന്നാദ്യമായി എന്നോട് നീയാര്? എവിടെനിന്ന് വന്നു? എന്നൊക്കെ ചോദിച്ചു. ഞാൻ എന്റെ ജീവിതകഥ പറഞ്ഞു. ആ രാത്രി ഞങ്ങൾ ഉറങ്ങിയില്ല. പുലരുംവരെ ഞാൻ അനുഭവിച്ച യാതനകൾ പറഞ്ഞുകൊണ്ടിരുന്നു
തിരുനെൽവേലിയെക്കുറിച്ച്-പുളിയംകുളം എന്ന ഗ്രാമത്തെക്കുറിച്ച്-ഞങ്ങളുടെ സമുദായം നേരിടുന്ന ജാതിവിവേചനത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, എന്റെ ചിന്തകളെക്കുറിച്ച്. എല്ലാം അദ്ദേഹം എന്നിൽനിന്നും ചോദിച്ചറിഞ്ഞു. എനിക്കന്ന് 23 വയസ്സായിരുന്നു. അടുത്തദിവസം റാം സാർ എന്നോടുപറഞ്ഞു. നാളെ മുതൽ നീ എന്റെ അസിസ്റ്റന്റായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചപ്പോൾ എന്താണ് സിനിമയെന്നും ഏത് വിഷയമാണ് സിനിമയാക്കേണ്ടതെന്നും ഞാൻ പഠിച്ചു. പതിവായി നമ്മൾ കാണുന്ന തരത്തിലുള്ള സിനിമ എടുക്കണമോ അതോ നമ്മുടെ ജീവിതത്തിലുലുണ്ടായ അനുഭവങ്ങളെ സിനിമയാക്കണോ എന്നൊരു ചർച്ച വന്നപ്പോൾ അദ്ദേഹം പറഞ്ഞു. ''നിന്റെ ജീവിതാനുഭവം സിനിമയാക്കുക. നിന്റെ ജീവിതത്തിൽ കൊടിയ യാതനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ അനുഭവത്തിൽ ഈ സൊസൈറ്റിക്കൊരു പങ്കുണ്ട്, അതിനെ നീ അടയാളപ്പെടുത്തുക''.
പുളിയംകുളമെന്ന പാഠശാല
നിങ്ങൾക്കറിയുമോ ജാതിവിവേചനം തിരിച്ചറിയാത്തവരായിരുന്നു ഞങ്ങളുടെ മുൻതലമുറ. എന്റെ അച്ഛനും അമ്മയ്ക്കും അത് ഇന്നും മനസ്സിലായിട്ടില്ല. പുളിയൻകുളത്ത് കീഴ്ജാതിക്കാർക്ക് ഒരുതുണ്ട് ഭൂമി ഇല്ലായിരുന്നു. തേവർ-അയ്യർ, ബ്രാഹ്‌മണർ, മുസ്ലീം പ്രമാണിമാർ എന്നിവർക്ക് മാത്രമായിരുന്നു ഭൂമി. തലമുറതലമുറകളായി ഈ ഭൂപ്രഭുക്കന്മാർക്ക് വേണ്ടി ഞങ്ങളുടെ പൂർവ്വികർ പണിയെടുത്തു. വരും തലമുറയെ വളർത്താനോ അവർക്ക് വേ ഭൗതിക സാഹചര്യമൊരുക്കാനോ അവർക്ക് കഴിഞ്ഞില്ല. ഞങ്ങൾ, ദളിതരുടെ ജീവിതം മാറ്റമില്ലാതെ തുടർന്നു. ആ അടിമത്തത്തിൽനിന്നും സ്വതന്ത്രമായൊരു തലമുറയെ വളർത്തിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. ആ ഗ്രാമത്തിൽ ജീവിച്ചാൽ നമ്മളും അടിമത്തത്തിൽ അകപ്പെട്ടുപോകും. അടയാളമില്ലാത്തവരായിപ്പോകും. പുതിയൊരു ലോകത്തേക്ക് പറിച്ചുനട്ടാൽ മാത്രമേ പുതിയൊരു ജീവിതം സാധ്യമാകൂവെന്ന് ചിന്തയിലാണ് ഞാൻ പുളിയംകുളത്തെ ഉപേക്ഷിക്കുന്നത്. അക്കാലത്ത് എന്നെപ്പേലെ ധാരാളംപേർ ഗ്രാമം ഉപേക്ഷിക്കുകയുണ്ടായി. എന്റെ ഗ്രാമത്തിൽ ഇപ്പോഴും സർക്കാർ ബസ്സ് നിർത്താറില്ലെന്ന് താങ്കൾ പറഞ്ഞിരുന്നുവല്ലോ. അവർക്കത് ശീലമായിപ്പോയി. ഇപ്പോൾ പ്രൈവറ്റ് ബസ്സ് നിർത്താറുണ്ട്.
. പക്ഷേ, എന്റെ കുട്ടിക്കാലത്ത് ഒരൊറ്റ ബസ്സുപോലും പുളിയൻകുളത്ത് നിർത്തിയിരുന്നില്ല. അതിനൊരു കാരണമുണ്ടായിരുന്നു. പിൽക്കാലത്താണ് ഞാനത് മനസ്സിലാക്കിയത്. മേൽജാതിക്കാർ താമസിച്ചിരുന്ന രണ്ട് സ്റ്റോപ്പുകൾക്കിടയിലാണ് ഞങ്ങളുടെ ഗ്രാമം. ആദ്യത്തെ സ്റ്റോപ്പിൽനിന്ന് സവർണജാതിക്കാർ കയറിയാൽ പുളിയൻകുളത്ത് നിന്ന് കയറുന്ന ദളിതൻ തങ്ങളുടെ തൊട്ടടുത്ത് വന്നിരിക്കുമോയെന്ന ഭയം അവർക്കുായിരുന്നു. ദളിതർ സീറ്റിൽ ഇരുന്നാൽ സവർണർ വരുമ്പോൾ മാറിക്കൊടുക്കണം, അല്ലെങ്കിൽ കണ്ടക്ടർ വന്ന് സീറ്റിൽനിന്ന് മാറിക്കൊടുക്കാൻ ആവശ്യപ്പെടുമായിരുന്നു. അത്തരം വിവേചനമൊക്കെ നേരിട്ടുകണ്ടാണ് ഞാൻ വളരുന്നത്. 'കർണ്ണൻ' എന്ന സിനിമ ഈ പശ്ചാത്തലത്തിൽ എടുത്തതാണ്.
ഇത്തരം വിവേചനത്തെ എതിർത്ത ഒരാൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്നു. എന്റെ അച്ഛന്റെ സഹോദരനായ വേലുസ്വാമി. അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ കൂലി വർദ്ധനയ്ക്കായി ചെറിയച്ഛൻ നിരന്തരമായി പോരാടിക്കൊണ്ടിരുന്നു. ദ്രാവിഡ കഴകം ശക്തിപ്രാപിക്കും മുൻപ് തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടായിരുന്നു. ഭൂപരിഷ്‌കരണ നിയമത്തെ അനുകൂലിച്ചുകൊണ്ട് അന്ന് സഖാക്കൾ നിരന്തരമായി ഇടപെടലുകൾ നടത്തിയിരുന്നു. ഒരുമിച്ച് നിന്നുകൊണ്ട്
അവർക്ക് പാർട്ടി സംവിധാനം കെട്ടിപ്പടുക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. 'വാഴൈ' സിനിമയിൽ ലോറി അപകടത്തിൽപ്പെട്ടു മരിച്ചവരിൽ അദ്ദേഹത്തിന്റെ മകനുമുണ്ടായിരുന്നു, എന്റെ ചേച്ചിയും. ദൂരെയുള്ള ഗ്രാമത്തിൽ വാഴക്കുല ചുമക്കാൻ ഞങ്ങളുടെ ഗ്രാമത്തിൽനിന്നും തൊഴിലാളികളെ കൊണ്ട് പോകും. മറ്റൊരു വാഹനത്തിൽ തിരിച്ച് അവരെ പുളിയൻകുളം എത്തിക്കാൻ ഇടനിലക്കാരൻ ഭൂവുടമകളിൽനിന്ന് പണം കൈപ്പറ്റുമായിരുന്നു. എന്നാൽ, ആ പണം കൈയ്യിൽവെച്ച് ലോഡ് വണ്ടി
യുടെ മുകളിൽ തൊഴിലാളികളെ കയറ്റുകയായിരുന്നു ഇടനിലക്കാർ ചെയ്തിരുന്നത്. അങ്ങനെ അമിത ഭാരത്താൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ വയലിലേക്ക് മറിഞ്ഞാണ് ദുരന്തം സംഭവിക്കുന്നത്. അതാണ് വാഴൈ സിനിമയുടെ പശ്ചാത്തലം. പുളിയൻകുളമെന്ന തീണ്ടൽ ജാതിക്കാരുടെ ഗ്രാമത്തിൽനിന്ന് മാരിസെൽവരാജ് എന്ന ഒരു മനുഷ്യൻ ഉയർന്നുവരണമെങ്കിൽ അയാൾ എത്രമാത്രം യാതനകൾ സഹിക്കണം. അത് സമൂഹത്തെ അറിയിക്കണമെന്ന് എനിക്ക് തോന്നി. പരിയേരും പെരുമാൾ എന്ന സിനിമയ്ക്ക് ശേഷമാണ് എല്ലാവരും മാരി സെൽവരാജിനെ അറിയുന്നത്. ഇന്ന് ഞാൻ മിനി കൂപ്പറിൽ യാത്ര ചെയ്യുന്നു, വലിയൊരു വീട്ടിൽ ആഡംബരത്തോടെ ജീവിക്കുന്നുവെന്നാണ് പലരും കരുതുന്നത്. അതിന് മുമ്പുള്ള മാരി സെൽവരാജിന്റെ ജീവിതം ആർക്കും അറിയില്ല. അത് അറിയിക്കാനുള്ളൊരു ശ്രമമായിരുന്നു വാഴൈ.
കമലഹാസന്റെ 'തേവർമകൻ' സിനിമ വന്നില്ലായിരുന്നെങ്കിൽ 'മാമന്നൻ' ഉണ്ടാകില്ലായിരുന്നുവെന്ന് മാരി പറയുകയുായി. തേവർമകനിലെ നായകൻ മാമന്നനിൽ വില്ലനായി മാറുന്നു?
ഇവിടെയൊരു വിഭാഗം ആളുകൾക്ക് മാത്രം ബഹുമാനവും അംഗീകാരവും തുടർന്ന് ലഭിച്ചുകൊണ്ടേയേിരിക്കുന്നു. അച്ഛനിലൂടെ മകനും മകനിലൂടെ അടുത്ത തലമുറകൾക്കും അവസരങ്ങൾ കിട്ടിക്കൊണ്ടേയേിരിക്കുന്നു. രാഷ്ട്രീയത്തിൽ പോലും അങ്ങനെയാണ്. പക്ഷേ, എന്റെ അച്ഛന് ആ മര്യാദയോ അവസരങ്ങളോ കിട്ടുന്നില്ല. ഇതുവരെ എന്റെ അച്ഛന് ലഭിക്കാത്ത ഒരു ബഹുമാനത്തിന് വേണ്ടി
ഞാനൊരു ശ്രമം നടത്തുന്നു. പുതിയ തലമുറയിൽപ്പെട്ട ഒരുത്തൻ തന്റെ അച്ഛന് വേണ്ടി തന്റെ മുത്തച്ഛന് വേണ്ടി തന്റെ കുടുംബത്തിന് വേണ്ടി വരും തലമുറയ്ക്ക് വേണ്ടി ഒരു അടയാളവും അംഗീകാരവും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു. തേവർ മകൻ എന്ന സിനിമ ഞാൻ വർഷങ്ങൾക്ക് മുൻപ് കണ്ടപ്പോൾ അതിലെ വടിവേലുവിന്റെ കഥാപാത്രം തേവർ മകന്റെ സ്ഥാനത്തേക്ക് വന്നാൽ എന്താകും? അപ്പോൾ ഈ സമൂഹത്തിൽ എന്ത് സംഭവിക്കും? ആ ചിന്തയിൽ നിന്നാണ് മാമന്നൻ എന്ന സിനിമ ചെയ്തപ്പോൾ വടിവേലു സാർ നായകനായി എത്തുന്നത്. മറ്റൊരു സംഭവം പറയാം; പരിയേറും പെരുമാൾ സിനിമ റിലീസായ ശേഷം പുളിയങ്കുളം ഗ്രാമത്തിലേക്ക് ഞാൻ പോയിരുന്നു. എന്റെ അച്ഛൻ പണിയെടുക്കുന്ന ഒരു മുതലാളിയുടെ വീട്ടിൽ എനിക്കൊരു വിരുന്ന് സൽക്കാരം ഒരുക്കിയിരുന്നു. പക്ഷേ, എന്റെ അച്ഛനോട് അവിടെയിരിക്കാനായി ആ വീട്ടുകാർ പറഞ്ഞില്ല. അതിൽ നിന്നും വീണുകിട്ടിയൊരു തീമിൽനിന്നാണ് 'മാമന്നൻ' സിനിമ ചെയ്യുന്നത്. ന്യൂജനറേഷനായ എന്നെ അവർ സ്വീകരിച്ചു. പക്ഷേ കാലാകാലമായി അവിടെ അടിമയായി നിൽക്കുന്നൊരുത്തന് ഒരു മര്യാദ കൊടുക്കാൻപോലും അവർ തയ്യാറല്ല. അന്ന് രണ്ട് മണിക്കൂറോളം അച്ഛൻ പുറത്തുതന്നെ നിൽക്കുകയായിരുന്നു. അവിടെ ധാരാളം കസേരകൾ ഉണ്ടായിട്ടുപോലും അച്ഛൻ അതിലിരുന്നില്ല. ഞാൻ പുറത്തുവന്ന് അച്ഛനോട് ചോദിച്ചു, 'അച്ഛാ ഇവിടെ ധാരാളം കസേരകളുണ്ടല്ലോ നിങ്ങളെന്താ അതിലിരിക്കാത്തത്?'.
'മോനെ അതിനവർ എന്നോട് ഇരിക്കാൻ പറഞ്ഞില്ലല്ലോ, നീ ഇന്ന് വന്നിട്ട് നാളെ പോകും, പക്ഷേ ഞാൻ അവരുടെ മുമ്പിൽ കസേരയിട്ടിരുന്നാൽ നാളെ അത് ധർമ്മസങ്കടമാകും'.
എന്നെ അവർ ഒരു സംവിധായകനായി മാത്രമാണ് കണ്ടത്. പക്ഷേ എന്റെ അച്ഛനെ സംവിധായകന്റെ അച്ഛനായി പോലും പരിഗണിക്കാൻ അവർ തയ്യാറല്ല. മറിച്ച് ആ വീട്ടിലെ ഒരു പണിക്കാരൻ എന്നൊരു മനോഭാവത്തോടുകൂടിയാണ് അവർ കാണുന്നത്. അത്തരം വിവേചനം അവർ ശീലിച്ചുപോയി.
പുതുതലമുറയിൽ നിന്നും ഉയർന്നുവന്ന ഒരുവന്റെ പദവി, പണം, അന്തസ്, പ്രശസ്തി എന്നിവ പരിഗണിക്കപ്പെടുന്നു. പക്ഷേ തന്റെ വീട്ടിൽ കാലംമുഴുക്കെ പണിയെടുത്ത് ജീവിതം നയിക്കുന്നൊരുത്തനെ അവർ സ്വീകരിക്കാൻ തയ്യാറല്ല. ഇന്ന് ഞാൻ സ്വീകാര്യനാണ്. അതേസമയം, അവരുടെ വീട്ടിൽ പണിയെടുത്ത് ജീവിക്കുന്ന ഒരുത്തൻ അവരുടെ മുന്നിലിരിക്കുകയെന്നത് ഒരുതരം അസ്വസ്ഥത അവരിൽ സൃഷ്ടിക്കുന്നു. ആ ഒരു സൈക്കോളജിക്കൽ കോണിൽ നിന്നാണ് മാമന്നന്റെ തുടക്കം. ഒരു ദളിത് സ്വീകരിക്കപ്പെടണമെങ്കിൽ അവൻ വ്യക്തിപരമായി ഉയർന്ന പദവിയിലെത്തണം. അല്ലെങ്കിൽ അവൻ ഉണ്ടാക്കിയെടുക്കണം. എങ്കിൽ മാത്രമേ സവർണൻ അവനെ സ്വീകരിക്കുകയുള്ളൂ. മാമന്നൻ സിനിമയിൽ വടിവേലു എം.എൽ.എ ആയിട്ടുപോലും അയാൾ നേരിടേണ്ടിവരുന്ന വിവേചനം കണ്ടില്ലേ? അതാണ് നഗ്നമായ സത്യം. പ്രതിസന്ധികൾ തരണം ചെയ്ത ഒരു ദളിതൻ ഉന്നതസ്ഥാനത്ത് എത്തിയെന്നിരിക്കട്ടെ വേറെ വഴിയില്ലാതെ സവർണ്ണൻ അവനെ സ്വീകരിക്കേണ്ടി വരുന്നു. സംവരണ സീറ്റിൽ ഒരു ദളിതൻ അധികാര കസേരയിൽ വന്നിരുന്നാൽ സ്വീകരിക്കില്ലേ അതുപോലെ.
താങ്കളുടെ സിനിമകളിലെ ചില രംഗങ്ങളിൽ അംബേദ്കർ, പെരിയാർ, അരിവാൾചുറ്റിക എന്നീ ബിംബങ്ങളെ കൊണ്ടുവരുന്നു. എന്താണ് മാരി സെൽവരാജിന്റെ രാഷ്ട്രീയം?
ഞാൻ അംബേദ്കറുടെ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവനാണ്. എന്റെ കുട്ടിക്കാലത്ത് ചെറിയച്ഛൻ ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. അതുകൊണ്ട് കമ്യൂണിസം എന്നാൽ എന്താണെന്ന് മനസ്സിലാക്കിക്കൊാണ് ഞാൻ വളർന്നത്. അതിനുശേഷം ദ്രാവിഡ കഴക മൂവ്‌മെന്റിന്റെ ചലച്ചിത്രങ്ങൾ കണ്ടുവളർന്നു. കലൈഞ്ജറുടെ പരാശക്തി പോലുള്ള ചിത്രങ്ങൾ ഉദാഹരണമായി പറയാം. അതിലൂടെ പെരിയാറിന്റെ ചില ആശയങ്ങൾ പഠിച്ചെടുക്കാനായി. ഇതിൽ ഞാൻ ആരാണെന്നൊരു ചോദ്യമുയർന്നപ്പോൾ ഞാനൊരു അംബേദ്ക്കറിസ്റ്റാണെന്ന് പിൽക്കാലത്ത് ഞാൻ തിരിച്ചറിഞ്ഞു.
കമ്യൂണിസത്തേയും പെരിയാറിനേയും എന്റെയുള്ളിൽ വെച്ചുകൊണ്ടുതന്നെ ഞാൻ അംബേദ്ക്കറുടെ ആശയങ്ങളിലൂന്നി പ്രവർത്തിക്കാൻ തുടങ്ങി. അംബേദ്കർ തന്റെ അവകാശങ്ങൾക്കായി സ്വന്തം പോരാടുകയായിരുന്നു. പെരിയാർ അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന് അടിസ്ഥാനപരമായി എല്ലാ സൗകര്യങ്ങളും സ്വാധീനവും ഉണ്ടായിരുന്നു. എങ്കിലും ഈ സമൂഹത്തിന്റെ അവസ്ഥ കണ്ട്, വിവേചനം കണ്ട്, അന്ധവിശ്വാസം കണ്ട് അതിനെതിരെ പോരാടി. അതുകണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോടും ആദരവ് തോന്നി. അംബേദ്കർ അങ്ങനെയായിരുന്നില്ല, അദ്ദേഹം തന്റെ ജീവിതത്തെ നല്ല നിലയ്ക്ക് വളർത്തിയെടുത്ത് ഉറച്ചൊരിടത്ത് നിന്നുകൊണ്ട്
ഈ സമൂഹത്തിനായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്‌നങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എന്റെ ജീവിതം അദ്ദേഹത്തിന്റെ ജീവിതവുമായി ഞാൻ താരതമ്യപ്പെടുത്തുന്നു.
തമിഴ്‌നാട്ടിൽ ഇപ്പോഴും ജാതിവിവേചനം രൂക്ഷമായി നിലനിൽക്കുന്നുണ്ടോ ?
ജാതിവിവേചനം തമിഴ്‌നാട്ടിൽ മാത്രമല്ല അത് ഇന്ത്യ മുഴുക്കെയുണ്ട്. റോഡിൽ ഒരുമിച്ച് നടക്കുന്നതും ബസിൽ യാത്ര ചെയ്യുന്നതും തിയേറ്ററിൽ ഒരുമിച്ച് സിനിമ കാണുന്നതും മാളിൽ ചെന്ന് പാർട്ടി കൊടുക്കുന്നതുമൊക്കെ കണ്ടിട്ട് നമ്മുടെ നാട്ടിൽ ജാതിയില്ലെന്ന് കരുതരുത്. വെവ്വേറെ ജാതിയിൽപ്പെട്ട ഒരു യുവാവും യുവതിയും പ്രണയിച്ച് വിവാഹം കഴിക്കാമെന്ന് തീരുമാനമെടുക്കുമ്പോൾ രക്ഷിതാക്കൾക്കിടയിൽ ബന്ധുമിത്രാദികൾക്കിടയിൽ ജാതി തലപൊക്കും. അവിടെ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്. ആളുകളുടെ മനസ്സിനകത്താണ് ജാതി. അത് തലമുറയായി രക്തത്തിലലിഞ്ഞ് ചേർന്നതാണ്.
സാങ്കേതികവിദ്യയുടെ വളർച്ചയും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും മൂലം മറ്റ് വഴിയില്ലാതെ ജാതിയില്ലെന്ന് ഭാവിച്ച് പലരും അഭിനയിച്ചുകൊണ്ടിരിക്കുന്നു.
മാരി സെൽവരാജ് ഒരു ദൈവവിശ്വാസിയാണോ?
ഞാൻ ദൈവവിശ്വാസി അല്ല, പക്ഷേ, ഗ്രാമത്തിലുള്ള ഗോത്രദൈവങ്ങളോട് എനിക്ക് ബഹുമാനമുണ്ട്. എന്റെ അച്ഛൻ കടുത്ത ഈശ്വര വിശ്വാസിയാണ്. അദ്ദേഹം ഗ്രാമത്തിൽ പ്രേതബാധയൊഴിപ്പിക്കൽ, കൂടോത്രം എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്തിരുന്നു. ഞാൻ അതൊക്കെ കണ്ടാണ് വളർന്നത്. പക്ഷേ അതിലൂടെ അച്ഛൻ മറ്റുള്ളവരെ കബളിപ്പിക്കുകയോ പറ്റിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല അതിൽ നിന്നും വരുമാനമുണ്ടാക്കാനുള്ള ശ്രമവും നടത്തിയില്ല. സ്വന്തം കൈയിൽനിന്നും പൈസയെടുത്താണ് അത്തരം കാര്യങ്ങളൊക്കെ ചെയ്തുവന്നത്. അതൊരു നന്മയായിട്ടാണ് അച്ഛൻ കരുതിയിരുന്നത്. എന്റെ അച്ഛൻ നല്ലൊരു അധ്വാനിയാണ്. പണിക്കുപോയാൽ എപ്പോൾ വരുമെന്ന് ഞങ്ങൾക്കറിയില്ല. അപ്പോൾ ദൈവങ്ങളെ വിശ്വസിച്ചാണ് ഞങ്ങളെ വീട്ടിൽ വിട്ടിട്ടുപോകുന്നത്. അതുകൊണ്ട് ഞാൻ അവരുടെ വിശ്വാസത്തെ ആക്ഷേപിക്കുന്നില്ല. ഗ്രാമത്തിലെ നിഷ്‌കളങ്കരായ ആളുകൾ പണിക്കുപോകുമ്പോൾ കുട്ടികളെ ആരുടെയെങ്കിലും കയ്യിലേൽപ്പിച്ചിട്ടുവേണ്ടേ പോകാൻ, അതുപോലെ കരുതിയാൽ മതി. നമ്മൾ ആത്മാർഥമായി കഷ്ടപ്പെടുന്നു, ആരെയും പറ്റിക്കുന്നില്ല അതുകൊണ്ട് നമ്മുടെ മക്കളെ ദൈവം രക്ഷിക്കും എന്നുള്ള അവരുടെ വിശ്വാസത്തെ തള്ളിപ്പറയാൻ ഞാനാളല്ല.
ഗ്രാമത്തിലെ ഗോത്രദൈവങ്ങൾ പിറവിയെടുത്തതിന് പിന്നിൽ ചില സങ്കല്പങ്ങളുണ്ട്. ജാതിവിവേചനത്തിൽ കൊല്ലപ്പെട്ടവരോ, പ്രേമനൈരാശ്യത്താൽ ആത്മഹത്യ ചെയ്തവരോ, സമൂഹത്തിൽ നീതി ലഭിക്കാതെ മരിച്ചുപോയവരോ ആയിരുന്നു അവർ. അവരുടെ ഓർമ്മയ്ക്കായി സൃഷ്ടിച്ചതാണ് ഇവിടുത്തെ ഗാത്രദൈവങ്ങളെ. ഇന്നവർ ജീവിച്ചിരിപ്പില്ല. പക്ഷേ, അവർക്കൊക്കെ ഓരോ കഥകൾ പറയാനുണ്ട്, അതിലൊരു സത്യമുണ്ട്. നമ്മൾ ഒരു കാര്യത്തിന് വേണ്ടി പോരാടുമ്പോൾ അതിനൊരു സാക്ഷി വേണം, ഞാൻ ജാതിയുമായി ബന്ധപ്പെട്ട സിനിമകൾ ചെയ്യുമ്പോൾ അതിനെന്താണ് സാക്ഷിയെന്ന് ചോദിച്ചാൽ, ഗ്രാമത്തിലെ കോവിലുകൾക്ക് പുറത്തുവെച്ചിരിക്കുന്ന ആ ഗോത്ര ദൈവങ്ങളാണ് സാക്ഷി. അതുകൊണ്ട് എനിക്ക് ആ ദൈവങ്ങളെ ഇഷ്ടമാണ്.
മാരിസെൽവരാജ് ഇന്ന് തമിഴകത്തെ അറിയപ്പെടുന്ന സംവിധായകനായി. ഇന്നും നിങ്ങൾ ആ പുളിയങ്കുളം എന്ന ഗ്രാമത്തിൽ പോകാറുണ്ടോ
എന്നെ ഇന്നും ഞാൻ, ആ ഗ്രാമത്തിലെ ഒരാളായാണ് കാണുന്നത്. എനിക്ക് ഒരു ഇടവേള കിട്ടിയാൽ പുളിയങ്കുളം ഗ്രാമത്തിൽ ചെന്ന് കൂട്ടുകാരോടും ബന്ധുമിത്രാദികളോടും കുശലം പറഞ്ഞിരിക്കും. സിനിമകൾക്കുള്ള കഥകൾ മുഴുവൻ എനിക്ക് ആ ഗ്രാമമാണ് സമ്മാനിച്ചത്. പിന്നെ എങ്ങനെ ഞാൻ ആ മണ്ണിനെ മറക്കും. എന്റെ സിനിമകളിൽ അഭിനയിച്ച ഭൂരിഭാഗം പേരും ആ ഗ്രാമത്തിൽനിന്ന് ഉള്ളവരാണ്. അതിന് കാരണമുണ്ട് എന്റെ ഗ്രാമത്തിലെ കഥയായതുകൊണ്ട് ആ കഥാപാത്രവുമായി അവർക്ക് പെട്ടെന്ന് യോജിക്കാനാകും. ഞാനിന്നും പുളിയൻകുളത്തെ സുഹൃത്തുക്കളുമായി ഫോണിൽ നിരന്തരം ബന്ധപ്പെടാറുണ്ട്. ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം ഏതാണെന്ന് ചോദിച്ചാൽ അതെന്റെ പുളിയങ്കുളം ഗ്രാമമാണ്.
വാഴൈയുടെ രണ്ടാംഭാഗത്തിനൊപ്പം ബൈസൺ എന്ന ചിത്രത്തിന്റെയും പണിപ്പുരയിലാണ് മാരി സെൽവരാജ്. തിരിച്ചിറങ്ങാൻ സമയമായിരിക്കുന്നു. രജനികാന്തിനെ വെച്ച് പുതിയൊരു സിനിമ ചെയ്യാൻ പോകുന്നതായി കേട്ടുവല്ലോയെന്ന ചോദ്യത്തിന് ചർച്ചകൾ നടക്കുന്നുവെന്നായിരുന്നു ഉത്തരം. അംബേദ്കറുടെയും പെരിയാറിന്റെയും ഗോത്രദൈവങ്ങളുടെയും ചിത്രങ്ങൾ പതിച്ച ഓഫീസ് മുറിയിൽനിന്നും പുറത്തുകടക്കവേ ചോദിച്ചു.
മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽനിന്നും മാഞ്ഞുപോകാത്ത ജാതിവിവേചനം?
(ഒരുനിമിഷം മാരി നിശ്ശബ്ദനാകുന്നു).
പരിയേരും പെരുമാൾ സിനിമ കണ്ടവർക്ക് ഓർമ്മയുണ്ടാകും. അതിലെ ഇടവേളയ്ക്ക് തൊട്ടുമുമ്പ് അരങ്ങേറുന്ന രംഗം. കൂട്ടുകാരിയുടെ ക്ഷണപ്രകാരം അവളുടെ വീട്ടിലെ കല്യാണത്തിന് എത്തുമ്പോൾ അയാൾ നേരിടേണ്ടി വരുന്ന അപമാനമില്ലേ, ജീവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും വലിയ അപമാനമായിരുന്നു അത്. ആ രംഗം അതുപോലെതന്നെയാണ് സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്. അതൊരിക്കലും എനിക്ക് മറക്കാനാകില്ല.
(പരിയേരും പെരുമാൾ എന്ന ചിത്രം കണ്ട പ്രേക്ഷകർക്ക് മനസ്സിലാകും അതിന്റെ തീവ്രത, ആ രംഗത്തെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല).
Content Highlights: The story of Puliyankulam, a village where buses refused to stop due to casteism,and Mari Selvaraj