'സുരേഷ് ഗോപിയുടെ അനിയനായിട്ട് അഭിനയിക്കണോ' എന്നചോദ്യം മാറ്റിയ ജീവിതം, 'നമ്മൾ' മുതൽ 'മനസാ വാചാ' വരെ

നമ്മൾ, ഇഷ്ടം, ഹാപ്പി വെഡ്ഡിങ്, പുരുഷ പ്രേതം തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിൽ അഭിനേതാവായി ശ്രദ്ധനേടിയ ശ്രീകുമാർ പൊടിയൻ സംവിധായകന്റെ കുപ്പായമണിയുകയാണ്, 'മനസാ വാചാ' എന്ന ചിത്രത്തിലൂടെ. ദിലീഷ് പോത്തൻ നായകനായെത്തുന്ന ഈ ചിത്രം ശ്രീകുമാറിൻ്റെ വർഷങ്ങളായുള്ള ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റേയും ഫലമാണ്. സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 'മനസാ വാചാ' ഒരുകൂട്ടം കള്ളന്മാരുടെ കഥയുമായാണ് റിലീസിനൊരുങ്ങുന്നത്. തന്റെ സിനിമവിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് ശ്രീകുമാർ പൊടിയൻ.
ഒരുപാട് നാളത്തെ ആഗ്രഹം, സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ
ഒരു ചിത്രം ചെയ്യണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. സുഹൃത്ത് കിരൺ മുൻകെെ എടുത്താണ് 'മനസാ വാചാ' സംഭവിച്ചത്. തൃശ്ശൂരിൻ്റെ ഒരു കൂട്ടായ്മയിൽ പിറന്ന ചിത്രമാണിത്. എന്റെ സുഹൃത്ത് ദിനേഷ് പ്രഭാകറിനോട് സിനിമയുടെ കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം മജീദ് സെയ്ദ് എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിൻ്റെ ഒരു ചെറുകഥയാണ് ഞങ്ങൾ സിനിമയാക്കിയത്.
എന്റെ ആദ്യചിത്രമാണിത്. നാല് വലിയ ചിത്രങ്ങൾ വളരെ നന്നായിട്ട് ഓടിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിലേയ്ക്ക് ഞങ്ങളുടെ ഒരു കൊച്ച് ചിത്രം കൂടിയെത്തുകയാണ്. ടെൻഷനൊന്നുമില്ലാതെ ആളുകൾക്ക് ചിരിയോടെ കാണാൻ കഴിയുന്നൊരു ചിത്രമാണിത്. ഒരു അവകാശ വാദങ്ങളും ഞങ്ങൾക്കില്ല. പ്രേക്ഷകർ ചിത്രം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ദിലീഷ് പോത്തനോട് കഥ പറയുന്നത് കർണാടകയിൽ പോയിട്ട്
ധാരാവി ദിനേശായി ഒരുപാട് മുഖങ്ങൾ മനസിലുണ്ടായിരുന്നു. അവരുടെ ഒക്കെ ഡേറ്റ് പ്രശ്നമായി. പടം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയിരുന്നപ്പോഴാണ് ധാരാവി ദിനേശ് ആയി ദിലീഷ് പോത്തനെ കൊണ്ടുവരാം എന്ന ചിന്ത വന്നത്. അദ്ദേഹം ആ സമയം കർണാടകയിലായിരുന്നു. ഞാനും എന്റെ അസോസിയേറ്റുമായി ചെന്ന് അദ്ദേഹത്തോട് കഥ പറഞ്ഞു. പുള്ളിക്ക് കഥ ഇഷ്ടമായി എന്ന് പറഞ്ഞപ്പോഴാണ് സിനിമ ഓൺ ആകുമെന്ന പ്രതീക്ഷ വന്നത്.
കിരൺ കുമാറിന്റെ പ്രൊഡക്ഷൻ കമ്പനി 'സ്റ്റാർട്ട് ആക്ഷൻ കട്ട്' ആണ് സിനിമ നിർമിക്കുന്നത്. അദ്ദേഹം നല്ലൊരു വേഷം ചിത്രത്തിൽ ചെയ്യുന്നുണ്ട്. എന്റെ സുഹൃത്തുക്കൾ കൂടിയായ പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിലുണ്ട്. ഞാനും പ്രശാന്തും 'നമ്മൾ' എന്ന ചിത്രത്തിൽ ഒരുമിച്ച് ഉണ്ടായിരുന്നു. സൗഹൃദത്തിൻ്റെ കൂട്ടായ്മയാണ് ചിത്രം. എന്റെ എല്ലാ സുഹൃത്തുക്കളേയും ചിത്രത്തിൻ്റെ ഭാഗമാക്കാനായിട്ടില്ല. കഥാപാത്രം നോക്കിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. എന്റെ വരും ചിത്രങ്ങളിൽ അവരെയും കൂട്ടണം, അവരും പ്രതീക്ഷിക്കുമല്ലോ. ഒരു ഗ്രാമത്തിലെ കുറച്ച് കള്ളന്മാരുടെ കഥയാണ് ചിത്രം. എല്ലാവരുടെ ഉള്ളിലും ഒരു കള്ളനുണ്ടാവുമല്ലോ. അത് തുറന്ന് കാണിക്കുകയാണ് ചിത്രത്തിൽ.
ജാസി ഗിഫ്റ്റിൻ്റെയും വിജയ് യേശുദാസിൻ്റെയും ഗാനങ്ങൾ
ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത് എൻ്റെ സുഹൃത്ത് കൂടിയായ സി.കെ സുനിൽ കുമാറാണ്. ഒരുപാട് ചിത്രങ്ങളിൽ സംഗീതമൊരുക്കിയിട്ടുണ്ട്. 'മനസാ വാചാ'യിൽ രണ്ട് ഗാനങ്ങളാണ് ഉള്ളത്. സുനിൽ രചിച്ച പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. റഫീക്ക് അഹമ്മദ് വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.
ഒരുപാട് ടെെറ്റിലുകൾ പലരും നിർദ്ദേശിച്ചു. തെറ്റുകൾ ചെയ്യുമ്പോൾ സാധാരണ മനസാ വാചാ കർമണ എന്നൊക്കെ പറയുമല്ലോ. അതിൽ നിന്നാണ് ചിത്രത്തിൻ്റെ പേരായ 'മനസാ വാചാ'യിൽ എത്തുന്നത്. മാർച്ച് എട്ടിനാണ് സിനിമയുടെ റിലീസ്.
സീരിയലിലൂടെ സിനിമയിലേയ്ക്ക്
ഇപ്പോഴത്തെ തൃശ്ശൂർ മേയർ ആയ എം.കെ വർഗീസ് ഒരിക്കൽ എന്നോട് 'സുരേഷ് ഗോപിയുടെ അനിയനായിട്ട് അഭിനയിക്കണോ' എന്ന് ചോദിച്ചു. അദ്ദേഹമാണ് എനിക്ക് നിർമാതാവ് ഡേവിഡ് കാച്ചപ്പള്ളി സാറിനെ പരിചയപ്പെടുത്തി തരുന്നത്. ഡേവിഡ് കാച്ചപ്പള്ളി സാറിന്റെ സീരിയലിലൂടെയാണ് ഞാൻ തുടങ്ങുന്നത്. ഒരുപാട് നല്ല താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചു. പിന്നെയാണ് ഇഷ്ടം, നമ്മൾ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുന്നത്. ഈയടുത്ത് രമേഷ് ആൻഡ് സുരേഷ്, ഹാപ്പി വെഡ്ഡിങ്, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു.
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് മാതൃഭൂമി കലോത്സവത്തിൽ വെച്ച് ഫോട്ടോഗ്രാഫർ രാജൻ പൊതുവാൾ ഒരുപാട് സെലിബ്രിറ്റികൾക്കൊപ്പമുള്ള ചിത്രമെടുത്ത് തന്നിട്ടുണ്ട്. അതൊക്കെ ഞങ്ങൾക്ക് വളരെ നല്ല അനുഭവമായിരുന്നു. നമുക്കൊന്നും ആ സമയത്ത് താരങ്ങളെ അങ്ങനെ പെട്ടെന്ന് ഒന്നും കാണാൻ പറ്റില്ലായിരുന്നു. യാദൃശ്ചികമായിട്ടല്ല ഞാൻ സിനിമയിലെത്തിയത്. പണ്ട് ഡ്രാമകളൊക്കെ സംവിധാനം ചെയ്തിട്ടുണ്ട്. അഭിനയവും സംവിധാനവും ഇഷ്ടമാണ്.
Content Highlights: manasa vacha movie director sreekumar podiyan interview