പുതിയകാലത്ത് നർമം പറഞ്ഞ് കരയിപ്പിക്കുന്ന ഏർപ്പാടാണ് നടക്കുന്നത് -ജയരാജ് വാര്യർ

#ഇ.ടി. പ്രകാശ്
ജയരാജ് വാര്യർ | ഫോട്ടോ: എൻ.എം.പ്രദീപ് \ മാതൃഭൂമി
ജയരാജ് വാര്യർ | ഫോട്ടോ: എൻ.എം.പ്രദീപ് \ മാതൃഭൂമി

യരാജ് വാര്യർ എന്ന തൃശ്ശൂർക്കാരൻ 35 വർഷമായി മലയാളികൾക്കൊപ്പമുണ്ട്. നാടകനടനായും അവതാരകനായും സിനിമാനടനായും ഗായകനായുമൊക്കെ. എന്നാൽ വേറിട്ട അനുകരണ കലയായ കാരിക്കേച്ചറിലൂടെയാണ് ജയരാജ് വാര്യർ തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജ് വാര്യർ. അരങ്ങിലേക്ക് നടന്നുവന്ന വഴികളും ഇക്കാലമത്രയും അരങ്ങുകളിൽ ഉറപ്പിച്ചുനിർത്തിയ തന്നിലെ കലാകാരനും ചോരാത്ത നർമവുമെല്ലാം തുറന്നുപറയുകയാണ് ജയരാജ് വാര്യർ.

എന്നുതുടങ്ങി ഈ വിദേശയാത്ര

1995 നവംബറിലാണ് ആദ്യ വിദേശയാത്ര നടത്തിയത്. കാരിക്കേച്ചർ ഷോയുമായി ദോഹയിലായിരുന്നു വിദേശത്തെ ആദ്യവേദി. ദോഹയിൽ മലയാളികൾ തിങ്ങിനിറഞ്ഞ സദസ്സ്. തനിക്ക് ഈ രംഗത്ത് ഉറച്ചുനിൽക്കാൻ സാധിക്കുമെന്ന് മനസ്സിൽ തോന്നിയ വേള. ദോഹയിൽനിന്ന് ബഹ്റൈനിലായിരുന്നു അടുത്ത പരിപാടി. ബഹ്റൈനിൽനിന്ന് ആദ്യമായി യു.എ.ഇ. യിലെത്തി. ദുബായ് അൽ നാസർ ലിഷർ ലാൻഡിൽ, പിന്നീട് അബുദാബി, അൽഐൻ , ഷാർജ എക്സ്‌പോ സെന്റർ അത്രയും വേദികളിൽ ആദ്യ വിദേശയാത്രയിൽ ഷോ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. തന്നെപ്പോലെ ഒരു തുടക്കക്കാരന് ലഭിച്ച ഏറ്റവും നല്ല അവസരങ്ങൾ. വിദേശമലയാളികൾ കലയെ ഇത്രയധികം സ്നേഹിക്കുന്നുണ്ടല്ലോ എന്നുതോന്നിയ അനുഭവങ്ങളുമായിരുന്നു അന്നത്തെ സ്റ്റേജ് ഷോകൾ.

വേറിട്ട അനുകരണകലയായ കാരിക്കേച്ചറിൽ എങ്ങിനെയെത്തി

34 വർഷമായി കരിക്കേച്ചറിൽ ജീവിക്കുന്നുവെന്നുവേണം പറയാൻ. അതിനുമുൻപ് കൃത്യമായി പറഞ്ഞാൽ 1984 മുതൽ ക്ലാസിക്കൽ നാടകരംഗത്ത് സജീവമായുണ്ട്. ഒരു കലാകാരൻ നിൽക്കുന്നിടം എപ്പോഴും പുരുഷാരത്തിനുമുന്നിലുള്ള സ്റ്റേജ് ആണ്. കലയിൽ ഉറപ്പിച്ചുനിർത്തുന്ന അടിസ്ഥാനമതാണ്. കരുത്തോടെ നിൽക്കുക, നോക്കുക, വിരൽചൂണ്ടി സംസാരിക്കുക അങ്ങിനെ ജനങ്ങളുടെ മുന്നിൽ നമ്മൾ അഭിനയിക്കുകയാണ്. അങ്ങിനെ നാടകത്തിലൂടെ കിട്ടിയ ഊർജം, ആവേശം, കരുത്ത് അതൊക്കെയാണ് ഞാൻ എന്ന കലാകാരനെ സൃഷ്ടിച്ചത്. കേരളം മുഴുവൻ നാടകം കളിച്ചുനടന്നൊരു കാലമായിരുന്നു അത്. അതേകാലത്തുതന്നെ സൗത്ത് സോൺ തീയേറ്റർ നാടകോത്സവത്തിന്റെ ഭാഗമായി ചെന്നൈയിൽ 'മുദ്രാരാക്ഷസം' നാടകം അവതരിപ്പിച്ചു. പിന്നീട് ഡൽഹിയിലും വലിയ നാടകാചാര്യന്മാരുടെ മുന്നിൽ അതെ നാടകം അവതരിപ്പിക്കാൻ സാധിച്ചു. ഗിരീഷ് കർണാട്, ബി.വി. കാരന്ത്, കാവാലം നാരായണപ്പണിക്കർ അങ്ങിനെ നാടക കുലപതികളുടെ മുന്നിലാണ് വിശാഖദത്തൻ സംസ്‌കൃതത്തിൽ എഴുതിയ നാടകം അവതരിപ്പിച്ചത്.

ആ ധൈര്യമാണോ സ്വതന്ത്രമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ ഉണ്ടാക്കിയത്

തീർച്ചയായും. സുഹൃത്തുക്കൾക്കുമുൻപിൽ അവരെ രസിപ്പിക്കാനുള്ള പൊടിനർമങ്ങൾ പിന്നീട് കാരിക്കേച്ചർ ആവുകയായിരുന്നു. 300 വർഷങ്ങൾക്കുമുൻപ് തുള്ളൽ ആചാര്യൻ കുഞ്ചൻനമ്പ്യാർ എങ്ങിനെ കലയിൽ ഉറച്ചുനിന്നുവെന്ന ആലോചനയും തുടങ്ങിയത് അക്കാലത്താണ്. ഓട്ടൻതുള്ളൽ പഠിക്കാൻ അതൊരു കാരണമായി. എന്നിലെ നാടകനടനെ പാകപ്പെടുത്തിയ ജോസ് ചിറമ്മൽ, തുള്ളൽ പഠിപ്പിച്ച വേണുവാശാൻ എന്നിവരോടാണ് ആദ്യം കടപ്പാട് അറിയിക്കാനുള്ളത്.

ആദ്യ കാരിക്കേച്ചർ അനുഭവം എങ്ങിനെ ആയിരുന്നു

എന്നിൽ കാരിക്കേച്ചർ എന്ന കല ഉറച്ചിട്ടുണ്ടെന്ന് ബോധ്യമായെങ്കിലും എങ്ങിനെ ആദ്യമായി അവതരിപ്പിക്കുമെന്ന് അധൈര്യം മനസ്സിലുണ്ടായിരുന്നു. മുന്നിലെ ജനങ്ങളെ നോക്കി ഒറ്റയ്ക്ക് അവതരിപ്പിക്കണം. അതിനു ധൈര്യം നൽകിയത് നാടക കലാകാരൻ ജയപ്രകാശ് കുളൂർ ആയിരുന്നു. 'ഈ വഴിയിലൂടെ പോയാൽ നീ നേടിയെടുക്കും, ഈ കല നിന്നിൽ ഭദ്രമായിരിക്കും' ജയപ്രകാശിന്റെ വാക്കുകൾ ഇന്നും മനസ്സിലുണ്ട്. എന്നിലെ നാടകവും തുള്ളലും കവിതയും പാട്ടും മേളവും അഭിനയവുമെല്ലാം ഞാൻ കാരിക്കേച്ചറിൽ സന്നിവേശിപ്പിക്കുകയിരുന്നു. സ്വതന്ത്രമായ രാഷ്ട്രീയ നിരീക്ഷണം, സാഹിത്യ നിരൂപണം എന്നിവയെല്ലാം വിപുലീകരിച്ചും കാരിക്കേച്ചറിൽ ഉൾപ്പെടുത്തി. അങ്ങിനെയാണ് 1990 - ൽ ആദ്യമായി കാരിക്കേച്ചർ ഷോ അവതരിപ്പിക്കുന്നത്. പിന്നീട് 1991 -ൽ തൃശ്ശൂർ യാത്രീനിവാസിൽ ഷോ അവതരിപ്പിച്ചു. 1992 മുതൽ ഈ രംഗത്ത് അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ഏകദേശം 7000 വേദികളിൽ കാരിക്കേച്ചർ ഷോ അവതരിപ്പിച്ചുകഴിഞ്ഞു.

അവതരണരംഗത്ത് എങ്ങിനെയെത്തി

ദൂരദർശൻ അടക്കം ആദ്യകാലങ്ങളിലെ ചാനലുകളിൽ ഞാൻ അവതാരകന്റെ കുപ്പായവുമണിഞ്ഞു. മലയാള ചാനലുകളുടെ ചരിത്രത്തിൽ ആദ്യത്തെ അവതാരകൻ ഞാൻ ആണെന്ന് ഉറപ്പിച്ചുപറയാൻ സാധിക്കും. അനുകരണ കലയിൽനിന്ന് അവതരണ രംഗത്തെ മിടുക്ക് കൊണ്ടായിരിക്കും പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഒരു യാത്രാമൊഴി എന്ന ചിത്രത്തിൽ അഭിനയിക്കാനും അവസരമൊത്തു.

അങ്ങിനെ ശിവാജി ഗണേശൻ, മോഹൻലാൽ, നെടുമുടിവേണു, തിലകൻ എന്നിവരോടൊപ്പം അഭിനയിക്കാൻ ഭാഗ്യമുണ്ടായി. സംവിധായകൻ ഭരതനുമായുള്ള ആത്മബന്ധമാണ് എനിക്ക് സിനിമയിലേക്കും വാതിൽ തുറന്നത്. ഭരതനാണ് യാത്രാമൊഴിയുടെ നിർമാതാവ് വി.ബി.കെ. മേനോനെ പരിചയപ്പെടുത്തിയത്. പിന്നീട് ലോഹിതദാസ്, രഞ്ജിത്ത്, കമൽ, ജോഷി തുടങ്ങിയ പ്രമുഖരുടെ സിനിമകളിൽ അവസരം ലഭിച്ചു.

സംവിധായകൻ ഭരതനൊപ്പം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഇപ്പോൾ എത്ര ചിത്രങ്ങൾ പൂർത്തിയാക്കി

60 - ഓളം ചിത്രങ്ങളിൽ പ്രേക്ഷകർ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ അഭിനയിക്കാൻ സാധിച്ചു. അതിനാൽ മലയാളികൾ എന്നെ തിരിച്ചറിയുന്നുവെന്നത് ജീവിതത്തിലെ വലിയ നേട്ടമായി കരുതുന്നു.

ആരെയൊക്കെ കാരിക്കേച്ചറിൽ അവതരിപ്പിച്ചു

സാക്ഷാൽ സുകുമാർ അഴീക്കോട്, ഭരത് ഗോപി, ഒ.എൻ.വി, നെടുമുടി വേണു, എം.ടി., എ.കെ.ആന്റണി എന്നിവരെയെല്ലാം അവരുടെ മുന്നിൽവെച്ച് അവതരിപ്പിക്കാനും കഴിഞ്ഞു. കേരളത്തിന്റെ നിയമസഭാഹാളിലും ആദ്യമായി കാരിക്കേച്ചർ അവതരിപ്പിച്ചത് ഞാനാണ്. തൃശ്ശൂർ പൂരം ആദ്യമായി തത്സമയം ചാനലുകളിൽ അവതരിപ്പിച്ചതും ഞാനാണ്.

സുകുമാർ അഴീക്കോടിനൊപ്പം ജയരാജ് വാര്യർ | ഫോട്ടോ: ഉല്ലാസ് വി.പി \ മാതൃഭൂമി

പാട്ടിലേക്ക് എങ്ങിനെയെത്തി

ഞാൻ പാട്ടുകാരനാണെന്ന് ഇതുവരെ തോന്നിയിട്ടില്ല, എന്നാൽ പാട്ട് ആസ്വാദകനാണ്. യേശുദാസ്, ജയചന്ദ്രൻ, മുഹമ്മദ് റഫി എന്നിവരുടെയെല്ലാം പാട്ടുകൾ പലതും കാണാപ്പാഠമാക്കിയിട്ടുണ്ട്. ദേവരാജൻ മാസ്റ്ററുമായുള്ള സൗഹൃദം പാട്ടിലേക്ക് കൂടുതൽ അടുക്കാനും കാരണമായി. സുകുമാർ അഴീക്കോടുമായി കൂടുതൽ അടുക്കാൻ സാധിച്ചിട്ടുണ്ട്. അഴീക്കോടിനെയും എം.ടി. യെയും അനുകരിച്ചുകൊണ്ട് അവരുടെ മനസ്സിൽ എനിക്ക് ഇടം നേടാനും ഭാഗ്യമുണ്ടായി. അവർ പ്രസംഗിച്ച് കഴിഞ്ഞാൽ അതേവേദിയിൽ ഞാൻ അവരെ അനുകരിച്ച് പ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.

ചിരിപ്പിക്കാനല്ലേ ഏറ്റവും പ്രയാസം

ഇല്ല, മറ്റൊരാളെ ചിരിപ്പിക്കുക എന്നത് എനിക്ക് പ്രയാസമായി തോന്നിയിട്ടില്ല. എന്റെ അസ്ഥികളിൽ തമാശയുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ തമാശ എനിക്ക് അനായാസമായി അവതരിപ്പിക്കാൻ സാധിക്കും. ഗൗരവത്തോടെ വേദിയിൽ എത്രനേരവും സംസാരിക്കാം. അത് ബോറടിയായി സദസ്സിലും കാണാം. വീണിടം വിദ്യയാക്കി തമാശ പറഞ്ഞാൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്നുറപ്പുണ്ട്, ഇത്രയും കാലത്തേ അനുഭവങ്ങളിൽനിന്നും ഞാൻ മനസ്സിലാക്കിയതാണ്. ഗുരുത്വം എന്നുവിശ്വസിക്കാവുന്ന ആരോ ഒരാൾ അരങ്ങിൽ നമ്മളെ നിയന്ത്രിക്കാനുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. അത് മഹാഗുരുവും ദൈവവുമായിരിക്കാം.

ഏതൊരു വേദിയിലും വിവിധ പരിപാടികളുടെ ഏറ്റവും അവസാനം നർമം അവതരിപ്പിക്കാനാണ് സൗകര്യവും താത്പര്യവും. അങ്ങനെയാവുമ്പോൾ കഴിഞ്ഞ പരിപാടികളിൽനിന്നെല്ലാം പലതും നമുക്ക് കിട്ടുകയും ചെയ്യും. അതൊരു ചിരിയുടെ മത്താപ്പൂ ആക്കാനും സാധിക്കും. ഏറെ പ്രയാസങ്ങളോടെ എന്റെ പ്രോഗ്രാം ആസ്വദിക്കാൻ വരുന്നവർ തിരിച്ചുപോകുമ്പോൾ മനസ്സറിഞ്ഞ് ചിരിച്ച് പോകണമെന്നാണ് എന്റെ ആഗ്രഹം. അങ്ങിനെ ഒരു കലാകാരന് സാധിച്ചാൽ അതൊരു നല്ല സാമൂഹിക പ്രവർത്തനവുമാകും.

കലാപ്രവർത്തനം ഒരു ജീവിതോപാധി എന്നതിനപ്പുറം ഒരു സാമൂഹിക പ്രതിബദ്ധത കൂടിയുണ്ട്. ആരോടും വ്യക്തിപരമായി സ്പർദ്ധ ഇല്ലാതെ ഒരു മുന്നണിയിലും നിൽക്കാതെ വേദിയിൽ പ്രോഗ്രാം ചെയ്യാൻ സാധിക്കണം.

അതാണ് യഥാർഥ കലാപ്രവർത്തനം. നർമം നർമമായി കാണാനും സാധിക്കണം. പുതിയകാലത്ത് നർമം പറഞ്ഞ് കരയിപ്പിക്കുന്ന ഏർപ്പാടാണ് നടക്കുന്നത്. വേദിയിൽ കയറിയാൽ സ്വതസ്സിദ്ധമായ നർമം പറയാൻ സാധിക്കണം, അല്ലെങ്കിൽ അയാൾ വേദിയിൽ തോറ്റുപോകും.

ജയരാജ് വാര്യർ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി

നിർമിത ബുദ്ധിയുടെ കാലത്ത് കാരിക്കേച്ചറിന് എന്ത് ഭാവിയുണ്ട്

നിർമിത ബുദ്ധിയിലൂടെ ആർക്കും സാധിക്കും. യേശുദാസിന്റെ പാട്ട് അദ്ദേഹത്തെപ്പോലെ മനോഹരമായി നിർമിത ബുദ്ധിയിൽ പാടിക്കാൻ സാധിക്കുന്ന കാലമാണിത്. ശബ്ദവും ദൃശ്യവും ചേർത്ത് എന്നെയും അവതരിപ്പിക്കാം. ശബ്ദതരംഗവും ഇമേജുകളും ചേർത്തുള്ള നിർമിത ബുദ്ധിയുടെ കാലത്ത് എന്റെ കാരിക്കേച്ചർ എനിക്കുപകരം അവതരിപ്പിക്കാൻ തുടങ്ങിയാൽ ഞാൻ വീട്ടിലിരിക്കും. പക്ഷേ എന്റെ മനസ്സിലുള്ളത് കണ്ടുപിടിക്കാനുള്ള നിർമിത ബുദ്ധി അത്രക്കും പുരോഗമിച്ചിട്ടില്ല. 'തന്നതില്ല പരനുള്ളുകാട്ടുവാൻ ഒന്നുമേ നരനുപായമേശ്വരൻ' എന്ന് ആശാൻ പറഞ്ഞതും അതുകൊണ്ടാണ്. നിർമിത ബുദ്ധി മനുഷ്യന്റെ സർഗാത്മകത ഇല്ലാതാക്കും.

Content Highlights: interview of actor caricaturist jayaraj warrier