ബീഫ് ബിരിയാണി തിന്നുന്നതെങ്ങനെ പ്രശ്നമാകും? ബാലസംഘം എന്ന് പോലും പറയാൻ പറ്റാത്ത കാലമാണ് -’ഹാൽ’ സംവിധായകൻ വീര | INTERVIEW

എമ്പുരാനും ജാനകി. വി V/S സ്റ്റേറ്റ് ഓഫ് കേരളയ്ക്കും പിന്നാലെ സെൻസർ ബോർഡിന്റെ വെട്ടേറ്റിരിക്കുകയാണ് ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാലിന്. ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പടെ 15 രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കട്ട് പറഞ്ഞിരിക്കുന്നത്. പ്രണയിക്കൂ മതം മാറാതെ എന്ന സന്ദേശമാണ് തങ്ങളുടെ ചിത്രം പറയുന്നതെന്നും ആ സന്ദേശം പ്രചരിപ്പിച്ചാൽ മതവെറി കുറയുകയും മതം വിറ്റ് കാശാക്കാൻ പറ്റാതെ വരികയും മതം വിറ്റ് ഭരിക്കാൻ പറ്റാതെ വരികയും ചെയ്യുന്നതാണ് ചിലരെ ചൊടിപ്പിക്കുന്നതെന്ന് പറയുന്നു ചിത്രത്തിന്റെ സംവിധായകൻ വീര.
സെൻസർ ബോർഡിന്റെ കട്ട്
പതിനഞ്ചിന് മീതേ കട്ടുകൾ ചിത്രത്തിൽ നിർദേശിച്ചിട്ടുണ്ട്. പ്രണയം മാത്രം പറഞ്ഞു പോകുന്ന കഥയാണ് ഹാൽ. പ്രണയത്തിന് മതമില്ലെന്ന സന്ദേശമാണ് ചിത്രം പകർന്നു നൽകുന്നത്. പല പ്രണയവിവാഹങ്ങളിലും കണ്ടിട്ടുള്ളത് പുരുഷന്റെ മതത്തിലേക്ക് സ്ത്രീകൾ മാറുന്നതാണ്. പൂർണമനസോടെയും അല്ലാതെയും അങ്ങനെ മാറുന്നവരുണ്ട്. പ്രണയിക്കൂ മതം മാറാതെ എന്നാണ് നമ്മുടെ സിനിമ പറയുന്നത്. ആ സന്ദേശം നാളെ വളർന്നു വരുന്ന കുട്ടികൾ കാണരുതെന്നാണ് ഇതിനെ എതിർക്കുന്നവർ ചിന്തിക്കുന്നത്. ഈ സിനിമ കൊണ്ട് ലോകം മാറ്റി മറിക്കാമെന്ന പ്രതീക്ഷയൊന്നുമില്ല, എങ്കിലും നമുക്ക് പറയാനുള്ളത് പറയാൻ നമുക്ക് പറ്റുമല്ലോ. എന്നും മതങ്ങൾ എതിരാളികൾ ആവണമെന്നാണ് ഇവർ ചിന്തിക്കുന്നത്. ജീവിതശൈലിയിൽ അച്ചടക്കം കൊണ്ടുവരാനാണ് ഈ മതഗ്രന്ഥങ്ങളെല്ലാം പഠിപ്പിക്കുന്നത്. അങ്ങനെയൊരു സന്ദേശം ഈ സിനിമയിലൂടെ പോയാൽ മതവെറി കുറയും അപ്പോൾ മതം വിറ്റ് കാശാക്കാൻ പറ്റില്ല, മതം വിറ്റ് ഭരിക്കാൻ പറ്റില്ല. ആ ഒരു സംഭവം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
ബീഫ് ബിരിയാണിക്ക് എന്താണ് പ്രശ്നം ?
ആരെങ്കിലും ബീഫ് ബിരിയാണി തിന്നാൽ അത് പ്രശ്നമാകുന്നത് എങ്ങനെയാണ്. ബീഫ് എന്നാൽ പശു എന്നല്ല. ഞാൻ പശു ഇറച്ചി കഴിക്കാറില്ല. ബീഫ് എന്നാൽ പശുവല്ലെന്ന് ഈ എതിർക്കുന്നവർക്കുമറിയാം. പക്ഷേ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഈ സിനിമയിൽ പാടില്ലെന്നാണ് അവർ നിർദേശിച്ചിട്ടുള്ളത്. 12 പേർ ബിരിയാണി കഴിക്കുന്ന രംഗമാണ്. 11 മുസ്ലിം കഥാപാത്രങ്ങളും ഒരു ഹിന്ദു കഥാപാത്രവും. ഞങ്ങളുടെ സമുദായം ബീഫ് കഴിക്കില്ല. ആ രംഗം മാറ്റി നിങ്ങൾ എന്താന്ന് വച്ചാൽ കഴിച്ചോളൂ എന്ന് നിർബന്ധപൂർവം പറയുകയാണെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു.
രാഖിയും സംഘവും പ്രശ്നമാകുമ്പോൾ
അതുപോലെ രാഖി കാണിക്കുന്ന ഭാഗം ബ്ലർ ചെയ്യണം എന്നാണ്. ഇന്ന കഥാപാത്രം ഇന്ന മതമാണെന്ന് കാണിക്കാൻ സാധാരണ സിനിമകളിൽ മതചിഹ്നങ്ങൾ ഉപയോഗിക്കാറുണ്ട്. കാരണം അയാളുടെ പശ്ചാത്തലം പലപ്പോഴും വിശദമായി പറയാനോ അയാൾക്ക് പേര് നൽകാനോ പല സിനിമകളിലും സാധിച്ചെന്ന് വരില്ല. മുസ്ലിമിന് നെറ്റിയിൽ നിസ്കാരത്തഴമ്പ് കൊടുക്കുന്നത് പോലെയാണ് ആ പ്രശ്നം പരിഹരിക്കുന്നത്. അങ്ങനെ ചെയ്യുന്നതിൽ എവിടെയാണ് മതം വ്രണപ്പെടുന്നത്. രാഖി കെട്ടിയ ആൾ പോയി ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്നുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. ടാർഗറ്റ് ചെയ്ത് എടുത്തതാണെന്ന് പറയാം. ഹാലിൽ അങ്ങനെയൊരു സംഗതി ഇല്ല. ഒരു മതാചാരത്തിന്റെ ഭാഗം പോലുമല്ല രാഖി. പിന്നെവിടെയാണ് പ്രശ്നം വരുന്നത്. എന്തിനാണ് ബ്ലർ ചെയ്യുന്നത്. അതുപോലെ ഗണപതിവട്ടം എന്ന പേര് ഒഴിവാക്കണം, പിന്നെ സംഘം കാവലുണ്ട് എന്ന് പറയുന്നത് നായകന്റെ കൂട്ടുകാരുടെ സംഘമാണ്. ഞങ്ങളുടെ സംഘം ഈ വീടിന് കാവലുണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ പോയാൽ ബാലസംഘവും സഹകരണ സംഘവും എന്തിന് ബലാത്സംഗം എന്നത് വരെ മാറ്റി പറയേണ്ടി വരുമല്ലോ ? ഹോളി മരിയ എന്ന് കോളേജിന് പേരിട്ടിട്ടുണ്ട്. അതിന് വരെ മാറ്റം പറഞ്ഞിട്ടുണ്ട്.
ഹിഡൻ അജണ്ട പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം
ഈ പറഞ്ഞ നിർദേശങ്ങളെല്ലാം പാലിച്ചു കഴിഞ്ഞാലും എ സർട്ടിഫിക്കേറ്റേ തരാൻ പറ്റൂ എന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കുന്നത്. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് കാണാൻ പറ്റുന്ന ക്ലീൻ മൂവി ആണ് ഹാൽ. ഒരു പാട്ടിൽ പോലും അനാവശ്യ രംഗങ്ങൾ ഇല്ല. പിന്നെന്ത് കൊണ്ട് എ സർട്ടിഫിക്കേറ്റ് എന്നതിന് അവർക്ക് വിശദീകരണമില്ല. നിങ്ങൾ ഒരു ഹിഡൻ അജണ്ട സിനിമയിലൂടെ പറയുന്നുവെന്നാണ് അവരുടെ പ്രതികരണം. അതെന്താണെന്നാണ് ഞങ്ങളുടെ ചോദ്യം.
ഇന്റർകാസ്റ്റ് വിവാഹമാണ് ചിത്രത്തിലെ പ്രധാന സംഭവം. മുസ്ലിമായ നായികയും മറ്റൊരു മതത്തിൽപെട്ട നായകനും. അത്തരമൊരു വിവാഹത്തെ പിന്തുണയ്ക്കരുതെന്ന് കൂട്ടമായി ചർച്ച ചെയ്തപ്പോൾ തോന്നിക്കാണും. അങ്ങനെയൊരു വിവാഹമാണെങ്കിൽ ഒന്നുകിൽ അവനെ കൊല്ലണം, അല്ലെങ്കിൽ ജയിലിലാക്കണം എന്നാവും. എന്നാലേ അങ്ങനെയൊരു സംഭവം ഇവിടെ ഉണ്ടെന്ന് അറിയൂ. അങ്ങനെ അറിയിച്ചാലേ ആ വിഭാഗത്തെ മാറ്റി നിർത്താനാവൂ. അതൊക്കെയാകണം കാരണം.
വേണ്ടത് സ്ക്രിപ്റ്റ് സെൻസറിങ്ങ്
സ്ക്രിപ്റ്റ് സെൻസർ ചെയ്യണം എന്നാണ് എനിക്ക് മുന്നോട്ട് വയ്ക്കാനുള്ള നിർദേശം. സിനിമ സെൻസർ ചെയ്യുന്നത് മാറ്റുക. കഷ്ടപ്പെട്ട് ചിത്രീകരിച്ച വെട്ടി വികലമാക്കുന്നതിലും ഭേദം എന്ത് എടുക്കണമെന്ന് തിരക്കഥ സെൻസർ ചെയ്ത് തീരുമാനിക്കുന്നതല്ലേ? ആവിഷ്കാരസ്വാതന്ത്രൃം ഇല്ലാതിരിക്കുന്നതിലും ഭേദമല്ലേ അത്. സാമ്പത്തികലാഭത്തിനും മീതെയല്ലേ ഉപജീവനം. ഈ അടുത്താണ് ഇത്തരം പ്രശ്നങ്ങൾ രൂക്ഷമായത്. സന്ദേശമൊന്നും ഇന്നായിരുന്നെങ്കിൽ ഇറങ്ങില്ലായിരുന്നുവെന്ന് നിശ്ചയമാണ്. കുറ്റം പറയാനും ചോദ്യം ചെയ്യാനും ഇന്ന് സാധിക്കില്ല. പേടിയാണ് സിനിമയെടുക്കാൻ.
നിരന്തരം ആക്രമിക്കപ്പെടുന്ന ഷെയ്ൻ
ഷെയ്ൻ എന്ത് പറഞ്ഞാലും ഇന്ന് പ്രശ്നമാണ്. സത്യത്തിൽ ഷെയ്ൻ ഭയങ്കരമായ ഭീകരവാദിയോ, വിശ്വാസിയോ അല്ല അവൻ അവന്റെ മതത്തിൽ വിശ്വസിക്കുന്നുണ്ടാകാം. ഇപ്പോൾ ഒരാൾ എന്ത് പറയുന്നോ അത് അവൻ വിശ്വസിക്കും. കാപട്യമില്ലാത്തവനാണ്. ഉള്ളിലെ സത്യം അവൻ ആരോടാണെങ്കിലും പറയും. അത് വിഷയവുമാകും. സുഡാപ്പി എന്ന വിളികേട്ട് സുഡാപ്പി ഫ്രം ഇന്ത്യ എന്ന് ഒരു ക്യാപ് ഇട്ട് നടന്നു. അത് വരെ പ്രശ്നമായി. അവൻ സുഡാപ്പിയല്ല. അങ്ങനെ വിളിക്കുന്നവരെ കളിയാക്കിയതാണവൻ. അവൻ എന്ത് പറഞ്ഞാലും പ്രശനമാണ്. പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രിയുമൊക്കെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഫിയ ഒക്കെ ധരിച്ച് നടന്നതാണ്. പക്ഷേ ഷെയ്ൻ പലസ്തീനെ പിന്തുണച്ചാൽ പോസ്റ്റർ കീറലായി, സൈബർ അറ്റാക്ക് ആയി.
വെട്ടേറ്റ് വീണ സിനിമകൾ നിരവധി
പുറത്തറിഞ്ഞ മൂന്നാമത്തെ ചിത്രമാണെന്ന് വേണം പറയാൻ. കാരണം സെൻസറിങ്ങിന്റെ ആവശ്യങ്ങൾക്കായി മുംബൈയിൽ ചെന്നപ്പോൾ സെൻസർ ബോർഡ് ഓഫീസിന് താഴെയുള്ള ചായക്കടയിൽ ചെന്നപ്പോൾ മലബാറി ഹേ ? കിത്നേ കട്ട് എന്നൊക്കെയാണ് ചോദിക്കുന്നത്. അതിനർഥം മലയാളത്തിൽ നിന്ന് നിത്യേന ധാരാളം ചിത്രങ്ങൾ ഇതേ പ്രശ്നം നേരിട്ട് അവിടെ എത്തുന്നുണ്ടെന്നാണ്. ഈ പറഞ്ഞ എമ്പുരാനും,ജെഎസ്കെയും ഇപ്പോൾ ഹാലുമെല്ലാം വാർത്തയായത് ബിഗ് ബഡ്ജറ്റ് സ്റ്റാർ ചിത്രമായതുകൊണ്ടാണ്. അങ്ങനെയല്ലാത്ത ഒന്നരക്കോടിക്കൊക്കെ ചെയ്തു തീർത്ത നിരവധി ഓഫ്ബീറ്റ് ചിത്രങ്ങൾ ഈ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്.
Content Highlights: Director Veera of `Haal` discusses the 15 censor cuts, including a beef biryani scene, and the film`s message of love transcending religion. He criticizes religious intolerance and censorship.