‘ദൃശ്യം ചെയ്തതിൽ മരിക്കുംവരെ അഭിമാനം, മറ്റുള്ളവരും നന്നായി ജീവിക്കട്ടെ എന്നുകരുതുന്നയാളാണ് ലാലേട്ടൻ’

ഈ മാസം 21-ന് റിലീസ് ചെയ്യുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 3. എല്ലാ മലയാളികളേയുംപോലെ അത്രയേറെ ആകാംക്ഷയിലാണ് തങ്ങളും ഈ സിനിമയ്ക്കായി കാത്തിരിക്കുന്നതെന്ന് പറയുകയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയ അൻസിബയും എസ്തേർ അനിലും. ആളുകൾ ഇത്രയും ആഘോഷിക്കുന്ന ഒരു സിനിമയുടെ തുടർച്ചയിൽ ഭാഗമാകാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. ദൃശ്യത്തിന്റെ ഭാഗമായ നടിമാരെന്നത് അഭിമാനമുള്ള കാര്യമാണ്. കഥയറിയാമെങ്കിലും ജീത്തു ജോസഫ് എന്തായിരിക്കും എഴുതി വെച്ചിട്ടുള്ളതെന്നും മോഹൻലാൽ അത് എങ്ങനെയാണ് ചെയ്തു വെച്ചിരിക്കുന്നത് എന്നും കാണാനുള്ള ആകാംക്ഷയാണുള്ളതെന്നും ഇരുവരും മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു..
എത്രമാത്രം ആകാംക്ഷയിലാണ് രണ്ടുപേരും?
അൻസിബ: മലയാളികൾ ദൃശ്യം 3 കാണാൻ എത്രത്തോളം ആകാംക്ഷാഭരിതരാണോ അതേപോലെതന്നെയാണ് ഞങ്ങളും. പിന്നെ ഞങ്ങളെ രണ്ടുപേരെയും കുറേ നാളായി സ്ക്രീനിൽ ആളുകൾ കണ്ടിട്ടുണ്ടാവില്ല. ദൃശ്യം 2 ആർക്കും തിയേറ്ററിൽ കാണാൻ പറ്റിയിട്ടില്ല.
എസ്തേർ: കഥയൊക്കെ അറിയാം. എന്നാലും ജീത്തു സാർ ചിത്രം എങ്ങനെയാണ് ചെയ്തുവെച്ചിരിക്കുന്നത് എന്നുകാണാനുള്ള കൗതുകമുണ്ട്.
ദൃശ്യം 3യെക്കുറിച്ച് ഇപ്പോൾ പറയാൻ പറ്റുന്ന കാര്യമെന്ത്?
എസ്തേർ: ആളുകൾക്ക് അല്പം ആകാംക്ഷയുണ്ട്. ക്ലാസിക് ക്രിമിനൽ എന്നൊക്കെയുള്ള വിശേഷണങ്ങൾ വന്നിരുന്നല്ലോ. ദൃശ്യം ആദ്യഭാഗത്ത് സംഭവിച്ച ആ സംഭവത്തെ ജോർജ്ജുകുട്ടിയുടെ കുടുംബം എങ്ങനെയാണ് മറികടന്നത്? സത്യം പറഞ്ഞാൽ എനിക്ക് തോന്നുന്നത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ മനസ്സിൽ ഇപ്പോഴും ഇതൊരു ഫാമിലി ഇമോഷണൽ ഡ്രാമ തന്നെയാണ്. മൂന്നാംഭാഗത്തിലേക്ക് വരുമ്പോൾ ഇമോഷന് കുറച്ചുകൂടി പ്രധാന്യമുണ്ടാകും. എന്താണ് ലാലേട്ടൻ ഇതിൽ ഒപ്പിച്ചു വെച്ചിരിക്കുന്നത് എന്നുള്ള ഒരു ആകാംക്ഷ ഉണ്ടെങ്കിൽ കൂടി ഇതൊക്കെ തുടങ്ങിയത് സത്യം പറഞ്ഞാൽ ആ ഫാമിലിയിൽ സംഭവിച്ച ഒരു അവിചാരിതമായ സംഭവത്തെത്തുടർന്നാണല്ലോ. എന്റെ കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാനും ജോർജ് കുട്ടിയെ പോലെ ആയിപ്പോകും എന്റെ അച്ഛൻ പറയാറുണ്ട്. ആ ഒരു കുടുംബബന്ധമാണ് സിനിമയെ ആളുകളോട് ഇത്രയും അടുപ്പിച്ചത്.
ദൃശ്യം 3 വരാൻ പോകുന്നു എന്നത് എത്രമാത്രം സന്തോഷംനൽകുന്ന കാര്യമാണ്?
അൻസിബ: ഒരുപാട് സന്തോഷമുണ്ട്. ദൃശ്യം 2 കോവിഡ് ആയിട്ട് പോലും വലിയ സ്കെയിലിൽ തന്നെ ഷൂട്ട് ചെയ്ത ഒരു സിനിമയാണ്. പക്ഷേ അത് നമുക്ക് ഒടിടിയിൽ റിലീസ് ചെയ്യേണ്ടി വന്നു. എനിക്ക് ആ സമയത്ത് കോവിഡ് ഉണ്ടായിരുന്നു. ഞാൻ മാത്രമേ ഫ്ലാറ്റിൽ ഉണ്ടായിരുന്നുള്ളൂ. എന്റെ ലൈഫിൽ ഞാൻ ആദ്യമായിട്ട്, എല്ലാവരുടെയും ലൈഫിലും കോവിഡ് ആദ്യമായിട്ടാണ് വന്നത്. പക്ഷേ ഒറ്റക്ക് ഇരുന്നിട്ടാണ് ഞാൻ ആ പടം കണ്ടത്. രാത്രി 12 മണിക്ക്. ആ സമയത്ത് ഫ്ലാറ്റിൽവേറെ ആരുമില്ല. ഭക്ഷണം നമുക്ക് പുറത്തുനിന്ന് വരുത്തി വാതിലിന്റെ മുന്നിൽ വെച്ചിട്ട് പോവുമല്ലോ. അങ്ങനെ ഒരവസ്ഥയിലാണ് ദൃശ്യം 2 കണ്ടത്. അന്ന് ആ സിനിമ തിയേറ്ററിൽ കാണാൻ പറ്റാതിരുന്നതിൽ വിഷമം ഉണ്ടായിരുന്നു. മൾട്ടിപ്ലക്സിൽ അല്ലാതെ സാധാരണ തിയേറ്ററിൽ പോയി കാണുമ്പോഴാണ് കുറച്ചുംകൂടി ആ ഒരു ഓളം മനസ്സിലാകു. ഞാൻ ദൃശ്യം കോഴിക്കോട് രാധാ തിയേറ്ററിലാണ് കണ്ടത്. അതിൽ ഇരുമ്പുവടിയെടുത്ത് വരുണിന്റെ തലക്ക് അടിക്കുന്ന ആ ഷോട്ട് മുതൽ പിന്നെ തീരുന്നത് വരെ കയ്യടിയായിരുന്നു. അതൊക്കെ ദൃശ്യം 2 വന്നപ്പോൾ മിസ് ചെയ്തു.
ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിങ്ങൾ രണ്ടുപേരും വിചാരിച്ചിരുന്നോ?
എസ്തേർ: ദൃശ്യം-1നു ശേഷം ഞാൻ തമിഴും തെലുങ്കും ഒക്കെ ചെയ്ത് അങ്ങനെ കറങ്ങി നടക്കുയായിരുന്നു. അപ്പോഴും രണ്ടാം ഭാഗത്തിനുള്ള ഒരു സാധ്യത പോലും ജീത്തു അങ്കിൾപോലും പറഞ്ഞുകേട്ടിട്ടുണ്ടായിരുന്നില്ല. പിന്നെയാണ് ന്യൂസ് വരുന്നത് ഇതേപോലെ ലാലങ്കളിന്റെ കോവിഡ് സമയത്തെ ഒരു ബർത്ത്ഡേക്കാണ് ദൃശ്യം 2 അനൗൺസ് ചെയ്യുന്നത്. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ജീത്തുസാർ ദൃശ്യം 3യുടെ ക്ലൈമാക്സ് കയ്യിലുണ്ടെന്ന് പറഞ്ഞത്. ദൃശ്യത്തിന് തുടർഭാഗങ്ങളുണ്ടാവില്ലെന്ന് കരുതി ഞാൻ എന്റെ പ്ലാൻ അനുസരിച്ച് പഠിക്കാൻ പോയി. അപ്പോഴാണ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ആളുകൾ ഇത്രയും ആഘോഷിക്കുന്ന ഒരു സിനിമയുടെ തുടർച്ചയിൽ ഭാഗമാകാൻ പറ്റുന്നതിൽ സന്തോഷമുണ്ട്.
ദൃശ്യം 3യിലേക്കുള്ള ഒരു കോൾ വന്നപ്പോൾ നിങ്ങളുടെ ഫസ്റ്റ് റിയാക്ഷൻ എന്തായിരുന്നു?
അൻസിബ: ജീത്തു സാർ തന്നെയാണ് എന്നെ വിളിച്ചത്. കോവിഡിന്റെ സമയത്ത് ഭൂരിഭാഗം ആളുകളുടെയും ഒരു ഹോബി കുക്കിങ് ആയിരുന്നു. ഞാനും അങ്ങനെത്തന്നെ. കുക്ക് ചെയ്യുക, വീഡിയോ ഷൂട്ട് ചെയ്യുക, പോസ്റ്റ് ചെയ്യുന്നവരുണ്ടാവും പോസ്റ്റ് ചെയ്യാത്തവരും ഉണ്ടാവും. ഞാൻ അങ്ങനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വെക്കുന്ന ഒരാളാണ്. അങ്ങനെയിരിക്കുമ്പോഴാണ് പെട്ടന്നൊരുദിവസം ജീത്തു സാർ വിളിക്കുന്നത്. സാറിന്റെ കോൾ ഞാൻ പ്രതീക്ഷിക്കുന്നില്ല. ദൃശ്യം 2 തുടങ്ങാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഭയങ്കര എക്സൈറ്റഡ് ആയി. കാരണം രണ്ടാംഭാഗം ഉണ്ടെന്ന് പലയിടങ്ങളിൽ നിന്നും കേൾക്കുന്നുണ്ടന്നുണ്ടെങ്കിലും അതിന്റെ ഉപജ്ഞാതാവ് തന്നെ പറയുമ്പോഴാണല്ലോ നമുക്കൊരു സന്തോഷം. സാറിന്റെ വീട്ടിൽ ചെന്നിട്ടായിരുന്നു സ്ക്രിപ്റ്റ് വായിച്ചത്. ആ സമയത്ത് ഞാൻ കുറച്ചുകൂടെ തടിച്ചിട്ടുണ്ടായിരുന്നു. കുക്കറി മാത്രമല്ല, ഉണ്ടാക്കുന്ന എല്ലാം കഴിച്ചു തീർക്കും. സാർ പറഞ്ഞു ഡയറ്റ് ചെയ്തേക്കണം, മെലിയണം എന്നൊക്കെ. പിന്നെ ഓൺലൈൻ വർക്ക്ഔട്ട് ആയിരുന്നു. കാരണം ജിമ്മിൽ പോകാൻ നമുക്ക് റെസ്ട്രിക്ഷൻ ഉണ്ടായിരുന്നു. അപ്പോ ഓൺലൈനിൽ ട്രെയിനർ വരും. എന്നിട്ട് വീട്ടിനകത്തുനിന്ന് തന്നെ വർക്ക് ഔട്ട് ചെയ്യും. പിന്നെ സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ അതിന്റെ ഒരു പല സീനുകൾ ചെയ്യുന്നതിന് കുറച്ചുംകൂടി നമ്മൾ പ്രാക്ടീസ് ചെയ്യേണ്ടതുണ്ട് എന്ന് മനസ്സിലായി. റിസേർച്ച് ചെയ്യേണ്ട സീൻ ഉണ്ടായിരുന്നു. അങ്ങനെയൊക്കെ കുറെ കാര്യങ്ങൾ ചെയ്യാൻ പറ്റി.
ദൃശ്യം 3യിൽ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന മാജിക് എന്താണ്?
അൻസിബ: ദൃശ്യം ത്രീയിലും ഇതുപോലെ പെട്ടെന്ന് ഒരു കോൾ വന്നപ്പോൾ ഭയങ്കര ഹാപ്പിയായി. ഇതിന്റെ സ്റ്റോറി ലൈൻ ഇനി എങ്ങനെയായിരിക്കും പോവുക എന്നതിലാണ് എക്സൈറ്റ്മെന്റ്. ഒരു കാര്യം ഉറപ്പാണ് കാരണം സാധാരണ നമ്മൾ കാണുന്ന ഒരു സിനിമയുടെ ആദ്യഭാഗത്തിന്റെ തുടർച്ചയായിയിരിക്കില്ല രണ്ടാം ഭാഗം. അടുത്തിടെ വന്ന വാഴയൊക്കെ നോക്കിയാലറിയാൻ പറ്റു. പക്ഷേ ദൃശ്യം അങ്ങനെയല്ല. ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളും അവരുടെ കഥയും ഒരിടത്തുനിന്നും വിട്ടുപോയിട്ടില്ല രണ്ടാംഭാഗത്തിൽ എത്തിയപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. ഞങ്ങളുടെ വളർച്ചയും ആ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ചിലർ പറയും ഇത്രയും വർഷമായി എസ്തേർ വളർന്നുപോയി, അൻസിബ വളർന്നു എല്ലാവർക്കും മാറ്റം വന്നു എന്ന്. അങ്ങനെ ചിന്തിക്കേണ്ട ഒരു ആവശ്യമേ ഇല്ലാത്ത സിനിമയാണ് ദൃശ്യം. കാരണം ആ കഥാപാത്രങ്ങൾ കാലക്രമേണ ഇത്ര വർഷങ്ങൾ കൊണ്ട് അവർക്ക് എത്ര പ്രായമായോ അത്രയും പ്രായം തന്നെയാണ് സിനിമയിലും കാണിച്ചിട്ടുള്ളത്. മൂന്നാംഭാഗത്തിലും അങ്ങനെതന്നെ. ലാലേട്ടനും മീനചേച്ചിയും എങ്ങനെ മുതിർന്നോ അത് തന്നെ കാണിച്ചിരിക്കുന്നു. ജീത്തു സാറിന്റെ സ്റ്റോറി നറേഷൻ എല്ലാവർക്കും ഭയങ്കര എക്സൈറ്റ്മെന്റ് നൽകുന്ന ഒന്നാണ്. ജീത്തു സാർ എന്തായിരിക്കും എഴുതി വെച്ചിട്ടുള്ളത്, ലാലേട്ടൻ അത് എങ്ങനെയാണ് ചെയ്തു വെച്ചിരിക്കുന്നത് എന്ന് കാണാനുള്ള ഒരു ആകാംക്ഷയാണുള്ളത്.
ജോർജ് കുട്ടിയുടെ മക്കൾ എന്നുള്ള വിളി ആസ്വദിക്കുന്നുണ്ടോ?
എസ്തേർ: എപ്പോഴും ഒന്നും ആരും വിളിക്കാറില്ല. ദൃശ്യത്തിലെ കുട്ടി എന്നാണ് പലപ്പോഴും പറയാറ്. നാട്ടിൽ മാത്രമല്ല, ഞാൻ പഠിക്കാൻ ഒരു മൂന്നു വർഷം മുംബെയിൽ പോയിരുന്നു. അപ്പോ അവിടെയും മലയാളികൾ ആവട്ടെ ഉത്തരേന്ത്യക്കാർ വന്ന് പരിചയപ്പെട്ടിട്ടുണ്ട്. ലണ്ടനിൽ പഠിക്കാൻ പോയപ്പോഴും ഇതേപോലത്തെ ഒരു ഫീലിങ് ആണ്. ഈ അടുത്ത് സ്ലൊവേനിയ എന്ന് പറഞ്ഞ ഒരു ചെറിയ രാജ്യത്ത് ഞാൻ പോയി. അവിടെയും മലയാളികൾ. ദൃശ്യത്തിലെ എസ്തേറല്ലേ എന്ന് പറഞ്ഞുവന്നു. അതൊരു വല്ലാത്ത അനുഭവമാണ്. നമ്മൾ എത്ര യാത്ര ചെയ്താലും നാട്ടിൽനിന്ന് എത്ര ദൂരെ പോയാലും നമ്മളെ ആ ഒരു സിനിമ വെച്ച് ആളുകൾ നമ്മളെ തിരിച്ചറിയുന്നു എന്ന് പറയുന്നത് ഒരു വലിയ ഐഡന്റിറ്റി പോലെയാണ്. ദൃശ്യത്തിനുശേഷം ഇടക്ക് ഞാൻ പടങ്ങളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അങ്ങനെ ഒന്നും ഓർത്തിരിക്കാൻ പാകത്തിനുള്ളതോ അല്ലെങ്കിൽ നായികാ പ്രാധാന്യമുള്ളതോ ആയ സിനിമകൾ ഒന്നും ചെയ്തിട്ടില്ല. അപ്പോൾ എൻജോയ് ചെയ്യാതിരിക്കാൻ ഇതിന് കാരണമില്ല. നമുക്ക് ജീവിതത്തിൽ അങ്ങനെ ചെറിയ ഓരോ താരത്തെ സംബന്ധിച്ചും ചില സിനിമകളായിരിക്കും നമ്മൾ ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ് ചെയ്യുന്നത്. നമ്മളെ ആൾക്കാർ വർഷങ്ങളോളം ഓർത്തിരിക്കുന്നതിന് ദൃശ്യം ഒരു കാരണം ആയിട്ടുണ്ടെങ്കിൽ ഐആം ഹാപ്പി. പക്ഷേ ഒരു നടിയെന്ന നിലയിൽ എപ്പോഴെങ്കിലും അത് മാറ്റിയെടുക്കണമെന്നും ആഗ്രഹമുണ്ട് . കാലക്രമേണ അത് നടക്കുമായിരിക്കും. ഞങ്ങളുടെ മനസ്സിൽ ഇന്നും ആ കുഞ്ഞുകുട്ടിയാണ് എന്നും പറയുന്നവരുണ്ട്. ഞാനും അത് സമ്മതിക്കും. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ആ ദൃശ്യം 1 ഇറങ്ങുന്ന സമയത്ത് കുറെ അമ്മമാരൊക്കെ പേടിച്ച് നമ്മുടെ അടുത്തേക്ക് വന്നു. മോളെ ഒരുപാട് തല്ലിയോ, ഒരുപാട് വേദനിച്ചോ എന്നൊക്കെ ചോദിച്ചു. അവരുടെ മനസ്സിലൊക്കെ ഇത് വളരെ റിയൽ ആണ്. ഒരു അഭിനേതാവ് എന്നുള്ള നിലയിൽ നമുക്ക് ഇതൊക്കെ ഭയങ്കര സന്തോഷമല്ലേ. ആ സിനിമ അത്രയും ഇംപാക്ട് ഉണ്ടാക്കിയതുകൊണ്ടാണല്ലോ അവരെല്ലാം ഇതിങ്ങനെ കാണുന്നത്. അതൊക്കെ ജീവിതത്തിൽ ഒരിക്കൽമാത്രം കിട്ടുന്ന അനുഭവമാണ്.
ട്രോളുകൾ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ടോ?
അൻസിബ: ഒരിക്കലും തോന്നിയിട്ടില്ല. അത് ആസ്വദിക്കാറേയുള്ളൂ. ദൃശ്യം സിനിമയും എന്റെ പേരും വെച്ചിട്ടായിരിക്കും ട്രോൾ വരുന്നത്. അപ്പോൾ ഞാൻ ആലോചിക്കും, ശരിയാണ് ദൃശ്യം വേൾഡ് വൈഡ് പോയ ഒരു സിനിമയാണ്, ഒത്തിരി ഫോറിൻ ലാംഗ്വേജസിൽ വന്ന സിനിമ. ഇന്ത്യയിൽത്തന്നെ എത്രയോ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. അങ്ങനെ ഒരു സിനിമയുടെ അവിഭാജ്യഘടകമായിട്ടുള്ള ഒരാളാണ് ഞാൻ. ട്രോളുകൾ അക്കാര്യം എന്നെ ഓർമിപ്പിക്കുകയാണ്. അപ്പോൾ ഞാൻ തലയയുർത്തി നിൽക്കണം. ഏതെങ്കിലും ഒരു സിനിമ ചെയ്തിട്ട് വന്ന ആളല്ല ഞാൻ. ഞാൻ ചെയ്ത സിനിമ ദൃശ്യമാണ്. അത് ഞാൻ ഈ ഭൂമിയിൽ ഉള്ള കാലത്തോളം എനിക്ക് അഭിമാനമുള്ള ഒരു കാര്യമാണ്. അത് വെച്ചിട്ട് എത്ര ട്രോൾ ചെയ്താലും ഞാൻ ഹാപ്പിയാണ്.
മീനയുമായി നിങ്ങളിൽ ആർക്കാണ് കൂടുതൽ അടുപ്പം?
അൻസിബ: എനിക്ക് തോന്നുന്നത്, കുറച്ചുകൂടെ കമ്പനി എസ്തേർ ആയിരിക്കും. ഞാനും കമ്പനിയാണ്. പക്ഷേ ദൃശ്യത്തിൽ അഭിനയിക്കുമ്പോൾ എസ്തേർ കുഞ്ഞായിരുന്നു. ഞാൻ ടീനേജും. ആ വ്യത്യാസമുണ്ട്. എനിക്ക് എപ്പോഴും എന്റെ ലൈഫിൽ ഞാൻ ആദ്യമായിട്ട് കണ്ട ഒരു ലേഡി സൂപ്പർ സ്റ്റാർ മീന ചേച്ചിയാണ്. അത് എനിക്ക് അപ്പോഴും അങ്ങനെ തന്നെയാണ്, ഇപ്പോഴും അങ്ങനെ തന്നെയാണ്. ബഹുമാനം കലർന്ന അടുപ്പമാണ് അവരുമായുള്ളത്. ദൃശ്യം മുതൽ മീന ചേച്ചി എങ്ങനെയാണോ പെരുമാറിയിട്ടുള്ളത് അതുപോലെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. അതുകൊണ്ട് ഞാൻ അധികം അങ്ങനെ തമാശകൾ ഒന്നും അധികം പറയാറില്ല. കാരണം എനിക്ക് അറിയില്ല. ചിലപ്പോൾ സ്നേഹത്തേക്കാളധികം ബഹുമാനം ഉള്ളതുകൊണ്ടായിരിക്കും. കഴിഞ്ഞവർഷം വനിതാ ദിനത്തിൽ അമ്മ സംഘടനയിൽ നടന്ന ആഘോഷത്തിന് അവരെ കൊണ്ടുവരാൻ പറ്റി. അതൊക്കെ എനിക്ക് കുറച്ചുകൂടെ സന്തോഷം നൽകുന്ന സംഭവമാണ്. ആ ബന്ധം ഇപ്പോഴും തുടർന്നുപോരുന്നുണ്ട്. ലാലേട്ടനോടും എനിക്കുള്ളത് ബഹുമാനം കലർന്ന സ്നേഹമാണ്. സ്നേഹത്തിന് ഒരുപടി മേലെ ബഹുമാനം ഉള്ളതുകൊണ്ട് ഞാൻ ഒരു അതിര് വെച്ചിട്ടുണ്ട്. ഞാനൊരിക്കലും അതിനുമേലെ പോകാറില്ല
എസ്തേർ ലണ്ടനിൽ പഠിക്കാൻ പോകുന്ന വിവരം ദൃശ്യം ടീമിനോട് പറഞ്ഞിരുന്നോ?
ഇല്ല. ഞാൻ ദൃശ്യം 2 കഴിഞ്ഞ് രണ്ടുവർഷം കൂടെ കഴിഞ്ഞിട്ടാണ് ലണ്ടനിലേക്ക് പോകുന്നത്. അപ്പോൾ ആ പ്ലാൻ അവർക്ക് അറിയില്ലായിരുന്നു. ദൃശ്യം 3യിൽനിന്ന് ഒരു കോളും ഒഫീഷ്യലി വന്നതല്ല. ഞാൻ ലണ്ടനിൽ ബസ്സിൽ ഒരു ജോബ് ഇന്റർവ്യൂവിന് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ അമ്മ ഫാമിലി ഗ്രൂപ്പിൽ ദൃശ്യം 3 വരുന്നുണ്ടല്ലോ എന്നുപറഞ്ഞിട്ട് ഒരു പോസ്റ്റ് അയച്ചു. ഞാൻ അപ്പോൾത്തന്നെ ജീത്തു അങ്കിളിന്റെ മോളെ വിളിച്ചു. അവളാണ് സിനിമ ഉണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞത്. നല്ലൊരു ജോലിയായിരുന്നു, തിരിച്ചുവരണം എന്നുപറഞ്ഞു. എന്റെ ലൈഫിൽ അത്ര പ്രാധാന്യമുള്ള ഉള്ള ഒരു സിനിമയാണ്. ജീവിതത്തിൽ നേടിയിട്ടുള്ള ഒരുപാട് കാര്യങ്ങൾക്ക് കാരണമായിട്ടുള്ള ഒരു സിനിമയാണ് ദൃശ്യം. പക്ഷേ ലണ്ടൻ വിട്ടുവരാൻ പഠനവുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ ചെയ്യണമായിരുന്നു. അതുകൊണ്ട് പ്രൊഡക്ഷൻ ടീമായ ആശീർവാദമായിട്ടും ജീത്തു അങ്കിളുമായും സംസാരിക്കേണ്ടി വന്നു. ഞാനൊരു ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ എല്ലാവർക്കും എന്നെ നന്നായിട്ട് അറിയാം. എന്റെ ഇളയമകൾ ലണ്ടനിൽ മാസ്റ്റേഴ്സ് കഴിഞ്ഞുവന്നിരിക്കുകയാണെന്നാണ് ലാലങ്കിൾ പറഞ്ഞത്.
ലണ്ടനിലെ ലൈഫ് തന്ന ഒരു പാഠം എന്താണ്?
എസ്തർ: ഒരുപാട് പാഠങ്ങളുണ്ട്. നല്ല യൂണിവേഴ്സിറ്റി ആയിരുന്നു. നല്ല കൂട്ടുകാരെ കിട്ടി. നല്ല സിറ്റി. ലണ്ടൻ വളരെ തിരക്കുള്ള എക്സ്പെൻസിവ് ആയ സിറ്റി ആണെങ്കിലും എനിക്ക് അത്യാവശ്യം തട്ടി മുട്ടി പോകാൻ പറ്റി. പക്ഷേ ഏറ്റവും വലിയ പാഠം എന്ന് പറയുന്നത് അവിടെ മീറ്റ് ചെയ്ത ആൾക്കാരാണ്. എന്റെ പ്രായത്തിലുള്ള എന്നെപ്പോലെ പഠിക്കാൻ ആഗ്രഹം കൊണ്ടുവന്ന ആളുകളെ കണ്ടപ്പോൾ വളരെ വിഷമവും തോന്നിയിട്ടുണ്ട്. കാരണം യഥാർത്ഥ വസ്തുത അറിയാതെ വന്ന ഒത്തിരി കുട്ടികളുണ്ട്. വെറുതെ കുറച്ച് ഫോട്ടോസ് കണ്ടിട്ടോ, ലൈഫ് ഇങ്ങനെ ആയിരിക്കും, പുറത്തു പോയി കഴിഞ്ഞാൽ നമുക്ക് ഇങ്ങനെയൊക്കെ നടക്കാൻ പറ്റും എന്ന് വിചാരിച്ചു വന്ന കുട്ടികളുണ്ട്. അവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ലോണിനൊക്കെ. അവിടെ നമ്മുടെ നാട്ടിലെ പോലത്തെ ഒരു സിസ്റ്റമേ അല്ല. വിസ തട്ടിപ്പുകൾപോലും നടക്കുന്നുണ്ട്. അങ്ങനെയുള്ള കഥകൾ കേക്കുമ്പോൾ സത്യം പറഞ്ഞാൽ വിഷമം വരും. കാരണം ഞാൻ വലിയൊരു സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നല്ല വരുന്നത്. എന്റെ അടുത്ത് ആരെങ്കിലും വന്ന് സംസാരിക്കുമ്പോൾ, വിദേശത്ത് പഠിക്കാൻ പോകണം എന്നൊക്കെ പറയുമ്പോൾ എനിക്ക് പറഞ്ഞു കൊടുക്കാൻ പറ്റുന്ന ഒത്തിരി കാര്യങ്ങളുണ്ട്.
ആ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയപ്പോൾ ഉള്ള അനുഭവം എന്തായിരുന്നു?
എസ്തേർ: പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു യുദ്ധം കഴിഞ്ഞതുപോലെയായിരുന്നു. കാരണം തോറ്റുപോകും അല്ലെങ്കിൽ ഒന്നിനും കൊള്ളില്ല എന്നൊക്കെ തോന്നിയ ഒരു സ്ഥലത്ത് നമ്മൾ അത് നേടി എന്നുള്ളത് അഭിമാനമാണ്. പക്ഷേ അത് ഒറ്റക്കുള്ള ഒരു യാത്ര ആയിരുന്നില്ല. ലണ്ടനിൽ കേരളഭക്ഷണം കഴിക്കാൻ കടയിൽ പോകണമെങ്കിൽ വലിയ ചെലവാണ്. അപ്പോഴായിരിക്കും ഏതെങ്കിലും മലയാളികൾ അത് കണ്ടറിഞ്ഞ് പാത്രത്തിൽ ഭക്ഷണം കൊണ്ടുവന്ന് തരിക. ലണ്ടനിൽ അത്രയേറെ സ്നേഹം അനുഭവിച്ചിട്ടുണ്ട്. നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ ആൾക്കാർ നമ്മളെ സഹായിക്കാൻ വന്ന ഒരു ടൈം കൂടി ആയിരുന്നു
നിങ്ങൾക്ക് രണ്ടുപേർക്കും ലാലേട്ടൻ നന്ന ഉപദേശം എന്തായിരിക്കും?
അൻസിബ: ഉപദേശമായിട്ടൊന്നും അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ദൃശ്യം അല്ലാതെ ഞാൻ ലാലേട്ടനായിട്ട് ഇടയ്ക്കിടെ കണ്ടുകൊണ്ടിരുന്നത് അമ്മയുടെ മീറ്റിങ്ങുകൾക്കാണ്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോൾ ആ രീതിയിലുള്ള നിർദേശങ്ങൾ പറയും. എപ്പോഴും രസകരമായിട്ട്, സന്തോഷമായി മുന്നോട്ടുപോകണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ലാലേട്ടൻ. അല്ലാതെ മറ്റൊരാൾ ഇന്നത് ചെയ്യണം എന്ന് വാശി പിടിക്കുന്ന ഒരാളൊന്നുമല്ല. മറ്റൊരാൾക്ക് എന്താണ് ഇഷ്ടമുള്ളത് അയാൾ അത് ചെയ്യട്ടെ. പുള്ളിക്ക് എന്താണോ ഇഷ്ടമുള്ളത് അത് പുള്ളി ചെയ്യട്ടെ. അങ്ങനെ ഹാപ്പി ആയി സ്വയം നന്നായി ജീവിക്കുന്നു. നമ്മൾ പറയുമല്ലോ, സ്വയം നന്നായിട്ട് ജീവിക്കുക, മറ്റുള്ളവർ നന്നായിട്ട് ജീവിക്കട്ടെ എന്ന്. അത് വളരെ നന്നായി ജീവിതത്തിൽ പാലിച്ചുപോകുന്ന ഒരു മനുഷ്യനാണ് ലാലേട്ടൻ.
എസ്തേർ: പലപ്പോഴും പറയാതെ നമ്മളെ പല കാര്യങ്ങളും പഠിപ്പിക്കാൻ പറ്റുന്ന ഒരു വ്യക്തിയാണ് ലാലങ്കിളെന്ന് തോന്നിയിട്ടുണ്ട്. കാരണം അങ്കിളിന്റെ കൂടെ ഇതെന്റെ നാലാമത്തെ സിനിമയാണ്. ഒരു നാൾ വരും ആണ് ആദ്യത്തെ സിനിമ. അന്ന് മുതൽ എനിക്ക് ഫീൽ ചെയ്തിട്ടുള്ള ഒരു കാര്യമാണ് വളരെ എളിമയുള്ള ഒരാളാണ് അദ്ദേഹം. എളിമ കാണിക്കുന്നത് ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല. നമ്മൾ എത്ര ഉയരങ്ങളിൽ എത്തിയാലും നമ്മുടെ ഉള്ളിൽ ആ ഒരു ഘടകമുണ്ടെങ്കിൽ ജീവിതം സുന്ദരമായിരിക്കും. നമ്മുടെ കൂടെ ആൾക്കാർക്ക് ജോലി ചെയ്യാനും ഇഷ്ടമായിരിക്കും. ഏത് പ്രൊഫഷനിൽ പോയാലും നമ്മുടെ കൂടെ ജോലി ചെയ്യാനായി ആൾക്കാർ ആഗ്രഹിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ലാൽ അങ്കിൾ അങ്ങനെയാണ്. അദ്ദേഹത്തിൽനിന്ന് ഞാൻ പഠിച്ച ഒരു കാര്യം അതാണ്.
Content Highlights: Ansiba and Esther Anil express deep excitement for the upcoming Drishyam 3., The sequel focuses on the emotional journey of Georgekutty's family., The actors emphasize the pride of being part of the Drishyam franchise., Reflections on the impact of Drishyam 2 and the anticipation for the 3rd installment., Insights into the professional relationship and respect for Mohanlal and Meena.