അന്ന് ഞാൻ പ്രഭുവിനോട് പറഞ്ഞു, 'അഭിനയത്തിൽ മോഹൻലാൽ നിന്നെ വിഴുങ്ങും'- പി. വാസു

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംവിധായകന്. തമിഴ്,കന്നട, തെലുങ്ക് ഭാഷകളിലായി 40 വര്‍ഷങ്ങള്‍ക്കിടയില്‍ 65 ചിത്രങ്ങള്‍. പനനീര് പുഷ്പങ്ങളില്‍ തുടങ്ങി ചിന്നതമ്പി, മന്നന്, പണക്കാരന്, ആപ്തമിത്ര, കുസേലന് എന്നിങ്ങനെ കടന്ന് ചന്ദ്രമുഖി- 2 ല്‍ എത്തി നില്ക്കുന്നു ആ ജൈത്രയാത്ര. അവയില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റുകളും ഹിറ്റുകളും. ഇതില്‍ മലയാളചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ്പതിപ്പായ ചന്ദ്രമുഖി തമിഴ്നാട്ടിലെ ഒരു തിയേറ്ററില്‍ ഓടിയത് തുടര്‍ച്ചയായി ആയിരം ദിവസം.അതെ സൂപ്പര്‍ഹിറ്റുകളുടെ തമ്പുരാന് പി.വാസു.തനി മലയാളി. തൃശ്ശൂര്‍ ഇരിങ്ങാലക്കുടക്കാരന്.
ഇരിങ്ങാലക്കുട നെടുമ്പാള്‍ മൂത്തേടത്ത് പീതാംബരന്റെ മകന് വാസുദേവന്‍ എന്ന പി.വാസു മലയാളിയാണെന്ന് അറിയുന്നവര്‍ ചുരുക്കം. ചിന്നതമ്പി, മന്നന്, പണക്കാരന്, ഉഴൈപാളി, കുസേലന്, വാള്‍ട്ടര്‍ വെറ്റിവേല്‍, സേതുപതി ഐ.പി.എസ്., നടികര്‍, റിക്ഷാമാമ, നാഗവല്ലി, ലൗ ബേര്‍ഡ്സ്, പുലിവേഷം, വാദ്യാര്വീട്ടുപിള്ളെ, തൊട്ടാല്‍ പൂ മലരും, നാഗവല്ലി, സ്വയംവരം, ശിവലിംഗ, മലബാര്പോലീസ് ഹിറ്റുകളുടെ നീണ്ട ലിസ്റ്റുണ്ട് വാസുവിന്റെ പേരില്‍ .മലയാളം ഉള്‍പ്പെടെ 22 സിനിമകളില്‍ അഭിനയിച്ചു.
ദിലീപ് ചിത്രമായ ഈ പറക്കും തളികയിലെ പോണ്ടിച്ചേരി മന്ത്രിയേയും താന്തോന്നിയിലെ വക്കീലിനേയും മലയാളി മറക്കില്ല. മണിച്ചിത്രത്താഴിന് ഒരു രണ്ടാം ഭാഗം മലയാളത്തിലുണ്ടായില്ല.എന്നാല്‍ തമിഴിലും കന്നടയിലും ഇതിനു രണ്ടാംഭാഗം ഒരുക്കിയത് പി.വാസുവാണ്. കന്നടയില്‍ ആപ്തമിത്രനെന്ന പേരിലും തമിഴില്‍ ചന്ദ്രമുഖി-2 എന്ന പേരിലുമാണ് സിനിമ ഇറങ്ങിയത്. രണ്ടിടത്തും പടം ഹിറ്റ്. എട്ടുമാസം മുന്‍പാണ് ചന്ദ്രമുഖി-2 ഇറങ്ങിയത.്തുടര്‍ന്ന് പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. അയ്യപ്പചരിതമാണ് വിഷയം. ഇതിനിടയില്‍ ഇരിങ്ങാലക്കുടയിലെ തറവാട്ടിലെത്തിയതാണ് പി.വാസു. തന്റെ വളര്‍ച്ചയുടെ വിവിധ പടവുകള്‍, ജീവിതത്തിന്റെ ഗതിവിഗതികള്‍, നടനാകാന്‍ കൊതിച്ച് സംവിധായകനായി മാറിയ പരിണാമം,സിനിമയെക്കുറിട്ടുള്ള തന്റെ കാഴ്ച്ചപാടുകള്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ വാസു വിവരിച്ചു.
മലയാളിയായ വാസു തമിഴ്നാട്ടുകാരനായി,തമിഴ് സിനിമാരംഗത്ത് അറിയപ്പെടുന്നു. എങ്ങനെ
അച്ഛന് പീചാംബരന് 35 വര്‍ഷക്കാലം എം.ജി.ആറിന്റേയും ജയലളിതയുടേയും മേക്കപ്പ് മാനായിരുന്നു. അതിനാല്‍ തമിഴ്നാട്ടിലായിരുന്നു താമസവും പഠനവും.സ്കൂള്‍ കാലത്ത് ആഴ്ചയില്‍ രണ്ടു പടം വീതം കാണും. സ്കൂളില്‍ പോകാന്‍ ബസ്സ് കൂലിക്കു നല്കുന്ന കാശ് സൂക്ഷിച്ചാണ് സിനിമ കാണാനുള്ള പണം കണ്ടെത്തിയത്. ബസ്സിനു പോകാതെ നടന്നു സ്കൂളില്‍ പോകും. ആ കാശ് ആഴ്ചയുടെ അവസാനം തിയേറ്ററുകാര്‍ക്കു നല്‍കും. ഭീംസിങ്ങ്, രാമണ്ണ തുടങ്ങിയവരായിരുന്നു അന്നത്തെ പ്രശസ്ത സംവിധായകര്‍.എം.ജി.ആറിന്റേയും ശിവാജി ഗണേശന്റേയും പടങ്ങളാണ് കൂടുതലായും കണ്ടത്. അടിമപെണ്ണുപോലെയുള്ള ചിത്രം നിരവധി തവണ കണ്ടു. അച്ഛന്റെ ആഗ്രഹം മകനെ പഠിപ്പിച്ച് ഡോക്ടറോ എഞ്ചിനിയറോ ആക്കുക എന്നതായിരുന്നു.എന്നാല്‍ എന്റെ ആഗ്രഹം നടനാവുക എന്നതായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഏറ്റവും പാടുള്ള വിഷയം തമിഴായിരുന്നു..തമിഴിനാണ് ഏറ്റവും കുറവ് മാര്‍ക്ക് ലഭിച്ചത്.
തമിഴില്‍ ഏറ്റവും കുറവ് മാര്‍ക്കു ലഭിച്ച വ്യക്തി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകന്. തമിഴില്‍ തന്നെ എഴുതിയ തിരക്കഥകള്‍ അമ്പതോളം. ഇതെങ്ങനെ
എന്റെ കൂട്ടുകാര്‍ ഇപ്പോഴും എന്നോടു ചോദിക്കുന്ന ചോദ്യമാണിത്. എടേ വാസു ഇത് നീ തന്നെ എഴുതുന്നതാണോ അതോ വല്ലവരേം കൊണ്ട് എഴുതിക്കുന്നതാണോ എന്ന്. എനിക്കൊരു വലിയ ഗുണമുണ്ടായിരുന്നു. ഒരു സിനിമ കണ്ടാല്‍ അതിന്റെ ഒരു സീന്‍ പോലും മറക്കാതെ അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി കൂട്ടുകാര്‍ക്ക് കഥ പറഞ്ഞുകൊടുക്കുമായിരുന്നു. ഇതിനു വേണ്ടി രാവിലെ 8 മണിക്കു തന്നെ സ്ക്കൂളില്‍ വരും. രാവിലെ കഥ തീര്‍ന്നില്ലെങ്കില്‍ ബാക്കി ഉച്ചനേരത്തെ ഇടവേളയില്‍ പറയും. അപ്പോള്‍ കൂട്ടുകാര്‍ പറയും നീ ഒരു നടനാകാന്‍ നോക്കാന്‍. അങ്ങനെയാണ് നടനാകുക എന്ന മോഹം തുടങ്ങിയത്.എന്നാല്‍ മകന് നടനാകുന്നതിനോട് അച്ഛന് യോജിപ്പുണ്ടായിരുന്നില്ല.
പിന്നെങ്ങനെ എത്തി?
അച്ഛന്റെ അനുജന് എം.ചന്ദ്രശേഖരനെന്ന എം.ജി. ശേഖര്‍ അക്കാലത്തെ മികച്ച ക്യാമറാമാനായിരുന്നു. പ്രേംനസീറിന്റെ മേക്കപ്പ്മാനും പിന്നീട് എം.എന്‍ നമ്പ്യാരുടെ മേക്കപ്പ്മാനുമായിരുന്ന കെ.രാമന് അമ്മാവനായിരുന്നു. ഇദ്ദേഹത്തിന്റെ മകളാണ് എന്റെ ഭാര്യ ശാന്തി. സിനിമയോടുള്ള കമ്പം കാരണം പ്രീഡിഗ്രിയോടെ പഠനം നിര്‍ത്തി. അച്ഛന് വീട്ടില്കൊണ്ടുവരുന്ന വിഗ്ഗുകള്‍ വെച്ച് അഭിനയിച്ചു നോക്കി. അമ്മയുടെ സാരി വെട്ടിയായിരുന്നു ലോലമായ ഉടുപ്പുകള്‍ തയ്ച്ചത്. അത്തരം ഉടുപ്പുകള്‍ അന്നത്തെ ഫാഷനായിരുന്നു. പിന്നീട് അച്ഛനറിയാതെ സ്റ്റുഡിയോയില്‍ പോയി സ്വന്തം ചിത്രമെടുത്ത് സംവിധായകന് ബാലചന്ദ്രനെ കാണാന്‍ പോയി. പിന്നെ അറിയിക്കാം എന്നായിരുന്നു മറുപടി. തുടര്‍ന്ന് നടനാകാനുള്ള ആഗ്രഹം അച്ഛനെ അറിയിച്ചു.അച്ഛന് അത് അന്നത്തെ പ്രശസ്ത സംവിധായകന് ശ്രീധറിനോടു പറഞ്ഞു. പിന്നെ പറയാം എന്നായിരുന്നു മറുപടി. ഈ സമയം ഐ.വി.ശശി അന്തര്‍ദാഹം എന്ന ചിത്രം തമിഴില്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു.അതിന്റെ നിര്‍മ്മാണം അച്ഛനായിരുന്നു. പന്ത്രണ്ടു ദിവസത്തെ ഷൂട്ടിങ് കൊണ്ട് പടം തീര്‍ന്നു. ഇത്രയധികം സ്പീഡില്‍ ചിത്രം തീര്‍ക്കുന്ന മറ്റൊരു സംവിധായകനെ കാണാന്‍ കഴിയില്ല, അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ജോലി ചെയ്തു.
സംവിധാന രംഗത്തേക്കുള്ള വരവ് അങ്ങനെയായിരുന്നോ?
അല്ല. മീനവന് അന്പന് എന്ന ചിത്രം എം.ജി.ആറിനെ നായകനാക്കി ശ്രീധര്‍സാര്‍ ചെയ്യാന്‍ തീരുമാനിച്ചു. അതിന്റെ സഹായിയായി കൂടെ കൂടി. അവിടെ ഞാന്‍ പുതിയത് പഠിക്കുകയായിരുന്നു. ഒരു നടന് എങ്ങനെ അഭിനയിക്കണം, പാട്ട് എവിടൊക്കെ ആവാം, മേക്കപ്പ് എങ്ങനെയായിരിക്കണം. ശ്രീധര്‍ എന്ന സംവിധായകന്റെ വൈഭവം ഞാന്‍ അടുത്തു കണ്ടു. ഒരു സംവിധായകന് നടനും നിര്‍മ്മാതാവും സംഗീതസംവിധായകനും മേക്കപ്പ് മാനും എല്ലാം ആകുന്നത് ഞാന്‍ കണ്ടു. തിരശ്ശീലക്കു മുന്നില്‍ വരാതെ തിരശ്ശീലക്കു പിന്നില്‍ നില്ക്കുന്ന സകലകലാ വല്ലഭനാകണം സംവിധായകനെന്ന് ഞാന്‍ അറിഞ്ഞു. അവിടെ എന്റെ വഴി ഞാന്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് രണ്ട് പടങ്ങള്‍ക്കു കൂടി ശ്രീധറിന്റെ സഹായിയായി.
സ്വതന്ത്ര സംവിധാന രംഗത്തേക്ക്?
അന്ന് ശ്രീധര്സാറിന്റെ തന്നെ കൂടെയുണ്ടായിരുന്ന ഭാരതിയും ഞാനും കൂടി ഒരു പടം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സംയുക്ത സംരംഭം എന്ന നിലയില്‍ പനനീര് പുഷ്പങ്ങള്‍ എന്ന ചിത്രം 1981-ല്‍ പുറത്തു വന്നു. അന്ന് എനിക്ക് പ്രായം 25 വയസ്സ്. ശാന്തികൃഷ്ണ അതിലൂടെ ആദ്യമായി ചലച്ചിത്രലോകത്തെത്തി. ശാന്തിക്കന്ന് വയസ്സ് 14. സുരേഷ്കൃഷ്ണയായിരുന്നു നായകന്. പടം ഹിറ്റായി. ആദ്യ പടത്തിന്റെ വിജയം മൂലം അഞ്ച് പടം കൂടി ലഭിച്ചു. ഭാനുപ്രിയയെ പരിചയപ്പെടുത്തിയ മെല്ലെപേശുങ്കള്, സുഹാസിനിയും പ്രതാപ് പോത്തനും അഭിനയിച്ച ചിത്രം എന്നിവ ആദ്യം പുറത്തു വന്നു. രണ്ടു ചിത്രങ്ങളും പരാജയമായിരുന്നു .തുടര്‍ന്നു മൂന്നു ചിത്രങ്ങള്‍ നിര്മ്മിക്കാനിരുന്നവര് പിന്മാറി. ഈ സമയം 1982 മെയ് മാസത്തില്‍ അമ്മാവന്റെ മകള്‍ ശാന്തിയെ വിവാഹം ചെയ്തു. ജീവിക്കാന്‍ ആകെ ആശ്രയം അച്ചന് മാത്രം.ഭാരതിയുമായി പിരിഞ്ഞു. അവരോര്‍ക്ക് അവരോരുടെ വഴി.1982 മുതല്‍ 85 വരെ തട്ടിയും മുട്ടിയും കഴിഞ്ഞു. 1986ല്‍ വിഷ്ണുവര്‍ദ്ധനനെ നായകനാക്കി തെലുങ്കില്‍ കഥാനായിക എന്ന ചിത്രം ചെയ്തു.സാമാന്യ വിജയം മാത്രം.
പടങ്ങള്‍ ഉല്ലാതിരുന്ന നാലുവര്‍ഷം എന്തു ചെയ്യുമെന്ന് ആലോചിച്ചിരുന്നു.എന്നാലും തന്റെ വഴിയില്‍ നിന്ന് പിന്നോട്ടില്ല എന്നുറപ്പിച്ചു. അങ്ങനെ 1987 ല്‍ പ്രഭുവിനെ നായകനാക്കി എന്‍ തങ്കച്ചി പഠിച്ചവള്‍ എന്ന പടം ചെയ്തു. തമിഴില്‍ പടം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. പിന്നെ നാളിതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് പ്രഭുവിന്റെ തന്നെ മുതല്‍ മാമന്.അതും സൂപ്പര്‍ ഹിറ്റ്
പ്രഭുവുമായുള്ള അടുപ്പം?
ചെറുപ്പം മുതലുള്ള അടുപ്പമാണ്.പ്രഭുവിനെ നായകനാക്കി തമിഴില്‍ എടുത്ത മുതല്‍ മാമന് എന്ന ചിത്രമാണ് അമിതാഭ് ബച്ചനെ നായകനാക്കി ആജ് കാ അര്ജ്ജുന് എന്ന ഹിന്ദി ചിത്രം. 1991 ലാണ് പ്രഭുവിനെ നായകനാക്കി ചിന്നതമ്പി ചെയ്യുന്നത്. പ്രഭുവിനെ ദക്ഷിണേന്ത്യ മുഴുവന്‍ അറിയിച്ച ചിത്രം. ബുശ്ബുവിന്റെ അരങ്ങേറ്റം .പ്രഭു മലയാളികള്‍ക്കു കൂടി പ്രിയപ്പെട്ടവനാകാന്‍ ചിത്രം കാരണമായി.തൃശ്ശൂരിലെ ഒരു തിയേറ്ററില്‍ ചിന്നതമ്പി 500 ദിവസമാണ് അന്ന് ഓടിയത്. പിന്നെ നിരവധി ചിത്രങ്ങള്‍ പ്രഭുനിനെവെച്ചു ചെയ്തു. പ്രഭുവിന്റെ ശിവാജി പ്രൊഡക്ഷന്‍സാണ് രജനി നായകനായ ചന്ദ്രമുഖി ചെയ്ത്ത്.
മണിച്ചിത്രത്താഴ് ചന്ദ്രമുഖിയായി ചെയ്യാന്‍ കാരണം?
അങ്ങനെയൊരു ചിന്ത യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല. മണിച്ചിത്രത്താഴ് കണ്ടിരുന്നു. ഒരിക്കല്‍ ഞാന്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ മകള്‍ അഭിരാമി ബാത്ത് റൂമിന്റെ വാതില്ക്കല് മുട്ടി. ഞാന്‍ ആര് എന്ന് ചേദിച്ചപ്പോള്‍ അവള് പറഞ്ഞത് ഞാന്‍ താന്‍ നാഗവല്ലി എന്നാണ്. മണിച്ചിത്രത്താഴിലെ ശോഭനയുടെ ഈ ഡയലോഗ് ഒരു കൊച്ചകുട്ടിയില് പോലും ഉണ്ടാക്കിയ സ്വാധീനമാണ് മണിച്ചിത്രത്താഴ് ചെയ്യാന്‍ കാരണം. എന്നാല്‍ കഥ അതുപോലെ പറഞ്ഞാല്‍ തമിഴിലും കന്നഡയിലും എല്ക്കില്ല. കാരണം നായക ആരാധനയുള്ളവരാണവര്. സിനിമയില്‍ അവര്‍ക്ക് ആദ്യം മുതല്‍ നായകനുണ്ടാവണം. അതിനാല്‍ മൂലകഥയില്‍ മാറ്റം വരുത്താതെ സീനുകളില്‍ മാറ്റം വരുത്തി കഥപറഞ്ഞു.ആദ്യം കേള്‍പ്പിച്ചത് കന്നട നടന് വിഷ്ണുവര്ദ്ധനനോടാണ്. കഥകേട്ട് വിഷ്ണുവര്‍ദ്ധനന്റെ കണ്ണു തള്ളി .അങ്ങനെയാണ് മണിച്ചിത്രത്താഴ് ആപ്തമിത്ര എന്ന പേരില്‍ കന്നഡയില്‍ എടുക്കുന്നതും ഹിറ്റാകുന്നതും.
രജനീകാന്ത് ഒരിക്കല്‍ ആപ്തമിത്ര കണ്ടു. തമിഴില്‍ പി. വാസു ചെയ്യണമെന്ന് രജനിക്ക് നിര്‍ബന്ധം. ശിവാജി പ്രൊഡക്ഷന്‍സ് നിര്‍മ്മാണം ഏറ്റെടുത്തു. ആപ്തമിത്രയില്‍ നിന്ന് ക്ലൈമാക്സ് രംഗത്ത് ചില മാറ്റങ്ങള്‍ വരുത്തി. പടം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്.
പടം വിജയിച്ചപ്പോള്‍ രജനിയുടെ അഭിപ്രായം?
രജനിക്ക് വലിയ അശ്വാസമായിരുന്നു ചന്ദ്രമുഖിയുടെ വിജയം. ചെന്നെയിലെ മൗണ്ട് റോഡിലെ ശാന്തി തിയേറ്ററില്‍ ആയിരം ദിവസമാണ് പടം ഓടിയത്. രജനി ചിത്രങ്ങള്‍ ആ സമയത്ത് പ്രതിസന്ധി നേരിടുന്നതിനിടയിലായിരുന്നു ചന്ദ്രമുഖിയുടെ വിജയം. ബാബ ഉദ്ദേശിച്ച വിജ.ം കണ്ടില്ല. ജഗ്ഗുഭായി എന്ന സിനിമ തുടങ്ങിയിട്ടില്ല. ഈ സമയത്തായിരുന്നു ചന്ദ്രമുബിയുടെ വമ്പന്‍ വിജയം.ശരിക്കും രജനിയുടെ ഒരു തിരിച്ചുവരവായിരുന്നു ചിത്രം. തെലുങ്കില്‍ മൊഴിമാറ്റം നടത്തിയപ്പോളും പടം ഹിറ്റ്. ജപ്പാന്, ചൈന, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മൊഴിമാറ്റം നടത്തി വിജയിച്ച ചിത്രമാണ് ചന്ദ്രമുഖി.
ചന്ദ്രമുഖി രണ്ടാം ഭാഗത്തെക്കുറിച്ച്. എന്തുകൊണ്ട് ലോറന്‍സ്?
ഒന്നാം ഭാഗം വിജയിച്ചപ്പോല്‍ തന്നെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചിരുന്നു. 2008 ല്‍ തന്നെ രജനിയോട് കഥ പറഞ്ഞു. ഒ.കെ ആയി. എന്നാല്‍ രജനിയുടെ മകളുടെ കല്യാണം. പിന്നെ എന്തിരന്റെ ഷൂട്ടിംങ്ങ്. രജനിയുമായി ചെയ്യാനുള്ള പ്രൊജക്ട് നീണ്ടു. ഇതിനിടെ രജനി രോഗബാധിതനായി. ഇതിനിടയില്‍ കന്നടത്തില്‍ ശിവലിംഗയും പിന്നാലേ ദൃശ്യവും ചെയ്തു. 83 തിയേറ്ററുകളില്‍ 100 ദിവസം കളിച്ചു ശിവലിംഗ. ദൃശ്യത്തില്‍ മീനയുടെ വേഷം കന്നടയില്‍ ചെയ്തത് നവ്യനായരായിരുന്നു. രണ്ട് കഥകളാണ് രണ്ടാം ഭാഗത്തിനായി എഴുതിയത്. ഒരു കഥ രജനിക്കു വേണ്ടിയും മറ്റൊരു കഥ ലോറന്‍സിനു വേണ്ടിയും. രജനിക്കു വേണ്ടിയെഴുതിയ കഥ പിന്നീട് വിഷ്ണുവര്‍ദ്ധനെ നായകനാക്കി കന്നടയില്‍ ചെയ്തു.പടം സൂപ്പര്‍ ഹിറ്റായി. ലോറസിനുവേണ്ടിയെഴുതിയ കഥ ചന്ദ്രമുഖി-2 ആയി ചെയ്തു. കാഞ്ചനയിലെ അഭിനയമാണ് ലോറന്‍സിനെ തിരഞ്ഞെടുക്കാന്‍ കാരണം. പടം സാമാന്യവിജയം നേടുകയും ചെയ്തു.
പുതിയ ചിത്രം?
ശബരിമല അയ്യപ്പനെക്കുറിച്ച് ഒരു ചിത്രം ആലോചനയിലുണ്ട്. അതിന്റെ പ്രാരംഭവര്ക്കുകള് തുടങ്ങിക്കഴിഞ്ഞു. അയ്യപ്പനും ശാസ്താവും തമ്മിലുള്ള വ്യത്യാസം ഇന്നും പലര്‍ക്കുമറിയില്ല.കൂടാതെ ഒരു മലയാളചിത്രവും പരിഗണനയിലുണ്ട്. മോഹന്‍ലാലിനെ വെച്ച് ഒരു ചിത്രം ആലോചിച്ചിരുന്നു. ചെന്നെയില്‍ പ്രിയദര്‍ശന്റെ വീട്ടില്‍വെച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ലാലിനോട് കഥപറയുകയും ചെയ്തു.പക്ഷെ എന്തുകൊണ്ടെക്കെയോ നീണ്ടുപോയി. വീണ്ടും മറ്റൊരു ചിത്രം ഉപ്പോള്‍ ചിന്തിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മികച്ച നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ ഇത്രയധികം റിയാലിറ്റി മറ്റൊരു നടനുമില്ല. കിരീടത്തിന്റെ അവസാന രംഗം ലാല്‍ കരയുന്നത് ഉജ്ജ്വലമായ അഭിനയമാണ്. ഒരിക്കല്‍ പ്രഭു കാലാപാനിയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും നായകന് ലാലാണെന്നും പറഞ്ഞു. ഞാന്‍ പറഞ്ഞ മറുപടി ലാല്‍ നിന്നെ വിഴുങ്ങിക്കളയുമെന്നാണ്. പിന്നെ എടുത്തു പറയേണ്ടത് നാസറിന്റെ അഭിനയമാണ്.
കോടികള്‍ മുടക്കി ഇക്കാലത്ത് പുതിയ ചിത്രങ്ങള്‍. എങ്ങനെ കാണുന്നു?
അതില്‍ പുതുമയൊന്നും ഇല്ല.പണ്ടും ഇത്തരം ചിത്രങ്ങള്‍ ഉണ്ടായിരുന്നു.1965 ല്‍ ബി.ആര്.പന്തലു എം.ജി.ആറിനെ വെച്ച് ആയിരത്തില്‍ ഒരുവന് എന്ന സിനിമ അന്നത്ത വലിയകാശ് ചിലവഴിച്ച് ചെയ്ത ചിത്രമാണ്.150 ദിവസമാണ് ഈ സിനിമ ഒരു തിയേറ്ററില്‍ മാത്രം ഓടിയത്. ജയലളിതയായിരുന്നു നായിക.ചലച്ചിത്രരംഗത്ത വലിയ ചലനം സൃഷ്ടിച്ച സിനിമയാണ്.1964 ല്‍ ഇറങ്ങിയ ശിവാജി ഗണേശന്റെ കര്ണ്ണന് മറ്റൊരു ചിത്രമായിരുന്നു.അതില്‍ യുദ്ധരംഗത്ത് പ്രത്യക്ഷപ്പെടുന്നത് രണ്ട് ലക്ഷത്തോളം പേരാണ്.1969 ല്‍ കെ.ശങ്കര്‍ ചെയ്ത അടിമപെണ്ണ് മറ്റൊരു ബിഗ്ബജറ്റ് ചിത്രമായിരുന്നു.അന്ന് സോഷ്യല്‍ മീഡിയ സജീവമായിരുന്നുവെങ്കില്‍ ബാഹുബലിക്കും കല്‍ക്കിക്കും ഒക്കെ കിട്ടിയതിനേക്കാള്‍ വലിയ പ്രചാരം കര്‍ണ്ണനും ആയിരകത്തിലൊരുവനും ഒക്കെ കിട്ടിയേനേം. ഇന്ന് സിനിമയുടെ സ്പാന്‍ വലുതാണ്.വിവിധഭാഷകളില്‍ വിതരണാവകാശം, സാറ്റലൈറ്റ്, ഒ.ടി.ടി വലിയ കാശ് ലഭിക്കും.
കോടികള്‍ മുടക്കി ചെയ്യുന്ന സിനിമകളുടെ ഇടയില്‍ ലോ ബജറ്റ് ചിത്രങ്ങള്‍ മങ്ങുമോ?
ഒരിക്കലും മങ്ങില്ല.ബാബുബലിയും കല്‍ക്കിയും വിജയംവരിച്ചപ്പോള്‍ തന്നയാണ് മഞ്ഞുമ്മല്‍ ബോയിസ് ലോകം മുഴുവന്‍ മൊഴിമാറ്റം നടത്തി ഹിറ്റായത്.പ്രേമലു,ആവേശം എന്നിവയുടെ വിജയവും ചെറുതായിരുന്നില്ല. ഇന്നത്തെപോലെ സോഷ്യല്‍ മീഡിയ സജീവമായിരുന്നുവെങ്കില്‍ ഒരു തിയേറ്ററില്‍ ആയിരം ദിവസം ഓടിയ ചന്ദ്രമുഖിക്ക് കിട്ടുന്ന മൈലേജ് എത്രത്തോളമായിരിക്കും.അതേപോലെ ദശാവതാരത്തിനും. സിനിമയില്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ സ്വാധീനം വളരെ വലുതാണ്. ഒരു ക്ലിക്കുകൊണ്ട് എത്രയും ഉയര്‍ത്താനും താഴ്ത്താനും സോഷ്യല്‍ മീഡിയക്കു കഴിയുന്നുണ്ട്. എല്ലാ മലയാളസിനിമയും ഞാന്‍ കാണാറുണ്ട്. പ്രതിഭകളായ ടെക്നീഷ്യന്മാര് ക്യാമറാമാന്മാര് എന്നിവരെല്ലാം മലയാളത്തിലാണുള്ളത്. വിനീത്, ബേസില്‍ തുടങ്ങിയവര്‍ വലിയ പ്രതീക്ഷ നല്കുന്ന സംവിധായകരാണ്.വിനീതിനെ ഞാന്‍ പലപ്പോഴും നേരിട്ട് വിളിക്കാറുണ്ട്.
ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകള്‍. എന്താണ് ഇതിന്റെ കെമസ്ട്രി?
ഓരോ ചിത്രം സംവിധാനം ചെയ്യുമ്പോഴും ഞാന്‍ അതിനെ പുതിയതായി കാണുന്നു. മുകളിലേക്കോ തിരിഞ്ഞോ നോക്കാറില്ല. സെന്റിമെന്‍സ് എന്റെ പടത്തിന്റെ മുഖമുദ്രയാണ്.നിര്‍മ്മാതാവിനോട് കടപ്പാടുണ്ട്.കാശ് കിട്ടാനാണ് കാശിറക്കുന്നത്.അത് ലഭിക്കാതെ വന്നാല്‍ അവര്‍ ഇന്‍ഡസ്ട്രി ഉപേക്ഷിക്കും.500 കോടി ചിലവാക്കി 700 കോടി നേടുന്നതല്ല വിജയം.10 കോടി ചിലവാക്കി 20 കോടി നേടുന്നതാണ് വിജയം.
കമലഹാസനും രജനീകാന്തും തമ്മില്‍?
കമല്‍ എപ്പോഴും പരീക്ഷണങ്ങളുടെ ആളാണ്. ഒരു ചിത്രത്തില്‍ തനിക്കെന്ത് കൂടുതലായി ചെയ്യാന്‍ കഴിയുമെന്ന് പരീക്ഷിക്കും.അത് എത്രത്തോളം മുകളിലേക്ക് അഥവാ താഴേക്ക് എന്ന് അലോചിക്കാറില്ല. രണ്ടും സംഭവിക്കാം.എന്നാല്‍ രജനിക്ക് കൃത്യമായ ഒരു റൂട്ടുണ്ട് .തന്റെ സ്ഥാനം എവിടെവരെ എന്ന് കൃത്യമായ കണക്കുകൂട്ടലുണ്ട്.
കമലിനെ വെച്ച് എന്തുകൊണ്ട് ഇതുവരെ ഒരു ചിത്രം ചെയ്തില്ല?
ധാരാളം പേര് ചേദിച്ച ചോദ്യമാണ്.പലവട്ടം ചര്‍ച്ചകള്‍ നടന്നു.ഉടന്‍തന്നെ ഉണ്ടായേക്കും.രണ്ടുപേരുടേയും കൂടി സമയം ഒത്തുവരാത്തതാണ് പ്രശ്നം
ഈശ്വര വിശ്വാസിയാണോ?
നുറുശതമാനം. അയ്യപ്പനും ഗുരുവായൂരപ്പനും പിന്നെ ചക്കുളത്തു ഭഗവതിയുമാണ് ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത്. ഈ വര്‍ഷം ഉള്‍പ്പെടെ 54 തവണ കെട്ടുംകെട്ടി ശബരിമലയില്‍ പോയിട്ടുണ്ട്. അക്കാര്യത്തില്‍ പെരി.യ സ്വാമിയാണ് ഞാന്‍. എനിക്ക് സ്വന്തമായി അവിടെ കോട്ടേജുണ്ട്.ഗുരുവായൂരില്‍ മിക്കവാറും പോകും. ചക്കുളത്ത് വലിയ വിശ്വാസമാണ്.ചന്ദ്രമുഖി രണ്ടു ഭാഗങ്ങളിലും ചക്കുളം സ്വാമി എന്ന കഥാപാത്രമുണ്ട്.
Content Highlights: director p vasu interview