'ഹെയിൽ മേരി'ക്ക് വേണ്ടി ശരീരഭാരം നന്നേ കുറച്ചു, യു.എ.ഇയിലെ നൃത്തവിദ്യാലയം കാലങ്ങളായുള്ള ആഗ്രഹം-അനു സിത്താര

പന്തുകളിയിൽ വിജയപ്രതീക്ഷകളെല്ലാം തകർന്ന്, തലയ്ക്കുമീതേ തോൽവി ഉദിച്ചുനിൽക്കുമ്പോൾ, അവസാന പ്രതീക്ഷയുമായി ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കുന്ന ഒരു ഷോട്ട്, വിജയിക്കാനുള്ള അവസാനശ്രമം. അതാണ് 'ഹെയിൽ മേരി' ഷോട്ട്. ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനംചെയ്യുന്ന സിനിമ പറയുന്നതും അത്തരമൊരു കഥയാണ്. 'മരിയ' എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സിനിമ പ്രതിസന്ധികളിൽ അകപ്പെട്ടവന്റെ അവസാനകുതിപ്പിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും പ്രാധാന്യമുള്ള വേഷത്തിലെത്തിയ 'ഹെയിൽ മേരി'യിൽ അനു സിത്താരയാണ് നായിക.
മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ബിഗ് സ്ക്രീനിലേക്കുള്ള അനു സിത്താരയുടെ മടങ്ങിവരവുകൂടിയാണ് 'ഹെയിൽ മേരി'. 'തീരുമാനിച്ചുറപ്പിച്ച് സിനിമയിൽനിന്ന് വിട്ടുനിൽക്കുകയൊന്നുമായിരുന്നില്ല. ഇടയ്ക്ക് ചില കഥകളൊക്കെ കേട്ടിരുന്നു. പക്ഷേ, അതിനോടൊന്നും വലിയ താത്പര്യം തോന്നിയില്ല. നൃത്തവും നൃത്തവിദ്യാലയവുമെല്ലാമായി എന്റേതായ തിരക്കുകളിലേക്ക് മാറിയപ്പോൾ മൂന്നുവർഷം പെട്ടെന്ന് കടന്നുപോയി...' -തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് അനു സിത്താര സംസാരിച്ചുതുടങ്ങി.
കുഞ്ചാക്കോ ബോബനൊപ്പം വീണ്ടുമൊരു ചിത്രം. 'ഹെയിൽ മേരി' നൽകുന്ന സന്തോഷങ്ങൾ...
ചാക്കോച്ചനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ് 'ഹെയിൽ മേരി'. അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് 'രാമന്റെ ഏദൻതോട്ടം'. മാലിനിയെന്ന അതിലെ കഥാപാത്രത്തെക്കുറിച്ച് ഇന്നും പലരും സംസാരിക്കാറുണ്ട്. 'ജോണി ജോണി യെസ് അപ്പ'യാണ് ചാക്കോച്ചനൊപ്പം അഭിനയിച്ച മറ്റൊരു സിനിമ. വർഷങ്ങൾക്കുശേഷം ചാക്കോച്ചനൊപ്പം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുമ്പോഴും അദ്ദേഹത്തിന് മാറ്റമില്ല. കാഴ്ചയിലും പെരുമാറ്റത്തിലും പഴയ ആൾതന്നെ. ഒട്ടും ടെൻഷനില്ലാതെ അഭിനയിക്കാൻ കഴിഞ്ഞു. സുരാജേട്ടനാണ് സിനിമയിൽ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്.
ഒരുപാട് പരിചയമുള്ള ടീമിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതാണ് 'ഹെയിൽ മേരി' നൽകിയ വലിയ സന്തോഷം. സംവിധായകൻ വിഷ്ണുവിനെ ഒൻപതുവർഷമായി പരിചയമുണ്ട്. ഞാനഭിനയിച്ച 'ക്യാപ്റ്റൻ' എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു വിഷ്ണു. അന്ന് എന്റെ മുഖത്ത് ആദ്യ ക്ലാപ്പ് അടിച്ചുകൊണ്ടാണ് വിഷ്ണു തുടങ്ങിയത്. വർഷങ്ങൾക്കുശേഷം വിഷ്ണുവിന്റെ ആദ്യസിനിമയിൽ നായികയാകാൻ സാധിച്ചു.
'ഹെയിൽ മേരി'ക്കുവേണ്ടി നടത്തിയ മുന്നൊരുക്കങ്ങൾ...
ആനിയെന്നൊരു
അധ്യാപികയുടെ വേഷത്തിലാണ് 'ഹെയിൽ മേരി'യിൽ എത്തുന്നത്. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കൂടുതലായൊന്നും പറയാൻ അനുവാദമില്ല. ആനിക്കുവേണ്ടി നടത്തിയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ശരീരഭാരം നന്നേ കുറച്ചു. കഥാപാത്രത്തിനായി ഭാരം കുറയ്ക്കണമെന്ന് ചിത്രീകരണം തുടങ്ങുംമുൻപേ പറഞ്ഞിരുന്നു. രണ്ടോ മൂന്നോ കിലോ കുറയ്ക്കാൻ വലിയ പ്രയാസമൊന്നുമില്ല എന്ന വിശ്വാസമുണ്ടായിരുന്നു.
എന്നാൽ, ആദ്യദിവസത്തെ ചിത്രീകരണം തുടങ്ങിയശേഷമാണ് കഥാപാത്രത്തിന്റെ പൂർണതയ്ക്കായി കാഴ്ചയിൽ കാര്യമായ മാറ്റം കൊണ്ടുവരണമെന്ന അഭിപ്രായം വന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിട്ടയായ വ്യായാമത്തിലൂടെ, ശരീരത്തിന് ക്ഷീണവും തളർച്ചയുമില്ലാതെ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ ആദ്യ ഇടവേള കഴിഞ്ഞ് സെറ്റിലേക്കെത്തിയപ്പോൾ മാറ്റം കണ്ട് എല്ലാവരും അതിശയിച്ചു. അഭിനേത്രി എന്നനിലയിൽ കഥാപാത്രത്തിനായി അത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ പ്രയാസമില്ല.
നൃത്തവിദ്യാലയം തുടങ്ങിയതോടെ, പൂർണമായും വിദേശത്തേക്ക് മാറിയെന്നാണോ?
വയനാട്ടിലെ കാഴ്ചകൾ, രുചികൾ, സൗഹൃദങ്ങൾ ഇവയെല്ലാം എന്നും ഒപ്പമുണ്ട്. നാടുവിട്ട് നിൽക്കുമ്പോഴെല്ലാം വീട്ടിലേക്ക് തിരിച്ചെത്താൻ കൊതിക്കുന്ന മനസാണ് എന്റേത്. പോകുന്നിടത്തെല്ലാം നാടിനെയും ചുമന്നുകൊണ്ടുപോകുന്നതാണ് പ്രകൃതം. എട്ടാംക്ലാസുമുതൽ യാത്ര ജീവിതത്തിന്റെ ഭാഗമായിരുന്നു. ഹൈസ്കൂൾ കാലത്താണ് വയനാട്ടിൽനിന്ന് ചുരമിറങ്ങി കലാമണ്ഡലത്തിലേക്ക് പോകുന്നത്.
അന്ന് തുടങ്ങിയ സഞ്ചാരം ഇന്നും തുടരുകയാണ്. സിനിമയിലേക്കെത്തിയതോടെ വയനാട്- കൊച്ചി യാത്ര സ്ഥിരമായി. യു.എ.ഇയിൽ കമലദളം ഡാൻസ് സ്കൂൾ തുടങ്ങിയതോടെ, വിദേശയാത്രയും ജീവിതത്തിന്റെ ഭാഗമായി. നൃത്തവിദ്യാലയത്തിന്റെ തിരക്കുകളുണ്ടെങ്കിലും തേടിവരുന്ന നല്ല കഥാപാത്രങ്ങളെ വിട്ടുകളയരുതെന്നുതന്നെയാണ് തീരുമാനം.
കമലദളത്തിന്റെ വിശേഷങ്ങൾ...
നൃത്തവിദ്യാലയം തുടങ്ങുകയാണെങ്കിൽ യു.എ.ഇയിൽ ആരംഭിക്കണമെന്ന് കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. അതിനുപറ്റിയ ഒരു ടീമിനെ കിട്ടിയപ്പോൾ ആ മോഹം യാഥാർഥ്യമായി. 'കമലദളം' എന്ന് പേരിട്ടിരിക്കുന്ന നൃത്തവിദ്യാലയത്തിന്റെ ഒന്നാംവാർഷികാഘോഷം ഡിസംബറിലാണ്.
നൃത്തപരിപാടികൾക്കൊപ്പം ദിലീപേട്ടനും നാദിർഷായുമെല്ലാം ചേർന്നവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും. മൂന്നരവയസ്സുമുതൽ അൻപതുവയസ്സുവരെയുള്ളവർ കമലദളത്തിലെ വിദ്യാർഥികളാണ്. കലാമണ്ഡലത്തിൽനിന്ന് പഠിച്ചിറങ്ങിയ രണ്ടുപേരും കലാക്ഷേത്രയിൽനിന്ന് പി.ജി. കഴിഞ്ഞവരും അധ്യാപകരായി ഒപ്പമുണ്ട്. വിദ്യാലയത്തിലെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് എന്റെ സഹോദരി അനു സോനാരയാണ്.
Content Highlights: Actress Anu Sithara spoke about returning to the big screen after a three-year break with Hail Mary, directed by debutant Vishnu Ravikumar from a story by G.R. Indugopan and featuring Kunchacko Boban and Suraj Venjaramoodu. Playing teacher Annie and reuniting with Kunchacko Boban for a third time, she said she lost weight healthily through regular exercise after filming began to fit the character's look.