അച്ഛന് മോഹൻലാൽ എന്നപോലെയാണ് എനിക്ക് നിവിൻ, ഡെലുലുവിന്റെ കാമുകനെ കാണിക്കാതിരുന്നത് അച്ഛൻ നിർദേശിച്ചിട്ട്-അഖിൽ സത്യൻ

അഖിൽ സത്യൻ, സർവം മായ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
അഖിൽ സത്യൻ, സർവം മായ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച സർവ്വം മായ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ അഖിൽ സത്യൻ. ആദ്യ ചിത്രമായ ‘പാച്ചുവും അത്ഭുതവിളക്കും’ ഗോവയിൽ ചിത്രീകരിക്കുന്ന സമയത്ത് ഐ.എഫ്.എഫ്.ഐയിൽ എത്താനാകുമോ എന്ന് സംശയിച്ചിരുന്ന തനിക്ക് തൊട്ടടുത്ത ചിത്രത്തിലൂടെ തന്നെ മേളയുടെ ഭാഗമാകാൻ കഴിഞ്ഞത് അവിശ്വസനീയമായ അനുഭവമാണെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിനെപ്പറ്റിയും ജീവിതാനുഭവങ്ങളും ഭാവി പ്രൊജക്റ്റുകളും സംബന്ധിച്ച് അഖിൽ സത്യൻ മനസ്സ് തുറക്കുന്നു.

കമ്മ്യൂണിസ്റ്റ് ‘ജൂനിയർ’ പൂജാരിയായപ്പോൾ പിറന്ന ആശയം

‘സർവ്വം മായ’ ഒരു ‘ഹോംമെയ്ഡ്’ സിനിമയാണ്. എനിക്കും സുഹൃത്തുക്കൾക്കും പ്രേതങ്ങളെ വലിയ പേടിയാണ്. ഹൊറർ സിനിമകൾ കാണാൻ പേടിയായതുകൊണ്ട് തന്നെ പ്രേതത്തെ വെച്ച് എങ്ങനെ സിനിമ ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ കഴിഞ്ഞ് ഷൂട്ടിംഗൊന്നുമില്ലാതെ ഇരിക്കുന്ന സമയത്ത് അമ്മയുടെ നിർബന്ധപ്രകാരം അമ്പലത്തിൽ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണ് പ്രഭേന്ദു എന്ന കഥാപാത്രത്തിലേക്ക് നയിച്ചത്. കോളേജിൽ ഞാൻ പഠിച്ച ഒരു കടുത്ത കമ്മ്യൂണിസ്റ്റ് ആയ ജൂനിയർ പയ്യൻ 15 വർഷത്തിനുശേഷം താടിവെച്ച് അമ്പലത്തിൽ പൂജ ചെയ്യുന്നത് കണ്ടപ്പോൾ അമ്പരന്നുപോയി. അങ്ങനെയാണ് നിരീശ്വരവാദിയായ ഒരു പൂജാരിയുടെയും ക്രിസ്ത്യൻ പ്രേതമായ ഡെലുലുവിന്റെയും കഥ രൂപപ്പെട്ടത്.
 

കല്യാണക്കത്തിലെ ഗണപതിയും ദൈവവിശ്വാസവും

ദൈവത്തോട് ഒരു സുഹൃത്തിനെപ്പോലെയാണ് ഞാൻ പെരുമാറാറുള്ളത്. പത്തുവർഷം മുമ്പ് പ്രാർഥനകളിൽ നിന്ന് മാറിനിന്നെങ്കിലും നല്ല കാര്യങ്ങൾ നടക്കുമ്പോൾ മനസ്സിൽ ദൈവത്തിനോട് നന്ദി പറയാറുണ്ട്. പരീക്ഷക്കാലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന കല്യാണക്കത്തുകളിലും മറ്റുമായി വെട്ടിയെടുത്ത ഓരോ ഗണപതിയുടെ ചിത്രവും നോക്കി പ്രാർഥിക്കുന്ന പൂ‍ജാമുറിയിലെ എല്ലാ ദൈവങ്ങളുടെയും പടങ്ങൾ വിട്ടുപോകാതെ നോക്കി പ്രാർഥിക്കാറുണ്ടായിരുന്ന കുട്ടിക്കാലം ഇപ്പോഴും ഓർമ്മയുണ്ട്. നിരീശ്വരവാദിയായ പ്രഭേന്ദു പിന്നീട് വിശ്വാസിയായി മാറുന്നത് ആ കഥാപാത്രത്തിന്റെ സ്വന്തം തീരുമാനമാണ്. പ്രേതത്തെ കണ്ടും അനുഭവിച്ചും മുന്നോട്ട് പോകുന്ന ഒരാളിൽ അത്തരം മാറ്റം സ്വാഭാവികമാണ്.

ഹംസധ്വനിയിലെ യഥാർഥ ജീവിതം

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ‘ഹംസധ്വനി’ എന്ന കഥാപാത്രത്തിന്റെ കഥ അച്ഛൻ (സത്യൻ അന്തിക്കാട്) പറഞ്ഞ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് എടുത്തത്. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഉടമയോട് കുടുംബത്തെക്കുറിച്ച് ചോദിച്ചു. കപ്പലിൽ നിന്ന് കടലിൽ വീണ മൂത്തമകൻ നീന്താൻ മിടുക്കനായതിനാൽ ഏതെങ്കിലും ദ്വീപിൽ ഉണ്ടാകുമെന്നും തിരിച്ചുവരുമെന്നും ഏഴ് വർഷമായി കാത്തിരിക്കുകയാണെന്ന് അയാൾ വളരെ ലളിതമായി പറഞ്ഞത് അച്ഛൻ എന്നോട് പറഞ്ഞപ്പോൾ അത് എനിക്ക് വലിയൊരു ആഘാതമായി. അതാണ് സിനിമയിലെ ഹംസധ്വനിയായി മാറിയത്. ജീവിതത്തിലെ ഇത്തരം ചെറിയ നിരീക്ഷണങ്ങൾ ചിലപ്പോൾ നമ്മുടെ സിനിമയിൽ വലിയ സ്വാധീനം ചെലുത്തുന്ന രംഗങ്ങളായി മാറാറുണ്ട്.

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ സിനിമകളുടെ സ്വാധീനം

അച്ഛൻ സത്യൻ അന്തിക്കാടിന്റെയും ശ്രീനി അങ്കിളിന്റെയും സ്വാധീനം എന്റെ സിനിമകളിൽ സ്വാഭാവികമായി കടന്നുവരാറുണ്ട്. ‘ഞാൻ പ്രകാശൻ’ അച്ഛൻ ചെയ്യുന്ന സമയത്ത് ഞാൻ അസിസ്റ്റൻ്റ് ആയിരുന്നു. അപ്പോൾ ശ്രീനി അങ്കിളുമായി അടുത്തിടപഴകാൻ സാധിച്ചതും സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വലിയ പാഠങ്ങളാണ്. ഒരു സിനിമ കാണുമ്പോൾ മനസ്സിൽ തോന്നുന്ന ചെറിയൊരു വികാരം പോലും പിന്നീട് മറ്റൊരു സിനിമയ്ക്ക് പ്രചോദനമായേക്കാം.

മായയുടെ ബോയ്ഫ്രണ്ട് ആര്?

മായ സ്നേഹിച്ച ആളെ സിനിമയിൽ കാണിക്കാത്തത് അച്ഛന്റെ നിർദ്ദേശപ്രകാരമാണ്. ആ കഥാപാത്രത്തിന് ആരുടെ മുഖമാണ് എന്ന് ചോദിക്കുമ്പോൾ തമാശയ്ക്ക് പലരോടും ദുൽഖറിന്റെ പേര് പറയാറുണ്ടെങ്കിലും അങ്ങനെയൊരു കാര്യം ദുൽഖറിന് പോലും അറിയില്ലെന്നതാണ് സത്യം. സിനിമയിൽ നർമം കൊണ്ടുവരുന്നത് പ്രേക്ഷകരെ പിടിച്ചിരുത്താൻ സഹായിക്കും. നല്ലൊരു തിരക്കഥയും ലളിതമായ അവതരണവുമാണ് സിനിമയുടെ വിജയത്തിന് പിന്നിൽ.

നിവിൻ പോളിക്കൊപ്പമുള്ള പുതിയ പ്രൊജക്റ്റും മമിത ബൈജു ചിത്രവും

‘സർവ്വം മായ’യിലെ വിജയത്തിന് പിന്നാലെ നിവിൻ പോളിക്കൊപ്പവും അജു വർഗീസിനൊപ്പവും വീണ്ടും ഒന്നിക്കാൻ പദ്ധതിയുണ്ട്. മുപ്പതുകളിലുള്ളവരുടെ കഥ പറയുന്ന ഒരു അർബൻ റൊമാന്റിക് കോമഡി ചിത്രമാണ് മനസ്സിലുള്ളത്. ബോളിവുഡ് റൊമാന്റിക് കോമഡി സിനിമകളുടെ ശൈലിയിൽ തമാശയ്ക്ക് ‘യേ ജവാനി ആലുവ ദീവാനി’ എന്നാണ് ആ സിനിമയെ ഞങ്ങൾ വിളിക്കുന്നത്. അതോടൊപ്പം മമിത ബൈജുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു വനിതാ ഷെർലക് ഹോംസ് മോഡലിൽ ഒരു ഡിറ്റക്ടീവ് സിനിമ ചെയ്യാൻ ആലോചിച്ചിരുന്നു. ഇത് വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. അമ്മായിയമ്മയും മരുമകളും ചേർന്ന് അന്വേഷണം നടത്തുന്ന രീതിയിലുള്ള ലളിതമായൊരു ആശയമാണത്. വില്ലനായി ഒരാളും മനസ്സിലുണ്ട്. ഭാവിയിൽ ഇത് ചിലപ്പോൾ നടക്കുമെന്ന് പ്രതീക്ഷിക്കാം.

സഹോദരൻ അനൂപ് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുകയാണല്ലോ. അഖിൽ-മോഹൻലാൽ കൂട്ടുകെട്ട് ഉണ്ടാകുമോ?

ലാലേട്ടനൊപ്പം എത്രയുംപെട്ടെന്ന് ഒരു സിനിമ ചെയ്യാൻ സാധിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ ഇപ്പോൾ എന്റെ 'മോഹൻലാൽ' നിവിൻ പോളിയാണ്. അച്ഛൻ സത്യൻ അന്തിക്കാടിന് മോഹൻലാൽ എങ്ങനെയാണോ അതുപോലൊരു കൂട്ടുകെട്ടാണ് എനിക്ക് നിവിനുമായുള്ളത്. അനൂപ് ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ കുറച്ച് രംഗങ്ങൾ കണ്ടുനോക്കിയപ്പോൾ അതിഗംഭീരമെന്നേ പറയാനുള്ളൂ, എനിക്ക് അവനോട് അസൂയതോന്നി.

Content Highlights: Following the screening of Sarvam Maya in the Indian Panorama section at the 57th IFFI, director Akhil Sathyan opened up about the real-life inspiration behind the film, his special creative bond with Nivin Pauly—whom he fondly calls "his Mohanlal"—and revealed exciting plans for a 30s urban rom-com with Nivin and Aju Varghese, alongside a female Sherlock Holmes-style detective thriller starring Mamitha Baiju.