വിനീത് ശ്രീനിവാസൻ മാത്രമല്ല, സുഹൃത്തുക്കൾ കാരണമാണ് ഞാൻ സിനിമയിൽ നിലനിൽക്കുന്നത്- അജു വർഗീസ്

വിനീത് ശ്രീനിവാസൻ ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്ന ഒരു ജീവി... എന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ കണ്ടതിൽ വച്ചേറ്റവും നല്ല ട്രോൾ ആയിരുന്നു ഇത്. അതിലെനിക്ക് അഭിമാനമേയുള്ളൂ, ഐ ലിവ് ബികോസ് ഓഫ് മൈ ഫ്രണ്ട്‌സ്. പറയുന്നത് മലയാളത്തിന്റെ പ്രിയനടൻ അജു വർഗീസ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, പുതിയ ചിത്രമായ 'ലർക്കി'നെക്കുറിച്ചും അജു മനസ്സു തുറക്കുന്നു.
ഐ ലിവ് ബികോസ് ഓഫ് മൈ ഫ്രണ്ട്‌സ്
നേരത്തെ പറഞ്ഞ ആ ട്രോൾ ഉണ്ടല്ലോ, അത് കേൾക്കുമ്പോൾ സത്യത്തിൽ ഭയങ്കര അഭിമാനമാണ്. കാരണം ഞാൻ ജീവിക്കുന്നത് എന്റെ സുഹൃത്തുക്കൾ കാരണമാണ്. വിനീത് മാത്രമല്ല, നിവിൻ പോളി, മിഥുൻ മാനുവൽ തോമസ്, ബാലാജി തുടങ്ങിയ എന്റെ സുഹൃത്തുക്കൾ കരിയറിന്റെ പല ഘട്ടങ്ങളിലും എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾ കാരണമാണ് ഞാൻ സിനിമയിൽ നിലനിൽക്കുന്നത്.
ഈ അടുത്തിറങ്ങിയ ‘കറുപ്പ്’ എന്ന സിനിമ, ബാലാജി എന്റെ സുഹൃത്തായതുകൊണ്ടാണ് എനിക്ക് അതിൽ അഭിനയിക്കാൻ പറ്റിയത്. 'വാഴ' സംവിധായകൻ വിപിൻ എന്റെ സുഹൃത്താണ്, 'ആട്' തന്ന മിഥുൻ എന്റെ സുഹൃത്താണ്, 'സർവ്വം മായ'യിലേക്ക് നിവിൻ പറഞ്ഞുകൊണ്ടാണ് എനിക്ക് ആ വേഷം കിട്ടിയത്. അഖിൽ സത്യൻ ഇപ്പോൾ എന്റെ സുഹൃത്താണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, 'ഞാൻ നിലനിൽക്കുന്നത് എന്റെ സുഹൃത്തുക്കൾ കാരണമാണ്', എന്ന്.
കോക്കിന്റെ റിവ്യൂ ഒന്നും ഏൽക്കില്ല
സോഷ്യൽ മീഡിയ കാലമാണ്, നമുക്ക് ആരുടെയെങ്കിലും വായ മൂടിക്കെട്ടാനോ, ആരുടെയെങ്കിലും അഭിപ്രായത്തെ ചങ്ങലയ്ക്കിടാനോ പറ്റില്ല. സിനിമ റിവ്യൂവൊക്കെ അങ്ങനെ നടക്കും. പറയുന്നവർ പറയട്ടെ. പിന്നെ ഞാൻ പൊതുവേ അതിലൊന്നും ശ്രദ്ധ കൊടുക്കാറില്ല. അതൊന്നും എന്നെ ബാധിക്കാറില്ല. കാരണം ഇതിലും മോശം സുഹൃത്തുക്കൾ എനിക്കുണ്ട്. പിന്നെ ഇതൊക്കെ എങ്ങനെ ഏൽക്കാനാണ്.
ഇതിലും പ്രശ്‌നക്കാരാണ് ചുറ്റുമുള്ളവർ, അടിച്ചങ്ങ് ഇരുത്തും. എന്റെ സ്വന്തം മാനേജർ മുഹമ്മദ് ചില ഷോട്ടൊക്കെ അഭിനയിച്ചിട്ട് വരുമ്പോൾ പറയും 'ഇങ്ങനെയൊക്കെ അഭിനയിച്ചാൽ ഫീൽഡ് ഔട്ട് ആയിപ്പോകുംട്ടാ', എന്ന്. മുഖത്ത് നോക്കി തന്നെ പറയും. ഇതിലും വലുത് എന്ത് കേൾക്കാനാണ്. അതുകൊണ്ടാണ് കോക്കിനെ ഒക്കെ നമ്മൾ അതിജീവിക്കുന്നത്. ധ്യാനിന്റെ കാര്യം നോക്കുകയാണെങ്കിൽ 'ലവ് ആക്ഷൻ ഡ്രാമ' കൊള്ളില്ലെന്ന് അവൻ തന്നെ പറഞ്ഞില്ലേ! അവൻ സംവിധാനം ചെയ്ത സിനിമ, അവനും ഞാനും കൂടെ നിർമിച്ച സിനിമ. അത് മോശമാണെന്ന് അവൻ തന്നെ വിളിച്ച് പറഞ്ഞില്ലേ. പക്ഷേ, അതവന്റെ ക്വാളിറ്റി ആണ്, ഒരു കാര്യത്തിലും അവന് അരക്ഷിതത്വം ഇല്ല.
സാമ്പത്തിക സുരക്ഷിതത്വം പൂജ്യം, കരിയറിന്റെ ട്രാക്ക് അങ്ങ് മാറ്റി
കോവിഡ് കാലം എന്റെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് ഇത്ര പെട്ടെന്ന് മാറുമെന്ന് ഞാൻ സത്യം പറഞ്ഞാൽ വിചാരിച്ചില്ല. സിനിമയൊന്നും ഇനി കാണില്ലെന്ന് വിചാരിച്ചതുകൊണ്ട് ഹോട്ടൽ തുടങ്ങാൻ പ്ലാൻ ചെയ്തു. ബിസിനസ് സ്റ്റാർട്ട് ചെയ്യുമ്പോൾ അറിയുന്ന കാര്യം ചെയ്യണ്ടേ, അത് ഭക്ഷണമാണ്. അല്ലെങ്കിൽ പിന്നെ വണ്ടി ഓടിക്കണം. അങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങിയിരുന്നു. കാരണം പത്ത് വർഷം സിനിമയിൽ അഭിനയിച്ചിട്ടും സാമ്പത്തികമായി വലിയ സുരക്ഷിതത്വമൊന്നും എനിക്കുണ്ടായിരുന്നില്ല.
എല്ലാ സിനിമകളിലും ഒരു വേഷം ചെയ്തിട്ടും ഒരു നല്ല നടൻ എന്ന പേര് സമ്പാദിച്ചിരുന്നില്ല. കാശുമില്ല, നല്ല നടനെന്ന പേരുമില്ല. അങ്ങനെയാണ് മാറി ചിന്തിക്കാൻ തുടങ്ങിയത്. ചെയ്യുന്ന ജോലിയോട് കൂടുതൽ നീതി പുലർത്തണമെന്നും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഞാൻ തീരുമാനിച്ചു. വെറുതെ അഭിനയിക്കുന്നതിന് പകരം കഥാപാത്രമായി 'ബിഹേവ്' ചെയ്യുന്ന രീതിയിലേക്ക് മാറാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. ആ സമയത്ത് എനിക്ക് സിനിമകൾ തന്ന രഞ്ജിത്ത് ശങ്കർ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരുടെ പിന്തുണ മറക്കാനാവില്ല.
'ലർക്കി'ന്റെ വിശേഷം
എം.എ. നിഷാദ് സംവിധാനം ചെയ്ത 'ലർക്ക്' എന്ന ചിത്രത്തിൽ ഒരു ട്രൈബൽ ഓഫീസറുടെ വേഷമാണ് ചെയ്തിരിക്കുന്നത്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വളരെ ഗൗരവകരമായി അവതരിപ്പിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ കൗതുകകരമായ പേരും സംവിധായകൻ നിഷാദുമായുള്ള വ്യക്തിപരമായ ബന്ധവുമാണ് എന്നെ സിനിമയുടെ ഭാഗമാക്കിയത്. വനമേഖലകളോട് ചേർന്ന് ജീവിക്കുന്ന ആളുകളുടെ ജീവിതവും അവർ നേരിടുന്ന വെല്ലുവിളികളും അതേ തീവ്രതയിൽ അവതരിപ്പിക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്.
Content Highlights: Actor Aju Varghese graciously addressed popular social media trolls claiming his career solely depends on Vineeth Sreenivasan, stating he takes pride in being sustained by his strong friendships. He credited various friends, including Nivin Pauly, Midhun Manuel Thomas, and Balaji, for consistently offering him crucial roles during pivotal moments in his acting journey. Speaking on online movie reviews and critics, Aju shared that harsh feedback does not bother him as he is already accustomed to blunt criticism from his close team and friends. Reflecting on the COVID-19 period, he admitted facing financial insecurity after a decade in cinema, which prompted a serious shift toward selecting quality roles and evolving as an actor. In his upcoming movie Lurk, directed by M.A. Nishad, Aju plays a tribal officer in a story that addresses the intense conflicts between humans and wildlife near forest areas