മോഹൻലാലിന്റെ മകൾക്ക് സ്റ്റേജ് ഫിയർ ഉണ്ടാകരുതെന്നുണ്ടോ? ഇതെന്റെ തുടക്കമല്ലേ -വിസ്മയ

#മൂവി ഡെസ്ക്
വിസ്മയ മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി
വിസ്മയ മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി

‘നായികയായുള്ള അരങ്ങേറ്റം, ആദ്യ സിനിമയുടെ എക്സൈറ്റ്‌മെന്റ്, ട്രെയ്‌ലർ ലോഞ്ച്, പ്രസ് മീറ്റ്, നീട്ടിപ്പിടിച്ച മൈക്കുകൾ, മിന്നിച്ചിരിക്കുന്ന ക്യാമറക്കണ്ണുകൾ... എല്ലാം പുതിയ അനുഭവമായിരുന്നു...', ആദ്യ സിനിമ സമ്മാനിച്ച വിസ്മയങ്ങൾ വിസ്മയയുടെ വാക്കുകളിൽ നിറഞ്ഞു.

ആക്‌ഷനും സസ്പെൻസും നിറഞ്ഞ മകളുടെ തുടക്കം ബിഗ് സ്‌ക്രീനിൽ കണ്ടതിന്റെ അഭിമാനമാണ് അമ്മ സുചിത്ര പങ്കുവെച്ചത്. സിനിമയിലേക്കുള്ള തുടക്കം പ്രേക്ഷകർ ഏറ്റെടുത്തതിന് നന്ദി പറഞ്ഞുകൊണ്ട് ഇരുവരും സംസാരിച്ചു. ഗൃഹലക്ഷ്മി മാഗസിന്റെ ഓണം കവർഷൂട്ടിനിടെയാണ് വിസ്മയയും സുചിത്രയും വീട്ടുവിശേഷങ്ങൾ പങ്കുവെച്ചത്.

മായ (വിസ്മയാ മോഹൻലാൽ) അഭിനയിക്കുന്നതു കാണാൻ മോഹൻലാലിന്റെ അമ്മയ്ക്ക് വലിയ താത്പര്യമായിരുന്നെന്ന് സുചിത്രാ മോഹൻലാൽ പറഞ്ഞു. മായ പഠിച്ചത് ഊട്ടിയിലെ സ്കൂളിലാണെങ്കിലും നാട്ടിലുള്ളപ്പോഴെല്ലാം അവർതമ്മിൽ വലിയ കൂട്ടായിരുന്നെന്നും സുചിത്ര വിശദീകരിച്ചു.

‘‘ചേട്ടനഭിനയിച്ച സിനിമകളിൽ കരയുന്ന, വിഷമമനുഭവിക്കുന്ന സിനിമകളൊന്നും അമ്മയ്ക്കിഷ്ടമല്ല. ചേട്ടനഭിനയിക്കുന്ന പാട്ടും റൊമാൻസും കോമഡിയുമെല്ലാം ആസ്വദിച്ചു കാണുമായിരുന്നു.' അവർ കൂട്ടിച്ചേർത്തു.’’ ഫോട്ടോഷൂട്ടിന്റെ ഇടവേളകളിൽ അമ്മൂമ്മയ്ക്കൊപ്പം മുൻപ് നടത്തിയ ഹൗസ്‌ബോട്ട് യാത്ര വിസ്മയ വിവരിച്ചു. അമ്മൂമ്മ കുട്ടിക്കാലത്ത് പറഞ്ഞുതന്ന കഥകളെല്ലാം ഇന്നും മനസ്സിലുണ്ടെന്നും വിസ്മയ പറഞ്ഞു.

മായയുടെ അഭിനയമോഹം മനസ്സിലാക്കി പറ്റിയ കഥ കൈയിലുണ്ടോയെന്ന് സംവിധായകൻ ജൂഡിനോട് അങ്ങോട്ട് ചോദിക്കുകയായിരുന്നെന്ന് സുചിത്രാ മോഹൻലാൽ പറഞ്ഞു:''ജൂഡിന്റെ സിനിമകളെല്ലാം ഇഷ്ടമായതോടെ, കഥകൾതേടി അങ്ങോട്ട് വിളിക്കുകയായിരുന്നു. ആദ്യം വേറെ ചില കഥകൾ കേട്ടെങ്കിലും പിന്നീടാണ് ഈ കഥ കൊണ്ടുവന്നത്. ചർച്ചകൾക്കൊടുവിൽ കഥ ഇന്നത്തെ നിലയിലേക്കെത്തി. അതിനുശേഷമാണ് ഞാൻ ആന്റണിയോടും ചേട്ടനോടും വിവരം പറയുന്നത്. തുടക്കം എന്ന പേര് നിർദേശിച്ചത് ജൂഡ്തന്നെയാണ്. പേരിലൊരു മാറ്റം ആലോചനയിലുണ്ടെന്ന് ജൂഡ് പിന്നീട് പറഞ്ഞെങ്കിലും ആന്റണി തുടക്കം എന്ന പേരിൽത്തന്നെ ഉറച്ചുനിൽക്കുകയായിരുന്നു.''

തായ്‌ലാൻഡിലെ ആയോധനകലയായ 'മുവായ് തായി'ൽ പ്രാവീണ്യംനേടിയ വിസ്മയയുടെ ആക്‌ഷൻ പ്രകടനങ്ങൾ സിനിമയ്ക്ക് മുതൽക്കൂട്ടാകുന്നുണ്ട്. നാട് മൊത്തം അടച്ചിട്ട കോവിഡ് സമയത്താണ് മുവായ് തായ് അഭ്യസിച്ചതെന്നു വിസ്മയ പറഞ്ഞു.

'നമ്മുടെ കളരിയൊക്കെപ്പോലെ തായ്‌ലാൻഡുകാരുടെ ഒരു ആയോധനകലയാണ് മുവായ് തായ്. അവരുടെ സംസ്കാരവുമായി ചേർന്നുനിൽക്കുന്ന ആയോധനമുറ. തായ്‌ലാൻഡ് യാത്രക്കിടെ യാദൃച്ഛികമായി അവിടത്തെ ഒരു ഫിറ്റ്നസ് സെന്ററിൽ ചെന്നപ്പോഴാണ് മുവായ് തായെക്കുറിച്ച് അറിഞ്ഞത്. കൂടുതൽ മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം തുടങ്ങിയത്. ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു. ആ സമയത്താണ് ലോകത്ത് കോവിഡ് പടരുന്നത്. അതോടെ, അവിടെത്തന്നെ തുടരേണ്ടിവന്നു. ദ്വീപിന്റെ അതിർത്തികൾ അടച്ചു. കോച്ചിനു കീഴിൽ ഞങ്ങൾ ആറേഴുപേർമാത്രം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പരിശീലനം. കോവിഡ്കാലത്ത് സുരക്ഷിതമായി അവിടെക്കഴിഞ്ഞ് തായ് ആയോധനകല അഭ്യസിക്കുകയായിരുന്നു' വിസ്മയാ മോഹൻലാൽ കൂട്ടിച്ചേർത്തു.

സിനിമയുടെ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന കളിയാക്കൽ കമന്റുകളെ വിസ്മയ ചിരിച്ചുതള്ളി.

‘‘സ്‌കൂൾ അസംബ്ളിയിലേക്കോ സ്റ്റേജിലേക്കോ ആൾക്കൂട്ടത്തിന് മുന്നിലേക്കോ സംസാരിക്കാനായി വിളിക്കുമ്പോൾ നമ്മളിൽ പലർക്കും ചങ്കിടിപ്പുണ്ടാകാറില്ലേ? അത്തരം ഒരവസരത്തിൽ വാക്കുകൾ വിറച്ചുപോയിട്ടില്ലേ? ഇതെന്റെ തുടക്കമല്ലേ... മോഹൻലാലിന്റെ മകൾക്ക് സ്റ്റേജ് ഫിയർ ഉണ്ടാകരുതെന്നുണ്ടോ?’’, വിസ്മയ ചോദിച്ചു.

വർഷത്തിൽ രണ്ട് സിനിമയൊക്കെ ചെയ്തുകൂടേ എന്ന ചോദ്യത്തിനുമുന്നിൽ പ്രണവ് ഇന്നും പിടിതരാറില്ലെന്ന് സുചിത്ര പറഞ്ഞു. ''യാത്രകളിൽ മുഴുകിയും അതിനിടയിൽ ചില സിനിമകൾ ചെയ്തും അവൻ അവന്റേതായൊരു രീതിയിൽ മുന്നോട്ടു പോകുകയാണ്. ഇഷ്ടമുള്ള കാര്യങ്ങളും ജോലിയും ഒന്നിച്ച് കൊണ്ടുപോകാൻ അപ്പു പഠിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ, അധികമായി ഒന്നിനും ഇപ്പോൾ നിർബന്ധിക്കാറില്ല. എന്നാൽ, അപ്പുവിൽനിന്ന് വ്യത്യസ്തയാണ് മായ. അഭിനയിക്കാനുള്ള ഇഷ്ടംകൊണ്ടാണ് അവൾ സിനിമ തിരഞ്ഞെടുത്തത്. ഇടവേളകളില്ലാതെ സിനിമ ചെയ്യണം, ഒരുപാട് കഥകൾ കേൾക്കണം എന്നെല്ലാമാണ് മായ പറയുന്നത്' സുചിത്ര വിശദീകരിച്ചു.

അഭിമുഖവും ഫോട്ടോഷൂട്ടും ഓഗസ്റ്റ് ലക്കം ഗൃഹലക്ഷ്മിയിൽ

Content Highlights: In a candid interview alongside her mother Suchitra, Vismaya Mohanlal opened up about her debut film Thudakkam, addressing social media trolls with poise while sharing how her Muay Thai training and family support shaped her journey into cinema.