ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക, അതിന് സാധിക്കില്ലെങ്കില്‍ മാറിനില്‍ക്കുക- വിദ്യാധരന്‍ മാസ്റ്റര്‍

അരനൂറ്റാണ്ടിലേറെയായി സംഗീതം പാടിച്ചും പാടിയും മലയാളിയുടെ മനസ്സില്‍ കല്‍പാന്ത കാലത്തോളം നിലനില്‍ക്കുന്ന പാട്ടുകള്‍ നിറച്ച സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ശുദ്ധ സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, സിനിമാഗാനങ്ങളിലൊതുങ്ങാതെ സംഗീതത്തിന്റെ പല വഴികളിലൂടെ നടന്ന സംഗീതകാരന്‍. സംഗീതത്തിന്, സംഗീതകാരന് തന്റേതായ മുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ആ ഗാനങ്ങള്‍ എന്നും അംഗീകരിക്കപ്പെടുമെന്ന് അദ്ദേഹം പറയുന്നു.
? എല്ലാ തലമുറകള്‍ക്കും ഓര്‍ത്തുവെക്കാവുന്ന ഒരുപിടി ഗാനങ്ങള്‍ മാസ്റ്റര്‍ സമ്മാനിച്ചിട്ടുണ്ട്. കാലഘട്ടത്തിനനുസരിച്ച് സംഗീതത്തിന് വന്ന മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു
= കാലം മാറുന്നതിനനുസരിച്ച് സ്വഭാവ വിശേഷങ്ങളും മാറുന്നു. കലാപ്രസ്ഥാനങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നു. സംഗീതത്തില്‍ കഥ മാറുന്നു. സിനിമയുടെ നിര്‍മാണ രീതി മാറുന്നു. ന്യൂജനറേഷന്‍ എന്നൊക്കെ പുതിയ പേരുകള്‍ വരുന്നു. കാലത്തിന്റെ കാലാവസ്ഥയനുസരിച്ചും ജനങ്ങളുടെ ആവശ്യമനുസരിച്ചുമാണ് മാറ്റങ്ങള്‍ വരുന്നത്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ് അതാത് രംഗത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ ദൗത്യം. ഞാനടക്കമുള്ള പഴയ ആളുകള്‍ക്ക് അതിന് സാധിക്കുന്നില്ലെങ്കില്‍ അങ്ങനെയൊരു സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത്. ഇതില്‍ നില്‍ക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് എന്താണോ ആവശ്യം ആ ആവശ്യം നിര്‍വഹിക്കാന്‍ കഴിയണം. പറ്റിയില്ലെങ്കില്‍ ഈ ജോലിക്ക് നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. കഴിഞ്ഞ കാലങ്ങളില്‍ പാട്ടിന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഗുരുക്കന്‍മാരുടെ കാലത്തുണ്ടായിരുന്ന പോലത്തെ പാട്ടുകളല്ല ഇപ്പോഴുള്ളത്. എന്നാല്‍ ഏത് കാലത്താണെങ്കിലും പാട്ടില്‍ അവനവന്റെ സ്വന്തം ഐഡന്റിറ്റി നിലനിര്‍ത്താന്‍ ശീലിക്കണം, അതിന് കഴിയണം എന്നതില്‍ നൂറുശതമാണം ഉറച്ചുനില്‍ക്കുന്ന ആളാണ് ഞാന്‍. ഗുരുക്കന്‍മാര്‍ ഒരു വഴി കാണിച്ചുതന്നിട്ടുണ്ട്. ആ വഴിയിലൂടെ മാത്രം നമ്മള്‍ സഞ്ചരിക്കുന്നതില്‍ അര്‍ഥമില്ല. നമ്മള്‍ നമ്മുടേതായ വഴി തുറന്നിട്ട് അതിലൂടെ ജനങ്ങള്‍ നമ്മളെ മനസ്സിലാക്കണം. ആ മുദ്രയാണ് ഒരാളുടെ പാട്ടുകേട്ടാല്‍ അത് ഇന്നയാളുടെ പാട്ടാണ് എന്ന് മറ്റുള്ളവരെക്കൊണ്ട് ചിന്തിപ്പിക്കുന്നത്.
കെ. രാഘവന്‍, ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ്, അര്‍ജുനന്‍മാസ്റ്റര്‍, എം.എസ്. വിശ്വനാഥന്‍ തുടങ്ങി എല്ലാ ഗുരുക്കാന്‍മാരും നമ്മളെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. കമ്പോസര്‍ എന്ന ഒരു സ്ഥാനം ഇന്ന് ഇല്ലാതായിരിക്കുന്നു. എല്ലാവരും മ്യൂസിക് ഡയറക്ടര്‍മാരാണിന്ന്. സംവിധായകന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭത്തിനനുസരിച്ചുള്ള വരികള്‍ എഴുതിക്കിട്ടിയാല്‍ അതിനനുസരിച്ചുള്ള ഭാവത്തിലും ഈണത്തിലും പാട്ട് ഒരുക്കിയെടുക്കുകയാണ് കമ്പോസര്‍ ചെയ്യുന്നത്. അങ്ങനെയുള്ള പാട്ടുകളാണ് ശരീരം എന്നുപറയുന്നത്. അത്തരം പാട്ടുകള്‍ എന്നെന്നേക്കും നിലനില്‍ക്കും. ഒരു വേദിയില്‍ ശ്രുതിയും താളവും കൃത്യമായി പാടുകയാണെങ്കില്‍ ഒരു സംഗീത ഉപകരണവും ഇത്തരം പാട്ടുകള്‍ക്ക് ആവശ്യമില്ല. എന്നാല്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നത് വേറെ തരത്തിലാണ്. അതിന് യോഗ്യരായ ഒരുപാടുപേര്‍ ഇന്നിവിടെയുണ്ട്.
? മാസ്റ്ററുടെ മെലഡികളെല്ലാം കാലത്തിന് അതീതമാണ്. ശുദ്ധസംഗീതത്തിനാണ് പ്രധാന്യം നല്‍കി വരുന്നത്. അടിപൊളി പാട്ടുകള്‍ എന്ന ഇപ്പോഴത്തെ ഒരു വിഭാഗത്തിലേക്ക് മനഃപൂര്‍വം കാലെടുത്തു വെക്കാത്തതാണോ
= എന്നെ അന്വേഷിച്ചുവരുന്ന പാട്ടുകള്‍ക്ക് അനുസരിച്ചാണത്. ഞാന്‍ ചെയ്താല്‍ നന്നാവും എന്ന് തോന്നുന്ന പാട്ടുകള്‍ക്കായാണ് എന്നെ സമീപിക്കുന്നത്. ഞാന്‍ അങ്ങോട്ടുചെന്ന് ഇന്നത് ചെയ്തുകൂടെ എന്നുചോദിക്കുന്ന ഒരു അനുഭവവും ഇന്നുവരെയുണ്ടായിട്ടില്ല. എന്നെ ആവശ്യമുണ്ടെങ്കില്‍ എന്നെ വന്നു വിളിക്കും. ഇന്നയാള്‍ പാടണമെന്നും ഇന്നയാള്‍ സംഗീതം നല്‍കണമെന്നും ആദ്യം തന്നെ മനസ്സില്‍കാണുന്ന കാലമായിരുന്നു പണ്ട്. ഇപ്പോള്‍ എല്ലാം മാറി. വരികള്‍ക്കനുസരിച്ച് സംഗീതവും പാട്ടുകാരനും വരികയും പോവുകയും ചെയ്യുന്നു.
? സിനിമാ രംഗത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെത്തന്നെ നില്‍ക്കുന്നവരാണ് ഏറെയും. എന്നാല്‍ ചലച്ചിത്ര രംഗത്ത് നില്‍ക്കുമ്പോഴും പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഗ്രാമീണ ഗാനങ്ങളും ഉള്‍പ്പെടുന്ന ആല്‍ബങ്ങളും നാടകഗാനങ്ങളുമെല്ലാം ചെയ്യുന്നതില്‍ മാഷ് സമയം കണ്ടെത്തുന്നു.
= സിനിമയല്ല എന്റെ ലക്ഷ്യം. വേണ്ടവര്‍ സിനിമയിലേക്ക് എന്നെ വിളിക്കും. എന്നെ സംബന്ധിച്ച് ഇപ്പോള്‍ ആല്‍ബം എന്നുവിളിക്കുന്ന സംവിധാനത്തിലാണ് ഞാന്‍ കൂടുതല്‍ നില്‍ക്കുന്നത്. 500-ലധികം ആല്‍ബങ്ങള്‍ ചെയ്തുകഴിഞ്ഞു. കൊറോണയുടെ രണ്ടുവര്‍ഷം പോലും ഞാന്‍ വെറുതെയിരുന്നിട്ടില്ല. അത്രയധികം പാട്ടുകള്‍ ആസ്വദിച്ച് ചെയ്തു. അനുഭവിച്ചറിയുക എന്നതാണല്ലോ സന്തോഷം. ആ ആനന്ദം എനിക്ക് ലഭിക്കുന്നുണ്ട്. ഇക്കണ്ട കാലത്തില്‍ രണ്ടുദിവസം പോലും വെറുതെ ഇരിക്കേണ്ടിവന്നിട്ടില്ല. ഭക്തി ഗാനങ്ങള്‍ ചെയ്യുമ്പോള്‍ മനസ്സിന് ഒരുപാട് സന്തോഷം ലഭിക്കാറുണ്ട്. പ്രത്യേകിച്ച് എസ്.രമേശന്‍നായരുടെ വരികള്‍ക്കായി ചെയ്ത ഗാനങ്ങള്‍. സിനിമയ്ക്കുവേണ്ടി ചന്ദനം മണക്കുന്ന പൂന്തോട്ടം മാത്രമാണ് ഞാനും അദ്ദേഹവും ഒരുമിച്ച് ചെയ്തത്. അത് ഇന്നും ആളുകളുടെ മനസ്സില്‍ മായാതെ കിടക്കുന്നു. നൂറിലധികം ഭക്തിഗാനങ്ങള്‍ ചെയ്തു. പിന്നീട് മുല്ലനേഴി, പി.സി.അരവിന്ദന്‍, ചൊവ്വല്ലൂര്‍ തുടങ്ങി ഒട്ടേറെ പേരുടെ വരികള്‍ക്ക് ഈണം നല്‍കി. നാടകമായാലും അങ്ങനെത്തന്നെ. സിനിമയേക്കാള്‍ നാടകം, പ്രണയഗാനം, ഭക്തിഗാനം ഇതെല്ലാം കൂടുതല്‍ സന്തോഷം നല്‍കുന്നു.
? കഥാവശേഷനിലെ കണ്ണുനട്ടുകാത്തിരുന്നിട്ടും, തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ എന്ത് വിധിയിത്, സമീറിലെ മഴചാറുമിടവഴിയില്‍, എബ്രിഡ് ഷൈനിന്റെ മഹാവീര്യനിലെ രാധേ രാധേ... പുതിയ സംവിധായര്‍ മാഷിനെക്കൊണ്ട് പാട്ടുകള്‍ പാടിക്കുന്നതൊക്കെ ഹിറ്റ് ആണല്ലോ
= വര്‍ഷങ്ങളോളമായി പാട്ടുപാടുന്ന ആളാണ് ഞാന്‍. പുതിയ പ്രവണത എന്നെ പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ വിളിച്ച് പാടിക്കുന്നു എന്നതാണ്. ഞാന്‍ മതിയോ, എങ്കില്‍ ഞാന്‍ പാടാം എന്നതാണ് എന്റെ രീതി. ഒരുപാടുപാട്ടുകള്‍ ഇപ്പോള്‍ പാടിയിട്ടുണ്ട്. ഇനിയും പാടുന്നുമുണ്ട്. പഴയ രീതി അല്ലല്ലോ. ഒരു പാട്ടിലെ ഒരു വരി തന്നെ പലവട്ടം പലരീതിയില്‍ പാടിപ്പിടിച്ച് ഏറ്റവും നല്ല വരികള്‍ തിരഞ്ഞെടുക്കുകയാണല്ലോ ഇപ്പോള്‍. പാട്ടുമുഴുവന്‍ ചെയ്തു കഴിഞ്ഞാലേ നമ്മള്‍ എങ്ങനെയാണ് പാടിയതെന്ന് മനസ്സിലാവുകയുള്ളു. മെഷീനാണ് കൂടുതല്‍ ജോലി ചെയ്യുന്നത്. എന്നെ തിരഞ്ഞെത്തുന്നവരില്‍ പലരും ഞാന്‍ അറിയാത്ത ആളുകളാണ്. ആള്‍ക്കാരുടെ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ചാണ് ഇത്തരം അവസരങ്ങള്‍ വരുന്നത്.
? സ്വന്തം പാട്ടുകള്‍ക്ക് ശബ്ദം കൊടുക്കുമ്പോഴും മറ്റൊരാള്‍ക്ക് വേണ്ടി പാടുമ്പോഴുമുള്ള അവസരങ്ങളില്‍ മാനസികമായി എന്താണ് അനുഭവപ്പെടുന്നത്
= മറ്റുള്ള സംവിധായകര്‍ക്കുവേണ്ടി പാടുമ്പോള്‍ അവര്‍ എന്തു ഭാവമാണ് പ്രതീക്ഷിക്കുന്നതന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാവും. സംവിധായകന് ബോധ്യമാവുന്നതുവരെ പാടാന്‍ അവസരമുള്ളതുകൊണ്ട് പാട്ടിന്റെ അവസാന ഫലത്തില്‍ വിഷമിക്കേണ്ടിവരില്ല. ഇവിടെ ആരും ചെറിയ ആള്‍ക്കാരോ വലിയവരോ ഇല്ലെന്നതാണ് ഓര്‍ക്കേണ്ട കാര്യം. എല്ലാവരും മികച്ചവരാണ്. എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. എന്നേക്കാള്‍ വിവരമുള്ളവരാണ് മറ്റേതൊരാളും എന്ന് മാനിക്കാനാണ് എനിക്കിഷ്ടം.
? ഇതിനിടയില്‍ സിനിമയില്‍ ചെറിയ രീതിയില്‍ തല കാണിക്കുകയും ചെയ്തിട്ടുണ്ടല്ലോ. അഭിനയം ഇഷ്ടമാണോ
= ഒരു അഭിനിവേശവുമില്ലാത്ത രംഗമാണ് അഭിനയ രംഗം. അതൊക്കെ അങ്ങനെ സംഭവിച്ചുപോവുന്നതാണ്. പുള്ളുവന്‍പാട്ട് പാടാന്‍ അവര്‍ എന്നെ തിരഞ്ഞെടുത്തു. രാഘവന്‍മാഷ് നിര്‍മാല്യത്തിലൂടെ തുടങ്ങിവെച്ച ഒന്നാണത്. പിന്നീടുള്ള കാലത്ത് അതിനുവേണ്ടി ആളുകള്‍ എന്നെ തിരഞ്ഞുവന്നുതുടങ്ങി. അതിനോടൊത്ത് ചുണ്ടനക്കാന്‍ സ്‌ക്രീനിലും ഞാന്‍ തന്നെയാണ് നല്ലതെന്ന് അവര്‍ക്കുതോന്നി. അങ്ങനെ വേഷമിട്ടു. അഭിനയിക്കേണ്ടിവന്നതാണ്. എന്റെ ഗ്രാമത്തില്‍ ദാസേട്ടന്‍ പാടിയതിനാണ് ഞാന്‍ അഭിനയിച്ചത്. ഭൂതക്കണ്ണാടിയില്‍ സ്വന്തമായി പാടിയത് അഭിനയിച്ചു കാണിച്ചു. വേറെയുമുണ്ട്. ഒക്കെ വന്നുചേരുന്നതാണ്.
? ഇപ്പോള്‍ മിക്കയിടങ്ങളിലും വിധികര്‍ത്താവിന്റെ റോളില്‍ കാണാറുണ്ടല്ലോ. പഴയതിനേക്കാള്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് അവസരം കൂടുതല്‍ കിട്ടുന്നുണ്ട്.
= പണ്ട് ലളിതഗാനമത്സരങ്ങളിലൊക്കെ മികവ് കാണിച്ചവരാണ് പിന്നീട് പലപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത്. അന്നൊക്കെ ചെറിയ അവസരങ്ങളായിരുന്നു കിട്ടിയതെങ്കില്‍ ഇന്ന് എവിടെയും റിയാലിറ്റി ഷോകളാണ്. വളരെ കൊച്ചുമക്കള്‍ പാടുന്നതുകേട്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. ജന്മസിദ്ധമായി കിട്ടുന്ന ഇത്തരം കഴിവുള്ളവര്‍ മാത്രമേ നിലനിന്നുപോകൂ. ശബ്ദമല്ല പ്രധാനം. നല്ല ശബ്ദമുണ്ടായിട്ട് പാടാന്‍ അറിയില്ലെങ്കില്‍ കാര്യമില്ല. ഒരുപാട്ട് മാത്രം പാടി വിജയിച്ച് പിന്നെ കാണാതായവര്‍ ഒരുപാടുണ്ട്. ഒരു പാട്ടിലൂടെ മാത്രം ഓര്‍ത്തിരിക്കുന്നവരുമുണ്ട്. സിദ്ധിയുണ്ടെന്നും ഇല്ലെന്നും മാതാപിതാക്കള്‍ തിരിച്ചറിയുകയും വേണം. നന്നായി പാടുന്നു എന്നുകരുതി സിനിമയില്‍ പാടാന്‍ അവസരം ലഭിക്കണമെന്നുമില്ല. അതിന് ഭാഗ്യംകൂടി വേണം.
'പാട്ടുകാര്‍ അനുകരണം ശീലിക്കരുതെന്ന് വിദ്യാധരന്‍ മാഷ് പറയുന്നു. യേശുദാസിനെപ്പോലെ പാടും എന്ന് കരുതരുത്. അവനവന്റെ പാതയുണ്ടാക്കണം. ഓരോരുത്തര്‍ക്കും ഓരോ വഴിയുണ്ട്. അതിലൂടെ മാത്രം മുന്നേറുക', സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം എന്ന ഗാനത്തിന്റെ പല്ലവി പാടി സംസാരം അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം പുതുതലമുറയോടായി പറഞ്ഞുവെക്കുന്നു.
Content Highlights: Vidyadharan Master, Veteran Music Director, Malayalam Cinema, Vidyadharan hits songs