നൂറിന്റെ തികവിൽ മഹാനായകൻ ഉത്തം കുമാർ

ബംഗാളി സിനിമയിലെ നിത്യവസന്തമായിരുന്ന, നിരനിരയായി വൻവിജയങ്ങൾ സംഭാവന ചെയ്ത ഉത്തം കുമാറിന്റെ ജന്മശതാബ്ദിയാണ് ഈ വർഷം. ബംഗാളി സിനിമയിൽ നിന്ന് ഹിന്ദിയിൽ എത്തിയിട്ടും അവിടെ സ്വന്തം ഇടം കണ്ടെത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. ഒരുകാലത്ത് ബംഗാളി മെയിൻ സ്ട്രീം സിനിമ എന്നാൽ ഉത്തംകുമാർ മാത്രമായിരുന്നു. അതേസമയം തന്നെ അവിടത്തെ ആർട്ട് ഹൗസ് സംവിധായകരുടെ പടങ്ങളിൽ അഭിനയിക്കുവാൻ അദ്ദേഹം മടി കാണിച്ചതുമില്ല.
സത്യജിത്ത് റേയുടെ രണ്ടു ചിത്രങ്ങളിലും (നായക്, ചിഡി യാഘാന) തപൻ സിൻഹ, മൃണാൾസൺ എന്നിവരുടെ പടങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാൽ, ഉത്തംകുമാർ എന്നും മുഖ്യധാര സിനിമ മേഖലയുടെ നെടുംതൂണായി നിലയുറപ്പിച്ചു. ബംഗാളി സിനിമയുടെ വികാസ പരിണാമത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
സത്യജിത് റേ പറഞ്ഞു. 'നായക്ക് എന്ന പടത്തെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ഉത്തംകുമാർ മാത്രമായിരുന്നു മനസ്സിൽ. മറ്റൊരു നടനെയും ആ റോളിൽ സങ്കൽപ്പിക്കാൻ ആവില്ല'. റേയുടെ നായക്ക് ഉത്തം കുമാറിന്റെ ജീവിതകഥ പോലെ തന്നെയായിരുന്നു. നായകനും കഥാപാത്രവും ഒന്നായതുപോലെ.
അധികമാരും അറിയാത്ത മറ്റൊരു ചരിത്രവും ഉത്തമനും റേക്കും ഇടയിൽ ഉണ്ട്. അത് ഒരു സിനിമാക്കഥയുമായി ബന്ധപ്പെട്ടതു തന്നെ. പഥേർ പാഞ്ചാലിക്കൊപ്പം ചെയ്യാൻ ആഗ്രഹിച്ച ഘരേ ഭൈരയ്ക്കായി സത്യജിത്ത് റായ് ഉത്തംകുമാറിനെ സമീപിച്ചെങ്കിലും ഉത്തമിന് അതിലെ റോൾ സ്വീകാര്യമായി തോന്നിയില്ല. വിപ്ലവകാരിയായി നടിക്കുന്ന കളങ്കിത കഥാപാത്രത്തെ പിന്നീട് വർഷങ്ങൾക്കുശേഷം ചിത്രം യാഥാർഥ്യമായപ്പോൾ അവതരിപ്പിച്ചത് സൗമിത്ര ചാറ്റർജി ആയിരുന്നു. സിനിമാ ജീവിതത്തിന്റെ ആരംഭത്തിൽ തന്നെ പ്ലാൻ ചെയ്തതായിരുന്നെങ്കിലും അന്ത്യഘട്ടത്തിൽ മാത്രമേ ഘരേ ഭൈരേ റായ്ക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞുള്ളൂ.
ജീവിച്ചിരിക്കെ തന്നെ ഇതിഹാസമായി മാറുവാൻ കഴിയുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. അങ്ങനെ ഐതിഹാസിക മാനം നേടിയ അഭിനേതാവ് ആയിരുന്നു ഉത്തംകുമാർ. ശങ്കറിന്റെ സൂപ്രസിദ്ധ നോവൽ ചൗരങ്ങി അതേ പേരിൽ ചലച്ചിത്രം ആക്കിയപ്പോൾ നായക സ്ഥാനം ഉത്തം കുമാറിന് തന്നെയായിരുന്നു. മലയാളത്തിൽ ആഘോഷിക്കപ്പെട്ട നോവലുകളിൽ ഒന്നാണ് ചൗരങ്ങി. ആരോഗ്യനികേതനും മറ്റും പോലെ.
കൊൽക്കത്തയിലെ ഒരു മധ്യവർത്തി കുടുംബത്തിൽ ജനിച്ച അരുൺകുമാർ ചാറ്റർജിയാണ് പിന്നീട് യുഗപ്രഭാവനായ ഉത്തംകുമാർ ആയി മാറിയത്. നമ്മുടെ പ്രേം നസീറിനെ പോലെ അദ്ദേഹവും പുതിയ പേരുമായാണ് സിനിമാരംഗം അടക്കിവാണത്. അത് സമാനതകളില്ലാത്ത പടയോട്ടം തന്നെയായിരുന്നു. തുടക്കം ഒരു നടനായി മാത്രമായിരുന്നെങ്കിലും ഏതാനും വർഷങ്ങൾ കൊണ്ടുതന്നെ സിനിമയുടെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഉത്തംകുമാറിനെ കഴിഞ്ഞു. അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മാത്രമല്ല സംഗീതസംവിധായകനായും പിന്നണി ഗായകനായും അദ്ദേഹം സിനിമയിൽ തിളങ്ങിനിന്നു. ദൃശ്യകലയായ സിനിമയിൽ ഉത്തംകുമാറിന് സമശീർഷനായി മറ്റൊരു കലാകാരനെ കണ്ടെത്തുക പ്രയാസമാണ്. അഭിനയം, സംവിധാനം, തിരക്കഥ എന്നിവയിൽ കൈയൊപ്പ് ചാർത്തിയ പലരെയും കണ്ടെത്താനാകുമെങ്കിലും സംഗീതസംവിധാനം നിർവഹിച്ച് പിന്നണി പാടിയ നടി നടന്മാർ ഇല്ലെന്നുതന്നെ പറയാം. ഒരുപക്ഷേ ഉത്തംകുമാറിനൊപ്പം ചേർത്തുവെക്കാവുന്ന ഒരേയൊരു പേര് കന്നഡയിലെ രാജ്കുമാറിന്റെതു മാത്രമായിരിക്കും. അഭിനയം മുതൽ പിന്നണി ഗാനശാഖ വരെ കൈവച്ച പ്രതിഭാധനനായിരുന്നു രാജകുമാറും. അക്ഷരാർഥത്തിൽ ബഹുമുഖ പ്രതിഭകൾ ആയിരുന്നു ഇരുവരും.
ആദ്യകാലത്ത് നാടകരംഗത്തു നിന്ന് സിനിമയിൽ എത്തിയ പല നടന്മാരും പാടി അഭിനയിക്കുന്ന പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരായിരുന്നു. ഹിന്ദിയിലെ സൈഗാളും തമിഴ് സിനിമയിലെ ത്യാഗരാജ ഭാഗവതരും എല്ലാം ഉൾപ്പെടുന്നു. പിന്നീട് പിന്നണിഗായകർ രംഗപ്രവേശനം ചെയ്തപ്പോൾ നടന്മാർ നടിച്ചാൽ മാത്രം മതിയെന്ന നിലവന്നു.
സത്യജിത്ത് റായിയുടെ പടങ്ങളിൽ വ്യത്യസ്തമായ രചനയാണ് നായിക്. ഉത്തം അവതരിപ്പിച്ച നായകൻ കൊൽക്കൊത്തയിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ യാത്ര നടത്തുന്നത് അവാർഡ് സ്വീകരിക്കുന്നതിനാണ്. യാത്രയ്ക്കിടയിൽ യാദൃച്ഛികമായി ഹീറോയുടെ സാന്നിധ്യം അറിയുന്ന യുവ പത്രപ്രവർത്തക അദ്ദേഹവുമായി ഒരു അഭിമുഖത്തിന് ആ അവസരം ഉപയോഗിക്കുന്നു. ശർമിള ടാഗോർ ആണ് പത്രപ്രവർത്തക. റായിയുടെ ആദ്യകാലചിത്രമായ തീൻ കന്യയിൽ നന്നേ ചെറുപ്പത്തിൽ തന്നെ ശർമിള ടാഗോർ അഭിനയിച്ചിരുന്നു. തുടർന്ന് അപൂർ സൻസാരിലും അവർ പ്രത്യക്ഷപ്പെട്ടു.
നായകിലെ റോളിനെ കുറിച്ച് ഉത്തം കുമാർ പറഞ്ഞു, 'എന്റെ ജീവിതവുമായി അടുത്തു നിൽക്കുന്നതാണ് ഇതിലെ കഥാപാത്രം. പല അനുഭവങ്ങളും എന്റേത് കൂടിയാണ്'. അനായാസവും സ്വാഭാവികവുമായ അഭിനയശൈലിയുടെ ഉടമയായിരുന്ന ഉത്തമിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് നായകിലേത്. ആദ്യം തന്നെ സമീപിച്ച നവാഗത സംവിധായകനിൽ നിന്ന് ലോകപ്രശസ്തി ആർജിച്ച മഹാരഥനായ സത്യജിത് റായിയുടെ സംരംഭത്തിൽ ആണ് പിന്നീട് ഉത്തം അഭിനയിച്ചത്. കഥയിൽ എന്ന പോലെ ജീവിതത്തിലും സംഭവിക്കുന്ന ചില വിസ്മയങ്ങൾ. റായിയുടെ വിശ്വാസത്തോട് നീതി പുലർത്തിയ പ്രകടനമാണ് ഉത്തം കാഴ്ചവച്ചത്.
അഭിനയം ഔന്നിത്യം നേടിയ മുഹൂർത്തങ്ങൾ ദൃശ്യമാണ്. അഭിമുഖത്തിൽ ഉരുത്തിരിഞ്ഞുവന്ന നായകന്റെ ജീവിതകഥയും വിജയ പരാജയങ്ങളും നേട്ടങ്ങളും കോട്ടങ്ങളും ബന്ധങ്ങളുടെ ഇഴയടുപ്പവും ചൈതന്യവും എല്ലാം പത്രപ്രവർത്തകരുടെ മനസ്സിൽ ദൈന്യതയുടെ ചിത്രങ്ങൾ തീർക്കുന്നു.
ഹീറോ പരിവേഷത്തിന് അപ്പുറം പച്ചയായ മനുഷ്യനെ അവർ തിരിച്ചറിയുന്നു. അതുകൊണ്ടാണ് അവർ അഭിമുഖം പ്രസിദ്ധീകരിക്കേണ്ടെന്നു തീരുമാനിച്ചത്. ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായയുള്ള നായകനിൽ ഒരു സാധാ മനുഷ്യനുള്ളതായി പത്രപ്രവർത്തക മനസ്സിലാക്കുന്നു.
ആദ്യം ഗൗരി ചാറ്റർജിയും പിന്നീട് സുപ്രിയ ദേവിയും ആയിരുന്നു ഉത്തമിന്റെ ജീവിത സഖികൾ. ബംഗാളി സിനിമയിലെ ഉത്തം സുചിത്രാസൻ ജോഡി തലമുറകളെ തന്നെ സ്വാധീനിച്ചിരുന്നു. രാത്‌ബോർ, ഉപഹാർ, ആന്റണി ഫിറിങ്കി, മര്യാദ, കലങ്ങിനി തുടങ്ങി നിരവധി പടങ്ങൾ ആണ് ഉത്തമിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. 1968ൽ അഭിനയത്തിനുള്ള പ്രഥമ ദേശീയ പുരസ്‌കാരം ഉത്തം കുമാർ നേടിയത് അർഹതയ്ക്കുള്ള അംഗീകാരം തന്നെയായിരുന്നു.
Content Highlights: Legendary Bengali actor Uttam Kumar's birth centenary is being celebrated this year. Highlights his iconic roles in Satyajit Ray's films, including 'Nayak' and 'Chiriyakhana'. Details the unfulfilled project 'Ghare Bhaire' where Uttam Kumar was initially approached by Ray. Emphasizes Uttam Kumar's versatile talents as an actor, director, writer, composer, and singer. Explores his popular screen pairing with Suchitra Sen and his historical National Film Award win in 1968.