'ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കില്‍...'; സംഗീതത്തെ പ്രണയിച്ച 'വില്ലന്' സുവര്‍ണ ജൂബിലി

വില്ലനായിരുന്നു ഒരിക്കല്‍. കണ്ണില്‍ ചോരയില്ലാത്ത വില്ലന്‍. സിനിമയിലെ കൊള്ളയും കൊലയും അടിപിടിയും ബലാത്സംഗവും മൊത്തത്തിനെടുത്തയാള്‍. പിന്നെയെപ്പൊഴോ നല്ലവനായി. വില്ലത്തരങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. വെള്ളിത്തിരയില്‍ നല്ല അച്ഛനും അമ്മാവനും അയല്‍ക്കാരനുമൊക്കെയായി വേഷങ്ങള്‍ പകര്‍ന്നാടി.
എങ്കിലും ടി.ജി. രവിയെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം കാതിലും മനസ്സിലും വന്നു നിറയുക വിഷാദമധുരമായ ഒരു പാട്ടാണ്. ഏറെ പ്രിയപ്പെട്ട ഒരു പാട്ട്:
'ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍
ഒരിക്കലും ഞാനുണരുകില്ല
വസന്തം ഉദ്യാന വിരുന്നിനില്ലെങ്കില്‍
കുസുമങ്ങളിവിടെ മലരുകില്ല....'
'പാദസര'ത്തില്‍ എ.പി. ഗോപാലന്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് യേശുദാസ് പാടിയ ഗാനം. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി പരാജയപ്പെട്ട, നിഷേധിയായ ഒരു ചെറുപ്പക്കാരന്റെ ആത്മഗീതം. ഗാനരംഗത്തഭിനയിച്ചത് ടി.ജി. രവി. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു പാദസരം. നായകനാകാന്‍ വേണ്ടി സ്വയം നിര്‍മ്മിച്ച പടം. തീര്‍ന്നില്ല, രവി തന്നെ നിര്‍മ്മിച്ച അടുത്ത പടമായ 'ചോര, ചുവന്ന ചോര'യിലും ഉണ്ടായിരുന്നു ഒരു ഗാനരംഗത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം. മനസ്സേ നിന്‍ മൗനതീരം (രചന: ജി.കെ. പള്ളത്ത്, സംഗീതം: ദേവരാജന്‍.)
Also Read: മകനോടുള്ള അനീതിക്ക് അച്ഛന്റെ പ്രായശ്ചിത്തം; 'ഇനിയീ വീട്ടിൽ ആ പാട്ടുകൾ മതി, എനിക്കതേ കേൾക്കേണ്ടൂ...’
'പാദസര'ത്തില്‍ മൂന്ന് പേരുണ്ടായിരുന്നു പാട്ടെഴുത്തുകാരായി: തിരക്കഥാകൃത്ത് കൂടിയായ ജി. ഗോപാലകൃഷ്ണന്‍, ജി.കെ. പള്ളത്ത്, എ.പി. ഗോപാലന്‍ എന്നിവര്‍. 'മോഹവീണതന്‍ തന്തിയില്‍' (പി. സുശീല)എന്ന പ്രശസ്ത ഗാനമെഴുതിയത് ഗോപാലകൃഷ്ണനാണ്, കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു (ജയചന്ദ്രന്‍) എന്ന ഗാനം ജി.കെ. പള്ളത്തും. സംവിധായകന്‍ എ.എന്‍. തമ്പിയുടെ ശുപാര്‍ശയിലായിരുന്നു ഗാനരചയിതാവായി ഗോപാലന്റെ രംഗപ്രവേശം എന്നോര്‍ക്കുന്നു ഗോപാലകൃഷ്ണന്‍.
'മോഹവീണ തന്‍ എന്ന ഗാനം സുശീലയുടെയും യേശുദാസിന്റെയും ശബ്ദത്തില്‍ രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സിനിമയില്‍ ഉപയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്. ഗോപാലന്‍ ഗാനരചയിതാവായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പാട്ട് ഉപയോഗിക്കാന്‍ അനുയോജ്യമായ ഒരു സിറ്റുവേഷന്‍ കണ്ടെത്തേണ്ടിവന്നു. അങ്ങനെയാണ് മോഹവീണയുടെ യേശുദാസ് വെര്‍ഷന്‍ ഉപേക്ഷിച്ച് പകരം ഗോപാലന്‍ എഴുതിയ ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ എന്ന പാട്ട് അവിടെ ഉപയോഗിച്ചത്. ഹൃദയസ്പര്‍ശിയായിരുന്നു ആ ഗാനവും.'
സിനിമയില്‍ അതിനു മുന്‍പ് ഒരേയൊരു പാട്ടേ എഴുതിയിരുന്നുള്ളു എ.പി. ഗോപാലന്‍. ഉദയായുടെ 'പൊന്നാപുരം കോട്ട'യിലെ (1973) വയനാടന്‍ കേളൂന്റെ പൊന്നും കോട്ട. 'പാദസര'ത്തിലെ പാട്ട് ഗാനരചനാജീവിതത്തില്‍ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചിരുന്നു അദ്ദേഹം. എഴുതിയ പാട്ടുകള്‍ പലതും ശ്രദ്ധിക്കപ്പെട്ടെങ്കിലും (രാഗം താനം പല്ലവിയിലെ പാര്‍വതീ സ്വയംവരം കഴിഞ്ഞ രാവില്‍, തീക്കടലിലെ പൊന്നുരുക്കി തട്ടണ് മുട്ടണ് , കാട്ടരുവിയിലെ ഗ്രാമ്പൂ മണം വീശും കാറ്റേ...) സിനിമയുടെ രാജവീഥികളില്‍ നിന്ന് അകന്നുകഴിയാനായിരുന്നു ഗോപാലന് യോഗം. പകരം നാടക രംഗത്ത് കൂടുതല്‍ സജീവമായി അദ്ദേഹം. 2007 ജൂണിലായിരുന്നു ഗോപാലന്റെ വിയോഗം.
Also Read: 'എടോ, നിയ്യ് വല്യ ആളായിട്ടോ...'; ആദ്യ പുസ്തകം എം.ടി പ്രകാശനം ചെയ്തപ്പോള്‍ അമ്മ പറഞ്ഞു
സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ് ടി.ജി. രവി. 'ഉത്തരായന'ത്തില്‍ നിന്ന് തുടങ്ങിയ യാത്ര. ചോര ചുവന്ന ചോരയിലെ കുമാരന്‍, പറങ്കിമലയിലെ കുഞ്ഞിപ്പാലു, പാവം ക്രൂരനിലെ ദാമു, ചാട്ടയിലെ മാണിക്യന്‍, ഈനാടിലെ കരുണന്‍, അടയാളങ്ങളിലെ രാമന്‍ നമ്പൂതിരി, ഒറ്റക്കയ്യനിലെ കണാരന്‍, 22 ഫീമെയിലിലെ രവി.... മറക്കാനാവാത്ത വേഷങ്ങളിലൂടെയുള്ള യാത്ര അന്‍പത് വര്‍ഷം പിന്നിടുന്നു.
പാട്ടുകളിലെ 'വില്ലന്‍' മുഖങ്ങള്‍
ക്ലാസിക് ഗാനങ്ങളുടെ ഓര്‍മ്മകളുമായി ചേര്‍ന്നുനില്‍ക്കുന്ന 'വില്ലന്‍ മുഖ'ങ്ങള്‍ വേറെയുമുണ്ട്; കെ.പി. ഉമ്മറിനേയും ജോസ് പ്രകാശിനേയും പോലെ. ആദ്യകാലത്ത് വില്ലന്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ട കെ.പി. ഉമ്മറിനായിരുന്നു അനശ്വരഗാനങ്ങള്‍ പലതും വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള നിയോഗം: പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക് (ഉമ്മ), ഏകാന്തകാമുകാ (ദാഹം), എത്ര ചിരിച്ചാലും ചിരി തീരുമോ (കണ്ണൂര്‍ ഡീലക്‌സ്), കിഴക്കേ മലയിലെ വെണ്ണിലാവൊരു (ലോറാ നീ എവിടെ), നീലനിശീഥിനി (സിഐഡി നസീര്‍), മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു (കാറ്റു വിതച്ചവന്‍), കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു (അച്ഛനും ബാപ്പയും), മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് (മരം), ഈശ്വരന്‍ ഹിന്ദുവല്ല (പോസ്റ്റുമാനെ കാണാനില്ല), നടന്നാല്‍ നീയൊരു (തെറ്റ്), റസൂലേ നിന്‍ കനിവാലേ (സഞ്ചാരി).... അങ്ങനെയങ്ങനെ. കൊള്ളത്തലവനും വഞ്ചകനുമൊക്കെയായി സ്‌ക്രീനില്‍ നിറഞ്ഞാടിയ ജോസ് പ്രകാശ് ആണ് നാദബ്രഹ്‌മത്തിന്‍ സാഗരം നീന്തിവരും, സ്വര്‍ഗ്ഗപുത്രീ നവരാത്രി തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കിയത് എന്നോര്‍ക്കുക.
ജനാര്‍ദ്ദനന്‍ (വ്യാമോഹത്തിലെ പൂവാടികളില്‍, ചലനത്തിലെ അത്യുന്നതങ്ങളില്‍), ക്യാപ്റ്റന്‍ രാജു (ഇതാ ഒരു സ്‌നേഹഗാഥയിലെ കരുണാമയീ ജഗദീശ്വരീ), ഭീമന്‍ രഘു (ഭീമനിലെ തേന്മലര്‍ തേരിലേറി വാ).. ഒരിക്കല്‍ വില്ലനായിരുന്നവരുടെ ഗാനഭിനയങ്ങള്‍ വേറെയുമുണ്ട്...
നല്ലൊരു സംഗീതാസ്വാദകന്‍ കൂടിയായ ടി.ജി. രവി എന്ന രവിയേട്ടന് സുവര്‍ണ്ണജൂബിലി ആശംസകള്‍.
Content Highlights: Ravi Menon writes about malayalam actor TG Ravi