ട്രോളന്‍മാര്‍ ആഘോഷിക്കുന്ന 'അലവലാതി ഷാജി', ക്രൂരനായ വില്ലന്‍; സിനിമയില്‍ ടി.ജി രവിയുടെ അമ്പതാണ്ട്

#എം.കെ കൃഷ്ണകുമാര്‍
ടി.ജി രവി | Photo: Mathrubhumi
ടി.ജി രവി | Photo: Mathrubhumi

ലയാളസിനിമയിലെ 'ക്രൂരനായ വില്ലന്‍' എന്ന പട്ടം പതിറ്റാണ്ടുകളോളം 'കൈവശംവെച്ച' ടി.ജി. രവി എന്ന തൃശ്ശൂര്‍ക്കാരുടെ രവിയേട്ടന് സിനിമാഭിനയത്തില്‍ അരനൂറ്റാണ്ട്. സ്വയം നിര്‍മിച്ച സിനിമയില്‍ത്തന്നെ വില്ലന്‍വേഷം ചെയ്ത്, ആ വഴിയില്‍ ഏറെക്കാലം തുടര്‍ന്ന അദ്ദേഹം മുന്നൂറിലധികം കഥാപാത്രങ്ങളായി വേഷമിട്ടുകഴിഞ്ഞു.

സിനിമയില്‍ അമ്പതാണ്ട് ആയെങ്കിലും രവിയുടെ കലാജീവിതത്തിന് പ്രായം 75 കവിയും. എണ്‍പത്തൊന്നുകാരനായ അദ്ദേഹം ആറാംവയസ്സില്‍ മൂര്‍ക്കനിക്കരയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് ആദ്യമായി സ്റ്റേജിലെത്തിയത്. പിന്നീട് സിനിമയിലെത്തുംവരെ നാടകം പലപ്പോഴായി കൂടെയുണ്ടായിരുന്നു. റേഡിയോനാടകത്തിലൂടെ പരിചയപ്പെട്ട തിക്കൊടിയനായിരുന്നു ആദ്യ സിനിമയിലേക്ക് കൈപിടിച്ചത്, ജി. അരവിന്ദന്റെ ഉത്തരായണം (1974).

ഒരു നടനെന്ന ഇമേജ് കിട്ടാത്ത 'സങ്കടം' തീര്‍ക്കാന്‍ സ്വയം നിര്‍മിച്ച സിനിമയായിരുന്നു പാദസരം. സാമ്പത്തികമായി ചിത്രം പരാജയപ്പെട്ടു. പിന്നീട് 'ചോര ചുവന്ന ചോര'. ശേഷം, പി.ജി. വിശ്വംഭരനെ സംവിധാനമേല്‍പ്പിച്ച് 'ചാകര' നിര്‍മിച്ചു. അത് ഹിറ്റായി. 'പറങ്കിമല'യിലൂടെയാണ് ഇരുത്തംവന്ന വില്ലനായത്. അതില്‍ തൃശ്ശൂര്‍ ഭാഷ സമര്‍ഥമായി ഉപയോഗിച്ചു. 1970-80 വര്‍ഷങ്ങളില്‍, നേരിട്ടു കാണുമ്പോള്‍ സ്ത്രീകള്‍ മാറിനടക്കുന്ന വിധം, വില്ലത്തരത്തിന്റെ ആള്‍രൂപമായി ടി.ജി. രവി.

തുടര്‍ച്ചയായി വില്ലന്‍വേഷങ്ങള്‍ ചെയ്തപ്പോള്‍ പലപ്പോഴും ഒരു കുറ്റവാളിയെപ്പോലെ മാറ്റിനിര്‍ത്തപ്പെട്ടു. പക്ഷേ, ഭാര്യ അമ്പിളി (ഡോ. വി.കെ. സുഭദ്ര) കൂടെനിന്നു. ഒരിക്കല്‍ മാത്രം അതിനു മാറ്റമുണ്ടായി. ഒരു ചിത്രത്തില്‍ രവിയുടെ രംഗത്തോടൊപ്പം അശ്ലീലരംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചു. തിയേറ്ററില്‍ ഇതു കണ്ട് ഭാര്യ കരഞ്ഞു.

നാളുകള്‍ക്കുശേഷം ആ സംവിധായകനെ കണ്ടപ്പോള്‍ മാറ്റിനിര്‍ത്തി 'കൈകാര്യം' ചെയ്താണ് രവി ആ ദുഃഖത്തിന് പരിഹാരം ചെയ്തത്. എങ്കിലും തന്റെ വില്ലന്‍ കഥാപാത്രങ്ങളില്‍ ചിലതെങ്കിലും പുതിയ കാലത്തും സജീവമാണെന്ന് ടി.ജി. രവി പറയുന്നു. 'അലവലാതി ഷാജി' ഇപ്പോഴും ട്രോളന്മാര്‍ ആഘോഷിക്കുമ്പോള്‍ നടന്‍ തിരിച്ചറിയുന്നു, അത് തന്റെ അഭിനയത്തിനുള്ള അംഗീകാരമാണെന്ന്.

1921-ലെ വാരിയംകുന്നന്റേത് ഉള്‍പ്പെടെയുള്ള വേഷങ്ങളിലൂടെ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ രവി ഇപ്പോഴും സജീവമായി തുടരുന്നു. ''ഇപ്പോള്‍, ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടികളുടെ അച്ഛനായി വേഷം ചെയ്യുമ്പോള്‍, പണ്ട്, സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തതിന്റെ പരിഹാരമായി തോന്നുന്നു.''- രവി നര്‍മം പങ്കിട്ടു.

ഭാര്യയുടെ മരണശേഷം സിനിമയോട് താത്പര്യം കുറഞ്ഞ ടി.ജി. രവി കുറേ നാള്‍ മകന്‍ രഞ്ജിത്തിനൊപ്പം ആഫ്രിക്കയില്‍ താമസിച്ചു. പിന്നീട് തിരിച്ചുവന്നാണ് സിനിമയില്‍ സജീവമായത്. എന്‍ജിനീയര്‍ കൂടിയായ അദ്ദേഹം അവിടെയും ആ മേഖലയുമായി ബന്ധപ്പെട്ട ജോലിചെയ്തു. നടന്‍ ശ്രീജിത്ത് രവി ഇളയമകനാണ്. ഇരുവരും ചില സിനിമകളില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും സേവനംചെയ്തിട്ടുണ്ട് ടി.ജി. രവീന്ദ്രനാഥ് എന്ന ടി.ജി. രവി. മൂര്‍ക്കനിക്കര ഗ്രാമത്തിലേക്ക് ആദ്യ വ്യവസായം വന്നത് ഇദ്ദേഹത്തിന്റെ 'സണ്‍ടെക്' എന്ന റബ്ബര്‍ കമ്പനിയിലൂടെയായിരുന്നു.

നടന് അഭിനയം മാത്രമല്ല കമ്പം. ഷൂട്ട് ഇല്ലാത്തപ്പോഴെല്ലാം, തൃശ്ശൂര്‍ കേരളവര്‍മ കോളേജ് റോഡിലെ വീട്ടില്‍നിന്ന് അതിരാവിലെ കൃഷിസ്ഥലത്തേക്ക് ഇറങ്ങും. പ്രായം തളര്‍ത്താത്ത, മനസ്സ് മടുക്കാത്ത മണിക്കൂറുകളാണ് അവിടെ നടന്‍ ചെലവഴിക്കുന്നത്.

Content Highlights: tg ravi 50 glorious years of malayalam cinema