ഇന്ത്യയൊട്ടാകെ സിനിമാപ്രേമികളെ കീഴടക്കി കോളിവുഡ്; 2021 വിടപറയുമ്പോള്‍

Tamil Cinema 2021
Tamil Cinema 2021

കോവിഡ് വ്യാപനത്തിന്റെ ആഘാതത്തിൽനിന്ന് പൂർണമായും മോചിക്കപ്പെട്ടിട്ടില്ലെങ്കിലും 2021-ലും ദേശീയതലത്തിൽത്തന്നെ ശക്തമായ സാന്നിധ്യമറിയിക്കാൻ കോളിവുഡിന് സാധിച്ചു. ശ്രദ്ധിക്കപ്പെട്ട സിനിമകളുണ്ടായിരുന്നുവെങ്കിലും ഹിറ്റുകളുടെ നീണ്ട നിരയില്ലാതെയാണ് ഈ വർഷം കടന്നുപോകുന്നത്. അടിപൊളി പാട്ടും നൃത്തവും അതിമാനുഷിക സംഘട്ടനരംഗങ്ങളുമില്ലാത്ത സിനിമകളും തമിഴകത്തിൽ ജനകീയമാകുമെന്നു തെളിയിക്കുന്ന ചിത്രങ്ങൾ, വിടപറയുന്ന വർഷത്തെ പ്രധാന കോളിവുഡ് വിശേഷങ്ങളാണ്.

ദാദാ സാഹിബ് ഫാൽക്കേ പുരസ്കാര നിറവിൽ രജനി

ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം സൂപ്പർ താരം രജനീകാന്തിനെ തേടിയെത്തിയത് മറ്റൊരു കോളിവുഡ് വിശേഷം. രണ്ടുവർഷംമുമ്പ് ഐ.എഫ്.എഫ്.ഐ.യുടെ സുവർണജൂബിലിയോടനുബന്ധിച്ച് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി പുരസ്കാരം ലഭിച്ച രജനിക്ക്‌ ദേശീയതലത്തിൽ ലഭിച്ച അടുത്ത പുരസ്കാരമായിരുന്നു ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം. രാഷ്ട്രീയപ്രവേശനത്തിൽനിന്നുള്ള പിൻമാറ്റത്തെത്തുടർന്ന് താരപ്രഭയ്ക്ക് ചെറിയ തോതിലെങ്കിലും മങ്ങലേറ്റ രജനിയുടെ പ്രധാന നേട്ടവും ഇൗ പുരസ്കാരമായിരുന്നു. ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന ‘അണ്ണാത്തേ’ കടുത്ത ആരാധകർ ഒഴിച്ചുള്ളവരെ നിരാശരാക്കി.

രാജ്യാന്തരവേദിയിൽ കൂഴാങ്കൽ

നയൻതാരയും വിഗ്നേശ് ശിവനും ചേർന്ന് നിർമിച്ച കൂഴാങ്കൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി. മലയാളത്തിൽ നിന്നുള്ള ‘നായാട്ട്’ അടക്കം അവസാനപട്ടികയിലുണ്ടായിരുന്ന മറ്റ് 13 ചിത്രങ്ങളെ പിൻതള്ളിയാണ് കൂഴാങ്കൽ രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായത്. ഈ ചിത്രം റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള ടൈഗർ പുരസ്കാരം നേടിയിരുന്നു. പി.എസ്. വിനോദ് രാജാണ് സംവിധായകൻ.

100 കോടി ക്ലബ്ബിൽ ശിവകാർത്തികേയൻ ചിത്രം

ശിവകാർത്തികേയൻ നായകനായ ‘ഡോക്ടർ’ തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ സ്വീകരിക്കപ്പെട്ടു. കളക്‌ഷനിൽ ആദ്യമായി 100 കോടി കടക്കുന്ന ശിവകാർത്തികേയൻ ചിത്രം എന്ന പേരുമയും ‘ഡോക്ടർ’ സ്വന്തമാക്കി. കോവിഡ് രണ്ടാം വ്യാപനം കുറഞ്ഞതിനുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോക്ടർ. ‘കോലമാവ് കോകില’യ്ക്കുശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹാസ്യത്തിന് പ്രാധാന്യം നൽകിയ ഡോക്ടർ.

പ്രതിസന്ധിയെ അതിജീവിച്ച്‌ധനുഷിന്റെ കർണൻ

കോവിഡ് രണ്ടാം വ്യാപനത്തിന്റെ തുടക്കത്തിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ധനുഷ് നായകനായ കർണൻ. സംസ്ഥാനത്ത് ലോക്ഡൗൺ വ്യവസ്ഥകൾ വീണ്ടും കർശനമാക്കിയതോടെ ചിത്രത്തിന്റെ റിലീസ് വലിയ പ്രതിസന്ധിയെ നേരിട്ടിരുന്നു. റിലീസിന് തൊട്ട് മുൻദിവസമാണ് തിയേറ്ററുകളിൽ അനുവദിക്കുന്ന കാണികളുടെ എണ്ണം സർക്കാർ വെട്ടിക്കുറച്ചത്. കാണികളുടെ എണ്ണം 50 ശതമാനം സീറ്റുകളിൽ മാത്രമായി കുറയ്ക്കുകയായിരുന്നു. എന്നാൽ, മികച്ച പ്രതികരണം ലഭിച്ചതോടെ വൻ ഹിറ്റായി. 2021-ൽ വൻകളക്‌ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി കർണൻ മാറി. ധനുഷിന്റെ ബോളിവുഡ് ചിത്രവും 2021-ൽ പുറത്തിറങ്ങി. 2019-ലെ മികച്ച നടനുള്ള പുരസ്കാരം ധനുഷിന് സമ്മാനിച്ചത് ഈ വർഷമായിരുന്നു. കോവിഡിനെത്തുടർന്നാണ് പുരസ്കാര സമർപ്പണ ചടങ്ങ് വൈകിയത്.

ചിമ്പുവിന്റെ തിരിച്ചുവരവ്

ഏറെ നാളുകൾക്കുശേഷം ചിമ്പുവിന്റെ വിജയ ചിത്രം എത്തി. നവംബറിൽ പുറത്തിറങ്ങിയ ‘മാനാട്’ ആണ് ചിമ്പുവെന്ന ചിലമ്പരശന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയത്. വർഷത്തിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ 'ഈശ്വരൻ' കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും മാനാട് ചിമ്പുവിന് ആനന്ദത്തിനുള്ള വക നൽകുകയായിരുന്നു. വെങ്കട്ട് പ്രഭുവാണ് മാനാടിന്റെ സംവിധായകൻ.

തല’ വിശേഷണം വേണ്ടെന്ന് അജിത്ത്

തന്നെ തല എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്ന് അജിത്ത് ആവശ്യപ്പെട്ടത് വാർത്തയായി. മുമ്പ് ആരാധകസംഘടന വേണ്ടെന്ന തീരുമാനംപോലെ അജിത്തിന്റെ മറ്റൊരു തീരുമാനമായിരുന്നു ഇത്.

ക്രിക്കറ്റ് താരം ധോനിയെ തലയെന്ന് വിശേഷിപ്പിച്ചതിനെത്തുടർന്ന് നടൻ ധനുഷിനെതിരേ അജിത്ത് ആരാധകർ രംഗത്തെത്തിയതും ഈ വർഷമായിരുന്നു. ഈ വർഷം റിലീസാകുമെന്ന് കരുതിയ അജിത്തിന്റെ ‘വലിമൈ’ ഇനിയും പ്രേക്ഷകരിലെത്തിയിട്ടില്ല.

നിരൂപകപ്രശംസനേടി കൂടുതൽ ചിത്രങ്ങൾ

വാണിജ്യമായി ലാഭം കൊയ്തില്ലെങ്കിലും കലാമൂല്യത്തിന്റെ പേരിൽ നിരൂപകശ്രദ്ധയാകർഷിച്ച കുറേ ചിത്രങ്ങൾ 2021-ൽ തമിഴിൽ പുറത്തിറങ്ങി. കടശിയിലെ ബിരിയാണി, മാടത്തി, മണ്ടേല, റോക്കി തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.

വേദനയായി വിവേകിന്റെ വേർപാട്

ഹാസ്യതാരം വിവേകിന്റെ അകാലമരണം തമിഴ് സിനിമാ ലോകത്തിന് വലിയ നഷ്ടമായി. ഏപ്രിലിലാണ് ഹൃദയാഘാതത്തെത്തുടർന്ന് വിവേക് മരിച്ചത്.

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ഈ മരണം കാരണമായി.

വാക്സിൻ സ്വീകരിച്ചതിന്റെ അടുത്തദിവസമാണ് വിവേകിന് ഹൃദയാഘാതമുണ്ടായത്. വാക്സിൻ സ്വീകരിച്ചതാണ് ഇതിനുകാരണമെന്ന ആരോപണവുമായി നടൻ മൻസൂർ ആലിഖാൻ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. എന്നാൽ, ഡോക്ടർമാരും ആരോഗ്യവകുപ്പും ഇത് നിഷേധിച്ചു.

വടിവേലുവിന്റെ തിരിച്ചുവരവ്

നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഹാസ്യതാരം വടിവേലു വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നുവെന്നതും 2021-ലെ പ്രത്യേകതയാണ്. വിജയ് നായകനായ മെർസലിൽ അഭിനയിച്ചതിനുശേഷം വടിവേലുവിന് പുതിയ വേഷങ്ങൾ ലഭിച്ചിരുന്നില്ല. തന്റെ ജന്മദിനത്തിന്റെ അടുത്തദിവസം വടിവേലു തന്നെയാണ് താൻ തിരിച്ചുവരുകയാണെന്ന് അറിയിച്ചത്. പിന്നീട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇംസൈ അരശൻ 24-ാം പുലികേശി എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായുള്ള തർക്കത്തെത്തുടർന്നായിരുന്നു വടിവേലുവിന് വിലക്ക് വന്നത്. ഇതുമാറ്റാൻ നിർമാതാക്കളുടെ സംഘടന തീരുമാനിക്കുകയായിരുന്നു. നായ് ശേഖർ റിട്ടേൺസ് എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന വടിവേലു മറ്റൊരു ചിത്രത്തിൽ കമൽഹാസന് ഒപ്പവും അഭിനയിക്കും.

തിളങ്ങി മലയാളിതാരങ്ങൾ

പ്രധാന ചിത്രങ്ങളിൽ പലതിലും മലയാളി താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമായി. സാർപ്പട്ട പരമ്പരയിൽ നായകൻ ആര്യയെ കൂടാതെ മറ്റൊരു മലയാളിയായ ഷബീർ കല്ലറക്കലും ശ്രദ്ധേയനായി. ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെയാണ് ഷബീർ അവതരിപ്പിച്ചത്.

‘ജയ് ഭീ’മിൽ സൂര്യയെപോലും നിഷ്പ്രഭമാക്കുന്ന പ്രകടനത്തിലൂടെ മലയാളി നടി ലിജോ മോളും തമിഴ് ആരാധകരുടെ മനസ്സിൽ ഇടംനേടി. 2020-ലെ സൂര്യയുടെ ഹിറ്റ് ചിത്രം ‘സൂരരെ പോട്രി’ൽ നായികാവേഷത്തിൽ മലയാളിയായ അപർണ ബാലമുരളി ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിരുന്നു.

ധനുഷ് നായകനായ ‘കർണൻ’ രജിഷ വിജയന് തമിഴിലേക്കുള്ള എൻട്രിയായി. ജയ് ഭീമിലും പ്രധാന വേഷങ്ങളിൽ ഒന്നിൽ തിളങ്ങി. ചിമ്പു നായകനായ മാനാടിലൂടെ കല്യാണി പ്രിയദർശനും ശ്രദ്ധേയായി.

ആവേശം നിറച്ച ‘മാസ്റ്റർ’

വർഷത്തിന്റെ തുടക്കത്തിൽത്തന്നെ ആളുകളെ തിയേറ്റുകളിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് വിജയിയുടെ 'മാസ്റ്ററി'നായിരുന്നു. ലോക്ഡൗൺ വ്യവസ്ഥകളിൽ ഇളവനുവദിച്ച് തിയേറ്ററുകൾ തുറന്നതിനുശേഷം എത്തിയ പ്രധാന തമിഴ് ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. തിയേറ്ററുകൾ ഇളക്കിമറിച്ച് ആരാധകർ മാസ്റ്റർ കാണാനെത്തി. ഇളയദളപതി വിജയിയുടെ മാസ് പ്രകടനം കാണാൻ എത്തിയ പ്രേക്ഷകർ ചിത്രത്തിലെ പ്രതിനായക വേഷം അവതരിപ്പിച്ച മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പ്രകടനത്തെ പുകഴ്ത്തുന്നതും തമിഴ് സിനിമാലോകത്തിന് വേറിട്ടകാഴ്ചയായി. അങ്ങനെ ചിത്രത്തിന്റെ വിജയത്തിന് നായകനും പ്രതിനായകനും ഒരുപോലെ അവകാശികളായി.

ചർച്ചകളിൽ നിറഞ്ഞ് വീണ്ടും സൂര്യ

കോവിഡ് വ്യാപനത്തിന്റെ പിടിയിലായ തുടർച്ചയായ രണ്ടാം വർഷവും സൂര്യയുടെ ചിത്രം ചർച്ച ചെയ്യപ്പെട്ടു. 2020-ൽ പുറത്തിറങ്ങിയ സൂര്യ ചിത്രം ‘സൂരരെ പോട്ര്’ തമിഴ് സിനിമയും ഒ.ടി.ടി.യും തമ്മിലുള്ള അകലം കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെങ്കിൽ 2021-ൽ സൂര്യ ശ്രദ്ധേയനായത് ജയ് ഭീം എന്ന ചിത്രത്തിലൂടെയായിരുന്നു.

ഇരുചിത്രത്തിലും നായകനും നിർമാതാവും സൂര്യയായിരുന്നു. ആദിവാസികളായ ഇരുള വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചാണ് ജയ് ഭീം മനംകവർന്നത്. സംഭവകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലെ അഭിഭാഷക വേഷം സൂര്യ അവിസ്മരണീയമാക്കി. മദ്രാസ് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചന്ദ്രു അഭിഭാഷകനായി പ്രവർത്തിക്കുമ്പോഴുണ്ടായ അനുഭവമായിരുന്നു സിനിമയ്ക്ക് ആധാരം. ചന്ദ്രുവിന്റെ വേഷമാണ് സൂര്യ അവതരിപ്പിച്ചത്. സംവിധായകൻ ടി.ജെ. ജ്ഞാനവേലിനും വലിയ ബ്രേക്കായി ജയ് ഭീം.

ഒ.ടി.ടി.യിൽ തിളങ്ങി ‘സാർപ്പട്ട പരമ്പര’

മുൻവർഷം ഒ.ടി.ടിയിൽ ശ്രദ്ധേയമായത് സൂര്യ നായകനായ സൂരരെ പോട്ര് എന്ന ചിത്രമായിരുന്നുവെങ്കിൽ ഇത്തവണ ‘സാർപ്പട്ട പരമ്പര’യായിരുന്നു. പാ രഞ്ജിത്തിന്റെ സംവിധാന സംരംഭത്തിൽ ഒരു പൊൻതൂവൽകൂടിയായിരുന്നു ആര്യ നായകനായ സാർപ്പട്ട പരമ്പര. ബോക്സിങ്ങായിരുന്നു പ്രമേയം. എഴുപതുകളിലെ ചെന്നൈയെ ചിത്രീകരിക്കുകയുംചെയ്തു. നായകനായ ആര്യയെ കൂടാതെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കൽ, പശുപതി, ദുഷറ വിജയൻ തുടങ്ങിയവരും അഭിനയമികവ് തെളിയിച്ചു.

Content Highlights: Tamil Cinema during Covid Pandemic, 2021, Kollywood, How Tamil Cinema  took over Film industry in 2021?

Content Highlights: