വിഷാദം പണക്കാർക്ക് മാത്രം വരുന്ന അസുഖമല്ല; സജിയെക്കുറിച്ച് ശ്യാം പുഷ്കരൻ പറയുന്നു

-
-

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല ആരാധകരും സിനിമാ ലോകവും. കഴിഞ്ഞ കുറേ നാളുകളായി താരം വിഷാദത്തിന് അടിമയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇതിന് പിന്നാലെ  മധു.സി.നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ ഒരു മീം കേരളത്തിൽ വലിയ ചർച്ചയായി. ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ച സജി എന്ന കഥാപാത്രം സുഹൃത്തിന്റെ അപ്രതീക്ഷിത മരണത്തോടെ മനസ് കൈവിട്ട് പോകുന്ന വേളയില്‍ ഡോക്ടറെ കാണണമെന്ന് സഹോദരനോട് ആവശ്യപ്പെടുന്നുണ്ട്. ഡോക്ടറുടെ അടുത്തെത്തിയ സജി തന്റെ ഉള്ളിലുള്ള സങ്കടങ്ങളെല്ലാം കരഞ്ഞു തീര്‍ക്കുന്നുണ്ട്. ഡോക്ടര്‍ അവനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നുമുണ്ട്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് അടിയന്തരമായി ചികിത്സ നൽകണമെന്ന വലിയ സന്ദേശമാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും സംവിധായകനും പ്രേക്ഷകർക്ക് നൽകിയത്. മന:പൂർവ്വം തന്നെയാണ് ഈ രം​ഗം ഉൾപ്പെടുത്തിയതെന്ന് പറയുകയാണ് ശ്യാം പുഷ്കരനിപ്പോൾ. ക്ലബ് എഫ്.എം യുഎയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്കരൻ

അദ്ദേഹത്തിന്റെ വാക്കുകൾ

സജിയുടെ ഒരു ക്യാരക്ടർ ​ഗ്രാഫിനെക്കുറിച്ച് പറയുമ്പോൾ, മനസ്സിലെ വിഷമം വലുതായി വന്ന് തനിക്ക് ഈ ഒരു വിലയുമില്ല എന്ന് വിചാരിക്കുന്ന തലത്തിലേക്ക് പോകുന്ന ഒരു സ്വഭാവമാണ്. വിഷാദം എന്ന് പറഞ്ഞാൽ പണക്കാർക്ക് മാത്രം വരുന്ന അസുഖമെന്നാണ് പലരുടെയും ധാരണ.  അങ്ങനെയല്ല, എല്ലാവർക്കും വരുന്ന അസുഖമാണ്. സജി ഒരു സാധാരണക്കാരനായതിനാൽ  ആശുപത്രിയിലേക്ക് പോകണം എന്ന് മാത്രമേ അയാൾ പറയുന്നുള്ളൂ. മനശാസ്ത്രരോ​ഗ വിദ​ഗ്ധനെ തന്നെ കാണണമെന്നൊന്നും അയാൾക്ക് അറിയില്ല. എന്നാൽ സജിയുടെ അനിയൻ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയായതിനാൽ അയാൾക്ക് ആ പ്രശ്നം കൃത്യമായി മനസ്സിലാകുകയും സജിയെ ഒരു സെെകാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടു പോകുകയും ചെയ്യുന്നു. സജിയുടെ കഥാപാത്രത്തെ മനപൂർവ്വം അങ്ങനെ രൂപപ്പെടുത്തിയതാണ്. കാരണം അയാൾ നാട്ടിലെ സാധാരണക്കാരുടെ പ്രതിനിധിയാണ്. അയാളുടെ പരിമിതമായ അറിവിൽ ഡോക്ടറെ കാണുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കില്ല. നമ്മുടെ നാട്ടിൽ സജിയെപ്പോലെ ഒരുപാടാളുകളുണ്ട്. കുറച്ച് പ്രായം കഴിയുമ്പോൾ മദ്യപാനം കൂടി വിഷാദത്തിലായി ജീവിതം കെെവിട്ടു പോകുന്നവർ.

മാനസിക പ്രശ്നങ്ങൾ മറച്ചു വയ്ക്കേണ്ടതില്ല. നമ്മുടെ കയ്യോ കാലോ ഒടിയുമ്പോൾ ചികിത്സ തേടില്ലേ? അത്രയും കരുതിയാൽ മതി. സജി ചർച്ചയാകുന്നത് ഇപ്പോൾ വലിയ കാര്യം. വിഷാദം അനുഭവിക്കുന്നവർ മറ്റുള്ളവരോട് അത് തുറന്ന് പറയാൻ സമയം എടുക്കും. അതുകൊണ്ടു തന്നെ അവർക്ക് ചുറ്റുമുള്ളവർ ഈ പ്രശ്നങ്ങളെല്ലാം സ്വാഭാവികമാണെന്ന് ബോധ്യപ്പെടുത്തി അവർക്കൊപ്പം നിൽക്കുക.

Content Highlights: Syam Pushkaran talks about kumbalangi nights, Saji, Depression 

Content Highlights: