'മണിച്ചിത്രത്താഴിന്റെ പ്രിന്റ് നഷ്ടമായപ്പോൾ നിരാശയായി, ആ ഡൽഹിയാത്രയാണ് തുണയായത്'

മണിച്ചിത്രത്താഴ് പോസ്റ്റർ, സ്വർഗചിത്ര അപ്പച്ചൻ | photo: special arrangements, mathrubhumi
മണിച്ചിത്രത്താഴ് പോസ്റ്റർ, സ്വർഗചിത്ര അപ്പച്ചൻ | photo: special arrangements, mathrubhumi

അപ്പച്ചൻ, സ്വർഗചിത്ര, കോഴിക്കോട് എന്നവിലാസത്തിൽ കിട്ടിയ കവർ പൊട്ടിക്കുമ്പോൾ അതിനുള്ളിൽ കുറേ സിനിമാ ടിക്കറ്റുകളുടെ കൗണ്ടർഫോയിലുകൾ, ഒപ്പം ഒരു കുറിപ്പും: ‘അപ്പച്ചൻസാറേ, മണിച്ചിത്രത്താഴ് എന്ന സിനിമ ഞാൻ 90 പ്രാവശ്യം കണ്ടു. അതിന്റെയെല്ലാം ടിക്കറ്റിന്റെ കൗണ്ടർഫോയിലാണ് ഈ കത്തിനൊപ്പം വെച്ചിട്ടുള്ളത്. ഈ സിനിമ ഇനി എത്രതവണ കണ്ടാലും എനിക്ക് മടുക്കില്ല...’ 31 വർഷംമുമ്പ് തനിക്ക് കിട്ടിയ കത്ത് അപ്പച്ചൻ എന്ന നിർമാതാവ് ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്. 1993-ൽ ഇറങ്ങിയ മണിച്ചിത്രത്താഴ് എന്ന സിനിമ മൂന്നു പതിറ്റാണ്ടിനുശേഷം പുതിയ ദൃശ്യമികവിൽ വീണ്ടും തിയേറ്ററുകളിലേക്കെത്തുമ്പോൾ അതിന്റെ അണിയറപ്രവർത്തകരെല്ലാം അതേ പ്രതീക്ഷയിൽ തന്നെയായിരുന്നു. എത്ര കണ്ടാലും മലയാളിക്ക് മടുക്കാത്ത മണിച്ചിത്രത്താഴിന്റെ പുതിയ പതിപ്പും പ്രേക്ഷകർ ഇരുകൈയുംനീട്ടി ഏറ്റെടുക്കുമെന്ന അവരുടെ വിശ്വാസം തെറ്റിയില്ല. മണിച്ചിത്രത്താഴ് വീണ്ടും വെള്ളിത്തിരയിൽ തെളിയുമ്പോഴും നിറഞ്ഞ സദസ്സ് തന്നെയാണ് അതിന് സാക്ഷ്യം വഹിക്കാനെത്തുന്നത്. അതുകൊണ്ടുതന്നെ ‘വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി...’ എന്ന സൂപ്പർഹിറ്റ് പാട്ട് പിറന്ന സിനിമ ഒരുനിയോഗംപോലെ ഇപ്പോൾ തിരുത്തിപ്പറയുന്നു, വരുവാനുണ്ട് ഈവഴി വീണ്ടും.

രണ്ടാംവരവ് ദൃശ്യവിസ്മയം

മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറായി വിശേഷിപ്പിക്കപ്പെടുന്ന മണിച്ചിത്രത്താഴിന്റെ രണ്ടാംവരവ് 4 കെ ഡോൾബി അറ്റ്മോസിന്റെ ദൃശ്യമികവിലാണ്. ഫാസിൽ സംവിധാനം ചെയ്ത ഈ സിനിമ ഇറങ്ങി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും അതിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മായാതെയുണ്ടെന്നതാണ് സത്യം. അതുകൊണ്ടുതന്നെ മാടമ്പള്ളിയിലെ മനോരോഗിയായ ഗംഗയും തെക്കിനിയിലെ ദുരാത്മാവ് നാഗവല്ലിയും മനോരോഗചികിത്സാവിദഗ്‌ധനായ ഡോ. സണ്ണിയും ചെമ്പക്കോട്ടെ ശ്രീദേവിയും നകുലനും കാട്ടുപ്പറമ്പനും ദാസപ്പൻകുട്ടിയുമൊക്കെ 4 കെ ദൃശ്യമികവിൽ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ പ്രേക്ഷകർ ‘ഒരു മുറൈ’ കൂടി തിയേറ്ററിലെത്തുന്നത്. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയുംചേർന്ന് പുതുരൂപത്തിൽ ഇറക്കുന്ന മണിച്ചിത്രത്താഴ് ഓഗസ്റ്റ് 17-നാണ് തിയേറ്ററുകളിലെത്തിയത്. രണ്ടാംവരവിന് കാത്തിരുന്നവരെല്ലാം പ്രതീക്ഷകൾ ഒട്ടും തെറ്റിയില്ലെന്ന് പ്രഖ്യാപിച്ചാണ് തിയേറ്ററുകളിൽനിന്ന് മടങ്ങുന്നത്.

കേരളീയത്തിലെ ഹൗസ്‌ഫുൾ

മണിച്ചിത്രത്താഴ് വീണ്ടും വെള്ളിത്തിരയിൽ തെളിയിക്കാൻ നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ ആലോചിച്ചത് എപ്പോഴായിരുന്നു. ആ ചോദ്യത്തിന് ആത്മവിശ്വാസത്തിന്റെ ചിരിയോടെയായിരുന്നു അപ്പച്ചന്റെ മറുപടി: ‘കഴിഞ്ഞവർഷം മുമ്പ് തിരുവനന്തപുരത്ത് കേരളീയം പരിപാടി നടക്കുമ്പോൾ അതിനോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി ചലച്ചിത്രമേളയും നടത്തിയിരുന്നു. അവാർഡ് നേടിയ സിനിമകളാണ് കൈരളി, ശ്രീ തുടങ്ങിയ തിയേറ്ററുകളിലായി പ്രദർശിപ്പിച്ചിരുന്നത്. ചലച്ചിത്രമേളയിൽ എല്ലാ സിനിമയും ഓരോ ഷോയാണ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ മണിച്ചിത്രത്താഴ് കാണിച്ചപ്പോൾ നിറഞ്ഞുകവിഞ്ഞ തിയേറ്ററിനാണ് അത് സാക്ഷ്യം വഹിച്ചത്. സിനിമ തുടങ്ങുന്നതിന് ഏറെമുമ്പുതന്നെ വളരെ വലിയ ക്യൂവാണ് രൂപപ്പെട്ടത്. തിയേറ്റർ നിറഞ്ഞതോടെ പലരും നിലത്തിരുന്നാണ് മണിച്ചിത്രത്താഴ് കണ്ടത്. അതോടെ ഒരു ഷോ നടത്താനിരുന്ന ചിത്രം അന്ന് അവിടെ നാലുഷോ നടത്തി.

'മണിച്ചിത്രത്താഴ്' കാണാൻ കഴിഞ്ഞദിവസം തിരുവനന്തപുരം കൈരളിയി തിയേറ്ററിലെത്തിയ പ്രേക്ഷകർ, മണിച്ചിത്രത്താഴ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/sajicheriancpim, അറേഞ്ച്ഡ്

മലയാളികൾ ഇപ്പോഴും അതീവ ആവേശത്തോടെയാണ് ഈ സിനിമ കാണാൻ വീണ്ടും വീണ്ടും വരുന്നതെന്ന സത്യത്തിന് ഒരിക്കൽകൂടി അടിവരയിടുന്നതായിരുന്നു ആ കാഴ്ച. ആ സമയത്തുതന്നെയാണ് സ്ഫടികംപോലെയുള്ള പഴയസിനിമകൾ റീറിലീസ് ചെയ്യാനൊരുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴാണ് മണിച്ചിത്രത്താഴ് വീണ്ടും റിലീസ് ചെയ്താലോയെന്ന ചിന്ത എന്നിലുണ്ടായത്. പിന്നീട് അതിനുള്ള അന്വേഷണങ്ങളുടെ വഴിയിൽ സഞ്ചാരം തുടങ്ങി.’ അപ്പച്ചൻ മണിച്ചിത്രത്താഴ് വീണ്ടും തെളിയാനുള്ള സഞ്ചാരത്തിന്റെ കഥ പറഞ്ഞു.

പ്രിൻ്റ് തേടി ചെന്നൈയിൽ

സിനിമ റീറിലീസ് എന്ന ആഗ്രഹം വന്നെങ്കിലും അതിന്റെ സാധ്യതകൾ തേടിയപ്പോൾ വലിയ പ്രതിസന്ധികളാണ് അപ്പച്ചന് മുന്നിലുണ്ടായിരുന്നത്. മണിച്ചിത്രത്താഴിന്റെ പഴയ പ്രിന്റ് കൈയിലില്ലായിരുന്നു എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ പ്രതിസന്ധിയായത്. ‘പ്രിന്റ് തേടി ഞാൻ പോയത് ചെന്നൈയിലേക്കായിരുന്നു. അവിടെ ജെമിനി ലാബിൽചെയ്ത പടമായതുകൊണ്ട് അവിടെ അതിന്റെ പ്രിന്റ് കാണുമെന്നായിരുന്നു എന്റെ വിശ്വാസം. എന്നാൽ പഴയ ജെമിനി ലാബിന്റെ സ്ഥാനത്ത് ഇന്നുള്ളത് ചെറിയൊരു ഓഫീസ് മാത്രമാണ്. പഴയ നെഗറ്റീവ് ഒന്നും അവരുടെ കൈയിലില്ല എന്നറിഞ്ഞതോടെ ഞാൻ ആകെ നിരാശനായി. മുന്നോട്ടുപോകാൻ ഇനിയെന്താണ് വഴി എന്നറിയാതെ വിഷമിച്ച് നിന്നപ്പോൾ ശ്രമം ഉപേക്ഷിക്കാൻവരെ എനിക്ക് തോന്നിയതാണ്. എന്നാൽ ആ സമയത്ത് സുഹൃത്തായ സോമൻ പിള്ളയാണ് ഒരു സാധ്യതയുടെ കാര്യം എന്നോട് പറഞ്ഞത്. ജനപ്രീതിക്കും കലാമൂല്യത്തിനുമുള്ള ദേശീയ അവാർഡ് നേടിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തതും ഇതേ ചിത്രമാണ്. അതുകൊണ്ടുതന്നെ അന്ന് അവാർഡിന്റെ എൻട്രിയായി അയച്ച പ്രിന്റ് ഡൽഹിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അവിടെപ്പോയി നോക്കിയാൽ ഒരുപക്ഷേ നമുക്കൊരു വഴിതെളിഞ്ഞാലോയെന്ന് സോമൻ പിള്ള പറഞ്ഞതോടെ അടുത്ത വണ്ടിപിടിച്ച് ഡൽഹിക്ക് പോകാനുള്ള ശ്രമത്തിലായി ഞാൻ. എങ്ങനെയെയാലും മണിച്ചിത്രത്താഴ് വീണ്ടും വരണമെന്ന തീവ്രമായ മോഹം മാത്രമായിരുന്നു മനസ്സിൽ നിറഞ്ഞിരുന്നത്.’ അപ്പച്ചൻ പറഞ്ഞു.

ഡൽഹിയിൽ തുറന്ന വാതിൽ

മണിച്ചിത്രത്താഴിട്ട് പൂട്ടിപ്പോകുമെന്ന് കരുതിയ പദ്ധതിക്ക് പ്രതീക്ഷയുടെ വാതിൽ തുറന്നത് ഒടുവിൽ ഡൽഹിതന്നെയായിരുന്നു. ‘ഡൽഹിയിലേക്ക് പ്രിന്റ് തേടി പോകുമ്പോൾ പ്രതീക്ഷയും അനിശ്ചിതത്വവും ഒരുപോലെയുണ്ടായിരുന്നു. നാഷണൽ ഫിലിം ഡിവലപ്മെന്റ് കോർപ്പറേഷന് എൻട്രിയായി അയച്ചുകൊടുത്ത പ്രിന്റ് അവർ തിരിച്ചുതരില്ല. അവരുടെ കൈവശമുള്ളതായി മാറുമെന്ന നിബന്ധനയോടെയാണ് സാധാരണഗതിയിൽ എൻട്രി അയക്കാറുള്ളത്. അതുമാത്രമല്ല 31 വർഷംമുൻപുള്ള പ്രിന്റ് അവിടെയുണ്ടാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ ഡൽഹിയിലെത്തി അന്വേഷിച്ചപ്പോൾ ഒരു നിയോഗം പോലെ ആഗ്രഹിച്ചതെല്ലാം യാഥാർഥ്യമാകുകയായിരുന്നു. അവിടെനിന്ന് തപ്പിയെടുത്ത പ്രിന്റുമായി ഞങ്ങൾ വീണ്ടുമെത്തിയത് ചെന്നൈയിലേക്കാണ്. അവിടെ പ്രസാദ് ലാബിൽ കൊണ്ടുവന്നാണ് സ്കാൻചെയ്ത് അത് ഡിജിറ്റൽഫോമിലേക്ക് മാറ്റിയത്. ഒന്നരമാസത്തോളമെടുത്താണ് അവിടെ കളർ അപ്ഗ്രേഡിങ് നടത്തിയത്. അതിനു ശേഷം എറണാകുളത്ത് സപ്ത സ്റ്റുഡിയോയിലാണ് മറ്റുജോലികൾ ചെയ്തത്. മണിച്ചിത്രത്താഴിന് ഹിറ്റായ സംഗീതം പകർന്ന എം.ജി. രാധാകൃഷ്ണന്റെ മകൻ എം.ആർ. രാജാകൃഷ്ണനാണ് സൗണ്ടിന്റെ കാര്യങ്ങൾ ശരിയാക്കിയത്. അച്ഛന്റെ പ്രിയപ്പെട്ട സിനിമ എന്ന നിലയിൽ ഏറെ പ്രിയത്തോടെയാണ് സൗണ്ട് എൻജിനിയറായ രാജാകൃഷ്ണൻ ഈ ജോലി ഏറ്റെടുത്തത്. ഒമ്പതുമാസത്തിലേറെ എടുത്താണ് മണിച്ചിത്രത്താഴ് റീലോഡഡ് എന്ന പ്രതീക്ഷ പൂർണമായത്’ - അപ്പച്ചൻ പറയുമ്പോൾ മലയാളത്തിലെ വലിയ ഹിറ്റ് സിനിമയുടെ പുതിയ പതിപ്പിന്റെ ഒരുക്കങ്ങളുടെ കഥയുടെ ക്ലൈമാക്സായി.

Content Highlights: swargachithra appachan about manichithrathazhu rerelease